
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷൻ ഓഗസ്റ്റിൽ അമേരിക്കയിലെ പ്രശസ്തമായ കൽഹാരി റിസോർട്ടിൽ അരങ്ങേറുകയാണ്. പ്രസിഡന്റ് സജിമോൻ ആന്റണിയുടെ സാരഥ്യത്തിൽ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും ട്രഷറർ ജോയ് ചാക്കപ്പന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഭരണസമിതി, കൺവൻഷനിൽ പങ്കെടുക്കുന്ന ഏവർക്കും വേറിട്ട അനുഭവം സമ്മാനിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. കുടുംബങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാനും മലയാളി പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറാനും ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാനുമുള്ള വേദിയായാണ് ഇത്തവണത്തെ കൺവെൻഷനെ വിഭാവനം ചെയ്തിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിടുന്ന മോഹിനിയാട്ടവും ചെണ്ടമേളവും, ദേശീയ-അന്തർദേശീയ വിശിഷ്ടാതിഥികളുടെ സാന്നിധ്യം, ബിസിനസ്-സാഹിത്യ-മീഡിയ സെമിനാറുകൾ, യുവജന-വനിതാ പരിപാടികൾ, ലോകോത്തര കലാവിരുന്നുകൾ, ജീവകാരുണ്യ പദ്ധതികൾ എന്നിവയിലൂടെ ചരിത്രത്തിൽ ഇടംനേടുന്ന ഒരു കൺവൻഷനാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
കൺവൻഷന്റെ സാമ്പത്തിക ആസൂത്രണം മുതൽ ജീവകാരുണ്യ പദ്ധതികൾ വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫൊക്കാന ദേശീയ ട്രഷറർ ജോയ് ചാക്കപ്പൻ, കൺവൻഷന്റെ വിജയത്തിന് സാമ്പത്തിക അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന നേതാവാണ്. ഇത്തവണത്തെ കൺവൻഷന്റെ ആശയവും ഒരുക്കങ്ങളും, 'ഡ്രീം' ടീമിന്റെ പദ്ധതികളുടെ സാക്ഷാത്കാരവും, പ്രമുഖ അതിഥികളുടെ പങ്കാളിത്തവും അദ്ദേഹം ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. ഒരു കൺവൻഷൻ എന്നതിലുപരി, ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ മഹാസംഗമമായി കൽഹാരിയെ മാറ്റാനുള്ള ഫൊക്കാനയുടെ ദീർഘവീക്ഷണമാണ് ജോയ് ചാക്കപ്പന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

ഇത്തവണത്തെ ഫൊക്കാന കൺവൻഷന് കൽഹാരി റിസോർട്ട് വേദിയായി തിരഞ്ഞെടുത്തതിന്റെ കാരണം ?
കൽഹാരി റിസോർട്ട് ഒരു കൺവൻഷൻ വേദി മാത്രമല്ല,വേനലവധി ആഘോഷമാക്കാൻ കുടുംബങ്ങൾ സ്വപ്നം കാണുന്ന ഒരു കേന്ദ്രം കൂടിയാണ്. പ്രകൃതിഭംഗിയും ലോകോത്തര സൗകര്യങ്ങളും കുടുംബസമേതം ആസ്വദിക്കാവുന്ന അന്തരീക്ഷവുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് പരിപാടികൾക്കൊപ്പം ഒരു മികച്ച ഫാമിലി വെക്കേഷനും സമ്മാനിക്കണമെന്ന ചിന്തയിലാണ് ഈ വേദി തെരഞ്ഞെടുത്തത്.മാതാപിതാക്കൾ സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കുമ്പോൾ കുട്ടികൾക്ക് ലോകോത്തര ഇൻഡോർ വാട്ടർ പാർക്ക്, അഡ്വഞ്ചർ ആക്ടിവിറ്റികൾ, കുടുംബ വിനോദങ്ങൾ എന്നിവ ആസ്വദിക്കാനാകും. അതുകൊണ്ടുതന്നെ ഒരു കൺവെൻഷനെന്നതിലുപരി, മുഴുവൻ കുടുംബത്തിനുമുള്ള ഒരു വേനൽക്കാല അവധിക്കാല അനുഭവമായി ഇത്തവണത്തെ ഫൊക്കാന മാറും.
'ഡ്രീം' എന്ന ആശയമായിരുന്നു നിങ്ങളുടെ ടീമിന്റെ മുദ്രാവാക്യം. ആ സ്വപ്നം എത്രത്തോളം യാഥാർഥ്യമായി?
ഞങ്ങളുടെ തിരഞ്ഞെടുപ്പ് സമയത്തും പിന്നീട് വിവിധ വേദികളിലും നൽകിയ എല്ലാ പ്രധാന വാഗ്ദാനങ്ങളും ഏതാണ്ട് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞു. വാഗ്ദാനം ചെയ്തതിലുപരി നിരവധി പദ്ധതികളും പൂർത്തിയാക്കി. അതുകൊണ്ട് തന്നെ "ഡ്രീം" എന്ന ആശയം ഇന്ന് യാഥാർഥ്യമായെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇനി മുന്നിലുള്ള കൺവെൻഷനും അതേ മികവോടെ വിജയിപ്പിച്ച് ചുമതല കൈമാറുകയാണ് ഞങ്ങളുടെ ലക്ഷ്യം.
കൺവൻഷന്റെ നടത്തിപ്പിൽ എന്തെല്ലാം പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്?
സമയക്രമത്തിന് ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നു. ഉദ്ഘാടനച്ചടങ്ങുകൾ മുതൽ പ്രസംഗങ്ങൾ വരെ ഓരോ പരിപാടിക്കും കൃത്യമായ സമയം നിശ്ചയിച്ചിട്ടുണ്ട്. രാത്രി വൈകുംവരെ പരിപാടികൾ നീട്ടിക്കൊണ്ടുപോകുന്ന രീതിയല്ല ഞങ്ങളുടേത്. എല്ലാവർക്കും പരിപാടികൾ ആസ്വദിക്കാനും അടുത്ത ദിവസത്തെ സെഷനുകളിൽ ഉന്മേഷത്തോടെ പങ്കെടുക്കാനും കഴിയുന്ന രീതിയിലാണ് മുഴുവൻ ഷെഡ്യൂളും തയ്യാറാക്കിയിരിക്കുന്നത്.

ഇത്തവണത്തെ വിശിഷ്ടാതിഥികളെക്കുറിച്ച് പറയാമോ?
ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങൾ പോലുള്ള നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങൾ ഒഴികെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. കേരള മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം കലാപരമായും സാംസ്കാരികമായും ഏറ്റവും സമ്പന്നമായ കൺവെൻഷനാണ് ഒരുക്കുന്നത്. മലയാളത്തിന്റെ പ്രിയനടി നവ്യ നായർ കൺവെൻഷന്റെ ഭാഗമാകും. സംവിധായകനും നടനുമായ നാദിർഷയും സംഘവും എത്തുന്ന കലാവിരുന്നും ഉണ്ടായിരിക്കും. അതോടൊപ്പം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഫ്യൂഷൻ ഷോയും 101 കലാകാരന്മാർ അണിനിരക്കുന്ന ഉദ്ഘാടന നൃത്താവിഷ്‌കാരവും ആദ്യ ദിനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. രണ്ടാം ദിവസം 'അമേരിക്ക ഗോട്ട് ടാലന്റ്' എന്ന പേരിൽ നോർത്ത് അമേരിക്കയിലെ മലയാളി കലാപ്രതിഭകളെ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന പുതുമയാർന്ന പരിപാടിയും സംഘടിപ്പിക്കുന്നു.
അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും കോൺഗ്രസംഗങ്ങളും ഗവർണർ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഒന്നിലധികം പത്മപുരസ്കാര ജേതാക്കൾ ഒരേ വേദിയിൽ എത്തുമെന്ന പ്രഖ്യാപനം വലിയ ശ്രദ്ധ നേടിയല്ലോ?
അതെ. ഫൊക്കാനയുടെ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു മുഹൂർത്തമായിരിക്കും അത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ ഒരേ വേദിയിൽ എത്തുന്നത് കൺവെൻഷന്റെ മാറ്റുകൂട്ടും. മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന നിമിഷമായിരിക്കും അത്.
യുവതലമുറയുടെ സാന്നിധ്യത്തെ എങ്ങനെ കാണുന്നു?
അമേരിക്കയിൽ ജനിച്ചു വളരുന്ന രണ്ടാം തലമുറ മലയാളി യുവാക്കളെ സംഘടനയോട് കൂടുതൽ അടുപ്പിക്കുകയെന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നുതന്നെയാണ്. അതിനായി ലീഡർഷിപ്പ് സെഷനുകൾ, നെറ്റ്‌വർക്കിംഗ്, കരിയർ മാർഗനിർദേശങ്ങൾ, ബിസിനസ് സംരംഭകരുമായുള്ള സംവാദങ്ങൾ, യുവജനങ്ങൾ നയിക്കുന്ന പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമങ്ങളെക്കുറിച്ച് പറയാമോ?
ഈ കൺവൻഷന്റെ ഏറ്റവും വലിയ പ്രത്യേകത ഗിന്നസ് റെക്കോർഡ് ശ്രമങ്ങളാണ്. ആയിരത്തിലധികം പേർ പങ്കെടുക്കുന്ന മോഹിനിയാട്ടവും 500-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളവും ഇതിനകം തന്നെ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ്. രജിസ്ട്രേഷൻ പ്രതീക്ഷിച്ചതിലും വലിയ രീതിയിലാണ് ലഭിച്ചത്. ഈ കലാകാരന്മാർക്ക് സൗജന്യ പ്രവേശനവും ഭക്ഷണവും ഫൊക്കാന ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തേക്കാൾ നമ്മുടെ സംസ്കാരത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം.
റാഫിൾ ടിക്കറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്താണിതിന്റെ സവിശേഷത?
ഇത് വെറും സമ്മാനനറുക്കെടുപ്പല്ല. വളരെ പരിമിതമായ ടിക്കറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വിജയസാധ്യതയും വളരെ കൂടുതലാണ്. ഇതിലൂടെ ലഭിക്കുന്ന ലാഭം ഫൊക്കാനയുടെ ജീവകാരുണ്യ പദ്ധതികൾക്കായി വിനിയോഗിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫൊക്കാനയുടെ നേതൃത്വത്തിൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന ഫൊക്കാന വില്ലേജ് പദ്ധതിക്കായി ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അദ്ദേഹത്തിന്റെ സ്ഥലം സംഭാവന ചെയ്തത് വലിയ പ്രചോദനമാണ്. റാഫിൾ ടിക്കറ്റിൽ നിന്ന് ലഭിക്കുന്ന ലാഭം ഉൾപ്പെടെ പരമാവധി തുക ഈ ഭവനപദ്ധതിക്കായി ഉപയോഗിക്കും. ഒരു കുടുംബത്തിന് സുരക്ഷിതമായ വീട് നൽകാൻ കഴിയുന്നത് ഫൊക്കാനയുടെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തങ്ങളിലൊന്നാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കൺവൻഷന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഈ അവസരത്തിൽ എല്ലാ സ്പോൺസർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. അവരുടെ പിന്തുണ ഇല്ലാതെ ഇത്ര വലിയ ഒരു കൺവൻഷൻ സാധ്യമാകുമായിരുന്നില്ല. അതോടൊപ്പം അഡ്വൈസറി ബോർഡ് അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ, വിവിധ കമ്മിറ്റി ചെയർമാൻമാർ, കോ-ഓർഡിനേറ്റർമാർ, വോളണ്ടിയർമാർ, ഓരോ അംഗസംഘടനയും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണ് ഈ സ്വപ്നം യാഥാർഥ്യമാകുന്നത്. ഇത് ഒരു വ്യക്തിയുടെയോ ഒരു ഭാരവാഹിയുടെയോ നേട്ടമല്ല; മുഴുവൻ ഫൊക്കാന കുടുംബത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

കേരള കൺവെൻഷൻ ഫൊക്കാനയുടെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നായിരുന്നു. സാമ്പത്തിക മാനേജ്മെന്റിന്റെ കാര്യത്തിൽ ആ അനുഭവം എന്തൊക്കെ പാഠങ്ങളാണ് നിങ്ങളെ പഠിപ്പിച്ചത്?
കേരള കൺവൻഷൻ ഞങ്ങളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം, ചില തീരുമാനങ്ങൾ തലച്ചോറുകൊണ്ടല്ല, ഹൃദയം കൊണ്ടാണ് എടുക്കേണ്ടത് എന്നതാണ്. കേരള കൺവൻഷനിൽ ചില ചെലവുകൾ കൂടുതലായെന്നത് യാഥാർഥ്യമാണ്. പക്ഷേ അത് സാമ്പത്തിക അച്ചടക്കത്തിന്റെ അഭാവം കൊണ്ടോ ആസൂത്രണത്തിലെ പിഴവ് കൊണ്ടോ ഉണ്ടായതല്ല. എത്ര ചെലവാകുമെന്ന് പൂർണ ബോധ്യത്തോടെയാണ് ആ തീരുമാനങ്ങൾ ഞങ്ങൾ എടുത്തത്.
കാരണം, അത് ഒരു കൺവൻഷൻ മാത്രമായിരുന്നില്ല; മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരാനുള്ള ഒരു അവസരമായിരുന്നു. കൃത്രിമ കാൽ വിതരണം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വേദിയിൽ തന്നെ സംഘടിപ്പിച്ചത്, ആ സഹായം സ്വീകരിക്കുന്നവരുടെ സന്തോഷത്തിൽ ഫൊക്കാനയിലെ അംഗങ്ങൾക്കുകൂടി പങ്കുചേരാൻ വേണ്ടിയായിരുന്നു. സഹായം ഏറ്റുവാങ്ങിയവരുടെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷവും പ്രതീക്ഷയും കണ്ടപ്പോൾ, അതിനായി ചെലവഴിച്ച ഓരോ ഡോളറും ഏറ്റവും മൂല്യമുള്ള നിക്ഷേപമായാണ് ഞങ്ങൾക്ക് തോന്നിയത്. ആ ചെലവുകളെ ഒരിക്കലും അധികഭാരമായോ അനാവശ്യ ചിലവായോ ഞങ്ങൾ കണ്ടിട്ടില്ല. മറിച്ച്, ഫൊക്കാനയുടെ മാനുഷിക മുഖത്തെ കൂടുതൽ മനോഹരമാക്കിയ നിമിഷങ്ങളായിട്ടാണ് ഇന്നും ഓർക്കുന്നത്.
കേരള കൺവൻഷൻ ഞങ്ങൾക്ക് ഒരുപാട് അനുഭവങ്ങളും വിലപ്പെട്ട പാഠങ്ങളും സമ്മാനിച്ചു. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കൽഹാരിയിലെ ദേശീയ കൺവെൻഷനെ കൂടുതൽ മികച്ചതും ക്രമബദ്ധവും അതോടൊപ്പം കൂടുതൽ ഹൃദയസ്പർശിയുമായ ഒരു അനുഭവമാക്കി മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നത്. സംഘടനയുടെ വളർച്ചയ്ക്കൊപ്പം മനുഷ്യസ്നേഹവും വളരണം എന്ന വിശ്വാസമാണ് ഞങ്ങളുടെ ഓരോ തീരുമാനത്തിനും പിന്നിലുള്ള പ്രചോദനം.
ഇത്രയും വലിയ ഉത്തരവാദിത്തങ്ങൾക്കിടയിൽ കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണ്?
ഒരു പൊതുപ്രവർത്തകന്റെ ഏറ്റവും വലിയ കരുത്ത് കുടുംബത്തിന്റെ പിന്തുണയാണ്. സംഘടനാ പ്രവർത്തനങ്ങൾ പലപ്പോഴും കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം എന്നെ ചേർത്തുപിടിച്ച് മുന്നോട്ട് നയിച്ചത് എന്റെ കുടുംബമാണ്.
എന്റെ ഭാര്യ ഡോ. വത്സമ്മ ജോയ് ഒരു ഡോക്ടറാണ്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഫൊക്കാന പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി അവർ എനിക്കൊപ്പമുണ്ട്. ആ പിന്തുണയാണ് ഈ ഉത്തരവാദിത്തങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ എനിക്ക് ശക്തി നൽകുന്നത്.
എന്റെ മകളും ഡോക്ടറാണ്. സേവനമേഖലയുടെ മൂല്യങ്ങൾ ജീവിതത്തിൽ പകർന്നു നൽകുന്ന അവളുടെ കാഴ്ചപ്പാടും പ്രോത്സാഹനവും എനിക്ക് ഏറെ പ്രചോദനമാണ്. മകൻ പഠനത്തിലാണെങ്കിലും സംഘടനാ പ്രവർത്തനങ്ങളോട് എന്നും താൽപര്യം പ്രകടിപ്പിക്കുകയും എല്ലാ സംരംഭങ്ങൾക്കും ആത്മാർത്ഥമായ പിന്തുണ നൽകുകയും ചെയ്യുന്നു.
ഒരു കുടുംബത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു വലിയ ഉത്തരവാദിത്തം വിജയകരമായി നിർവഹിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ യാത്രയിലെ ഓരോ നേട്ടവും എന്റേത് മാത്രമല്ല, എന്റെ കുടുംബത്തിന്റെയും കൂടിയാണ്. ഫൊക്കാന കുടുംബത്തിനായി ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും പിന്നിൽ എന്റെ കുടുംബത്തിന്റെ ത്യാഗവും സ്നേഹവും മനസ്സിലാക്കലും ഉണ്ടെന്നത് ഞാൻ എന്നും നന്ദിയോടെ ഓർക്കുന്നു.
എന്തുകൊണ്ടാണ് നോർത്ത് അമേരിക്കയിലെ ഓരോ മലയാളി കുടുംബവും ഈ കൺവൻഷന്റെ ഭാഗമാകണമെന്ന് താങ്കൾ വിശ്വസിക്കുന്നത്?
ഇത് ഒരു കൺവൻഷൻ മാത്രമല്ല; ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളുടെ മഹാസംഗമമാണ്. മൂന്ന് ദിവസത്തേക്ക് കൽഹാരി റിസോർട്ട് ഒരു കൊച്ചുകേരളമായി മാറും. കുട്ടികളുടെ ചിരിയും യുവജനങ്ങളുടെ ആവേശവും കലാകാരന്മാരുടെ പ്രതിഭയും ബിസിനസ്-സാഹിത്യ-സാമൂഹിക ചർച്ചകളുടെ ഗൗരവവും ഒരുമിക്കുന്ന അപൂർവ വേദിയാണിത്. പുതിയ സൗഹൃദങ്ങൾ പിറക്കുന്ന, പഴയ ബന്ധങ്ങൾ പുതുക്കുന്ന, മലയാളിത്തത്തിന്റെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്ന ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ എല്ലാ മലയാളി കുടുംബങ്ങളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.