
പ്രിയപ്പെട്ട സഖാവ് യാത്രയായിട്ട് ഒരാണ്ട് കഴിയുന്നു.
സ്വന്തം പേരിൽ കമ്യുണിസ്റ്റ് പാർട്ടിക്കായി വി എസ്സ് എഴുതി വാങ്ങിയ പുന്നപ്രയിലെ മണ്ണിൽ വീരരക്തസാക്ഷികളോടൊപ്പം അദ്ദേഹവും.
പിൻനിഴലായി ഒരു പതിറ്റാണ്ട് നടന്നപ്പോൾ അളന്നു മുറിച്ചിട്ട വാക്കുകളിൽ പറഞ്ഞു തന്നത് മധുരമുള്ള വാക്കുകളായിരുന്നില്ല.
അനീതിക്കുംഅഴിമതിക്കും ഏതിരെ ഉള്ള ആ പോരാട്ട സൂര്യന്റെ പ്രകാശത്തിൽ വളർന്നവരെ കേരളമെമ്പാടും കണ്ടു.
കണ്ടറിഞ്ഞ , കേട്ടറിഞ്ഞ സഖാവിന്റെ വിപ്ലവ ജീവിതത്തെ കുറിച്ച് വസുമതി ചേച്ചി പറഞ്ഞ വാക്കുകൾ എഴുതി എടുക്കാനും പ്രസിദ്ധീകരിക്കാനും സാധിച്ചത് ഒരു നിയോഗമായി കരുതുന്നു.
അതിലെ ഒരേട് ഓർമ്മദിനത്തിൽ ബലികുടീരത്തിൽ എള്ളും, പുവും, ചന്ദനവും കറുകയും ചേർത്ത് സമർപ്പിക്കുന്നു.
സഖാവേ
ഉള്ളിൽ എന്നുമുണ്ട്.
മുരളീ കൈമൾ

നെഞ്ചിൽ അഗ്നിയുമായി എന്റെ കൂട്ടുകാരൻ വസുമതി അച്ചുതാനന്ദൻ
അടിയന്തിരാവസ്ഥ എന്റെ വീടിനേയും കീഴടക്കി---
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞാൻ നഴ്സായി ജോലി നോക്കുന്ന കാലം. എനിക്ക് അന്ന് നൈറ്റ് ഡൂട്ടിയായിരുന്നു. ഒന്നാം വാർഡിൽ .
നേരം പരാപരാ വെളുത്തു വരുന്നേ ഉള്ളു . ഏകദേശം അഞ്ച് മണിയോട് അടുത്തു കാണും . വാർഡിന്റെ അങേ തലക്കൽ സുഭഗന്റെ മുഖം കണ്ടപ്പഴേ മനസ്സൊന്ന് പിടഞ്ഞു. എന്റെ സഹോദരിയുടെ മകനാണ് സുഭഗൻ .
പുനപ്രയിലെ വീട്ടിൽ താമസിക്കുന്ന എനിക്ക് സഹായമായി എന്റെ കൂടെ കഴിയുന്നു. എസ്സ് ഡി കോളേജിൽ പഠിക്കുന്നു. കിതച്ചു കൊണ്ട് അവൻ ഓടി വരുന്നതു കണ്ടപ്പോഴെ എന്തോ അപകടം സംഭവിച്ചിരിക്കാം എന്ന് തോന്നി.
വി .എസ്സി .നെയും കുട്ടികളെയും, പ്രായമായ അമ്മയെയും വീട്ടിൽ കണ്ടതിനു ശേഷമാണ് ഞാൻ ഡുട്ടിക്ക് പോന്നത്. ആശ മോൾക്ക് അന്ന് ഏഴ് വയസും , എന്റെ മകൻ അരുണിന് 5 വയസ്സും പ്രായം.
ഇതൊക്കെ കൊണ്ടു തന്നെ ചെറുതായി ഒന്നു പേടിച്ചു. വി .എസ്സ് .വീട്ടിലുണ്ട് എന്ന ധൈര്യമുണ്ട്. അമ്പലപ്പുഴ MLA ആയിരുന്നു അന്ന് V. S. ഓടിയെത്തിയ സുഭഗൻ കിതച്ചു കൊണ്ട് പറഞ്ഞു
"ചിറ്റപ്പനെ രാവിലെ 4 മണിക്കു പോലീസ് അറസ്റ്റ് ചെയ്തു.---"
ഇന്ത്യാ മഹാരാജ്യത്തെ കീഴടക്കിയ അടിയന്തിരാവസ്ഥ എന്റെ ഗൃഹനാഥനെയും തുറങ്കിലാക്കിയിരിക്കുന്നു. അടിയന്തിരാവസ്ഥയുടെ ആദ്യ ദിനങളായിരുന്നു അത്. നിയമസഭാ സാമാജികർക്ക് ഏതിരെ തടങ്കൽ പ്രയോഗം ഉണ്ടാവില്ല എന്ന് കരുതിയവർ വിഡ്ഡികൾ . കുറച്ചു നേരത്തേക്ക് ഒന്നും പറയാൻ എനിക്ക് ആയില്ല .
സുഭഗനോട് ചോദിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. രാവിലെ 3 മണി കഴിഞ്ഞപ്പോൾ വീടിന് ചുറ്റും തോക്കുധാരികളായ പോലീസെത്തി വീട് വളഞ്ഞതിന് ശേഷമാണ് അവർ മുൻവാതിലിൽ മുട്ടിയത്.

ഏതെങ്കിലും പാർട്ടി പ്രവർത്തകർ അത്യാവശ്യമായി വന്നതാവും എന്ന് കരുതി വി എസ്സ് വാതിൽ തുറന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. ദേശസുരക്ഷാ നിയമപ്രകാരം V.S .നെ അറസ്റ്റ് ചെയ്യുന്നു എന്ന് അവർ അറിയിച്ചു.
വീട്ടിൽ പറഞ്ഞിരിന്നില്ലെങ്കിലും വി .എസ്സ് .ഇതു പ്രതീക്ഷിച്ചിരുന്നതു പോലെ തോന്നി.
"വസ്ത്രം മാറാൻ അല്പം സമയം വേണം-" വി.എസ്സ് ആവശ്യപ്പെട്ടു.
അതിനു ശേഷം ഉടുത്തിരുന്ന ലുങ്കി മാറി വെള്ള വസ്ത്രം ധരിച്ച് വി .എസ്. അവരോടൊപ്പം യാത്രയായി .
സുഭഗനോടൊ, എന്റെ അമ്മയോടൊ ഒന്നും പറഞ്ഞില്ല.
ഭാഗ്യം.
ഞങളുടെ മക്കൾ രണ്ടു പേരും ഉറക്കമായിരുന്നു. ഇല്ലെങ്കിൽ അഞ്ചും , ഏഴും വയസ്സ് ഉള്ള കുട്ടികൾ അഛനെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോൾ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ?
ഡ്യൂട്ടി കഴിഞ്ഞ് ഞാൻ വീട്ടിൽ ഓടിയെത്തിയപ്പോൾ മക്കൾ ഉണർന്നു. സ്ക്കൂളിൽ പോകാൻ അവരെ ഒരുക്കി അയക്കുമ്പോൾ മനസ്സ് പിടച്ചിരുന്നു.
അഛൻ ഏവിടെ പോയി എന്ന ചോദ്യത്തിന് ജയിലിൽ എന്ന് സമാധാനം പറയാനാവിലല്ലോ?
ആശമോൾ ഒന്നും ചോദിക്കാതെ സ്കൂളിലേക്ക് യാത്രയായി . പാർട്ടി പരിപാടികളുമായി അതിരാവിലെ പോകുകയും, ദിവസങൾക്കു ശേഷം തിരിച്ചു വരുമായിരുന്നു അക്കാലത്ത് വി .എസ്സ്.
പാർട്ടിയാണ് വിഎസ്സിന്റെ ഒന്നാമത്തെ കുടുംബം : അന്നും .... ഇന്നും.
അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ പോയ വി.എസ്സ് പിന്നെ മടങ്ങി വീട്ടിൽ വരുന്നത് ഇരുപതു മാസങ്ങൾക്കു ശേഷമായിരുന്നു.
അക്കാലത്ത് കുട്ടികൾ പുന്നപ്ര സ്ക്കൂളിൽ പഠിക്കുന്നു. രണ്ടു പേരും സ്കൂളിൽ പോയി വരുമ്പോൾ എന്നും ഞാൻ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നു
-"എന്താ അമ്മേ നമ്മുടെ അഛനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നത്-"
പക്ഷേ ഏഴും, അഞ്ചും വയസ്സുള്ള അവർ ആ ചോദ്യം ചോദിച്ചതേയില്ല.
അക്കാലത്ത് ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ആശ മോൾ ആകെ സകടത്തിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എനിക്ക് മകളുടെ വിഷമം മനസ്സിലായില്ല. എങ്കിലും തുടരെ തുടരെ ചോദിച്ചപ്പോൾ ആ കുഞ്ഞു മനസ്സിലെ വിഷമം പുറത്തു വന്നു.
_"അമ്മയ്ക് എന്താ ജോലി-" മകൾ ചോദിച്ചു "എന്താ നിനക്കറിയില്ലേ ഞാൻ നേഴ്സ് അല്ലേ? "
_"അഛന് എന്താ ജോലി " മോൾ വിടുന്ന മട്ടില്ല
'"അഛൻ പാർട്ടി പ്രവർത്തകനാണ് എന്ന് മോൾക്ക് അറിയില്ലേ "
ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ആരോ കനൽ കോരിയിട്ടു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് . വി.എസ്സിനെ കുറിച്ച് മോശമായി ആരെങ്കിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേൾപ്പിച്ചോ?
മോളേ, കഷ്ടപ്പെടുന്നവന്റെയും , പണിയെടുക്കുന്നവന്റെയും ഉയർച്ചക്കുള്ള ആദർശങളാണ് നിന്റെ അഛനും , അഛന്റെ പ്രസ്ഥാനവും പ്രചരിപ്പിക്കുന്നത് എന്നൊക്കെ അപ്പോൾ പറഞ്ഞു കൊടുക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.
"വേണ്ട അഛൻ നേതാവും , അമ്മ നേഴ്സുമാകണ്ടായിരുന്നു. രണ്ടു പേരും ടീച്ചറമാരായാ ൽ മതി-"
"അതെന്താ മോളേ അങ്ങിനെ പറയുന്നത്-"
"അഛനും അമ്മയും ടീച്ചർമാരായിരുന്നെങ്കിൽ നിങ്ങൾ രണ്ടുപേരുടെയും കൈ പിടിച്ച് എനിക്ക് സ്കൂളിൽ പോകാമായിരുന്നു. പഠിപ്പിക്കാനുള്ളത് എല്ലാം നിങ്ങൾ പഠിപ്പിച്ചേനേ എനിക്ക് ഒത്തിരി മാർക്ക് കിട്ടും"
ആ പിഞ്ചു മനസ്സിലെ വർണ്ണ പൊട്ടുകൾ ഞാൻ വേദനയോടെ നോക്കി കണ്ടു. മകളെ ചേർത്തുപിടിച്ച് തേങ്ങലടക്കുകയായിരുന്നു ഞാൻ .
ജയിലിൽ കിടക്കുന്ന അഛനെ കുറിച്ചാണ് ഒന്നുമറിയാതെ ഇവൾ ഇതു പറയുന്നത്.