
കുശ്ബുവിനെപ്പോലുള്ള നടികള്‍ക്ക് തമിഴ്നാട് സർക്കാർ കൊടുക്കുന്ന കലൈമാമണിപ്പട്ടം നിരസിച്ചതില്‍ ഇന്നും ഇന്ദിരാ പാര്‍ത്ഥസാരഥി സന്തുഷ്ടനാണ്. പ്രസിദ്ധ സംഗീതജ്ഞനായ കാരയ്ക്കുടി മണിയും തന്റേടിയായ തുഗ്ലക്ക് പത്രാധിപര്‍ ചോ രാമസ്വാമിയും മാത്രമേ ഇതിന് മുമ്പ് കലൈമാമണിപ്പട്ടം നിരസിച്ചിട്ടുള്ളു.
രാഷ്ട്രീയ സമസ്യകളാണ് പല കാര്യങ്ങളിലും തമിഴ്നാടിനെ മുന്നോട്ടു നയിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടക്കംമുതലുള്ള പ്രവണയാണിത്. എഴുത്തിന്റേയും സാഹിത്യത്തിന്റേയും വഴികള്‍ രാഷ്ട്രീയത്തില്‍നിന്ന് വിഭിന്നമല്ല. എന്നാല്‍ തമിഴകത്തെ എഴുത്തുകാരില്‍ ചിലര്‍ സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കുന്നവരാണ്. അതില്‍ അവര്‍ അഭിമാനിക്കുന്നുമുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലൊന്നും കാണാത്ത എഴുത്തുകാരനാണ് ഇന്ദിരാ പാര്‍ത്ഥസാരഥി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഡോക്ടര്‍ രങ്കനാഥന് പാര്‍ത്ഥസാരഥി. സ്വന്തം ഇച്ഛാശക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കാനും വ്യത്യസ്ത രചനകളിലൂടെ സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനും ശ്രദ്ധിക്കുന്ന പ്രതിഭാശാലിയാണ് അദ്ദേഹം. (കഴിഞ്ഞ ജൂലൈ പത്തിനു അദ്ദേഹത്തിനു തൊണ്ണൂറ്റിയേഴ് വയസ്സു തികഞ്ഞു). ഭരണാധികാരികളേയും രാഷ്ട്രീയ സമവാക്യങ്ങളേയും വിമര്‍ശിക്കാനും തന്റേതായ നിലപാടുകളിലൂടെ സമൂഹത്തെ വിലയിരുത്താനും തുടക്കം മുതല്‍ ഇന്ദിരാ പാര്‍ത്ഥസാരഥി ശ്രമിക്കാറുണ്ട്. അതിനാല്‍ ഭരണക്കാരുടെ അപ്രീതിക്ക് എന്നും നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം.

ഇന്ദിര പാര്‍ത്ഥസാരഥി
തന്റെ കൃതികളിലൂടെ സമകാലീന ജീവിതത്തേയും വികലമായ രാഷ്ട്രീയ ബോധത്തേയും വിമര്‍ശിക്കുന്നതില്‍ അദ്ദേഹം എന്നും മുന്നിലായിരുന്നു. ഭരണാധികാരികളുടെ ദുഷ്പ്രഭുത്വത്തെക്കുറിച്ചു എഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിനു നിരവധി സങ്കീര്‍ണമായ കടമ്പകള്‍ തരണം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. എങ്കിലും ആരുടെ മുന്നിലും മുട്ടുമടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തങ്ങളുടെ വേരുകളുടെ പ്രസക്തിയോ പ്രാധാന്യമോ മനസ്സിലാക്കാനാകാതെ ഇരുട്ടില്‍ കഴിയേണ്ടിവരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് വേദപുരത്തെ വ്യാപാരികൾ എന്ന നോവലില്‍ അദ്ദേഹം ആവിഷ്ക്കരിച്ചത്. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ സ്വത്വം നഷ്ടപ്പെട്ട ഒരു രാജ്യത്തിന്റെ കഥ. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു നാട് ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട ഭരണാധികാരികളുടെ ഭരണരാഹിത്യങ്ങളില് കുടുങ്ങി, സമസ്ത ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നു. ഈ ദുരന്തത്തില്‍ നിന്ന് ഒരിക്കലും മോചനമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവര്‍ നേതാവിനുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുന്നു, അന്നം മുടക്കിയും ഉത്സവങ്ങളും കുംഭാഭിക്ഷേകങ്ങളും നടത്തി നിര്‍വൃതിയടയുന്നു. വേദപുരം തമിഴ്നാടിന്റെ പരിഛദമാണ്.

ഇന്ദിര പാര്‍ത്ഥസാരഥി
സിനിമയുടെ വര്‍ണ്ണപ്പകിട്ടില്‍ മഹത്തായ രാഷ്ടീയഭാവി കളഞ്ഞുകുളിച്ച വേദപുരത്തിന്റെ നിസ്സഹായതയെനോക്കി പരിഹസിച്ചു ചിരിക്കുകയാണ് തമിഴകത്തെ കരുത്തുറ്റ എഴുത്തുകാരനായ ഇന്ദിരാ പാര്‍ത്ഥസാരഥി. വേദപുരം എന്ന രാജ്യത്തെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും പഠിക്കാനും നേരിട്ടുള്ള അനുഭവങ്ങളിലൂടെ ഒരു നോവല്‍ എഴുതാനും വിദേശത്തുനിന്നു വന്ന അപൂര്‍വ എന്ന യുവതിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അവളുടെ മുത്തശ്ശിയുടെ കുടുംബവേരുകള്‍ വേദപുരത്തിന്റെ മണ്ണില്‍ ആഴ്ന്നു കിടക്കുന്നു എന്നവള്‍ അറിഞ്ഞിരുന്നു. എന്നാല്‍ വേദപരുത്തു വന്നിറങ്ങിയതു മുതല്‍ അവിടത്തെ രാഷ്ട്രീയ നിലപാടുകള്‍ അവളെ അമ്പരപ്പിക്കുന്നു. ജനാധിപത്യമെന്ന പേരില്‍ അവിടെ അരങ്ങേറുന്ന പാവക്കൂത്തുകള്‍ അവളെ അത്ഭുതപ്പെടുത്തുകയും ഒരര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്കും തെരുവുപട്ടികള്‍ക്കും വെവ്വേറെ എച്ചില്‍തൊട്ടികള്‍ സ്ഥാപിച്ച് പട്ടികളും മനുഷ്യരും തമ്മിലുള്ള കടിപിടി ഒഴിവാക്കാന്‍ ഭരണപരിഷ്ക്കരണം നടത്തുന്ന ഭരണകൂടത്തിന്റെ ധിക്കാരം ആരാണ് അംഗീകരിക്കുക? ഒരിക്കലും വേദപുരത്തെ ഭരണത്തലവനെ / തലവിയെ ആരും കണ്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഒരു ഇടിത്തീപോലെ അവളെ വ്യാകുലപ്പെടുത്തുന്നു. ഒരു ദിവസം നേതാവ് ആവിയായി ആകാശത്തേയ്ക്ക് ലയിക്കുന്നു എന്ന വിചിത്രമായ വിളംബരം വിഢികളായ ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു.
ജയലളിതയുടെ ഭരണകാലത്താണ് ഇത്തരമൊരു നോവല്‍ എഴുതാനുള്ള ആശയം ഇന്ദിരാ പാര്‍ത്ഥസാരഥിയുടെ മനസ്സില്‍ രൂപം കൊള്ളുന്നത്. ലോകംചുറ്റി ചെന്നൈയില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചെത്തിയ സമയം. നാടുമുഴുവന്‍ വെട്ടിപ്പിടിച്ച് സ്വന്തം കൈപ്പിടിയില്‍ ഒതുക്കുന്ന ഭരണാധികാരിയും തോഴിയും സംസ്ഥാനത്തിനുതന്നെ അപമാനമാകുന്ന കാഴ്ച്ച അദ്ദേഹത്തെ വ്യാകുലപ്പെടുത്തുന്നു. തന്റെ നാട് നിരര്‍ത്ഥകമായ രാഷ്ട്രീയദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന ഒന്നായി മാറുകയാണെന്ന സത്യം അദ്ദേഹമറിയുന്നു. തന്റെ ആശയം സുഹൃത്തായ കല്‍ക്കി പത്രാധിപരോട് പറയുന്നു. അങ്ങനെയാണ് നോവല്‍ പരമ്പരയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ അതുണ്ടാക്കവുന്ന ഭവിഷ്യത്തുകള്‍ പാര്‍ത്ഥസാരഥി പത്രാധിപരെ ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല.
നോവല്‍ ആരംഭിച്ചപ്പോള്‍ തന്നെ കല്‍ക്കിക്കെതിരെ ആക്രമണത്തിന്റെ കുന്തമുനകള്‍ ഉയര്‍ന്നു തുടങ്ങി. അത് ഇടയ്ക്കുവച്ചു നിര്‍ത്തണമെന്ന ഭീഷണി വന്നെങ്കിലും പത്രാധിപര്‍ വഴങ്ങിയില്ല. എന്നാല്‍ അതൊരു വാര്‍ത്തപോലുമാകാതെ പോയതിലാണ് പാര്‍ത്ഥസാരഥിക്ക് പരിഭവം. അതാണ് തമിഴ്നാടിന്റെ ദുര്യോഗം. അത്തരമൊരു സാഹചര്യം കേരളത്തിലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. നിലവിലുള്ള രാഷ്ട്രീയ നിഴലുകളില്‍ ഒതുങ്ങിക്കൂടുന്ന ഒരു ജനതയാണ് വേദപുരത്തെ വ്യാപാരികളില്‍ നാം കാണുന്നത്. ആ നോവലിന് അന്ന് ഭാരതീയഭാഷാപരിഷത്തിന്റെ അവാര്‍ഡ് ലഭിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് അദ്ദേഹം പറയാറുണ്ട്.

ഇന്ദിര പാര്‍ത്ഥസാരഥി
തഞ്ചാവൂരിലെ കീഴ്വണ്മണി എന്ന ഗ്രാമത്തില്‍ ഇടനിലക്കാരും കര്‍ഷകത്തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല്‍പ്പതോളം ദളിതരെ ഒരു കുടിലില്‍ അടച്ചിട്ട് ജീവനോടെ അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ട സംഭവമാണ് കുരുതിപ്പുനല്‍ എന്ന നോവലിന്റെ അടിസ്ഥാനം. അതില്‍ ഏറിയപങ്കും സ്ത്രീകളും കുഞ്ഞുങ്ങളും, വയോധികരുമായിരുന്നു. താനെഴുതിയത് കീഴ്വണ്മണി സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടായിരുന്നില്ല മറിച്ച് നോവലായിരുന്നു എന്ന് പാര്‍ത്ഥസാരഥി പറയുന്നു. ആ സംഭവത്തെക്കുറിച്ച് ഗ്രഹിക്കാന്‍ കഴിഞ്ഞ വസ്തുകളെല്ലാം കൂടി നോവലായി തീരുകയായിരുന്നു. അതിലെ കഥാപാത്രങ്ങള്‍ സാങ്കല്പ്പികവുമായിരുന്നു. തിരിതെളിച്ചത് യഥാര്‍ത്ഥ സംഭവവും പ്രകാശം തന്റേതുമായിരുന്നു. ഫ്രോയിഡിന്റെ രീതിയില്‍ ലൈംഗിക പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തതുവഴി ഒരു സാമ്പത്തികസമരത്തെ വില കുറച്ചു കാണിക്കുകയായിരുന്നു എന്ന് മാര്‍ക്സിസ്റ്റുകാര്‍ അന്ന് പാര്‍ത്ഥസാരഥിയെ കുറ്റപ്പെടുത്തി. നോവല്‍ വായിച്ചുകഴിഞ്ഞശേഷം ഭൂപ്രഭുവായ നായിഡു ആ പാവപ്പെട്ടവരെ ചുട്ടെരിച്ചത് ന്യായമാണെന്ന് വായനക്കാരനു തോന്നിയാല്‍ അതായിരിക്കും ആ നോവലിന്റെ ഏറ്റവും വലിയ പരാജയമെന്ന് അദ്ദേഹം വിലയിരുത്തി.
സൈക്കോളജിക്കല്‍ പരിവേഷം നോവലിന്റെ കാതലായ ഘടകത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നതാണ് നോവലിസ്റ്റിന്റെ ഉറച്ച വിശ്വാസം. ആ വിവാദം നടന്നതിനാല്‍ ആയിരിക്കാം കുരുതിപ്പുനല്‍ ശ്രദ്ധിക്കപ്പെട്ടു. അതിനു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നന്ദി പറയേണ്ടതാണ്. നാല്പ്പതാണ്ടുകള്ക്കുമുമ്പ് ശെമ്മലര്‍ പാര്‍ത്ഥസാരഥിയുമായി അഭിമുഖം നടത്തിയപ്പോള്‍ ഈ നോവലിനെപ്പറ്റി പാര്‍ട്ടി അന്നെടുത്ത നിലപാട് തെറ്റായിരുന്നു എന്ന് സമ്മതിച്ചു. കുരുതി എന്നാല്‍ രക്തമാണെന്ന് പൊതുവേ നമുക്കറിയാം. ഉഗ്രകോപത്താന് ആഞ്ഞടിക്കുമ്പോള്‍ തെറിച്ചുവീഴുന്ന രക്തമാണ് അതെന്ന് എത്രപേര്‍ക്കറിയാം? പരശുരാമന് തന്റെ പ്രതികാരം തീര്‍ക്കാന്‍ 21 തലമുറയില്‍പ്പെട്ട ക്ഷത്രിയരുടെ രക്തംകൊണ്ട് ബലികൊടുക്കുന്നു. കമ്പരാമായണത്തില്‍ കുരുതിപ്പുനലിനെക്കുറിച്ച് കമ്പര്‍ പറയുന്നുണ്ട്. ഈ നോവലിന്റെ അവസാനത്തില്‍ പരശുരാമന് എന്ന പരാമര്‍ശം വരാനുള്ള കാരണവും ഈ ബലിരക്തം തന്നെയാണെന്ന് അദ്ദേഹം കരുതുന്നു.

ഇന്ദിര പാര്‍ത്ഥസാരഥിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സമ്മാനിക്കുന്നു
കുരുതിപ്പുനല്‍ സാഹിത്യ അക്കാദമി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു രാഷ്ട്രീയനേതാവിന്റെ കൊള്ളരുതായ്മകളെക്കുറിച്ചു പറയുന്ന ഒന്നര അധ്യായം മുറിച്ചു മാറ്റിയിരുന്നു. ഭരണകക്ഷിയിലെ ഒരു എംഎല്‍എ പരസ്യമായി മദ്യപിക്കുകയും പരസ്ത്രീഗമനം നടത്താന്‍ ആലചിക്കുകയും ചെയ്യുന്ന ഭാഗമാണ് കേന്ദ്രസാഹിത്യ അക്കാദമിയിലെ സദാചാരവാദികള്‍ വെട്ടിക്കളഞ്ഞത്. പുസ്തകം പുറത്തുവന്ന ശേഷമാണ് അദ്ദേഹം ഈ പൊളിറ്റിക്കല്‍ എഡിറ്റിംഗ് എന്ന അനീതി മനസ്സിലാക്കിയത്. (അടുത്തിടെ കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി കുരതിപ്പുനല് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ഞാനായിരുന്നു. കാ നാ സുബ്രഹ്മണ്യത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ഒന്നര അധ്യായം മുറിച്ചു മാറ്റിയതിനെപ്പറ്റി ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മൗനത്തിലായി. ആ വിവര്‍ത്തനം വരുമ്പോള്‍ അദ്ദേഹം വിദേശ യൂണിവേഴ്സിറ്റിയില്‍ ആയിരുന്നതിനാല്‍ പ്രതികരിക്കാനും കഴിഞ്ഞിരുന്നില്ല.)
ചരിത്രവും മിത്തുകളും കോര്‍ത്തിണക്കിയ വിഷയങ്ങളാണ് ഔറംഗസേബ്, രാമാനുജര്‍, നന്ദന് കഥൈ തുടങ്ങിയ നാടകങ്ങളില്‍ അദ്ദേഹം സ്വീകരിച്ചത്. അടിയന്തരാവസ്ഥക്ക് മുമ്പാണ് ഔറംഗസേബ് എഴുതുന്നത്. ദല്‍ഹിയില്‍ 1976 ല്‍ ഹിന്ദുസ്ഥാനിയില്‍ ഈ നാടകം അവതരിപ്പിച്ചപ്പോള്‍ ഭരണകൂടത്തില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായി. നാടകാവതരണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സിബിഎസിയിലെ തമിഴ് സിലബസില്‍നിന്ന് ഈ നാടകം പിന്‍വലിക്കുകയും ചെയ്തിരുന്നു. “തക്ക സമയത്ത് അത് പിന്മാറി," അദ്ദേഹം തമാശ രൂപത്തില്‍ പറയുമായിരുന്നു.

ഇന്ദിര പാര്‍ത്ഥസാരഥിക്ക് പി കെ ശ്രീനിവാസന് തന്റെ കൃതി മിഡ്നൈറ്റ് നോക്ക് സമര്‍പ്പിക്കുന്നു
ലോകസാഹിത്യത്തിലെങ്ങും കാണാന്‍ കഴിയാത്ത, വ്യത്യസ്ത മാനങ്ങളുള്ള കൃഷ്ണന് എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഇന്ദിരാ പാര്‍ത്ഥസാരഥി കൃഷ്ണാ കൃഷ്ണാ എന്ന നോവല്‍ എഴുതുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ ഉപബോധമനസ്സില്‍ നിറവേറാത്ത, നിറവേറാന്‍ കഴിയാത്ത ലക്ഷ്യങ്ങളോ, കൊച്ചുകൊച്ചു അഭിലാഷങ്ങളോ ഉണ്ടാകും. അത്തരക്കാരുടെ സമ്മിശ്ര പ്രതിരൂപമാണ് കൃഷ്ണന് എന്ന് നോവലിസ്റ്റ് പറയുന്നു. കൃഷ്ണനെ ഏത് യുഗത്തിലും അതാത് കാലത്തെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് അര്‍ത്ഥങ്ങള്‍ കല്പ്പിക്കാന് കഴിയുമെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അതാണ് അത്തരത്തിലൊരു നോവലെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പാര്‍ത്ഥസാരഥി പറയുന്നു. എന്നാല്‍ കൃഷ്ണാ കൃഷ്ണാ എഴുതിക്കഴിഞ്ഞപ്പോള്‍ അത് പരമ്പരയായി പ്രസിദ്ധീകരിക്കാന്‍ നിലവാരമുള്ള ഒരു തമിഴ് പ്രസിദ്ധീകരണമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കടം. മലയാളവുമായി തമിഴിനെ അദ്ദേഹം താരതമ്യപ്പെടുത്തിയത് അന്നായിരുന്നു.
സര്‍ക്കാരിന്റെ ഔദാര്യങ്ങളുടെ പിന്നാലെ പോകാന്‍ കൂട്ടാക്കാത്ത പാര്‍ത്ഥസാരഥിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത കലൈമാമണി അവാര്‍ഡ് നല്കി വശത്താക്കാന്‍ വേദപുരക്കാലത്ത് ശ്രമം നടന്നിരുന്നു. കുന്നക്കുടി വൈദ്യനാഥനായിരുന്നു അന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന്. പാര്‍ത്ഥസാരഥിയോട് ചോദിക്കാതെ കലൈമാമണിപ്പട്ടത്തിന്റെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോള്‍ പാര്‍ത്ഥസാരഥിക്ക് അരിശം വന്നെങ്കിലും സ്വതേ ശാന്തപ്രകൃതനായ അദ്ദേഹം കലൈമാമണിപ്പട്ടം നിരസിക്കുന്നതായി അധികൃതര്‍ക്ക് കത്തെഴുതി വീട്ടിലിരുന്നു. കുന്നക്കുടി വൈദ്യനാഥന്റെ റബര്‍ സ്റ്റാമ്പ് ഉപയോഗിച്ച് ഒപ്പിട്ട ഒരു കത്തായിരുന്നു തനിക്ക് ലഭിച്ചതെന്ന് പാര്‍ത്ഥസാരഥി പറയുന്നു. സ്വന്തം ഒപ്പിടാൻ പോലും യോഗമില്ലാത്ത ഒരു അവാര്‍ഡ് കമ്മിറ്റി ചെയര്മാന്! അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പരിഹാസം പുറത്തുചാടി. ڇകുശ്ബുവിനെപ്പോലുള്ള നാലാംകിട നടികള്‍ക്ക് കൊടുക്കുന്ന സർക്കാരിൻെറ കലൈമാമണിപ്പട്ടംڈ നിരസിച്ചതില്‍ ഇന്നും ഇദ്ദേഹം സന്തുഷ്ടനാണ്. പ്രസിദ്ധ സംഗീതജ്ഞനായ കാരയ്ക്കുടി മണിയും തന്റേടിയായ തുഗ്ലക്ക് പത്രാധിപര്‍ ചോ രാമസ്വാമിയും മാത്രമേ ഇതിന് മുമ്പ് കലൈമാമണിപ്പട്ടം നിരസിച്ചിട്ടുള്ളു.

കുരുതിപ്പുണല്
നാടകകൃത്ത്, നോവലിസ്റ്റ്, കഥാകൃത്ത്, ചരിത്രകാരന്, വിമര്ശകന് എന്നീ നിലകളില്‍ തമിഴ് സാഹിത്യരംഗത്ത് ഏറ്റവും ശ്രദ്ധേയനായ ഇന്ദിരാ പാര്‍ത്ഥസാരഥി തമിഴ്നാട്ടിലെ കുംഭകോണത്ത് 1930 ജൂലൈ പത്തിന് ജനിച്ചു. ദല്‍ഹി, വാഴ്സാ (പോളണ്ട്), പോണ്ടിച്ചേരി സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു. കാനഡയിലെ വിവിധ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ ഫിലോസഫിയെക്കുറിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ചെറുതും വലുതുമായി ഇരുപതോളം നോവലുകളും, ആറ് ചെറുകഥാ സമാഹാരങ്ങളും പത്ത് നാടകങ്ങളും, രണ്ട് ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഉച്ചിവെയില്‍ എന്ന കഥയെ അടിസ്ഥാനമാക്കി കെഎസ് സേതുമാധവന് സംവിധാനം ചെയ്ത മറുപക്കം (1991) എന്ന ചലച്ചിത്രത്തിന് തമിഴിലെ ആദ്യത്തെ സ്വര്‍ണകമലം ലഭിച്ചു. കെകെ ബിര്‍ള ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ ലഭിച്ച ആദ്യത്തെ തമിഴ് സാഹിത്യകാരനാണ് ഇദ്ദേഹം. രാമാനുജര്‍ എന്ന നാടകത്തിനായിരുന്നു ഈ ബഹുമതി (1999). കുരുതിപ്പുനലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും വേദപുരത്തെ വ്യാപാരികള്‍ക്ക് ഭാരതീയ ഭാഷാപരിഷത്ത് സമ്മാനവും ലഭിച്ചു. കൂടാതെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചു. 2010 ല്‍ കേന്ദ്രം പത്മശ്രീ നല്കി ആദരിച്ചു. ഒട്ടുമിക്ക കൃതികളും ബംഗാളി, മലയാളം, ഹിന്ദി, ഒറിയ, തുടങ്ങിയ ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഔറംഗസീബ്, നന്ദന് കഥൈ, യേശുവിന് തോഴര്‍കള്‍, കൃഷ്ണാ കൃഷ്ണാ എന്നീ കൃതികള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. (അദ്ദേഹത്തിൻെറ കൃഷ്ണാ കൃഷ്ണാ, കുരുതിപ്പുനൽ, വേദപുരത്തെ വ്യാപാരികൾ എന്നീ നോവലുകൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്തത് ഈ ലേഖകൻ ആയിരുന്നു).

കുരുതിപ്പുണല് ഇംഗ്ലീഷില്‍
ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്താണ് പാര്‍ത്ഥസാരഥിയുടെ അനുവാദമില്ലാതെ കുരുതിപ്പുനല്‍ ചിന്ത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നത്. ഏറെ വൈകിയാണ് ഈ വിവരം അദ്ദേഹമറിയുന്നത്. ഒരിക്കല്‍ ദല്‍ഹിയില്‍ ഓംചേരിയുടെ വീട്ടില്‍വച്ച് ഇഎംഎസിനെ കണ്ടപ്പോള്‍ അദ്ദേഹം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രസാധകരുടെ ഈ അനീതിയെക്കുറിച്ച് സൂചിപ്പിക്കുകയാണ്ടായി. ഒഎം അനുജനും അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടായെങ്കില്‍ അതൊരു ഭാഗ്യമല്ലേ എന്നാണ് ഇഎംഎസ് അഭിപ്രായപ്പെട്ടത്. ڇആ പുസ്തകം രണ്ടു എഡിഷന് ഇറക്കിയിട്ടും അറിയിച്ചില്ലെന്നു മാത്രമല്ല ഒരു കോപ്പിപോലും അയച്ചുതന്നതുമില്ലڈ അദ്ദേഹം കുറ്റപ്പെടുത്തുന്നു. സാംസാക്കാരികസമ്പന്നത പറഞ്ഞു നടക്കുന്ന ഇടതുപക്ഷത്തിന്റെ ഈ നടപടി ശരിയാണോ എന്നദ്ദേഹം ചോദിക്കുന്നു. ڇഎനിക്ക് പ്രതിഫലമൊന്നും വേണ്ട. ചോദിച്ചാല്‍ ഞാന്‍ സൗജന്യമായി അനുവാദം കൊടുക്കും. പക്ഷേ അതറിയിക്കാനുള്ള സന്മനസ്സുപോലും ചിന്ത കാണിച്ചില്ല,ڈ തികഞ്ഞ കമ്യൂണിസ്റ്റുകാരനായ അദ്ദേഹം പറയുന്നു.
ഒരിക്കല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ യാത്ര തിരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ കൈവശമുള്ള ആയിരക്കണക്കിനു പുസ്തകങ്ങള്‍ അദ്ദേഹം ചെന്നൈയിലെ ആശാന് സ്കൂളിനു സംഭാവനയായി കൊടുത്തിട്ടാണ് പോയത്. പക്ഷേ അമേരിക്കയിലെ ജീവിതം മടുത്തപ്പോള്‍ മടങ്ങിപ്പോന്നു. ഇപ്പോള്‍ ചെന്നൈയില്‍ ഇഞ്ചംപാക്കത്തെ ഒരു ഓൾഡേജ് ഹോമിൽ താമസിക്കുന്നു. തൊണ്ണൂറ്റിയേഴാം വയസ്സിലും നഷ്ടപ്പെടുത്താതെ സുക്ഷിക്കുന്ന അദ്ദേഹത്തിന്റെ തന്റേടവും ആത്മവിശ്വാസവും ആരെയും അത്ഭുതപ്പെടുത്തും.