Image

വാക്കുകളുടെ കളരിയിൽ : ലീലമ്മതോമസ്, ബോട്സ്വാന

Published on 22 July, 2026
വാക്കുകളുടെ കളരിയിൽ : ലീലമ്മതോമസ്, ബോട്സ്വാന

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഒത്തുചേരുന്ന ഒരു വേദിയിലായിരുന്നു എന്റെ യാത്ര. ഇംഗ്ലീഷ് അവരുടെ മാതൃഭാഷയാണെന്ന അഹങ്കാരത്തോടെ ചിലർ എന്നെ പുച്ഛത്തിന്റെ നോട്ടത്തോടെ നോക്കി.

അന്ന് എനിക്ക് മറുപടി പറയാൻ വാക്കുകളില്ലായിരുന്നു. പക്ഷേ, നിശ്ശബ്ദതയും കണ്ണീരും പലപ്പോഴും ഏറ്റവും വലിയ പ്രതിജ്ഞകളാണ്.

ആ നിശ്ശബ്ദതയിൽ എന്റെ ഗുരുക്കന്മാരായത് പുസ്തകങ്ങളല്ല, എന്റെ ആഫ്രിക്കൻ അനുഭവങ്ങളും എന്റെ കഴുതകളുമായിരുന്നു. അവ എന്നോട് പറഞ്ഞു,

"മാഡം, കളരിയഭ്യാസി വാൾ മിനുക്കുന്നതുപോലെ വാക്കുകളെ മിനുക്കുക. ഉപയോഗിച്ച് തേഞ്ഞുപോയ വാക്കുകൾ ആവർത്തിക്കരുത്. ആരും തേടാത്ത പദങ്ങളെ തേടി കാടുകളിലൂടെ നടക്കുക. ഏറ്റവും ചെറിയ ജീവിയെപ്പോലും ശ്രദ്ധയോടെ പിന്തുടരുക. കാരണം വലിയ ജ്ഞാനം പലപ്പോഴും ഏറ്റവും ചെറിയ പാഠങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്."

ആ ഉപദേശം ഞാൻ ഹൃദയത്തിൽ കൊത്തിവച്ചു. രാത്രികളെ പകലാക്കി പുതിയ വാക്കുകൾ തേടി.

നിഘണ്ടുക്കളുടെ താളുകളിൽ ഞാൻ വിയർപ്പൊഴുക്കി. ഓരോ അക്ഷരവും കളരിയിലെ യോദ്ധാവിനെപ്പോലെ പരിശീലിപ്പിച്ചു. ഭാഷ എനിക്ക് പാരമ്പര്യമായി ലഭിച്ചതല്ല, അധ്വാനത്തിലൂടെ നേടിയെടുത്ത സമ്പത്താണ്.

മുള്ളിൻപടർപ്പിൽ മുന്തിരിക്കുലകൾ വിരിയില്ല. എന്നാൽ അധ്വാനത്തിനും അറിവിനും അതിരുകളില്ല. മനുഷ്യൻ സ്വയം പുതുക്കപ്പെടുമ്പോൾ അസാധ്യമെന്ന് കരുതിയതും സാധ്യമാകുന്നു.

ഒടുവിൽ അതേ ഇംഗ്ലീഷ് വേദി എന്നെ അംഗീകരിച്ചു. അവാർഡുകൾ ലഭിച്ചു. അഭിനന്ദനങ്ങൾ എത്തി. അത് ആരുടെയും മേലുള്ള വിജയമല്ല, ഇന്നലെയിലെ എന്റെ പരിമിതികൾക്കുമേലുള്ള വിജയമായിരുന്നു.

ഈ ആത്മവിശ്വാസത്തെ അഹങ്കാരമായി തെറ്റിദ്ധരിക്കരുത്.

അപമാനത്തെ ഇന്ധനമാക്കി, കണ്ണീരിനെ മഷിയാക്കി, അധ്വാനത്തെ ആയുധമാക്കി മുന്നേറിയ ഒരാളുടെ ആത്മവിശ്വാസമാണിത്.

ഒരു മലയാളിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇത്രമാത്രം,

മലയാളി ഒരു ഭാഷയുടെ അതിരുകളിൽ ഒതുങ്ങുന്നവരല്ല.

ലോകത്തിലെ ഏത് വേദിയിലും സ്വന്തം അധ്വാനവും അറിവും കൊണ്ട് ഉയർന്നുനിൽക്കാൻ കഴിയുന്നവനാണ്. നമ്മുടെ മാതൃഭാഷ നമ്മുടെ വേരുകളാണ്,മറ്റുഭാഷകൾ നമ്മുടെ ചിറകുകൾ. വേരുകളെ മുറിക്കാതെയും ചിറകുകളെ തളർത്താതെയും ലോകത്തിന്റെ ഏത് ആകാശത്തും പറക്കാൻ മലയാളിക്ക് കഴിയും.

അതുകൊണ്ട്, ഭാഷയുടെ പേരിൽ ആരെയും ചെറുതായി കാണരുത്. കഴിവിന് മാതൃഭാഷയില്ല, അധ്വാനത്തിന് അതിർത്തികളില്ല, വിജയത്തിന് ജാതിയോ ദേശമോ ഭാഷയോ ഇല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക