
സാമാന്യം നല്ല ചാറ്റൽമഴയിലൂടെ ഓടിപ്പോയി ഇന്ദു രണ്ടുതണ്ട് കറിവേപ്പില പൊട്ടിച്ചുവന്നു.
''ആകെ നനഞ്ഞൂലോ! ഈ മഴയത്തുതന്നെ പോണാരുന്നോ? അതല്ലെങ്കിൽ നേരത്തെ എടുത്തുവച്ചുകൂടെ?''
ഏലക്കായും ഇഞ്ചിയും പാകത്തിന് കടുപ്പവുമുള്ള കിടിലൻചായ ഫിനിഷ് ചെയ്ത് കപ്പ് കിച്ചൻ ടേബിളിലേക്കുവച്ച് താര ചോദിച്ചു. മറുപടിയായി ഇന്ദു ചിരിച്ചു. ''ഊഹും. നല്ല രസാണ്. മണത്തുനോക്ക്യേ, ചെറിയമഴയത്ത് കറിവേപ്പിലയ്ക്ക് ഒരു പ്രത്യേകമണമാണ്..''
മഴയും വിയർപ്പും ഇടകലർന്ന നനവോടെ പാതിമുഖംതിരിച്ചുള്ള ഇന്ദുവിൻ്റെനിൽപ്പ് ഒരു കാൻവാസ് ചിത്രംപോലെ തോന്നിച്ചു . അല്ലെങ്കിലും ചുഴികളെ ഒളിപ്പിച്ചുള്ള ശാന്തതയ്ക്ക് ഒരു ഭയാനകമായ ഭംഗിയാണ്. കണ്ണാടിയിൽ എത്രയോതവണ സ്വയം കണ്ടറിഞ്ഞതാണതെന്ന് താര ഓർത്തു.
തന്നത്താൻ വാസനിച്ചുകൊണ്ട് ഇന്ദു കറിച്ചട്ടിയുടെ മൂടിതുറന്ന് ഒരു തണ്ട് ഇലകളൂരി തിളയ്ക്കുന്ന അയലക്കൂട്ടാനിലേക്കിട്ടു, ബാക്കി പരിപ്പിന് കടുകുതാളിക്കാൻ കുനുകുനെയരിഞ്ഞ ഉള്ളിയുടെകൂടെ ചീനച്ചട്ടിയിലേക്കും.
വല്ലപ്പോഴുമെങ്ങാൻ ഓർക്കാപ്പുറത്ത് കയറിവരികയോ ദീർഘനാൾ വരാതിരിക്കുകയോ ചെയ്യുന്ന ഒരാളുടെ ഇഷ്ടത്തിനുള്ള ഭക്ഷണം വെപ്രാളംപിടിച്ച് ഉണ്ടാക്കിവയ്ക്കുന്ന അവളെ നോക്കിയപ്പോൾ താരയ്ക്ക് പാവംതോന്നി, ഒന്നു കെട്ടിപ്പിടിക്കണമെന്നും! തോന്നുക മാത്രമല്ല , പിന്നിലൂടെചെന്ന് മഴനനഞ്ഞ ചുമലിലൂടെ കൈചുറ്റി ചെറുതായൊന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നോ അയാൾക്ക് കൗതുകംവറ്റിപ്പോയ തണുത്ത ഉടലിൻ്റെ ചെറുചൂടുമണം അനുഭവപ്പെട്ടപ്പോൾ, തിരിച്ച് അതേമണം അവളെന്താണ് തിരിച്ചറിയാത്തത് എന്നൊരാന്തൽ അടിവയറ്റിൽനിന്നുരുണ്ടുകയറി നെഞ്ചിൽ വിങ്ങി.
ഓരോതവണയും പെറുക്കിക്കൂട്ടി ഒട്ടിച്ചു വക്കാൻ ശ്രമിച്ചിട്ടും ഓർമ്മകൾ സ്വസ്ഥതയുടെ ചില്ലുപാത്രം പിന്നെയും പിന്നെയും തട്ടിയിട്ട് ഉടച്ചുകൊണ്ടിരുന്നു.
അയല മുളകിട്ടുവറ്റിച്ചതും മുരിങ്ങക്കായിട്ട പരിപ്പുകറിയും കുത്തരിച്ചോറും. വീരൂൻ്റെ ഇഷ്ടഭക്ഷണം. ഫ്ലാറ്റിലേക്ക് വരുമ്പോഴെല്ലാം നന്നാക്കാത്ത അയലയും വാങ്ങിക്കൊണ്ടായിരുന്നു വരാറ്. അതു കാണുമ്പോഴേ താര കെറുവിക്കും.
''വീരൂന് കൂട്ടിയാപ്പോരേ? അതിനു റെഡി ടു യൂസോ റെഡി ടു കുക്കോ ആയാലെന്താ? ഇതെല്ലാം വെട്ടിവൃത്തിയാക്കി വരുമ്പോ ഇതിനകം മൊത്തം മണക്കും. എൻ്റെ കൈയ്യീന്നും മണം പോവില്ലല്ലോ. ''
''നിന്നെ മീൻ മണക്കുന്നത് എനിക്കിഷ്ടമാണല്ലോ.. ''
"വല്ലപ്പഴും ആകെ ഇത്തിരിനേരം! അതിങ്ങനെ കറീം കൂട്ടാനും വച്ചുകളയണ്ടേ ..."
''ഇതൊക്കെയല്ലേ പെണ്ണേ സന്തോഷം! നിൻ്റെ കൈകൊണ്ടുവയ്ക്കുന്ന ഫുഡിന് അപാരടേസ്റ്റല്ലേ.. അല്ലെങ്കിലും ചായംമുക്കിയ ബ്രഷിനേക്കാൾ നിൻ്റെ കൈക്കിണങ്ങുന്നത് മസാല നിറച്ച സ്പൂണാ.."
"ഉവ്വുവ്വ് ! വാചകംകൊണ്ടു നേടാൻ വീരൂനെക്കഴിഞ്ഞേയുള്ളു. എഴുത്തുകാരൻമാരെല്ലാം ഇങ്ങനെയാണോ എന്തോ?"
"വാചകംകൊണ്ടല്ലല്ലോ, ഇഷ്ടംകൊണ്ടല്ലേ!"
അതൊന്നുകൊണ്ട് വായടപ്പിച്ചുകളയും വീരു, ഇഷ്ടമെന്നു പേരിട്ട സ്വാർത്ഥതയെ നിഷ്കപടമായ സ്നേഹത്തിന് തിരിച്ചറിയാൻ കഴിയില്ല എന്നു മനസ്സിലാകാത്തൊരു മണ്ടിയെ!
പതിനൊന്നാംനിലയിലെ അപാർട്ട്മെൻറ് D2 വിന് 'ആകാശക്കൂടാരം' എന്നു പേരിട്ടുവിളിച്ചത് വീരുവാണ്. 'ഇതു നമ്മൾ രണ്ട് ഇരട്ടനക്ഷത്രങ്ങളുടെ ആകാശക്കൂടാരം! ഇവിടെ നമ്മളല്ലാതെ ജീവനുള്ള ഒന്നുംവേണ്ട, ഒരു ചെടിപോലും!'
"ഞാനിറങ്ങുവാ ഇന്ദൂ.. "
"ഉണ്ടിട്ട് പോവാം താരേ, എല്ലാം റെഡിയായല്ലോ!"
"ഇപ്പം ചായ കുടിച്ചതല്ലേയുള്ളു. തന്നെയല്ല ഞാൻ ഉച്ചയ്ക്ക് കഴിക്കാറില്ലല്ലോ.
പോണവഴിക്ക് അക്കാദമീടെ ഹാളിലൊന്നു കയറണം. "
"ഓ പെയ്ൻ്റിംഗ് എക്സിബിഷൻ! ഞാനത് ഓർത്തില്ല. അടുത്താഴ്ചയല്ലേ?"
"ഉം. അവിടെന്തായീന്ന് നോക്കണം. കുറച്ച് അറേഞ്ച്മെൻ്റ്സ് ഒക്കെ ചെയ്യാൻണ്ടാവും."
"ചിത്രങ്ങളൊക്കെ റെഡിയായോ?"
"ഏറെക്കുറെ .."
"എന്നെ... എന്നെ വരയ്ക്കുമോ? അതോ വെറുതെ പറഞ്ഞതാണോ?"
"പോ പെണ്ണേ, വെറുതെ പറയാൻ ഞാനെന്താ കൊച്ചുകുട്ടിയാ? ഉറപ്പായിട്ടും വരച്ചിരിക്കും. "
ലിവിംഗ് റൂമിലെ ഷോകേസുകളിൽ തുടച്ചു മിനുക്കി നിരത്തിയിരിക്കുന്ന അനേകമനേകം പുരസ്കാരഫലകങ്ങളെയോ ചില്ലിട്ട ചിത്രങ്ങളെയോ ശ്രദ്ധിക്കാതെ താര പുറത്തേക്കുനടന്നു. ഇന്ദു ഒപ്പംചെന്നു.
''സമയമില്ലാച്ചാ ബുദ്ധിമുട്ടി വരയ്ക്കണ്ട താരേ. അല്ലെങ്കിലും ചിത്രം വരച്ചുസൂക്ഷിക്കാൻ മാത്രം ഞാനാരാ? ഒരു ലോകപരാജയം! അതിനെന്താ പ്രത്യേകത!"
"ആഹാ! വരയ്ക്കുന്നതു ഞാനല്ലേ. ഞാനങ്ങോട്ടു പറഞ്ഞതുമാണ്.. അതുപോട്ടെ നിനക്കെന്താ ഒരു അസ്വസ്ഥത? എന്തേലും പറയാനുണ്ടോ! "
ഇന്ദുവിൻ്റെ ചെടിച്ചട്ടികളിലൊന്നിൽ തലയുയർത്തി വിരിഞ്ഞുനിന്ന പിങ്ക് ജെർബറയുടെ മിനുത്ത കവിളിലൊന്ന് തലോടി താര. കുറച്ചു ചെടികളൊക്കെയുണ്ട്. ഒന്നിച്ചു യാത്രചെയ്യുമ്പോൾ എവിടെ ചെടികൾ കണ്ടാലും കൗതുകത്തോടെ നോക്കുന്ന ഇന്ദുവിനോട് വാങ്ങിക്കൊണ്ടു പൊയ്ക്കൂടെ എന്ന് താര ചോദിക്കും. 'വീപീക്ക് ചെടിയൊന്നും ഇഷ്ടമല്ല താരേ, പുള്ളീടെ വീടല്ലേ! എന്നാലും വല്ലപ്പോഴും ഞാൻ ഓരോന്ന് വാങ്ങിച്ചുകൊണ്ടു പിടിപ്പിക്കും. മിക്കപ്പോഴും തനിച്ചാണല്ലോ. എഴുത്തോ ചിത്രംവരയോ ഒന്നൂലാത്ത എനിക്ക് ഇത്തിരിസന്തോഷത്തിന് അതെങ്കിലും വേണ്ടേ!' എന്നാണ് ഇന്ദു പറയുക.
അവളുടെ മുഖത്ത് എന്തോ ഒരാശങ്ക നിഴലിക്കുന്നുണ്ടായിരുന്നു. അതുകണ്ടിട്ടാണ്
ചോദിച്ചത് .
"അത് .. ഒന്നൂല, എന്നാലും.. :'
"എന്നാലും ?"
''കന്മയി വരുന്നുണ്ട് "
"എന്ന്? അവളുടെ ക്ലാസ് കഴിഞ്ഞോ?"
"ഉം. ഉടനെ വരും.. "
"അവള് വരട്ടെ ഇന്ദു, അതിനു നീയെന്തിനാ ടെൻഷനാവുന്നത്?"
"അവൾക്ക് അച്ഛനെന്നു പറഞ്ഞാ ജീവനാ. അച്ഛന് തിരിച്ചും. വീപിയോട് ഞാനെന്തെങ്കിലും പറയുന്നപോലല്ല അവള് പറഞ്ഞാൽ! പിന്നെ എന്താ ഉണ്ടാവാന്ന്..
പണ്ടേ ഓരോന്ന് ചെവിയിലെത്തുമ്പോൾ വല്യ ആളല്ലേ, അസൂയകൊണ്ട് ആളുകൾ കഥകളുണ്ടാക്കുന്നതാണെന്ന് കരുതും. വീപീയും അതുതന്നെ പറയും. കൂടുതൽ ചോദിച്ചാ ദേഷ്യപ്പെടും. ഭർത്താവ് ഒത്തിരി ആരാധകരുള്ള എഴുത്തുകാരനാകുമ്പം അങ്ങനെ പലതും കേൾക്കേണ്ടിവരുമത്രേ. പക്ഷേ ഇതിപ്പം.. കന്മയിയേക്കാൾ പ്രായം കുറവുള്ള കുട്ടി! ജീവിച്ചിരുപ്പില്ലല്ലോന്നോർക്കുമ്പം നട്ടെല്ലിനകത്തൂന്ന് ഒരു തരിപ്പാണ്. കന്മയി അറിഞ്ഞിട്ടുണ്ടാവോ? ആരെങ്കിലും പറഞ്ഞിട്ടുണ്ടാവോ? ലോകം മുഴുവൻ അറിഞ്ഞത് ഇനി അറിയാതിരിക്കുമോ? എങ്ങനെയാ താരേ സമാധാനിക്കുക? കേൾക്കുന്നതെല്ലാം കെട്ടുകഥകളാണെന്ന് എല്ലാക്കാലവും വിശ്വസിക്കാൻ മാത്രം വിഡ്ഢികളാണോ ലോകത്തുളേളാരെല്ലാം!"
''നീ വിഷമിക്കാതിരിക്ക്. എല്ലാം ശരിയാകും.''
കൈവിരലുകൾക്കിടയിൽ ആ പൂവ് ഞെരിഞ്ഞുപോയിരുന്നു. ഒരിക്കലും പൂക്കളെ നോവിക്കാറില്ലാത്തതാണ്...
റോയൽബ്ലൂ നെക്സോൺ മുറ്റത്തിട്ടു തിരിച്ച് താര റോഡിലെ തിരക്കിലേക്കു നൂണ്ടു. ആദ്യമായും അവസാനമായും ഇന്നാണ് ഇവിടേക്ക് വന്നിട്ടുള്ളത്. അതും ഇന്ദു അത്രമേൽ നിർബ്ബന്ധിച്ചിട്ട്. 'ഇവിടെ ഞാൻ ഒറ്റയ്ക്കല്ലേണ്ടാവൂ, സ്പൈഡർ ഓർക്കിഡ് പൂത്തത് കാണാനെങ്കിലും ഒന്നുവാ താരേ' എന്ന അപേക്ഷ നിരസിക്കാൻ തോന്നിയില്ല. വരാതിരിക്കാൻ ഇത്തവണയും എന്തുകാരണമാണ് പറയുക!
ഹൈപ്പർ മാർക്കറ്റിലെ ഫിഷ്സ്റ്റാളിൽ വച്ചാണ് ഇന്ദുവിനെ ആദ്യമായി പരിചയപ്പെടുന്നത്. സ്റ്റോക്കുതീരുന്ന അയലമീനുവേണ്ടി അവളന്ന് തർക്കിച്ചും ഖേദിച്ചും നിൽക്കുമ്പോൾ.. തനിക്കുവേണ്ടി മാറ്റിവച്ചിരുന്ന മീൻകൊടുത്ത് മറ്റൊരൈറ്റം മാറിയെടുത്ത് താര രംഗം ലഘൂകരിച്ചു. ചെറിയൊരു സോറി പറഞ്ഞ് ഇന്ദു വേഗം കൂട്ടായി. ഓരോ കോഫി കഴിച്ചിട്ടാണ് അന്നു പിരിഞ്ഞത്. പ്രശസ്ത എഴുത്തുകാരൻ വീർപ്രതാപിൻ്റെ വൈഫാണെന്ന് ഇന്ദു പരിചയപ്പെടുത്തുമ്പോൾ 'ആണോ ' എന്ന് കൺമിഴിച്ച് അതിശയപ്പെടുകയല്ലാതെ അറിയാമായിരുന്നെന്ന് അന്നോ പിന്നൊരിക്കലുമോ താര ഭാവിച്ചതേയില്ല.
സ്റ്റിച്ചിംഗ് സെൻററിൻ്റെ കുഞ്ഞുവരാന്തയിൽ, പോത്തീസിൻ്റെ അണ്ടർ ഗാർമെൻ്റ്സ് സെക്ഷനിൽ, നല്ല പച്ചച്ചീര വിൽക്കുന്ന കുഞ്ഞാമിത്താടെ തട്ടിൽ, കോഫികോർണറിൽ, അങ്ങനെ യാദൃശ്ചികമെന്നു തോന്നാവുന്ന അനേകം കണ്ടുമുട്ടലുകളിലൂടെ താര ഇന്ദുവിൻ്റെ ഇഷ്ടങ്ങളിലേക്ക് കടന്നുകയറി. നല്ല ഫിൽറ്റർകോഫി കിട്ടുന്ന എലീസകോർണർ ഇന്ദുവിനു പരിചയപ്പെടുത്തിയത് താരയാണ്.
പിറന്നാളിന് മനോഹരമായ ഒരു സ്പൈഡർ ഓർക്കിഡ് സമ്മാനമായി കൊടുത്ത് താര ഇന്ദുവിനെ ഞെട്ടിച്ചു. ഇതേവരെ ആ ദിവസം ആരെങ്കിലും ഓർമ്മയിൽ വയ്ക്കുകയോ ഒരു സമ്മാനം കൊടുക്കുകയോ ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് സ്വന്തം ഇഷ്ടം ചൂഴ്ന്നറിഞ്ഞ് ഒരാളൊരു സർപ്രൈസ് ഗിഫ്റ്റ് നൽകുന്നത്. സങ്കടവും സന്തോഷവും കൊണ്ട് അവളുടെ കണ്ണുനിറഞ്ഞുപോയി. അതുകൊണ്ടുതന്നെ പിന്നീട് കൻമയിയ്ക്കൊരു ബർത്ഡേ ഗിഫ്റ്റ് വാങ്ങാൻ ഇന്ദു താരയെയും ഒപ്പംകൂട്ടി. കന്മയിയുടെ വട്ടമുഖത്തിനു ചേരുന്ന ഭംഗിയുള്ള ഒരു ജോഡി സ്റ്റഡ്സ് താര തെരഞ്ഞെടുത്തു. എന്നിട്ടും തിളങ്ങുന്ന കണ്ണുകളും തുടുത്തകവിളുകളുമുള്ള ബാർബിഡോളിൽ കണ്ണുടക്കി നിൽക്കുകയായിരുന്നു ഇന്ദു.
"കൻമയി വല്യകുട്ടിയായില്ലേ ഇന്ദു.. "
''അവൾക്ക് എന്നും ഇഷ്ടമുള്ളതാണ് ഇത്. അക്കാര്യത്തിൽ അവൾ എന്നെപ്പോലെയാ താരേ. കുട്ടിയായിരിക്കുമ്പോൾ ആരോ തന്ന ഒരു തുണിപ്പാവ, ഇപ്പോഴത്തെ ചേക്കുട്ടിപ്പാവയില്ലേ, ഏതാണ്ടതുപോലൊന്ന് ദ്രവിച്ചുപൊടിഞ്ഞുപോണ കാലംവരെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. അവളും ചെറുപ്പംമുതലേ അങ്ങനെയാണ്. സാധാരണ കുട്ടികളെപ്പോലെ ഇഷ്ടംതീരുമ്പോൾ ഓരോ കളിപ്പാട്ടം മാറിയെടുക്കുന്ന ശീലമേയില്ല. "
പുതുമ തീരുംമുമ്പേ കൗതുകമൊടുങ്ങുന്ന കളിപ്പാട്ടങ്ങളുടെ രാജാവിൻ്റെ മകൾ !
അതോ നാട്യങ്ങളുടെ രാജാവെന്നു പറയണോ! സ്നേഹവും സൗമ്യതയും സമാസമം പിരിച്ച് കയറുണ്ടാക്കി എത്രയോ പേരെ കുരുക്കിയ നാട്യരാജാവ്!
"മദ്ധ്യപ്രായമെത്തിയാൽ ഈ പെണ്ണുങ്ങൾക്ക് ഒരു തരം ഭ്രാന്താ.. നല്ലൊന്നാന്തരം പൗരുഷംതന്നെ കാര്യം. അതിനു മുമ്പിൽ ഏതു കൊടികുത്തിയവളും ഫ്ലാറ്റ്! ''
''അതിനു വീരൂനെത്ര പെണ്ണുങ്ങളെ അറിയാം? ഈ പെണ്ണുങ്ങൾന്ന് അടച്ചുപറയുമ്പോ അതിലെന്താ ഞാനും പെടില്ലേ?"
"എനിക്കാരേം അറിയില്ല. നമ്മുടെ കാര്യവുമല്ല. നമ്മൾ വേറെലവൽ! ഇതു ഞാനൊരു സാമാന്യകാര്യം പറഞ്ഞതാ.''
"വീരൂ, ഈ പൗരുഷംന്നു പറയുന്നത് ഒരു കഷണം മാംസത്തിൻ്റെ ബലമല്ല. അതൊരു തുറവാണ്, ഇണയുടെ ചിന്തയേയും ആഗ്രഹങ്ങളെയും വികാരങ്ങളെയും ആത്മാഭിമാനത്തേയുമെല്ലാം ഉൾക്കൊള്ളാൻ പാകത്തിലുള്ളത്.
സ്നേഹംന്നൊരു വികാരമുണ്ടെങ്കിൽ ബാക്കിയെല്ലാം അതിൻ്റെ പിന്നിലേനിൽക്കൂ. പിന്നെ നിങ്ങളീപറയുന്ന ഭ്രാന്ത്! അതു ഭ്രാന്തല്ല ഒരുതരം അന്ധതയാ, ചുറ്റുമുള്ളതൊന്നും കാണാനാവാത്ത അന്ധത. ചിലർക്കുമാത്രമുള്ളത്. അതു ബാധിച്ചിട്ടുള്ളോർക്ക് ശരിക്കുമുള്ള സ്നേഹത്തിൻ്റെ വില മനസ്സിലാവില്ല."
''എൻ്റെ താരേ, നിൻ്റൊരു തത്വശാസ്ത്രം! ഒരുകണക്കിന് നീയൊരു എഴുത്തുകാരിയാകാഞ്ഞതു നന്നായി. ഇല്ലെങ്കിൽ എൻ്റെ പഥികപാതയ്ക്കുള്ള അവാർഡിന് ഏറ്റവും വലിയ വെല്ലുവിളി നീയായേനെ!"
''ഒന്നുപോയേ, ഇനി ആയിരുന്നെങ്കിൽത്തന്നെ നമ്മളിലാർക്കു കിട്ടിയാലും ഒരുപോലല്ലേ? അതുപോട്ടെ. ഇത്തവണ അവാർഡ് ഉറപ്പിച്ചോ? "
"പിന്നല്ലാതെ? ചിലർക്കൊക്കെ ഒരു വിചാരമുണ്ട് വീപീയെ അങ്ങൊതുക്കാം ന്ന്. നടക്കത്തില്ല. അവാർഡുപ്രഖ്യാപനം വരുമ്പം കണ്ടോണം."
''കിട്ടും വീരൂ. നല്ല എഴുത്തല്ലേ. ആരെങ്കിലും എന്തെങ്കിലും പറയട്ടെ, ചെയ്യട്ടെ! അതിനു വീരൂനെന്താ ചേതം?"
കഥയറിയാതെ ആട്ടം കാണുന്ന ഒരു കാഴ്ചക്കാരിയാണെന്ന് സ്വയം തിരിച്ചറിയുവാൻ താരയ്ക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു, ചുരുങ്ങിയത് ആകാശത്തോളം അഭിമാനമുയർത്തിയ ഒരവാർഡുനേട്ടത്തിന്, പറഞ്ഞുപറ്റിച്ചു കൊണ്ടുനടന്നതിനു പുറമേ പലർക്കും കാഴ്ചവയ്ക്കപ്പെട്ട ഒരു കൊച്ചു പെൺകുട്ടിയുടെ ജീവൻ്റെ വിലയാണെന്ന് മനസിലാക്കുന്നതുവരെയെങ്കിലും!
പണവും സ്വാധീനവുമുണ്ടെങ്കിൽ ഒരു പോറലുപോലുമേൽക്കാതെ ഏതുപാപവും കഴുകിവെളുപ്പിക്കാനാകുമെന്നും അപരാധി നിരപരാധിയും നിരപരാധി അപരാധിയുമായി മാറുമെന്നുംകൂടി ഉൾപ്പെട്ടതായിരുന്നു ആ തിരിച്ചറിവ്.
പക്ഷേ എപ്പോഴെങ്കിലും സ്വന്തം മകളുടെ ചോദ്യം നേരിടേണ്ടി വന്നാൽ മുഖംരക്ഷിക്കാനാകുമോ എന്ന് ഭാര്യപോലും ആശങ്കപ്പെടുന്നു. ജീവനെപ്പോലെ മകളെ സ്നേഹിച്ചിരുന്നെങ്കിൽ അയാളത് ചിന്തിക്കുമായിരുന്നല്ലോ. അവൾ അറിയാതിരിക്കുന്നിടത്തോളം നല്ലത്. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടാണ് മകൾ എന്നതുകൊണ്ട് മനസ്സിൽ കനപ്പെട്ടുമൂടിവച്ചതെല്ലാം ഒരു സഹിയാനിമിഷത്തെ സങ്കടപ്പെയ്ത്തിൽ പുറത്തുവന്നുകൂടായ്കയില്ല. പക്ഷേ സ്വന്തം ജീവിതം കൈയിൽനിന്നൂർന്നു പോകുന്നതറിഞ്ഞിട്ടും മകളെയോർത്ത് കടിച്ചുപിടിച്ചുനിൽക്കുന്ന ഒരമ്മ അവളുടെ മനസ്സിലെ അച്ഛൻവിഗ്രഹം ഉടയാനിടവരുത്തുമോ! അതല്ലെങ്കിൽ മറ്റാരെങ്കിലും അത്രമേൽ വിശ്വസനീയമായി പറയണം.
''ഒന്നു നോക്കിയേ താരേ.."
താരയെ ചിന്തകളിൽ വിട്ട് ഗിഫ്റ്റ് എംപോറിയത്തിൻ്റെ കൗണ്ടറിനടുത്തുനിന്ന് കന്മയിക്ക് അത്യാവശ്യമായി എന്തിനോ പണമയച്ചുകൊടുക്കാൻ ശ്രമിക്കയായിരുന്ന ഇന്ദു വിളിച്ചു. അവളുടെ ഫോണിൽനിന്ന് കൻമയിയുടെ അക്കൗണ്ടിലേക്ക് ട്രാൻസാക്ഷൻ നടക്കാഞ്ഞ് ഒടുവിൽ താരയുടെ ഗൂഗിൾപേ വഴിയാണ് പൈസയിട്ടത്. തത്ക്കാലം കളയേണ്ടതില്ല എന്നോർത്ത് കൻമയിയുടെ നമ്പർ താര സേവ് ചെയ്തു. ഇതാരുടെ നമ്പറിൽ നിന്നാണ് പണമയച്ചതെന്നറിയാൻ അപ്പോൾത്തന്നെ കന്മയി അമ്മയെ വിളിച്ചു. എൻ്റെ ഫ്രണ്ടാണെന്ന് ഇന്ദു പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം!
''ആഹാ, ഞാനല്ലാതെ അമ്മയ്ക്ക് വേറൊരു ഫ്രണ്ടോ! അമ്മ നന്നാകാൻ തീരുമാനിച്ചോ? ഒറ്റയാമ പുറന്തോടു പൊട്ടിച്ച് പുറത്തിറങ്ങീലോ. പുതിയ കൂട്ടുകാരിയെ കാണുന്നുണ്ട് ഒരുദിവസം! ''
..... .................................
ഇപ്പോൾ പെയ്തേക്കുമെന്നമട്ടിൽ മൂടിക്കെട്ടി നില്ക്കയായിരുന്നു അന്തരീക്ഷം. രാവിലെ മുതലുണ്ടായിരുന്ന ഒരസ്വസ്ഥത വൈകുന്നേരമായപ്പോൾ ചെറിയ തലവേദനയായി മാറി. കടുപ്പത്തിൽ ഒരു കപ്പു ചായയുണ്ടാക്കി അതുമായി താര റൂമിലേക്കുപോയി. അന്നേരം ഇന്ദുവിൻ്റെ സ്പെഷ്യൽചായയുടെ ടേസ്റ്റ് ഓർമ്മവന്നു. എത്രനന്നായി ചായ ഉണ്ടാക്കിയാലും അതിൻ്റെ വെട്ടത്തുവരില്ല. ടിവി ഓൺ ചെയ്ത് ആവിപറക്കുന്ന ചായയും റിമോട്ടുമായി സെറ്റിയിലേക്കിരുന്നു. ഇരട്ട നക്ഷത്രങ്ങളിലൊന്ന് ആകാശക്കൂടാരം വിട്ടിറങ്ങിപ്പോയതിൽപ്പിന്നെ കുറേനാളായി വല്ലപ്പോഴും വൈകിട്ട് കുറച്ചുനേരം വാർത്തകൾ കാണുന്നതിനല്ലാതെ ടിവി വയ്ക്കാറില്ല.
'പ്രശസ്ത എഴുത്തുകാരൻ ശ്രീ. വീർപ്രതാപ് ട്രെയിൻതട്ടി മരിച്ചു. ആത്മഹത്യയെന്നു നിഗമനം.'
ന്യൂസ് ചാനലിൽ വാർത്ത സ്ക്രോൾ ചെയ്തു പോകുന്നതിനൊപ്പം അവാർഡു സ്വീകരിക്കുന്ന വീർപ്രതാപിൻ്റെ തലയെടുപ്പുള്ള ചിത്രവും റെയിൽവേലൈനിൽ നിന്നും ചിന്നിച്ചിതറിയ ബോഡി നീക്കം ചെയ്യുന്നതിൻ്റെ അവ്യക്തചിത്രങ്ങളും മഴച്ചാറ്റൽ വകവയ്ക്കാതെ ചുറ്റും തിങ്ങിയ ആൾക്കൂട്ടവും ആവർത്തിച്ചു കാണിച്ചുകൊണ്ടിരുന്നു.
പിന്നെപ്പറഞ്ഞതൊന്നും കേട്ടില്ല. സെറ്റിയുടെ കുഷ്യനിൽ തണുത്ത വിരലുകൾ മുറുകെയാഴ്ത്തി താര ശ്വാസംപിടിച്ചിരുന്നു.
ഒന്നിനുമൊരിക്കലും ഇനിയിടയില്ലാത്തവിധം ഇഷ്ടപ്പെട്ടതാണ്. വിശ്വസിച്ചതാണ്. സ്നേഹത്തിൻ്റെ ഭാരമാണ് വെറുപ്പിൻ്റെ ചുമടിനു കനംകൂട്ടുന്നത്.
അരുതെന്നുകരുതി പിടിച്ചടക്കിവച്ചിട്ടും ഒരു കരച്ചിൽ വന്നുമുട്ടി. ആർത്തലച്ചങ്ങ് പെയ്തു. കരച്ചിലിനൊടുവിൽ ചിരിച്ചു. ഒരേങ്ങലായി പരിണമിക്കുംവരെ എന്തിനാണെന്നറിയാതെ പിന്നെയും പിന്നെയും കരഞ്ഞു. ശേഷം ഒരുൾവിളിപോലെ മേശവലിപ്പുതുറന്ന് പുസ്തകങ്ങളാകെ വാരിവലിച്ചുപുറത്തിട്ടു. അതെല്ലാം വീരുവിൻ്റെയാണ്. എരിച്ചു കളയാൻ പലതവണ ഒരുങ്ങിയിട്ടും നീട്ടിവച്ചുപോയത്. അതിൽനിന്ന് പഥികപാതകൾ പരതിയെടുത്ത് നെടുകെ നിവർത്തി പരവശതയോടെ തിരഞ്ഞു.
''ശരികളെക്കുറിച്ചാണ്
അയാളെപ്പോഴും ചിന്തിച്ചത്.
അവനവന്റെ ശരികളാണ്
ഓരോരുത്തരുടെയും ശരിയെന്ന്
തിരിച്ചറിഞ്ഞനേരത്താണ് അയാൾ
ഒരുശരികൊണ്ട് മറ്റെല്ലാ ശരികളെയും
ജയിക്കുന്നതിനെ ആത്മഹത്യയെന്ന്
നിർവ്വചിച്ചത്!''
അനിവാര്യമായ ശരിയിലേക്കു നയിക്കപ്പെട്ടിരിക്കുന്നു, അറംപറ്റിയ എഴുത്ത്!
ഇതല്ലാതൊരുശരി നേടിയെടുക്കാൻ ഭൂമിയിൽ ആരോടെങ്കിലും, അതാരുമാകട്ടെ, എന്നെങ്കിലും, നിങ്ങൾ വിശ്വസ്തനായിരുന്നോ വീരൂ!
നിലതെറ്റിയതുപോലെ താര പുസ്തകം ചുമരിലേക്കാഞ്ഞെറിഞ്ഞു.
നിലത്തുവീണുകിടക്കുന്ന പുസ്തകത്തിൻ്റെ പുറംപേജിലിരുന്ന് വീരു ചിരിച്ചു. പിന്നെ, സാധാരണത്വത്തിൽ നിന്ന് അസാധാരണത്വത്തിലേക്കും തിരിച്ചും എടുത്തെറിയപ്പെടുന്ന ഒരു മനുഷ്യജീവിയുടെ എല്ലാ നിസഹായതയോടുംകൂടി കാറ്റുപറത്തിയ ഒരു കരിയിലകണക്കെ ദുർബ്ബലയായി താര ബെഡ്ഡിലേക്കുവീണു.
മുറിയിലപ്പോൾ കറിവേപ്പിലമണം പരന്നു. വലത്തേക്കോണിൽ 'എഴുത്തുകാരൻ്റെ ഭാര്യ' എന്നുപേരെഴുതിയ കാൻവാസിൽ ചിരിയോ കരച്ചിലോ എന്നു തിരിച്ചറിയാത്ത മുഖത്തോടെ ഒരു വരയാച്ചിത്രമായി ഇന്ദു നില്ക്കുന്നുണ്ടായിരുന്നു!