
''ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയും ക്രൂരനാവാന്‍ സാധിക്കുന്നത്..?'' 2025 ജനുവരി 27-ന് പാലക്കാട് നെന്മാറയില് നടന്ന ഞെട്ടിപ്പിക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ വാര്‍ത്തയറിഞ്ഞപ്പോള്‍ ഓരോ മലയാളി മനസ്സിനെയും വേട്ടയാടിയ ചോദ്യമാണിത്. 2019-ല്‍ സജിത എന്ന വീട്ടമ്മയെ വധിച്ച കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ചെന്താമര എന്ന നരാധമന് 2025-ല്‍ ജാമ്യത്തിലിറങ്ങിയ ഉടന്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിനുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയാണ് വിധിച്ചത്. കേരള മനസാക്ഷി ആഗ്രഹിച്ച ശിക്ഷ തന്നെ. വിചാരണയിലുടനീളം പ്രതി തെല്ലും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്ന കോടതിയുടെ നിരീക്ഷണം പൊതുസമൂഹത്തെ വീണ്ടും ചിന്തിപ്പിക്കുകയാണ്. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ അല്ലെങ്കില്‍ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യമുള്ളവരാണ്. ഇത്തരക്കാരില്‍ നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ താത്കാലികമായ മിഥ്യാവിശ്വാസങ്ങളും സംശയങ്ങളും ഉടലെടുക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
'സോഷ്യോപതി' എന്നും അറിയപ്പെടുന്ന ആന്റി-സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഒരു മാനസികാവസ്ഥയാണ്. ഈ അവസ്ഥയുള്ള ആളുകള്‍ സമൂഹത്തിലെ നിയമങ്ങളും മര്യാദകളും കാറ്റില്‍പ്പറത്തി പെരുമാറുകയും, ക്രിമിനല്‍ സ്വഭാവം കാണിക്കുകയും ചെയ്യും. സമൂഹത്തിലെ നിയമങ്ങള്‍ തെറ്റിക്കുന്നതിലോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിലോ ഇവര്‍ക്ക് യാതൊരു കുറ്റബോധവും തോന്നാറില്ല. മുന്‍കൂട്ടി ചിന്തിക്കാതെ പെട്ടെന്നുള്ള ദേഷ്യത്തിലോ ആവേശത്തിലോ കാര്യങ്ങള്‍ ചെയ്യുക, മറ്റുള്ളവരെ സ്വന്തം ആവശ്യങ്ങള്‍ക്കായി പറ്റിക്കുക. വീട്, സ്കൂള്‍, ജോലിസ്ഥലം എന്നിവിടങ്ങളില്‍ സ്വന്തം ചുമതലകള്‍ ശരിയായി നിറവേറ്റാന്‍ ഇവര്‍ക്ക് കഴിയില്ല. ഇത് അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു മാനസികാവസ്ഥയാണെങ്കിലും, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്.
ചെന്താമരയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചതോടെ, കേരളത്തിലെ ജയിലുകളില്‍ മരണശിക്ഷ കാത്തു കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയര്‍ന്നു. എന്നാല്‍, ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തുടരുകയാണ്. ഇന്ത്യയിലെ പ്രധാന ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത, കൂടാതെ മറ്റ് നിയമങ്ങള്‍ എന്നിവ പ്രകാരം ഏറ്റവും കഠിനമായ നിയമപരമായ ശിക്ഷയാണ് വധശിക്ഷ. ഇന്ത്യയില്‍ തൂക്കിക്കൊല്ലലാണ് പ്രധാന വധശിക്ഷാ രീതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023-ലെ സെക്ഷന്‍ 393 (5) പ്രകാരം 'മരണം സംഭവിക്കുന്നത് വരെ കഴുത്തില്‍ കയറിട്ട് തൂക്കുക' എന്നതാണ് വധശിക്ഷ നടപ്പിലാക്കുന്ന രീതി.
നിലവില്‍ ഇന്ത്യയില്‍ ഏകദേശം 564 തടവുകാരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പിലാക്കിയത് 2020 മാര്‍ച്ച് 20-നാണ്. 2012-ലെ ഡല്‍ഹി കൂട്ടബലാത്സംഗ-കൊലപാതക കേസ് പ്രതികളായ നാലുപേരെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ വച്ചാണ് തൂക്കിലേറ്റിയത്. കേരളത്തില്‍ 1958-ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960 മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 1967 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991-ലാണ്. 14 പേരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ ചന്ദ്രനെയാണ് തൂക്കിലേറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. ശേഷം മൂപ്പത് വര്‍ഷത്തിലധികമായിട്ട് കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ചെന്താമരയ്ക്ക് മുമ്പ് പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ജ്യൂസില്‍ വിഷം ചേര്‍ത്ത് കൊടുത്താണ് ഗ്രീഷ്മ കാമുകനായ ഷാരോണിനെ കൊന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ.
എന്നാല്‍ കോടതി വധ ശിക്ഷ വിധിച്ചാലും അപ്പീലുമായി പ്രതിക്ക് മേല്‍കോടതികളെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതി ഹര്‍ജി റദ്ദാക്കിയാല്‍ രാഷ്ട്രപതിക്ക് മുന്പില് ദയാഹര്‍ജി നല്‍കാനും പ്രതിക്ക് അവസരമുണ്ട്. ഇതിലെല്ലാം വധ ശിക്ഷ ശരിവെച്ചാല്‍ മാത്രമാണ് ഒരു കുറ്റവാളിയെ വധ ശിക്ഷക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ദയാഹര്‍ജി തള്ളുന്നത് വരെ മറ്റുതടവുകാരെ പോലെ തന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പരിഗണിക്കുക. മറ്റുതടവുകാരോടൊപ്പം താമസിപ്പിക്കും. ജയിലില്‍ ജോലികള്‍ ചെയ്യണം. പക്ഷേ അവര്‍ക്ക് പരോള്‍ ലഭിക്കില്ല.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ ശേഷമായിരിക്കും പ്രതിയെ ഏകാന്ത തടവിന് വിധേയമാക്കുക. ഒറ്റയ്ക്ക് ഒരു സെല്ലിലായിരിക്കും താമസിപ്പിക്കുക. മാനസിക ആരോഗ്യ വിദഗ്ധന്റെ സഹായം നല്‍കും. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പ്രതി വധശിക്ഷയ്ക്ക് മുന്‍പായി മാനസികമായും മരണത്തിനായി തയ്യാറെടുക്കണം. പൂര്‍ണ്ണ ആരോഗ്യം ഉറപ്പാക്കിയ ശേഷമായിരിക്കും വധ ശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നതിന് മുന്‍പായി പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോയെന്നും പരിശോധിക്കും. അതിരാവിലെ സൂര്യനുദിക്കുന്നതിന് മുന്‍പായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക.
തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവന്നൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലും ഹൈസെക്യൂരിറ്റി ജയിലുകളിലുമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവര്‍ തിരുവനന്തപുരം വനിതാ ജയിലിലാണ് ഉള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍ വധ ശിക്ഷ നടപ്പിലാക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരവും തിരുവനന്തപുരം പൂജപ്പുര ജയിലില്‍ ഒരു തൂക്കുമരവുമാണ് ഉള്ളത്. അതേസമയം ഒരു ജയിലിലും സ്ഥിരമായ ആരാച്ചാര്‍ ഉണ്ടാകില്ല. രണ്ട് ലക്ഷം രൂപയാണ് ആരാച്ചാരുടെ പ്രതിഫലം.
ചെന്താമരയുടെ ക്രൂരത വിരല്‍ ചൂണ്ടുന്നത് നമ്മുടെ സാമൂഹിക സുരക്ഷയിലേക്കാണ്. സ്വന്തം തളര്‍ച്ചയിലോ തെറ്റുകളിലോ യാതൊരു കുറ്റബോധവുമില്ലാത്ത, അനുകമ്പ വറ്റിയ ഇത്തരം സൈക്കോപാത്തുകള്‍ സമൂഹത്തില്‍ മാന്യന്മാരുടെ മുഖംമൂടിയണിഞ്ഞ് നടക്കുന്നുണ്ടാകാം. ലക്ഷണങ്ങള്‍ കുട്ടിക്കാലത്തുതന്നെ കണ്ടെത്തി മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കുക മാത്രമാണ് ഇത്തരം ഭീകരമായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഏക വഴി.