
ന്യൂഡൽഹി: നീറ്റ് പേപ്പർ ചോർച്ച വിഷയം ‘ഘോർ പാപ്’ (അതിദാരുണമായ പാപം) ആണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിവെച്ച് കളിക്കുന്ന കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
നീറ്റ് പേപ്പർ ചോർച്ച കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു ദേശീയ വിഷയമാണെന്നും ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം വിഷയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി കിരൻ റിജിജു അറിയിച്ചു. യുവാക്കളുടെ സുരക്ഷയ്ക്കും ഭാവിക്കുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിജിജു പറഞ്ഞു.