Image

ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നു: 'ചലോ സൻസദ്' മാർച്ചിന് നേരെ പൊലീസ് അതിക്രമം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സമരമുഖത്ത്

Published on 21 July, 2026
 ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നു: 'ചലോ സൻസദ്' മാർച്ചിന് നേരെ പൊലീസ് അതിക്രമം,  രാഹുൽ ഗാന്ധിയും പ്രിയങ്കയും സമരമുഖത്ത്

ഡൽഹി:  നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് നടപ്പാക്കിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ തെരുവിൽ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിന് മുന്നിൽപ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ അടിയന്തരമായി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

നിലവില്‍ പ്രതിഷേധം കാരണം പ്രക്ഷുബ്‌ദമാണ് ദേശീയ തലസ്ഥാനം. 

കേരള മുഖ്യമന്ത്രി വിഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധ വേദിയിലെത്തി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിച്ചു. കേരളത്തില്‍ നിന്നും ഡീന്‍ കുര്യാക്കോസ്, പിസി വിഷ്‌ണുനാഥ്, കെസി വേണുഗോപാല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധത്തിനിടെ പിസി വിഷ്‌ണുനാഥിനെ അറസ്റ്റ് ചെയ്യുകയും ഡീന്‍ കുര്യാക്കോസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. റോഡിലൂടെ വലിച്ചിഴച്ചതിന് പിന്നാലെയാണ് ഡീന്‍ കുര്യാക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം തിങ്കളാഴ്‌ച പാർലമെൻ്റിലേക്ക് നടന്ന മാർച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തി സന്ദർശിച്ചു.

രാജ്യത്തെ യുവജനങ്ങളുടെ ഭാവി തകർത്ത സർക്കാരാണിതെന്നും സഭയിൽ ഈ വിഷയത്തിൽ ചർച്ചയ്ക്ക് പോലും സർക്കാർ തയാറാകുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ​"ഇന്നലെ നിരപരാധികളായ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിന് പ്രധാനമന്ത്രി മറുപടി പറയണം. ഉത്തരവാദിത്തം ഏറ്റെടുക്കാനോ പാർലമെൻ്റിൽ ചർച്ച നടത്താനോ ഈ സർക്കാരിന് താത്‌പര്യമില്ല. ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകർത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തരമായി രാജിവയ്‌ക്കണം." രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക