
ന്യൂഡൽഹി ; ഡൽഹിയിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളെയെല്ലാം തന്നെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷമാണ് നടന്നത്. അറസ്റ്റിനെ എതിർത്ത് നിലത്ത് കിടന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ തൂക്കിയെടുത്താണ് ഡൽഹി പൊലീസ് മാറ്റിയത്. പ്രിയങ്ക ഗാന്ധിയെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സി ജെ പി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എം പിമാരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സിജെപി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് രാജ്യതലസ്ഥാനം ഇന്ന് അസാധാരണമായ സംഘർഷത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ 10 രാജ്‌ജി മാർഗിലെ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ നിന്ന് ആരംഭിച്ച മാർച്ച് കേവലം ഒരു കിലോമീറ്റർ അകലെയുള്ള 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയതോടെയാണ് സംഘർഷഭരിതമായത്. മണിക്കൂറുകളോളം റോഡിൽ ഇരുന്ന് പ്രതിഷേധിച്ച നേതാക്കളെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
പത്തിലധികം പോലീസ് ഉദ്യോഗസ്ഥർ വളഞ്ഞാണ് രാഹുൽ ഗാന്ധിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിയുടെ മൂക്കിനു താഴെ പരുക്കേറ്റു. മൂക്കിൽ നിന്ന് നിന്ന് രക്തം വാർന്നതായി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് ശേഷം പോലീസിന്റെ ബസിൽ കൊണ്ടുപോകുന്നതിനിടെ, ‘ഇതാണ് ഇപ്പോൾ ഇന്ത്യയിലെ ജനാധിപത്യ’മെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളെ മുഴുവൻ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിന്നത്.ജനാധിപത്യപരമായി നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.