Image

എത്ര മഹനീയം ആ ഗുരുദക്ഷിണ! (എന്‍റെ സംഗീതവഴികള്‍ -12: എസ് രാജേന്ദ്രബാബു)

Published on 22 July, 2026
എത്ര മഹനീയം ആ ഗുരുദക്ഷിണ! (എന്‍റെ സംഗീതവഴികള്‍ -12: എസ് രാജേന്ദ്രബാബു)

ഒരവസരത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ എന്നോടു ചോദിച്ചു
നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാരാണ്...
മാസ്റ്ററുടെ ഏതു ചോദ്യത്തിനും വളരെ സൂക്ഷിച്ച് വേണം മറുപടി പറയാന്‍. എനിക്ക്
വ്യക്തമായ ഉത്തരമുായിരുന്നതുകൊണ്ട് മറുപടി പെട്ടെന്നായിരുന്നു
മുഹമ്മദ് റാഫി
എന്താ കാരണം? അടുത്ത ചോദ്യം.
അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ
ഇഷ്ടപ്പെടുന്നു.
ശരി. തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകന്‍?
ഞാനൊന്നു പരുങ്ങി. മറുപടി പറയുന്നതിനു മുമ്പ് മാസ്റ്ററുടെ അടുത്ത ചോദ്യം
എസ് പി  ബാലസുബ്രഹ്മണ്യം എത്ര ഭാഷകളില്‍ പാടുന്നു
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ..
ശരി. യേശുദാസോ?
അദ്ദേഹവും ഈ ഭാഷകളിലൊക്കെ പാടുന്നുണ്ട്, എന്‍റെ മറുപടി.
ബാലു തമിഴിലും തെലുങ്കിലും കന്നഡത്തിലും ഒന്നാമനാ. പക്ഷേ യേശുദാസ്
മലയാളത്തില്‍ മാത്രമാണ് ഒന്നാമന്‍. അല്ലേ അപ്പോള്‍ ആരാടാ ഗന്ധര്‍വന്‍ റാഫിയോ
ബാലുവോ യേശുവോ...

മാസ്റ്റര്‍ ചര്‍ച്ച തുടര്‍ന്നതു കൊണ്ട് പരിക്കേല്‍ക്കാതെ ഞാന്‍ കേട്ടുകൊണ്ടിരുന്നു.
1969 ല്‍ കെഎസ് സേതുമാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കടല്‍പ്പാലം
എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ
ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്
ഈരേഴു പതിന്നാലു ലോകങ്ങള്‍ കാണാന്‍
ഇവിടന്നു പോണവരെ...
അവിടെ മനുഷ്യരുണ്ടോ, അവിടെ മതങ്ങങ്ങളുണ്ടോ...

എസ് പി  ബാലസുബ്രഹ്മണ്യം 

എന്ന ഗാനമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ മലയാളത്തിലെ കന്നിപ്പാട്ട്.
വയലാറിന്‍റെ ആശയഗംഭീരമായ വരികളും ദേവരാജന്‍ മാസ്റ്ററുടെ മികച്ച സംഗീതവും
എസ്പിബിയുടെ പ്രൗഢ ശബ്ദവും ഒത്തു ചേര്‍ന്നപ്പോള്‍ ആ ഗാനം അനശ്വരമായി.
പക്ഷേ ആ വിജയത്തിനനുസൃതമായ യാതൊരു തിരക്കും തുടര്‍ന്ന് അദ്ദേഹത്തിന്
മലയാളത്തില്‍ അനുഭവപ്പെട്ടില്ല. ഒഴിവാക്കാനാവാത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി
മലയാളത്തിലെ ചില സംഗീതസംവിധായകരുടെ ഒന്നോ രണ്ടോ  പാട്ടുകള്‍
പാടിയെന്നതല്ലാതെ ആ ഗായകന്‍ മലയാളത്തില്‍ ഒരിക്കലും സജീവസാന്നിധ്യമായില്ല.
മലയാളത്തില്‍ പാടാന്‍ ആരു ക്ഷണിച്ചാലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് പതിവ്.
ഭാഷ തനിക്കു വഴങ്ങില്ലെന്നും സുന്ദരമായ മലയാള ഭാഷയെ വികലമായി ഉച്ചരിച്ച്
വികൃതമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരിക്കും എസ്പിബിയുടെ വിനീതമായ
മറുപടി. തന്‍റെ അടുത്ത സുഹൃത്തായ രവീന്ദ്രന്‍ പലകുറി അഭ്യര്‍ത്ഥിച്ചപ്പോഴും ഒന്നോ
രണ്ടോ പാട്ടുകള്‍ പാടി അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. പി ലീല, കമുകറ,
ഉദയഭാനു എന്നിവരൊഴികെ ഘണ്ഡശാല, എഎം രാജ, പിബി ശ്രീനിവാസ്, ജിക്കി, പി
സുശീല, എസ് ജാനകി എന്നിങ്ങനെ തെലുങ്കില്‍ നിന്നുള്ള ഗായകരാണ് ആദ്യകാലത്ത്
മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് ജ്വലിച്ചു നിന്നിരുന്നത്. തെലുങ്കിലെയും
മലയാളത്തിലെയും അക്ഷരമാലയും ഉച്ചാരണവും ഏറെക്കുറെ സമാനമായതിനാല്‍
തെലുങ്കില്‍ നിന്നുള്ള ഗായകര്‍ക്ക് മലയാളത്തില്‍ തിളങ്ങാന്‍ അധികം ബുദ്ധിമുട്ടേി
വരില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ എസ്പിബി എന്തുകൊണ്ട്
ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു

മാനസ ഗുരു 

തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തിലേക്കുള്ള മൊഴിമാറ്റ ചിത്രങ്ങളില്‍
എസ്പിബി ധാരാളം പാടിയിട്ടുണ്ട്. അതിന്‍റെയൊക്കെ ഒറിജിനല്‍ താന്‍ തന്നെ
പാടിയിരിക്കുന്നതു കൊണ്ട് പാട്ടിന്‍റെ പൂര്‍ണതയും സൗന്ദര്യവും
നഷ്ടപ്പെടാതിരിക്കാനാവാം ഒരുപക്ഷേ ആ പരിഗണന അദ്ദേഹം നല്‍കിയത്. ചലച്ചിത്ര
ഗാനങ്ങളില്‍ സജീവമായില്ലെങ്കിലും മലയാളത്തില്‍ നിരവധി ഭക്തിഗാന
കാസറ്റുകള്‍ക്കു വേി അദ്ദേഹം പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ വൈപ്പിന്‍
സുരേന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഒരു ഭക്തിഗാന കാസറ്റിലെ മൂന്നു ഗാനങ്ങള്‍ മദിരാശിയില്‍
എസ്പിബിയെക്കൊണ്ട് പാടിക്കാനുള്ള ചുമതല ഒരിക്കല്‍ എന്നില്‍ നിക്ഷിപ്തമായി.
പ്രമുഖ പത്രപ്രവര്‍ത്തകനായ പികെ ശ്രീനിവാസന്‍റെ ബന്ധുവായ കാസറ്റ്
നിര്‍മ്മാതാവിനു വേണ്ടിയാണ് ശ്രീനിവാസന്‍ ആ ചുമതല എന്നെ ഏല്‍പിച്ചത്. ഒരു
വാഹനാപകടത്തില്‍ കാലിനു പരിക്കേറ്റ എസ്പിബി ചികിത്സാനന്തരം വീട്ടില്‍
വിശ്രമിക്കുന്ന കാലത്ത് വീട്ടില്‍ തന്നെ റെക്കോഡിംഗിനുള്ള സജ്ജീകരണങ്ങള്‍
ഒരുക്കി.ഉച്ചാരണത്തിലും ഈണത്തിലും എന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്
അതിമനോഹരമായി മൂന്നു ഗാനങ്ങള്‍ അദ്ദേഹം പാടി. പിന്നീടൊരിക്കല്‍ കൊല്ലം
ശരത്ചന്ദ്രന്‍ എന്ന സംഗീത സംവിധായകനു വേണ്ടിയും  മൂന്നു ഭക്തിഗാനങ്ങള്‍
ഇതുപോലെ എന്‍റെ നിരീക്ഷണത്തില്‍ എസ്പിബി പാടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ
ഉച്ചാരണത്തിലോ ഭാഷാപ്രയോഗത്തിലോ യാതൊരു പരിമിതിയും എനിക്ക് കാണാന്‍
സാധിച്ചില്ല. എന്നിട്ടും മലയാള ചിത്രങ്ങളില്‍ പാടാന്‍ ലഭിച്ച അവസരങ്ങളില്‍ നിന്നെല്ലാം
ഒഴിഞ്ഞുമാറാനേ അദ്ദേഹം ശ്രമിച്ചിട്ടുള്ളു. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള
ബുദ്ധിമുട്ടല്ല ഇതിനു കാരണമെന്ന് സ്വന്തം അനുഭവം കൊണ്ടു തന്നെ എനിക്കു
ബോധ്യമായിട്ടുള്ളതാണ്. ആദ്യമായി വയലാറിന്‍റെ രചനയില്‍ മലയാളത്തില്‍ പാടിയ
എസ്പിബി ഒടുവില്‍ റഫീക്ക് അഹമ്മദിന്‍റെ രചനയിലും പാടി. കൊറോണക്കാലത്ത്
ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഒരുമിച്ചു നിന്ന് കൊറോണയെ നേരിടുകയാണ്
വേണ്തെടന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി അദ്ദേഹം ജനങ്ങളെ ഉദ്ബുദ്ധരാക്കിക്കൊണ്ട്
റഫീക് അഹമ്മദിന്‍റെ വരികള്‍ അദ്ദേഹം ഈണം നല്‍കി മനോഹരമായി പാടി
ഒരുമിച്ചു നില്‍ക്കേണ്ട സമയം ഇതു
പൊരുതലിന്‍റെ, കരുതലിന്‍റെ സമയം
ഭയ സംഭ്രമങ്ങള്‍ വേണ്ട, അതിസാഹസ ചിന്ത വേണ്ട
അതിജീവന സഹവര്‍ത്തന സഹനം മതി...

എസ് പി  ബാലസുബ്രഹ്മണ്യം 

 

കൊറോണ വൈറസ് ബാധിച്ച് അദ്ദേഹം രോഗശയ്യയിലായപ്പോള്‍ ദേശ ഭാഷാ
ഭേദമന്യേ ലോകമെമ്പാടുമുള്ള ആരാധകലക്ഷങ്ങള്‍ ഒരേ മനസ്സോടെ എസ്പിബിയുടെ
രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചത് നാം കണ്ടതാണ്.

ആരെയും അത്ഭുതപ്പടുത്തുന്നതാണ് ഗുരുക്കന്മാര്‍ എല്ലാവരോടുമുള്ള
എസ്പിബിയുടെ ഭക്തിയും വിനയവും. അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ആദ്യമായി
അവതരിപ്പിച്ച ഗുരുവിന്‍റെ സ്മരണാര്‍ത്ഥം മദിരാശിയില്‍ ഒരു റെക്കോഡിംഗ്
സ്റ്റുഡിയോ സ്ഥാപിച്ച് അതിന് ഗുരുവിന്‍റെ പേരു നല്‍കിയത് ഏവര്‍ക്കും
അറിയാവുന്നതാണ് കോദണ്ഡപാണി സ്റ്റുഡിയോ. ജോണ്‍സണ്‍, രവീന്ദ്രന്‍, എസ്പി
വെങ്കിടേഷ് തുടങ്ങിയ മിക്ക സംഗീത സംവിധായകരുടെയും ഇഷ്ടപ്പെട്ട സ്റ്റുഡിയോ
കൂടിയായിരുന്നു കോദണ്ഡപാണി. രണ്ടായിരാമാണ്ടിന്‍റെ തുടക്കത്തില്‍ കൊച്ചിന്‍
കോര്‍പറേഷന്‍റെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍, പ്രൊ. കെവി തോമസ്
തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തില്‍ എറണാകുളം പൗരാവലി അര്‍ജുനന്‍ മാസ്റ്റര്‍ക്ക്
ഒരു വലിയ സ്വീകരണവും ആദരവും സംഘടിപ്പിച്ചപ്പോള്‍ എസ് പി ബിയുടെ 
ഗാനസന്ധ്യയായിരുന്നു പരിപാടിയിലെ മുഖ്യയിനമായി നിശ്ചയിക്കപ്പെട്ടത്. അതിനായി
എസ് പി ബി യെ  ഏര്‍പ്പാടു ചെയ്യാന്‍ മാസ്റ്ററോടൊപ്പം ഞാനും അദ്ദേഹത്തിന്‍റെ 
മദിരാശിയിലെ കാംദാര്‍ നഗറിലുള്ള വീട്ടില്‍ പോയിരുന്നു. കോഴിക്കോട്ടു നിന്ന് മികച്ച
ഒരു ഓര്‍ക്കസ്ട്ര സജ്ജീകരിച്ചിരുന്നതുകൊണ്ട് എസ്പിബിയുടെ മാത്രം പ്രതിഫലമായ
എട്ടു ലക്ഷം രൂപയും മദിരാശിയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും ഏര്‍പ്പാട്
ചെയ്യണമെന്ന് എസ്പിബിയുടെ മാനേജര്‍ വിട്ടല്‍രാജ് നേരത്തേ തന്നെ എന്നെ
ധരിപ്പിച്ചിരുന്നു. മാസ്റ്റര്‍ കാണാന്‍ എത്തിയതറിഞ്ഞ് എസ്പിബി ഞങ്ങളെ സ്വീകരണ
മുറിയിലേക്ക് ആനയിച്ചു. ആദ്യകാലത്ത് അര്‍ജുനന്‍ മാസ്റ്റര്‍ നുങ്കമ്പാക്കത്തെ ഒരു
സിനിമാ നിര്‍മ്മാണക്കമ്പനിയുടെ ഓഫീസിലിരുന്ന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്
ജനല്‍പ്പാളിയുടെ വിടവിലൂടെ നോക്കിനിന്നിട്ടുള്ള ഓര്‍മ്മകള്‍ വിനയത്തോടെ അദ്ദേഹം
മാസ്റ്ററുമായി പങ്കുവച്ചു. പരിപാടിയുടെ വിശദാംശങ്ങള്‍ വിവരിച്ചശേഷം
അഡ്വാന്‍സായി ഒരു ലക്ഷം രൂപ മാസ്റ്റര്‍ എസ്പിബിയെ ഏല്‍പിച്ചു. ബാക്കി തുക
വേണ്ടെന്നെും ഭാരവാഹികളില്‍ നിന്ന് അത് മാസ്റ്റര്‍ സ്വീകരിക്കണമെന്നും
അറിയിച്ചുകൊണ്ട് എസ്പിബി പ്രകടിപ്പിച്ച ഗുരുഭക്തി വിവരണാതീതമാണ്.
കൊച്ചിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ വേദിയില്‍ അര്‍ജുനന്‍ മാസ്റ്ററുടെ
കാല്‍ക്കല്‍ സാഷ്ടാംഗപ്രണാമം ചെയ്ത ശേഷം പരിപാടിയിലേക്കു പ്രവേശിച്ച
എസ്പിബിയെ ആരാധകര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

എസ് പി ബിയും യേശുദാസും 

 

കാത്തിരുന്ന നിമിഷം എന്ന ചിത്രത്തിലെ ചെമ്പകത്തൈകള്‍ പൂത്ത മാനത്ത്
പൊന്നമ്പിളി ... എന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ഗായകനായി
അര്‍ജുനന്‍ മാസ്റ്റര്‍ മനസ്സില്‍ കണ്ടത് എസ് പി ബിയെ  ആയിരുന്നു. ചിത്രത്തില്‍
നായകന്‍ കമലഹാസന്‍ ആയതു കൊണ്ടാണ് മാസ്റ്റര്‍ അങ്ങനെ ആഗ്രഹിച്ചത്. പക്ഷേ
എസ് പി ബി  ലഭിക്കാതായപ്പോള്‍ പിന്നീട് യേശുദാസിനെ വച്ച് റെക്കോഡ്
ചെയ്യുകയായിരുന്നുവെന്ന് മാസ്റ്ററുമായുള്ള ഏറ്റവും ഒടുവിലത്തെ സന്ദര്‍ശനവേളയില്‍
അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. കെജെ യേശുദാസ് എസ് പി ബിയുടെ 
മാനസഗുരുവാണ്. തമിഴ് ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചുള്ള പല ഗാനങ്ങളും
വന്‍ഹിറ്റുകളാണ്. തമിഴ്നാട്ടിലെ ധാരാളം വേദികളില്‍ ഇവര്‍ ഒന്നിച്ചുള്ള പരിപാടികള്‍
അരങ്ങേറിയിട്ടുണ്ട്. വേദിയില്‍ എത്തിയാലുടന്‍ തന്‍റെ മാനസഗുരുവിന്‍റെ കാല്‍ക്കല്‍
സാഷ്ടാംഗം നമസ്കരിച്ച ശേഷമേ എസ് പി ബി  പാടാന്‍ ആരംഭിക്കുകയുള്ളു. കെജെ
യേശുദാസിന്‍റെ ഏറ്റവും കടുത്ത ആരാധകന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ
ഉത്തരമേയുള്ളു എസ് പി  ബാലസുബ്രഹ്മണ്യം. യേശുദാസിനെ കുറിച്ച് പറയുമ്പോള്‍
അദ്ദേഹത്തിന് ആയിരം നാവാണ്. എന്തു വരമാണ് നിനക്ക് വേണ്ടതെന്ന് എന്നെങ്കിലും
ദൈവം എന്നോടു ചോദിച്ചാല്‍ ആ ദാസണ്ണന്‍റെതു പോലൊരു ശബ്ദം എനിക്കു കൂടി
നല്‍കിയാലും പ്രഭോ, എന്നാവും ഞാന്‍ ആവശ്യപ്പെടുക എസ്പിബി ഒരിക്കല്‍
ഇങ്ങനെ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. തന്‍റെ വീടിന്‍റെ പൂമുഖത്ത് എസ് പി ബി 
യേശുദാസിനെ ആദരപൂര്‍വം ആശ്ലേഷിക്കുന്ന വലിയൊരു ചിത്രം ചില്ലിട്ടു
സൂക്ഷിച്ചിട്ടുണ്ട്. തന്‍റെ വീട്ടില്‍ യേശുദാസിനെയും പത്നിയെയും ക്ഷണിച്ചുവരുത്തി
പാദപൂജ നടത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചലച്ചിത്ര ഗാനരംഗത്ത് അമ്പതു
വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ലോകസംഗീതപര്യടനം
നടത്താന്‍ എസ് പി ബി  തയാറായത്.

യേശുദാസിന് പാദപൂജ

എസ് പി  ബാലസുബ്രഹ്മണ്യം എന്തുകൊണ്ട് മലയാള ചലച്ചിത്ര ഗാനരംഗത്ത്
സജീവമായില്ല എന്ന പ്രസക്തമായ ചോദ്യത്തിന് ഇവിടെയാണ് നമുക്ക് ഉത്തരം
ലഭിക്കുക. സംഗീതത്തിന്‍റെ പ്രാഥമിക പാഠങ്ങള്‍ പോലും ആര്‍ജിച്ചിട്ടില്ലാത്ത എസ്
പിബി ഇന്ത്യയിലെ മിക്ക ഭാഷകളിലെയും സജീവസാന്നിധ്യമായി. അതില്‍ തന്നെ പല
ഭാഷകളിലും മുന്‍നിരയിലുമായി. യേശുദാസ് തരംഗിണി കാസറ്റുകള്‍ക്കല്ലാതെ മറ്റു
കാസറ്റുകള്‍ക്കായി പാടിയിരുന്നില്ലെന്നതു കൊണ്ട് മലയാളത്തില്‍ ആ രംഗത്ത്
കടന്നുചെല്ലാന്‍ എസ് പി ബി  മടികാട്ടിയില്ല. പക്ഷേ ശാസ്ത്രീയ സംഗീതത്തിലെ
ശക്തമായ അടിത്തറ കൊണ്ടും പ്രൗഢമായ ശബ്ദസൗകുമാര്യം കൊണ്ടും യേശുദാസ്
വളരെ മുന്നിലായിട്ടും ചലച്ചിത്ര രംഗത്ത് മലയാളം ഒഴികെയുള്ള മറ്റു ഭാഷകളില്‍
കടന്നു ചെല്ലാനും അപൂര്‍വമായി തന്‍റെ സാന്നിധ്യം അറിയിക്കാനുമല്ലാതെ
അദ്ദേഹത്തിന് അവിടെ ഉന്നതിയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന
യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ഉച്ചാരണ വൈകല്യം തന്നെയാണ് ഇതിന്
ചൂിക്കാണിക്കപ്പെട്ട പ്രധാന കാരണം. ഈ തിരിച്ചറിവു തന്നെയാകണം തന്‍റെ
മാനസഗുരു പ്രകാശം പരത്തി ജ്വലിച്ചു നില്‍ക്കുന്ന മലയാളത്തില്‍ തന്‍റെ സാന്നിധ്യം
കൊണ്ട് ഒരു നിഴല്‍ പോലും വീഴ്ത്തരുതെന്ന തീരുമാനം കൈക്കൊള്ളാന്‍
എസ് പി ബി യെ  പ്രേരിപ്പിച്ചത്. മലയാള ചലച്ചിത്ര ഗാനങ്ങള്‍ സ്വീകരിക്കാനൊരുങ്ങിയാല്‍
യേശുദാസിന്‍റെ അവസരങ്ങള്‍ തന്നെയാവും എസ് പി ബി  ക്കായി മാറ്റിവയ്ക്കപ്പെടുക.
ആലാപന മികവിനൊപ്പം സൗഹാര്‍ദ്ദപരമായ മനോഭാവവും എസ്പിബിയെ
മലയാളത്തില്‍ കൂടുതല്‍ പ്രിയങ്കരനാക്കുമെന്നുറപ്പ്. ആ സാഹചര്യത്തില്‍ മലയാള
ചലച്ചിത്ര ഗാനരംഗത്തുനിന്നുള്ള ഒഴിഞ്ഞുമാറ്റത്തേക്കാള്‍ മഹത്തായ മറ്റെന്തു
ഗുരുദക്ഷിണയാണ് എസ്പി ബാലസുബ്രഹമണ്യത്തിന് തന്‍റെ മാനസഗുരുവിന്‍റെ
പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കാനുള്ളത്!
എണ്‍പത്തഞ്ചിന്‍റെ നിറവിലെത്തിയ മലയാളത്തിന്‍റെ മഹാഗായകന് ശതകോടി
പ്രണാമം.
**************************

ശിഷ്യനും ഗുരുവും 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക