Image

വെല്ലുവിളിയായി ഫിഫ റിപ്പോർട്ടിങ്; കളം നിറഞ്ഞ് മലയാളി പത്രക്കാർ (ടാജ് മാത്യു)

Published on 21 July, 2026
വെല്ലുവിളിയായി ഫിഫ റിപ്പോർട്ടിങ്; കളം  നിറഞ്ഞ്  മലയാളി പത്രക്കാർ (ടാജ് മാത്യു)

കായിക ലോകത്തിന്റെ ഒരു മഹായുദ്ധം കൂടി അവസാനിച്ചു. ഫിഫ കപ്പിൽ മുത്തമിട്ട് സ്പെയിൻ. ബ്രസീലിനു ശേഷം തുടർച്ചയായ ലോക കിരീടമെന്ന അർജന്റീനിയൻ സ്വപ്നത്തിന് ന്യൂജഴ്‌സി  മെറ്റ്ലൈഫ് സ്‌റ്റേഡിയത്തിൽ ചരമഗീതം. 48 രാജ്യങ്ങൾ മാറ്റുരച്ച കായികമേള കൺ കുളിർക്കെ കണ്ട് നമ്മൾ ആസ്വദിച്ചു. സ്റ്റേഡിയത്തിൽ എത്താനാവാത്തവർ വീട്ടിലും വാച്ച്പാർട്ടികളിലും ടെലിവിഷനിലൂടെ പന്തടിയൊച്ചകളുടെ സ്പന്ദനങ്ങൾ അനുഭവിച്ചു. പിറ്റേന്നത്തെ പത്രങ്ങളിലൂടെ വിശകലനങ്ങൾ വായിച്ചു വിലയിരുത്തി. മൈതാനങ്ങളിൽ ഒന്നരമാസത്തോളം ഉരുണ്ട പന്ത് ഇനി നാലുവർഷത്തേക്കു നമ്മൾ മനസിൽ സൂക്ഷിക്കും. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഇരു പത്തിനാലാം ഫിഫ വേൾഡ്കപ്പ് വരെ. 
മൈതാനത്തെ ആരവങ്ങൾ കെട്ടടങ്ങിയെങ്കിലും മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞ സോക്കർ ജ്വരം കെടാതെ നിൽക്കുന്നു. അതിനായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കു നന്ദി. പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെ മുന്നേറ്റത്തിനായിരുന്നു അവരുടെ അധ്വാനമെങ്കിലും അവർചേർന്നു നമുക്കു നൽകിയത് ഇനിയും രുചിച്ചു തീർന്നിട്ടില്ലാത്തൊരു കായികസദ്യയാണ്. 
ഇക്കൂട്ടത്തിൽ മലയാളി മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്നവർ. ഭൂഖണ്ഡങ്ങൾക്കപ്പുറത്തു നിന്ന്  കേരളത്തിലിരിക്കുന്നവർക്ക് വേണ്ടി ഫിഫ ലോക കപ്പ് വിശേഷങ്ങൾ എത്തിച്ച ഈ മാധ്യമപ്രവർത്തകരെ ആദരിക്കാൻ അമേരിക്കൻ മലയാളി സമൂഹവും ഒത്തുചേർന്നു. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്ററും കെഎംസിസി ഫിഫ ഹെൽപ്‌ഡെസ്‌കും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് എൽമോണ്ടിലെ കേരള സെന്ററിലാണ് ജൂലൈ 18 ന് നടന്നത്. ഫൈനലിന് തലേന്ന്. ഒന്നരമാസത്തോളം ഇവിടുണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്കു നിരന്തരം സഹായങ്ങൾ എത്തിച്ചിരുന്ന കെഎംസിസി ഫിഫ ഹെൽപ്‌ഡെസ്‌കിന്റെ സേവനങ്ങളെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലെന്ന് മാധ്യമ പ്രവർത്തകർ ഒരേ ശബ്ദത്തിൽ പറഞ്ഞു. 


മലയാള മനോരമയിൽ നിന്ന് എസ്.പി ശരത്, മാതൃഭൂമിയിൽ നിന്ന് ഹരിലാൽ രാജഗോപാൽ, ന്യൂസ് 18 ചാനലിൽ നിന്ന് പ്രതാപ് നായർ, സുപ്രഭാതത്തിൽ നിന്നും ഹാരൂൺ റഷീദ്, ചന്ദ്രികയുടെ കമാൽ വരദൂർ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. 
കെഎംസിസി പ്രസിഡന്റ് യു.എ നസീർ, കെഎംസിസി യു. എസ്.എയുടെ ഫിഫ ഹെൽപ്‌ഡെസ്‌ക് ഡയറക്ടർമാരായ ഹനീഫ് എരഞ്ഞിക്കൽ, ഷാമിൽ, ജാവേദ്,  ജൗഹർഷാ, ഷാമിക്, ഉവൈസ്, ഷംലിക്, യാസിം, എന്നിവർ ആതിഥേയത്വം വഹിച്ചു. ഇന്ത്യ പ്രസ്ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, ട്രഷറർ ടാജ് മാത്യു, മുൻ നാഷണൽ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, സുനിൽ ട്രൈസ്റ്റാർ എന്നിവർക്കായിരുന്നു സംഘാടക ചുമതല. 
അതിവിശാലമായ അമേരിക്കയിലെ വിവിധ നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ സമയത്തിന് എത്തുകയായിരുന്നു തങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു. ഖത്തർ വേൾഡ്കപ്പിലാകട്ടെ സ്റ്റേഡിയങ്ങൾ അടുത്തടുത്തായിരുന്നു.  മാത്രവുമല്ല പ്രാദേശിക ഗവണ്മെന്റ് തലത്തിൽ നിന്ന് കാര്യമായ സഹകരണവും കിട്ടിയില്ല. മറ്റു രാജ്യങ്ങളിൽ മെഗാ പരിപാടികൾ നടക്കുമ്പോൾ ഷട്ടിൽ സർവീസുകളും മറ്റു യാത്രാക്രമീകരണങ്ങളും ഒരുക്കാറുണ്ടായിരുന്നു. ഇവിടെ ഞങ്ങൾ തന്നെ എല്ലാം കണ്ടെത്തേണ്ട അവസ്ഥ. ന്യൂയോർക്കിലെ കളി കഴിഞ്ഞു പിറ്റേന്ന് ലോസ് ആഞ്ചലസിൽ എത്തേണ്ട ബുദ്ധിമുട്ടുകൾ ഊഹിക്കുക. അതുപോലെ പിറ്റേന്ന് മയാമിയിലേക്കോ അറ്റ്ലാന്റയിലേക്കോ... അതിവിശാല രാജ്യം നൽകുന്ന അതിബുദ്ധിമുട്ടുകൾ.. യാത്രാ സമയത്തിനൊപ്പം അതാതു സ്ഥാപനങ്ങളിലേക്ക്  റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതും ദുഷ്കരമായിരുന്നു. പക്ഷെ എല്ലാം ഒരുവിധത്തിൽ ഒപ്പിച്ചെടുത്തു.


ഇവിടെല്ലാം സഹായമായി നിന്നത് മലയാളി സുഹൃത്തുക്കളാണെന്ന് പറയാതെ വയ്യ. സ്വന്ത്വം കുടുംബാംഗങ്ങളെ സഹായിക്കുന്ന പോലെയാണ് മലയാളികൾ സഹായം നൽകിയത്. ഏതു രാത്രിയിലും അവരുടെ വീടിന്റെ വാതിലുകൾ തുറന്നിട്ടു. ആവശ്യം പറഞ്ഞാൽ മൈലുകൾ ഓടിച്ചു സ്വന്തം വാഹനത്തിൽ കൊണ്ടുവിടാൻ പലരും തയാറായി. 
മലയാളി സുഹൃത്തുക്കൾ ഒരുക്കിത്തന്ന ഭക്ഷണവും ഞങ്ങൾ ആസ്വദിച്ചു. ഒന്നര മാസത്തോളം അമേരിക്കൻ ഫുഡ് ആയിരിക്കും കഴിക്കേണ്ടി വരിക എന്നു കരുതിയ ഞങ്ങൾക്ക് നിത്യവും കേരള സദ്യയുടെ രുചി നുണരാനാണ് പറ്റിയത്. ഒരു നേരമെങ്കിലും അമേരിക്കൻ ഫുഡ് അനുഭവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചിട്ടു പോലുമുണ്ട്. അത്രയേറെ സഹകരണമായിരുന്നു മലയാളി കുടുംബങ്ങളിൽ നിന്ന്. 


പത്രപ്രവർത്തകർക്കൊപ്പം ഒരു ലോക സഞ്ചാരിയും മീറ്റിംഗിൽ പങ്കെടുത്തിരുന്നു. കോഴിക്കോട് ഫറോക്കിൽ മൊസൈക് ബിസിനസ് നടത്തുന്ന യൂനുസ് സലിം പൊയിൽതൊടി. യാത്ര പാഷനായുള്ള യൂനുസ് ഇതുവരെ അറുപതിലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അമേരിക്കയിൽ ആദ്യമാണ്. എ.ഐ പ്ലാറ്റുഫോമുകളായ ചാറ്റ് ജിപിടിയും ജമിനിയും ഉപയോഗിച്ചാണ് യാത്രകൾ ക്രമീകരിക്കുന്നത്. ഒരു ടൂർഗൈഡ് പോലെ എ.ഐ ടൂളുകൾ നമുക്ക് സഹായകമാവുന്നു. വായിലാണ് വഴി എന്നു പഴയകാലത്തു പറയുന്നത് ഇപ്പോൾ എ.ഐയിലാണെന്നു മാറ്റിപ്പറഞ്ഞാൽ മതി. അത്രയേറെ സഹായകമാണ് ഇവ. സഹോദരനെ ബിസിനസ് ഏല്പിച്ചിട്ടാണ് യൂനുസിന്റെ യാ ത്രകൾ. പോകേണ്ട രാജ്യങ്ങളുടെ പട്ടിക ഇനിയും പൂർത്തിയാകാനുണ്ടെന്ന് യൂനുസ് പറഞ്ഞു. 
വേൾഡ്കപ്പ് റിപ്പോർട്ടിങ് അസൈൻമെന്റ് ഭംഗിയായി നിർവഹിച്ച പത്ര പ്രവർത്തകർ തൊട്ടടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങി. ഇനി കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിലെ വിവരങ്ങൾ കോർത്തിണക്കും. സഞ്ചാരി യൂനുസ് ഇനിയെങ്ങോട്ടാണോ ആവോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക