
സന്ധ്യ മയങ്ങി കഴിഞ്ഞു.
ഈ സമയത്ത് പുറത്തേക്കുള്ള യാത്ര ഇയ്യിടെയായി പതിവില്ലാത്തതാണ്. ജീവിതയാത്രയിൽ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട ഒരു വയോധികൻ്റെ സ്വയം കരുതൽ.
പക്ഷെ ഈ യാത്ര എനിക്ക് ഒഴിവാക്കാനാകില്ല.
ഇരുട്ട് വീണ് തുടങ്ങിയ വഴിയോ, മഴ തോർന്ന വഴിയിയിലെ വഴുക്കലോ എനിക്ക് തടസ്സമാകില്ല.
ആത്മമിത്രം വിട പറഞ്ഞിരിക്കുന്നു!
ഞാനും വീട്ടുകാരും നാട്ടുകാരും ഇന്ദു എന്ന് വിളിക്കുന്ന ഇന്ദുചൂഡൻ ഇനി ഞങ്ങൾക്കൊപ്പമില്ല.
ഇന്ന് രാവിലെയും കണ്ട് പിരിഞ്ഞതാണ്.
ഇന്ദുവിൻ്റെ മകനാണ് വിവരം അറിയിച്ചത്.
ശാന്തതയോടെ കേട്ടു .
ഇന്ദു ആഗ്രഹിച്ച മരണം.
ഇന്ദുവിൻ്റെ ഭാഷയിൽ "സഡൻ ഡെത്ത് "
ത്രിസന്ധ്യക്ക് കൊളുത്തിവച്ച നിലവിളക്കിന് മുന്നിൽ, പതിവില്ലാതെ കുളിച്ച് ഭസ്മക്കുറി തൊട്ട് തൊഴുത്ത് നിന്ന നേരം, കാലൊന്നിടറി, അടുത്ത് നിന്ന ഭാര്യ കൈത്താങ്ങായി, ചാര് കസേരയിലേക്ക് ഇരുത്തി, പിറകിലേക്ക് ചാഞ്ഞ് കിടന്നു, ഒരു ദീർഘനിശ്വാസം, കണ്ണുകൾ മെല്ലെ അടഞ്ഞു, നിത്യനിദ്ര.
ഒരിലകൊഴിയുന്ന പോലെ ഒരു ജീവൻ പൊലിഞ്ഞു.
ചേർന്ന് നിന്ന സഹധർമ്മിണി പോലും അറിയാതെ.
വീട്ടിലേക്കുള്ള പടവുകൾ ഇറങ്ങുമ്പോൾ കാൽ വിറച്ചുവോ?
ഇന്ദുവിൻ്റ മകൻ ശ്രദ്ധിച്ചു, അയാൾ കൈ പിടിച്ച് സഹായിച്ചു.
മുറ്റത്ത് നാലഞ്ച് പേർ, അയൽക്കാർ.
വിവരം ആദ്യം അറിഞ്ഞവരിൽ ഒരാൾ ഞാനാകണം.
പ്രധാന മുറിയിൽ വെള്ളപുതച്ച് തെക്കോട്ട് തലവച്ച് ശാന്തമായി ഉറങ്ങുന്ന ഇന്ദുവിനെ ഞാൻ അരികെ നിന്ന് കണ്ടു.
അവൻ എന്നെയും കണ്ടിരിക്കണം.
കാണാതിരിക്കാനാവില്ല!
സൗഹൃദത്തിൻ്റെ അർഥവ്യാപ്തി അറിയാത്ത പ്രായത്തിൽ, എൽ.പി സ്കൂളിൽ, ഒന്നാം ക്ലാസിലെ ആദ്യ ദിവസം, ഒന്നാമത്തെ ബെഞ്ചിൽ അടുത്തടുത്ത് ഇരുന്ന ചെറുബാല്യക്കാർ,
അന്ന് എന്തുകൊണ്ട് ഇന്ദുചൂഡൻ ഇടത് വശമിരുന്ന രഘുനാഥനെ ശ്രദ്ധിക്കാതെ വലത് വശമിരുന്ന എന്നെ നോക്കി ചിരിച്ചു.കാരണം മനസ്സിലായപ്പോൾ ഞാൻ എൻ്റെ മണിസ്ലേറ്റ് അവന് നേരെ നീട്ടി, സൈനികനായ അച്ഛൻ എനിക്ക് സമ്മാനിച്ച, ഒരു വശത്ത് പല നിറത്തിലുള്ള മുത്തുകൾ, നേർത്ത കമ്പിയിൽ കോർത്ത ഭംഗിയുള്ള സ്ലേറ്റ്.
മണി കിലുങ്ങും പോലെ അവൻ വീണ്ടും ചിരിച്ചുവോ?
അന്നു മുതൽ ഇന്ദുചൂഡൻ എനിക്ക്
ഇന്ദുവായി, പ്രിയദർശൻ എന്ന ഞാൻ അവന് പ്രിയൻ ആയി .എല്ലാവരും പ്രിയാ എന്ന് വിളിച്ചപ്പോൾ എന്നെ പ്രിയൻ എന്ന് ഉറപ്പിച്ച് വിളിച്ചത് ഇന്ദു ഒരാൾ മാത്രം.
നടന്ന് പോകാവുന്ന ദൂരത്തിലുള്ള
പള്ളിക്കൂടത്തിലേക്ക് എന്നും ഞാൻ അവനെ ഒപ്പം കൂട്ടി. സ്കൂളിലേക്കുള്ള വഴിയിൽ എൻ്റെ വീട്ടിൽ നിന്ന്
അധികം അകലെയല്ല ഇന്ദുവിൻ്റെ വീട്.
വളർച്ചയുടെ ഓരോ ഘട്ടങ്ങളിൽ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലേക്ക് എത്ര എത്ര പേർ വന്ന് ചേർന്നു, അപ്പോഴും ഇന്ദുവിൻ്റെ ഉറ്റ ചങ്ങാതി ഞാൻ മാത്രമായിരുന്നു.
സർക്കാർ ജോലിയിൽ ആദ്യം പ്രവേശിച്ചത് ഇന്ദുചൂഡനാണ്, റാങ്ക് പട്ടികയിൽ അവൻ മുന്നിലായിരുന്നു, അടിത്തൂൺ പറ്റിയത് രണ്ടു പേരും ഒരേ വർഷം ഒരേ ദിവസം.
ഇന്ദുവിൻ്റെ മകൻ തോളിൽ തൊട്ടപ്പോഴാണ് ബോധം ഉണർന്നത്.
ഞങ്ങൾ മിക്കപ്പൊഴും ഒന്നിച്ചിരിക്കാറുള്ള ഇന്ദുവിൻ്റെ വായനമുറിയിലേക്ക് ഞാൻ കയറി, എനിക്കായി ഒഴിച്ചിട്ടിരുന്ന കസേരയിൽ ഇരുന്നു.
ശൂന്യതയല്ല നിറസാന്നിദ്ധ്യമാണ് അനുഭവിച്ചറിഞ്ഞത്.
പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ള അലമാരക്ക് മുകളിൽ, ഇന്ദുവിൻ്റെ രേഖാചിത്രം, ഞങ്ങളുടെ പ്രിയ
കൂട്ട്കാരൻ,ചിത്രകാരനായ രാമൻകുട്ടി വരച്ച് സമ്മാനിച്ചത്, പതിവിലും കൂടുതലായി തിളങ്ങുന്നതു പോലെ!
പൊതുവിൽ മിതഭാഷിയായ ഇന്ദു എൻ്റെ മുന്നിൽ മാത്രം വാചാലനാകും, മനസ് തുറക്കും. എൻ്റെ മേലുള്ള ഇന്ദുവിൻ്റെ വിശ്വാസം ഞാൻ തെറ്റിച്ചിട്ടുമില്ല.
യൗവ്വനം മൊട്ടിട്ട കാലത്ത് ഞങ്ങൾ രണ്ട് കോമളന്മാർ പരസ്പരം വാത് വെച്ച് നടത്തിയ പ്രേമത്തോൺ മത്സരത്തിൽ, ഗ്രാമ സുന്ദരിപ്പട്ടം ചാർത്തി കൊടുക്കപ്പെട്ട മാധവിക്കുട്ടിയെ കണ്ണെറിഞ്ഞ് വീഴ്ത്താൻ ശ്രമിച്ചതും അതിനിടയിൽ നാട്ടിലെ ഉത്സവത്തിന് മറുനാട്ടിൽ നിന്നെത്തിയ ഗൾഫ് കാരൻ കോമളൻ അവളെ കണ്ട് മോഹിച്ച് കൊത്തി കൊണ്ട് പോയ അനുഭവം അല്പം നൊമ്പരവും അതിലേറെ തമാശയും ചേർത്ത് പലപ്പോഴും തൊട്ട് രുചിച്ചിരുന്നു ഞങ്ങൾ, ഈ പ്രായത്തിലും.
അമ്പലമുറ്റത്തെ കൽവിളക്കിലെ നെയ്ത്തിരി വെളിച്ചത്തിൽ തിളങ്ങി നിന്ന മാധവിക്കുട്ടിയുടെ മുഖശ്രീ എത്ര നാൾ മങ്ങാതെ നിന്നു മനസ്സിൽ!
മാധവിക്കുട്ടിയോടുള്ള ഇഷ്ടം നിരാശയിലവസാനിച്ച നാളുകളിൽ ഒരാശ്വാസമെന്നപോലെയായിരുന്നു വസുമതി ചേച്ചിയെ കുറിച്ചുള്ള അറിവ്. കവലയിൽ കച്ചവടം നടത്തുന്ന വിക്രമൻ കൊച്ചേട്ടനാണ്, ഊഷരത ബാധിച്ച സിരകളികൾ പോലും ഊർജ്ജത്തിൻ്റെ രതി പ്രവാഹം തീർക്കാൻ പോന്ന പെണ്ണൊരുത്തിയെക്കുറിച്ച് വിവരിച്ച് തന്നത്.
ഉടലഴകിൻ്റെ പൂർണ്ണതയായ വസുമതി ചേച്ചിയെ ഞങ്ങൾ നാട്ടിടവഴിയിൽ വച്ച് അടുത്ത് നിന്ന് കണ്ടു. വിവരണങ്ങൾക്കുമപ്പുറം മദാലസയായ ചേച്ചി, ഉരുണ്ട് തെറിച്ച് നിന്ന കൊങ്കത്തടങ്ങളും, തുടിച്ച് തുളുമ്പി നിന്ന നിതംബവും എൻ്റെ കണ്ണുകൾക്ക് ഉത്സവമായപ്പോൾ, ഇന്ദുവിൻ്റെ കണ്ണുകൾ ചേച്ചിയുടെ പൊക്കിൾ ചുഴിയുടെ ആഴം അളക്കുകയായിരുന്നു, കാലം കാമനകളുടെ പൂത്തിരി കത്തിച്ച് തുടങ്ങിയ ഞങ്ങളിൽ, വസുമതി ചേച്ചി മോഹാവേശമായി കത്തിപ്പടർന്ന് നിന്നു.
രാത്രിയുടെ യാമങ്ങളെ ത്രസിപ്പിച്ചുണർ-
ത്തുന്ന യാമിനി വസുമതിയുടെ അന്തപ്പുരത്തിന് വെളിയിൽ, ഇരുട്ടിൽ ഞങ്ങൾ പതുങ്ങി നിന്നു,
" അകത്ത് ആളുണ്ടെങ്കിൽ വരാന്തയിലെ റാന്തൽ വിളക്കിൻ്റെ തിരി താഴ്ന്നിരിക്കും, അത്ശ്രദ്ധിച്ച് വേണം കതകിൽ മുട്ടാൻ "
വിക്രമൻ കൊച്ചേട്ടൻ്റെ ഉപദേശം ഞങ്ങൾ ഓർത്തു.
കാത്ത് നിൽപ്പിനൊടുവിൽ അറപ്പുര വാതിൽ തുറന്നു, വരാന്തയിൽ റാന്തൽ വിളക്കിൻ്റെ തിരി ഉയർന്ന് തെളിഞ്ഞു,
ഞങ്ങൾ ഞെട്ടി!
പിറകിലേക്കറിയാതെ തെന്നി മാറി.
വിദ്യാധരൻ മാഷ് !
നാട്ടിൽ അംഗീകരമുള്ള പൊതുപ്രവർത്തകൻ.
ശുഭ്രവസ്ത്രം മാത്രം ധരിക്കുന്ന ആദർശവാനെന്നറിയപ്പെടുന്ന മനുഷ്യൻ,
വസുമതിയുടെ കവിളിൽ നുള്ളി മുറ്റത്തേക്കിറങ്ങി.
വിദ്യാധരൻ മാഷിൻ്റെ ചില രാത്രി സഞ്ചാരങ്ങളെക്കുറിച്ചും, കഴിച്ച മദ്യത്തിൻ്റെ ഗന്ധം മറയ്ക്കാനായി, സംസാരിക്കുമ്പോൾ, സുഗന്ധം പൂശിയ തൂവാല കൊണ്ട് ഇടയ്ക്കിടെ വായ പൊത്തുന്ന കൗശലത്തെക്കുറിച്ചും, ഞങ്ങളുടെ സുഹൃത്ത് വലയത്തിൽ ചിലർ ഹാസ്യാത്മകമായി അവതരിപ്പിച്ച് കേട്ടിരുന്നെങ്കിലും ഞാൻ വിശ്വസിച്ചിരുന്നില്ല, ഇന്ദുവും.
ബഹുജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രത്യേകിച്ച് രോഗാതുരരായവർക്ക്, ആപൽബാന്ധവനായ വിദ്യാധരൻ മാഷ്,
അടുത്ത് കാണുമ്പോഴൊക്കെ തോളിൽ തട്ടി സരസമായി സംസാരിക്കുന്ന മാഷിനെ എനിക്കും ഇന്ദുവിനും ഏറെ ഇഷ്ടമായിരുന്നു.
വസുമതി ചേച്ചി വീണ്ടും തിരിതാഴ്‌ത്തി വാതിലടച്ചു.
ഇനിയും മറ്റൊരാൾ!
ഞങ്ങളറിയാതെ!
ആ കതകിൽ മുട്ടാനുള്ള ധൈര്യം അപ്പോൾ ഞങ്ങളിൽ ഇല്ലായിരുന്നു.
മുറ്റത്ത് വാഹനം വന്ന് നിന്ന ശബ്ദം എന്നെ വീണ്ടുമുണർത്തി.
പന്തൽ കെട്ടുന്നവരാണ്, കസേരകൾ മുറ്റത്ത് വീണ്ടും നിരന്നു.
മരണവാർത്ത കൂടുതൽ പേർ അറിഞ്ഞിരിക്കുന്നു.
സ്വന്തം മരണാനന്തര കർമ്മങ്ങളെ കുറിച്ച് വീട്ടുകാർക്കൊപ്പം എന്നെയും ചിലത് പറഞ്ഞേൽപ്പിച്ചിരുന്നു, ഇന്ദുചൂഡൻ,
"ആര് മറന്നാലും പ്രിയൻ അത് ഓർമ്മപ്പെടുത്തണം" എന്ന മുഖവുരയോടെ.
ഇന്ദു ഒരു വിചിത്രസ്വഭാവിയെന്ന് എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും, ഏത് നിമിഷവും മരണദൂതനെ സ്വീകരിക്കാൻ മനസ് പാകപ്പെടുത്തിയിരുന്നു, മരണത്തോട് ഭക്തിപുലർത്തിയിരുന്ന ഇന്ദുചൂഡൻ, കാരണമായി പറഞ്ഞ വാചകം സരസമായിരുന്നെങ്കിലും അതിൽ ഒരു പൊരുൾ ഉണ്ടായിരുന്നു,
"എനിക്ക് കാണാൻ ഇഷ്ടമുള്ളവരിൽ കൂടുതൽ പേരും ഇപ്പോൾ പരലോകത്താണ് "
ശരിയാണ്, കൗമര യൗവ്വനകാലങ്ങളിൽ ജീവിതത്തിൻ്റെ നേരും നെറിയും അർഥവും അർഥശൂന്യതയും ഫലിതവും വിഷാദങ്ങളും കാമനകളുടെ ആദ്യപാഠ ങ്ങളും പകർന്ന് തന്ന് ചുറ്റും നിറഞ്ഞ് നിന്നിരുന്ന പ്രിയപ്പെട്ടവരുടെ ഇടം ശൂന്യമായിക്കൊണ്ടിരിക്കുന്നു.
അപരിചിതർ വന്ന് നിറയുന്നു.
ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ കാലം കടന്ന് പോകുന്നു, കണ്ണടച്ച് തുറക്കും മുൻപ്.
ഇന്ദു പറഞ്ഞേൽപ്പിച്ചിരുന്നത് ഞാൻ ഓർത്തു,
"മരിക്കുമ്പോൾ ആർക്ക് വേണ്ടിയും എന്നെ മോർച്ചറിയിൽ വയ്ക്കരുത്,
സമയത്തിനുള്ളിൽ തെക്കേ തൊടിയിലെ മാവിൻ്റെ വിറകിൽ ദഹിപ്പിക്കണം, കത്തുമ്പോൾ ദുർഗന്ധം ഉയരാതിരിക്കാൻ വേണ്ടത് കൂടുതൽ കരുതണം, ചിതാഭസ്മം തീർഥഘട്ടത്തിൽ
നിമജ്ജനം ചെയ്യണം, വിധി പ്രകാരം,
അതിനുള്ള പണം എൻ്റെ അമ്മ ഉപയോഗിച്ചിരുന്ന തടി അലമാരയുടെ മുകൾതട്ടിൽ സൂക്ഷിച്ചിട്ടുണ്ട് "
മക്കളിൽ നിന്ന് ഓണക്കോടി പോലും സ്വീകരിക്കാത്ത, മരുന്നോ വീട്ട് സാധനങ്ങളോ വാങ്ങി വന്നാൽ, ബില്ല് നോക്കി ചില്ലറ സഹിതം പണം മക്കൾക്ക് മടക്കി നൽകുന്ന വിചിത്രസ്വഭാവിയായ ഇന്ദുചൂഡൻ തൻ്റെ ശേഷക്രിയകൾക്കായി പണം മുൻകൂട്ടി നീക്കിവെച്ചതിൽ ഞാൻ അത്ഭുതപ്പെട്ടില്ല, എന്നാൽ പലപ്പോഴും ഒരു യുക്തിവാദിയെപ്പോലെ സംസാരിച്ചിരുന്ന, ക്ഷേത്രവിശ്വാസി അല്ലാതിരുന്ന ഇന്ദു, അന്ത്യകർമ്മങ്ങളിൽ വിശ്വസിക്കുന്നു എന്ന അറിവ് എന്നെ അതിശയിപ്പിച്ചു!
" എന്തുകൊണ്ട് " എന്ന് ഞാൻ ചോദിച്ചില്ല. അത് ഉചിതമല്ലെന്ന് അറിയാമായിരുന്നു.
എന്നാൽ എൻ്റെ ആത്ശ്ചര്യ ഭാവം കണ്ടിട്ടാകണം, ഇന്ദു കാരണം ബോധിപ്പിച്ചു
" ആത്മാവിൽ ഞാൻ വിശ്വസിക്കുന്നു, മരണത്തോടെ എന്നെ വിട്ട് പോകുന്നത് വെറുമൊരു വായൂ കണമല്ല. ഇത്രയും നാൾ എന്നെ ഈ ഭൂമിയിൽ നടത്തിയ അനശ്വര ശക്തിയാണ്, അത് ഹവിസ്സ് അർഹിക്കുന്നു".
ജീവിതത്തെ എത്ര നിസ്സംഗമായാണ് ഇന്ദു അനുഭവിച്ചറിഞ്ഞത്,
"എൻ്റെ ജീവിതം അത് ഏത് സാഹചര്യത്തിലായാലും ഞാൻ തന്നെ ജീവിച്ച് തീർക്കേണ്ടതാണ്, ആരോടും പരിഭവമില്ലാതെ "
കാലം കാത്ത് വച്ചതൊക്കെയും കർമ്മഫലമെന്ന് കരുതി ഏറ്റ് വാങ്ങുവാൻ സദാ സന്നദ്ധനായിരുന്നു ഇന്ദുചൂഡൻ.
ഇന്ദുവിൻ്റെ ഈ മനോഭാവം ഞാൻ ശീലിച്ചത് എനിക്കും തുണയായിട്ടുണ്ട് ചില സന്നിഗ്ധ ഘട്ടങ്ങളിൽ.
ചില സന്ദർഭങ്ങളിൽ ഞാൻ പരാജിതനുമായിട്ടുണ്ട്.
" പ്രായമേറുമ്പോഴാണ് നമ്മളിൽ പലരും
പക്വമതികളാകുന്നത് അപ്പോഴേക്കും വൈകിപ്പോയിരിക്കും "
ഇന്ദു എന്നോടിതു പറഞ്ഞത്, പഠിച്ച് തൊഴിൽ നേടിയ എൻ്റെ മകൾ അവളുടെ ജീവിത പങ്കാളിയെ സ്വയം തിരഞ്ഞെടുത്തപ്പോൾ, ഞാൻ വികാര വിക്ഷോഭത്തോടെ എതിർത്ത് തീരുമാനപ്പെടുത്തപ്പോഴാണ്.
ഞാൻ മകളുടെ ഇഷ്ടo ശരിവച്ചു.
മനസ്സ് ശാന്തമായി.
ഇന്ദു വിദ്വേഷം വച്ചു പുലർത്തിയിരുന്നില്ല ആരോടും, ആരെയും വ്യക്തിഹത്യ ചെയ്ത് സംസാരിച്ചിട്ടുമില്ല ഒരിക്കൽ പോലും, എന്നാൽ ബഹുതരമുള്ള വ്യക്തികളിൽ ചിലരെ മാത്രം ഇഷ്ടമായിരുന്നില്ല,
"എന്നെ മറ്റൊരാളിൻ്റെ അഭിപ്രായം കേട്ട് തെറ്റായി വിലയിരുത്തുകയും, എന്നോട് നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ, നികൃഷ്ടജീവികൾ എന്ന് ഞാൻ വിളിക്കും"
ഇന്ദു അല്പം രോഷത്തോടെ പറഞ്ഞ വാക്കുകൾ ഞാനും ശരിവച്ചു.
"എനിക്ക് നിങ്ങളോടുള്ള സമീപനത്തിൻ്റെ അടിസ്ഥാനത്തിലാകണം നിങ്ങൾ എന്നെ വിലയിരുത്തേണ്ടത് ,അവിടെ മൂന്നാമതൊരാളിൻ്റെ അഭിപ്രായത്തിന് പ്രസക്തിയുണ്ടാകരുത് "
ഇന്ദുവിൻ്റെ വിശദീകരണം, അത്തരം സ്വഭാവത്തിൻ്റെ വൈകൃതം കൂടുതൽ എന്നെ ബോധ്യപ്പെടുത്തി.
ഉറ്റചങ്ങാതി എന്നതിലുമപ്പുറം എനിക്ക് ആരായിരുന്നു ഇന്ദുചൂഡൻ, ഓർമ്മകളും അനുഭവങ്ങളും തിര മുറിയാതെ ഓടിയെത്തുമ്പോൾ ഇന്ദുവിനെ ഞാൻ കൂടുതലായി അറിയുന്നു.
ഇന്ദു ഒരു പിശുക്കനെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു.
കണക്ക് പുസ്തകം സൂക്ഷിക്കാതെ ഇന്ദു പലരേയും സഹായിച്ചിരുന്നു, തിരിച്ച് കിട്ടില്ലെന്ന് അറിഞ്ഞ് കൊണ്ടും, തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കാതെയും. അർഹിക്കാത്ത കൈകളിൽ തൻ്റെ
പണം എത്തരുതെന്നും ഇന്ദുവിന് നിർബന്ധമുണ്ടായിരുന്നു.
" ഞാൻ എൻ്റെ "ഇന്ന് " കളിൽ ജീവിക്കാൻ പോകുകയാണ് ഇനിമുതൽ ഭൂതവും ഭാവിയും എൻ്റെ പരിഗണനയിലില്ല "
രണ്ട് വർഷം മുൻപ് ഒരു വൈകുന്നേരം, അപ്രതീക്ഷിതമായി ഇന്ദു ഇത് പറഞ്ഞപ്പോൾ, ഞാൻ അല്പം ആധിയോടെയാണത് കേട്ടത്.
ഇന്ദുവിൻ്റെ മനസിക നിലയിൽ എന്തെങ്കിലും ...?
അയാൾ മനസിനെ പാകപ്പെടുത്തിയെടുത്ത തീരുമാനമായിരുന്നു അത്.
വീട്ടിൽ തന്നെ സ്വയം ഒരുക്കിയ ഏകാന്തവാസം, കൂടുതൽ സമയം വായനമുറിയിൽ.
ബന്ധുക്കൾ, സുഹൃത്ത്ക്കൾ ആദിയായവരുടെ, വിവാഹത്തിനോ, മരണത്തിനോ കൂടി പങ്കെടുക്കാത്ത ഒറ്റപ്പെട്ട ജീവിതം.
സ്വയം രൂപപ്പെടുത്തിയ ഒരു ലോകത്ത് എത്ര സന്തോഷമായിട്ടാണ് അയാൾ ജീവിച്ചത്, ഇന്ദു അത് ആസ്വദിക്കുക യായിരുന്നു.
നരച്ച മുടിയും, മേൽ മീശയും, താടിരോമങ്ങളും വളർന്ന് നീണ്ടപ്പോൾ,
ഇന്ദുവിനുണ്ടായ രൂപമാറ്റം എന്നെ വിഷമിപ്പിച്ചു. ഞാനത് മറച്ച് വെച്ചില്ല.
"നീ എന്നെ ഗൃഹർഷി എന്ന് വിളിച്ചോളൂ, സന്യാസം സ്വീകരിച്ച ഗൃഹസ്ഥാശ്രമി"
അപ്പോഴും അവൻ എന്നെ സമർഥമായി സമാധാനിപ്പിച്ചു.
ഞാൻ പലപ്പോഴും ആ ഏകാന്തതയുടെ തുരുത്തിലേക്ക് കടന്ന് ചെന്നിട്ടുണ്ട്, ഒരിക്കൽ പോലും നീരസം
പ്രകടിപ്പിച്ചിട്ടില്ല.
പക്ഷെ ഞങ്ങൾക്കിടയിൽ മൗനത്തിൻ്റെ ദൈർഘ്യം കൂടി വന്നു, അത് ഒരു ധ്യാനത്തിൻ്റെ അവസ്ഥാന്തരത്തിലേക്ക് എന്നെയും എത്തിച്ചിരുന്നു.
ഔചിത്യം പാലിക്കാനെന്നപോലെ, ഇന്ദു, വല്ലപ്പോഴും എൻ്റെ വീട്ടുപടിക്കൽ വരെ വന്ന് അല്പം കുശലം പറഞ്ഞ് തിരികെ പോകും, വീട്ടിൽ കയറില്ല.
ഇന്നത്തെ പ്രഭാതത്തിലും അത് സംഭവിച്ചിരുന്നു,അവസാനമായി കാണാനുള്ള നിയോഗം പോലെ!
മകൻ, അച്ചു വന്ന് തൊട്ട് വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്. ഒരുമിച്ച് പിന്നിട്ട ജീവിതവഴികളിലൂടെ ഞാൻ തനിച്ച് തിരികെ നടക്കുകയായിരുന്നു.
"നാളെ രാവിലെ പത്ത് മണിക്കാണ് സംസ്ക്കാരം തീരുമാനിച്ചിരിക്കുന്നത്, നമുക്ക് വീട്ടിൽ പോയിട്ട് വരാം, അച്ഛന് മരുന്ന് കഴിക്കാനുള്ളതല്ലേ "
മകനെ അനുസരിച്ചു.
മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഇന്ദുവിൻ്റെ മകനെ അരുകിലേക്ക് വിളിച്ചു, അച്ഛൻ്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. "എല്ലാം ഓർമ്മയുണ്ട് "
മകൻ്റ മറുപടി കേട്ടപ്പോൾ മറ്റൊന്ന് കൂടി ഓർമ്മിപ്പിച്ചു,
" അതിനുള്ള പണം "
" അറിയാം, എടുത്തു "
എത്ര നിർവികാരമായാണ് അയാൾ
അത് പറഞ്ഞത് !
ഞാൻ അയാളെ പാളി നോക്കി.
ഇന്ദുവിൻ്റെ പ്രിയപ്പെട്ട മകൻ ബാങ്ക് മാനേജർക്ക് എങ്ങനെ
അതിന് കഴിഞ്ഞു!
ഞാൻ മകൻ്റെ കൈപിടിച്ച് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഇന്ദുവിൻ്റെ മകൻ പിറകെ വന്ന് ശബ്ദം താഴ്ത്തി ചോദിച്ചു,
" അച്ഛൻ്റെ വിൽപത്രത്തിൻ്റെ ഒരു പകർപ്പ് പ്രിയൻ മാമൻ്റെ കൈവശമുള്ളതായി അറിയാം, ഇവിടെ സൂക്ഷിച്ചിട്ടില്ലല്ലോ, അത്...''
" ഉണ്ട്, കൊണ്ട് തരാം"
മുഖമുയർത്താതെ ഞാൻ പറഞ്ഞു.
രക്തബന്ധമുള്ളവർക്ക് പോലും, വേർപാടിൻ്റെ വേദന എന്ന വൈകാരികത വറ്റിപോയിരിക്കുന്നുവോ?
മകൻ്റെ കൈവിട്ട് ഞാൻ മുന്നോട്ട് നടന്നു.