Image

ഹൃദയ ബന്ധങ്ങളുടെ കഥാകാരി പി. ആര്‍. ശ്യാമള : ആർ. ഗോപാലകൃഷ്ണൻ

Published on 22 July, 2026
ഹൃദയ ബന്ധങ്ങളുടെ കഥാകാരി പി. ആര്‍. ശ്യാമള : ആർ. ഗോപാലകൃഷ്ണൻ

ഹൃദയ ബന്ധങ്ങളുടെ കഥാകാരിയാണ് പി. ആര്‍. ശ്യാമള. 'തീവ്രമായ ആത്മ ദുഃഖങ്ങളില്‍ ഉഴറുമ്പോഴും മനുഷ്യബന്ധങ്ങളുടെ അതിലോലഭാവങ്ങള്‍ ആവിഷ്കരിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ തേങ്ങലും രോഷവും പല കഥകളിലും തെളിയുന്നുണ്ട്.

പി.ആർ. ശ്യാമളയുടെ 36-ാം ചരമവാർഷിക ദിനം, ഇന്ന് : 
സ്മരണാഞ്ജലി !

ശ്യാമളയുടെ ഏറ്റവും പ്രശസ്തി നേടിയ നോവലാണ് 'ശരറാന്തൽ'. മറ്റൊരു പ്രസിദ്ധ നോവലാണ് 'നിറയും പുത്തരിയും'; തിരുവനന്തപുരത്തിന്റെ ഏഴു പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ, തൻ്റെ അച്ഛന്റെ ജീവിതകഥയിൽ നിന്നുള്ള ചില അടരുകൾ സ്വീകരിച്ചാണ് ശ്യാമള 'നിറയും പുത്തരിയും' എന്ന നോവൽ രചിച്ചിരിക്കുന്നത്. 
1931 ജൂലൈ 4-നു തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ന്യായാധിപനും സംഗീതജ്ഞനും ആയിരുന്ന ആട്ടറ പരമേശ്വരൻ പിള്ള. അമ്മ വഞ്ചിയൂർ മാധവവിലാസത്തിൽ രാജമ്മ. രാഷ്ട്രീയ നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ, പരേതയായ വൽസല കുമാരി സഹോദരിയാണ് ശ്യാമളയുടെ മാതാവ് രാജമ്മ. (അതായത്, മുൻമന്ത്രി ഗണേഷിൻ്റെ മാതൃസഹോദരി.)

ഹോളി ഏഞ്ചൽസ്‌ കോൺവെന്റ്‌, ഗവ. വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു ശ്യാമളയുടെ വിദ്യാഭ്യാസം; സംഗീത പഠനത്തില്‍ ബിരുദം നേടി. 
കഥകളും നോവലുകളുമായി മുപ്പത്തിയെട്ടു കൃതികൾ ശ്യാമള എഴുതി പ്രസിദ്ധപ്പെടുത്തി.  ചില രചനകള്‍ പുസ്‌തകരുപത്തില്‍ പ്രതൃക്ഷപ്പെടിട്ടില്ല എന്നാണറിവ്. അവർ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ചില പരിപാടികളുടെ അവതാരകയായിരുന്നു.

ആദ്യത്തെ കഥ, 'അഴകുള്ള കിളി', 'കൗമുദി' ആഴ്ചപ്പതിപ്പിൽ ആണ് പ്രസിദ്ധീകരിച്ചത്.  കരൂര്‍ ശശി നടത്തിയിരുന്ന 'സിന്ദൂരം' വാരികയില്‍ ആണ്‌ ശ്യാമളയുടെ ആദ്യ നോവൽ 'ദുര്‍ഗ്ഗം', പ്രസിദ്ധപ്പെടുത്തിയത്‌. ശ്യാമളയും ശശിയും തമ്മിലുള്ള പരിചയം അക്കാലത്ത് ആരംഭിച്ചു; പിന്നീട് അവർ വിവാഹിതരായി.

'കുങ്കുമം' വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം ശ്യാമള കൈകാര്യം ചെയ്തിട്ടുണ്ട്. 'ശാന്ത പുഷ്പഗിരി' എന്ന തൂലികാനാമത്തിൽ അക്കാലത്ത് കുറെ പാചകക്കുറിപ്പുകളും എഴുതുകയുണ്ടായി. 'സ്ത്രീ പീഡന'ത്തെക്കുറിച്ച് 'ട്രയൽ' വാരികയിൽ എഴുതിയ 'അറിയപ്പെടാത്ത പീഡനങ്ങൾ' ഏറെ ബഹുജനശ്രദ്ധയാകർഷിച്ചിരുന്നു. 
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ തേങ്ങലും രോഷവും പല കഥകളിലും തെളിയുന്നുണ്ട്. 'നനഞ്ഞ ഹൃദയം' എന്ന കഥയില്‍ കാമുകനെ പ്രതീക്ഷിച്ചിരിക്കുന്ന കമല, നഷ്ടപ്പെട്ട ജീവിതത്തിലെ വസന്തം ഓര്‍ക്കുകയാണ് . കൂട്ടുകുടുംബവും മാതൃപാരമ്പര്യവും കുട്ടനാടിന്റെ പശ്ചാത്തലത്തിൽ തെളിയുന്ന കൃതിയാണ് 'മകയിരം കായൽ'.

'യാത്രയില്‍ മറന്ന പാഥേയം' (1955), 'ശില' (1967), 'രാജവീഥികള്‍', 'സന്ധ്യ', 'രാഗം', 'മുത്തുക്കുട', 'ജ്വാലയില്‍ ഒരു പനിനീര്‍ക്കാറ്റ് (1971), 'ശരറാന്തല്‍ (1970), 'മനസ്സിന്‍റെ തീര്‍ത്ഥയാത്ര', 'അവന്‍ അവന്‍റെ നിഴല്‍', 'ദൈവത്തില്‍ വിശ്വസിക്കുന്നവര്‍', 'കാവടിയാട്ടം', 'സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്', 'വല്മീകം', 'തുളസിക്കതിരുകള്‍', 'ലാസ്യ സന്ധ്യകള്‍', 'വിരുന്നു പക്ഷികള്‍', 'സമാന്തരം', 'മണള്‍', 'ഗൗരിമനോഹരി', 'നിറയും പുത്തരിയും' (1980), 'മകയിരം കായല്‍' (1985), 'ഈ വഴിത്തിരിവില്‍', 'ദൂരെ ഒരു തീരം', 'നില്‍ക്കൂ ഒരു നിമിഷം', 'അര്‍ദ്ധവിരാമം' (1988), 'നക്ഷത്രങ്ങളുടെ പാട്ട്', 'യാത്രയില്‍ മറന്ന പാഥേയം', 'ചന്ദ്രായനം', 'പുറത്തേയ്ക്കുള്ള വാതില്‍', 'ശ്യാമാരണ്യം' (നോവലുകള്‍), 'മണിപുഷ്പകം' (1961), 'സുവര്‍ണവല്ലിയുടെ സങ്കീര്‍ത്തനം', 'മുത്തുകള്‍ ചിപ്പികള്‍', 'മരണത്തിന്‍റെ ശ്രുതികള്‍', 'ഹരിഃശ്രീ' (1973), 'തിരഞ്ഞെടുത്തകഥകള്‍', (കഥാ സമാഹാരങ്ങള്‍); 'അറിയപ്പെടാത്ത പീഡനങ്ങള്‍' എന്നിവയാണ് കൃതികള്‍.

മനുഷ്യമനസ്സിൻ്റെ നിഗൂഢ വ്യാപാരങ്ങള്‍ അവര്‍ ഹൃദ്യമായി ആവിഷ്കാരിച്ചിരുന്നു. സാമൂഹിക ജീവിതത്തെ വൈയക്തിക ബന്ധങ്ങളിലൂടെ അവതരിപ്പിക്കുന്നതിലാണ്‌ അവര്‍ക്ക്‌ കൂടുതൽ വാസനയും വിരുതും.

പി. ആർ. ശ്യാമളയുടെ 'ദുർഗം' നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കരണമാണ്, 'ഭദ്രദീപം' (1973); എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് നടി ശാരദ നിർമ്മിച്ച (ശ്രീ ശാരദാ സത്യാ കമ്പൈൻസിന്റെ ബാനറിൽ ടി. സത്യാദേവി എന്ന പേരിൽ) സിനിമയാണ് ഇത്. സംവിധായകന്റെ പുത്രൻ (പിന്നീട് IAS ഉദ്യോഗസ്ഥനായ) കെ. ജയകുമാർ ആദ്യമായി ഗാനമെഴുതിയ സിനിമ ഇതാണ്.

'മനസിന്റെ തീർത്ഥയാത്ര' (1981- എ. വി. തമ്പാൻ); 'സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് (1982- പി. ജി.വിശ്വംഭരൻ) എന്നീ സിനിമകളുടെ കഥകളും ശ്യാമളയുടേതാണ്.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കേരളസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. മലയാളം ഫിലിം സെന്‍സര്‍ ബോര്‍ഡ്‌ ഉപദേശകസമിതി അംഗമായി അവരെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ആ വിവരം പ്രസിദ്ധീകൃതമായ ദിവസമാണ്‌ അവര്‍ മരിച്ചത്‌.

തുടക്കത്തിൽ സൂചിപ്പിച്ചപോലെ ആദ്യ കഥ പ്രസിദ്ധീകരണത്തിലൂടെ ശ്യാമള പരിചയപ്പെട്ട കവിയും പത്രപ്രവർത്തകനുമായ കരൂർ ശശിയെ 1968-ൽ വിവാഹം കഴിച്ചു. (ശ്യാമളയുടെ നിര്യാണശേഷം അദ്ദേഹം കേരള സാഹിത്യ അക്കാദമി ജീവനക്കാരിയായിരുന്ന മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. 2021 ഓഗസ്റ്റ് 18-ന് അദ്ദേഹവും മൃതിയടഞ്ഞു.)

1990 ജൂലൈ 21ന്‌, 59-ാം വയസ്സിൽ, അന്തരിച്ചു. 

ചിത്രം: പി. ആർ. ശ്യാമള 
(സാഹിത്യ അക്കാദമിയിലെ ഛായാചിത്രം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക