Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ (വ്യാഴം) തുടക്കം (സനില്‍ പി. തോമസ്)

Published on 22 July, 2026
കോമണ്‍വെല്‍ത്ത് ഗെയിംസിന്  നാളെ (വ്യാഴം) തുടക്കം (സനില്‍ പി. തോമസ്)

ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ അടങ്ങുംമുമ്പ് അടുത്ത കായികമേളയ്ക്ക് തുടക്കമാകുകയാണ്. ഇരുപത്തിമൂന്നാമത് കോമണ്‍ വെല്‍ത്ത് ഗെയിംസ് നാളെ മുതല്‍ ഓഗസ്റ്റ് രണ്ടു വരെ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കും. ഗെയിംസ് തുടങ്ങാന്‍ 1000 ദിവസം അകലെ നില്‍ക്കെ ഓസ്‌ട്രേലിയയിലെ വിക്ടോറിയ പിന്‍വാങ്ങിയതിനെത്തുടർന്ന് ഗെയിംസ് മുടങ്ങുമെന്ന സ്ഥിതി വന്നപ്പോള്‍ മത്സര ഇനങ്ങളുടെ എണ്ണം കുറച്ച്, ചെലവു ചുരുക്കി മേള നടത്തുവാന്‍ ഗ്ലാസ്‌ഗോ മുന്നോട്ടു വരികയായിരുന്നു.

ബര്‍മിങ്ങാമില്‍ 2022 ല്‍ നടന്ന ഗെയിംസില്‍ 19 ഇനങ്ങളില്‍ ആയിരുന്നു മത്സരമെങ്കില്‍ ഇത്തവണ 10 ഇനങ്ങളില്‍ മാത്രം. പാരാ സ്‌പോര്‍ട്‌സില്‍ ആറ് ഇനങ്ങളില്‍ മത്സരമുണ്ട്. 2002ല്‍ ആണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം ഒരുങ്ങിയത്. 2018 ല്‍ പുരുഷ- വനിതാ താരങ്ങള്‍ക്ക് ഒരുപോലെ മെഡല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഇതര ആഗോള കായികമേളകള്‍ക്ക് മാതൃകകാട്ടി.

ഗ്ലാസ്‌ഗോ 2014 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിയ നഗരമാണ്. 2026 ല്‍ വീണ്ടും ആതിഥേയത്വം വഹിക്കുമ്പോള്‍ രണ്ടു തവണ വേദിയായ മൂന്നാമത്തെ നഗരമാകും ഗ്ലാസ്‌ഗോ. എഡിന്‍ബറോയും ഓക്ക്‌ലന്‍ഡുമാണ് രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിയ മറ്റു നഗരങ്ങള്‍.

കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ ആയിരുന്നു മുമ്പ് ഗെയിംസ് നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് 'കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്' ആണ്. 74 അസോസിയേഷനുകള്‍ ഇതില്‍ അംഗങ്ങളാണ്. യഥാര്‍ത്ഥത്തില്‍ 56 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ശേഷിച്ചവ പ്രവിശ്യകളാണ്. ഏഷ്യയില്‍ 1998 ല്‍ ക്വാലലംപൂരിലും 2010 ല്‍ ന്യൂഡല്‍ഹിയിലും ഗെയിംസ് നടന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇരുപത്തിനാലാം പതിപ്പ് 2030 ൽ അഹമ്മദാബാദിലാണ്.



ബാസ്‌ക്കറ്റ്‌ബോള്‍(3X3), ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, അത്‌ലറ്റിക്‌സ്, ലോണ്‍ ബൗള്‍സ്, ബോക്‌സിങ്, നെറ്റ്‌ബോള്‍, സ്വിമ്മിങ്, സൈക്ക്‌ളിങ്, ജൂഡോ, വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് മത്സര ഇനങ്ങള്‍. പാരാ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ 14 ഇനങ്ങളിലായി 126 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്നു മൽസരിക്കുക. പാരാ സ്‌പോര്‍ട്‌സില്‍ നാല് ഇനങ്ങളില്‍ 24 താരങ്ങള്‍ മത്സരിക്കും.

അത്‌ലറ്റിക്‌സ് ടീമില്‍ 32 പേരുണ്ട്. ജൂഡോയിലും ബോക്‌സിങ്ങിലും 14 പേര്‍ വീതവും. നെറ്റ്‌ബോള്‍ ഒഴികെയുള്ള ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. ഇന്ത്യ കൂടുതൽ മെഡല്‍ നേടിയിരുന്ന ഷൂട്ടിങ്ങ്, ഗുസ്തി, ബാഡ്മിന്റൻ ഇനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇക്കുറി പ്രതീക്ഷ അത്‌ലറ്റിക്‌സിലും ബോക്‌സിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലുമാണ്. ലോണ്‍ ബൗള്‍സില്‍ 2022ല്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും കിട്ടിയിരുന്നു.

നീരജ് ചോപ്ര, മീരാബായ് ചാനു, ലൗലീന ബോര്‍ഗോഹെയ്ന്‍ എന്നീ ഒളിംപിക് മെഡല്‍ ജേതാക്കള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. മീരാബായ്  ചാനു വാകും ഉദ്ഘാടന മാര്‍ച്ച്പാസ്റ്റില്‍ പതാകയേന്തുക. പാരാ സ്‌പോര്‍ട്‌സില്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ മാത്രമാണു ടീമിലുള്ളത്. ഇതില്‍ എം.ശ്രീശങ്കര്‍ 2022ല്‍ ലോങ്ജംപില്‍ വെളളി നേടിയിരുന്നു. അന്‍സ ബാബു(4X400 മീ.റിലേ), സാജന്‍ പ്രകാശ്(നീന്തല്‍), കെ.പി. സ്വാതിഷ് (ആര്‍ട്ടിസിക് ജിംനാസ്റ്റിക്‌സ്), മുഹമ്മദ് ബേസില്‍ (പാരാ അത്‌ലറ്റിക്‌സ് 100 മീറ്റര്‍) എന്നിവരാണ് കേരളത്തില്‍ നിന്നുള്ളത്. കഴിഞ്ഞ ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണം നേടിയ എല്‍ദോസ് പോളും വെള്ളി നേടിയ അബ്ദുല്ല അബൂബക്കറും ഇക്കുറിയില്ല. എല്‍ദോസ് പരുക്കില്‍ നിന്നു മോചിതനായിട്ടില്ല. അബ്ദുല്ല യോഗ്യത നേടിയില്ല.
കഴിഞ്ഞ ഗെയിംസില്‍ അത്‌ലറ്റിക് ടീമില്‍ ഒന്‍പത് മലയാളി താരങ്ങള്‍ ഉണ്ടായിരുന്നു. അന്‍സ ബാബുവിന് ഇത് അരങ്ങേറ്റമാണ്. ഈ 400 മീറ്റര്‍ ഓട്ടക്കാരി പോലീസില്‍ ഹവില്‍ദാറാണ്. കണ്ണൂര്‍ സ്വദേശിനി. പാരാ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്ന മുഹമ്മദ് ബേസില്‍ മലപ്പുറം സ്വദേശിയാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക