Image

രാഹുലിനെയും പ്രിയങ്കയെയും വലിച്ചിഴച്ച് പൊലീസ്; അറസ്റ്റ് ചെയ്ത് നീക്കി

Published on 21 July, 2026
രാഹുലിനെയും പ്രിയങ്കയെയും വലിച്ചിഴച്ച് പൊലീസ്; അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുലിനെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം ശക്തമായതോടെയാണ് നടപടി.

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എംപിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പല എംപിമാർക്കും പരുക്കേറ്റിട്ടുണ്ട്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.

കഴിഞ്ഞ ദിവസം വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അപ്രതീക്ഷിത സമരത്തിനെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചത്. അപ്രതീക്ഷിതമായാണ് ഒരു കിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി കോൺഗ്രസ് പ്രകടനം നീങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ എത്തിയതോടെ നേതാക്കൾക്കെതിരെ പൊലീസ് ബലപ്രയോഗം തുടങ്ങി.

എംപിമാരടക്കമുള്ളവർ പൊലീസിന്‍റെ നടപടികളെ ചോദ്യം ചെയ്‌തതോടെ സംഘർഷം രൂക്ഷമായി. എംപിമാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പാർലമെന്‍റിലെ മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയേയും കസ്റ്റഡിയിൽ എടുത്തു.

ഇതോടെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലത്തിരുന്ന് പ്രതിഷേധിച്ചു. ഇവർക്ക് പിന്തുണയുമായിട്ടാണ് മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എത്തിയത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.

എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി വിഡി സതീശൻ ഇന്നലെ ഡൽഹിയിൽ എത്തിയത്. ഇന്ന് രാവിലെ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ എന്നിവർ അടക്കമുള്ള നേതാക്കളെ ഇന്ന് രാവിലെ അദ്ദേഹം സന്ദർശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പുറമേ ടൂറിസം മന്ത്രി പിസി വിഷ്‌ണുനാഥും ഇന്ന് രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നിരുന്നു.

കെപിസിസി പുന:സംഘടനയടക്കമുള്ള ചർച്ചകൾക്കായാണ് ഇവർ ഡൽഹിയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പുറമെ കർണാടകയിലെ മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഡികെ ശിവകുമാറും അവിടെ എത്തിയിരുന്നു. ഇവര്‍ ഉൾപ്പെടെയാണ് നേതൃത്വത്തിന്‍റെ പെട്ടെന്നുള്ള തീരുമാനപ്രകാരം സമരത്തിനിറങ്ങിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക