
ഡൽഹി: പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ ജനങ്ങൾ സ്വേച്ഛാധിപതികളെ ചരിത്രപരമായ പാഠം പഠിപ്പിക്കുമെന്നും, ബ്രിട്ടീഷുകാരെപ്പോലും നാണിപ്പിക്കുന്ന ക്രൂരതയാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മേൽ അഴിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവർക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് മോദി സർക്കാരിന് കീഴിലുള്ള പൊലീസ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. മോദജീ ഈ രാജ്യം നിങ്ങളുടെ പിതാവിന്റെ സ്വത്തല്ല, 140 കോടി ജനങ്ങളുടേതാണ്. ഭീഷണിപ്പെടുത്തുന്നത് നിർത്തൂ. ഇല്ലെങ്കിൽ ഈ രാജ്യത്തെ ജനങ്ങൾ ചരിത്രം ഓർക്കുന്ന തരത്തിലുള്ള പാഠം നിങ്ങളെ പഠിപ്പിക്കും. ഒരു ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് ചരിത്രം ഓർക്കും," കെജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർത്ഥികളും യുവതികളും കൈകൂപ്പി അപേക്ഷിച്ചിട്ടും പൊലീസ് അവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "റോഡരികിൽ നിൽക്കുന്ന പൊലീസുകാർ മുന്നിലൂടെ നടന്നുപോകുന്ന കുട്ടികളെ ലാത്തികൊണ്ട് മർദ്ദിക്കുന്നത് കണ്ടു. ആ കുട്ടികൾ ഒന്നും ചെയ്തിരുന്നില്ല, ആരെയും ആക്രമിച്ചിട്ടുമില്ല. അവർ നടന്നുപോവുക മാത്രമായിരുന്നു. സമാധാനപരമായി ഇരുന്നിരുന്ന 20-25 വിദ്യാർത്ഥികളുടെ സംഘത്തിന് നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ചത്," അദ്ദേഹം പറഞ്ഞു.
1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ ജനറൽ റെജിനാൾഡ് ഡയറിനോടാണ് കെജ്‌രിവാൾ പ്രധാനമന്ത്രിയെ ഉപമിച്ചത്. "ഇത്തരം ക്രൂരത മുൻപൊരിക്കലും ഉണ്ടായിട്ടില്ല. ജാലിയൻവാലാബാഗിൽ ജനറൽ ഡയർ ചെയ്തതിനേക്കാൾ വലിയ ക്രൂരതയാണ് മോദിജി ചെയ്തത്. ജനറൽ ഡയർ മോദിജിയുടെ രൂപത്തിൽ വീണ്ടും ജനിച്ചിരിക്കുകയാണോ എന്ന് പോലും ചിലർ സംശയിക്കുന്നു," കെജ്‌രിവാൾ തുറന്നടിച്ചു.