Image

ടെക്‌സസിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഇന്റർ-പാരിഷ് സ്പോർട്സ് ഫെസ്റ്റ് (IPSF 2026)

Published on 21 July, 2026
ടെക്‌സസിൽ ആയിരങ്ങൾ പങ്കെടുക്കുന്ന   ഇന്റർ-പാരിഷ് സ്പോർട്സ് ഫെസ്റ്റ്   (IPSF 2026)

എഡിൻബർഗ് (ടെക്സസ്): ടെക്സാസ്, ഒക്ലഹോമ, കൻസാസ് സംസ്ഥാനങ്ങളിലുള്ള  സീറോ-മലബാർ കത്തോലിക്കാ രൂപതയിലെ പത്ത് ഇടവകകളെ ഒരുമിപ്പിക്കുന്ന ഇന്റർ പാരിഷ് സ്പോർട്സ് ഫെസ്റ്റ് (IPSF) 2026 ആഗസ്റ്റ് 6 മുതൽ 9 വരെ ടെക്സസിലെ എഡിൻബർഗിൽ വിപുലമായ രീതിയിൽ നടക്കും.

എഡിൻബർഗ്  ഡിവൈൻ  മേഴ്സി സീറോ-മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ മഹാമേളക്ക്   ഓസ്റ്റിനിലെ  PSG ഗ്രൂപ് ഓഫ് കമ്പനീസ് ടൈറ്റിൽ സ്പോൺസറും  ലെഗസി ബിസിനസ് ബ്രോക്കേഴ്‌സ്  (Legacy Business Brokers) സ്പോൺസറും  ആണ്.  എഡിൻബർഗ് നഗരസഭയുടെ സഹകരണത്തോടെയുമാണ് സംഘടിപ്പിക്കുന്നത്.

2007-ൽ യുവജനങ്ങൾക്ക് കലാ-കായികരംഗത്ത് കഴിവുകൾ പ്രകടിപ്പിക്കാനും വിശ്വാസത്തിലും കൂട്ടായ്മയിലും വളരാനും ലക്ഷ്യമിട്ട്  ഗാർലാൻഡ് സെന്റ് തോമസ്  സീറോ മലബാർ പള്ളിയിൽ  ആരംഭിച്ച ഈ ഫെസ്റ്റിവൽ (IPTF & IPSF)  ഇന്ന് അമേരിക്കയിലെ സീറോ-മലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമങ്ങളിലൊന്നായി വളർന്നു. നാല് ദിവസം നീണ്ടു നിൽക്കുന്ന  16 കായിക ഇനങ്ങളിലായി വിവിധ പ്രായവിഭാഗങ്ങളിലുള്ള  1,500-ലധികം കായികതാരങ്ങളും 5,000-ത്തിലധികം സന്ദർശകരും  പങ്കെടുക്കുമെന്ന്  സംഘാടകർ അറിയിച്ചു. കലാ-കായിക മത്സരങ്ങൾ ഇടവിട്ട വർഷങ്ങളിലാണ് നടത്തപ്പെടുന്നത്.

കായികമത്സരങ്ങൾക്കൊപ്പം വിശ്വാസം, കുടുംബസൗഹൃദം, സംസ്കാരം, യുവജനനേതൃത്വം, സമൂഹ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിവിധ സാംസ്കാരിക  പരിപാടികളും IPSF 2026-ന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. എഡിൻബർഗ് നഗരത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ  കായിക വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

സ്പോൺസർമാർക്ക് മികച്ച അവസരം
IPSF 2026-ന്റെ വിജയത്തിൽ പങ്കാളികളാകാൻ ബിസിനസ് സ്ഥാപനങ്ങളെയും സംരംഭകരെയും സമൂഹസേവന സംഘടനകളെയും സംഘാടകർ ക്ഷണിക്കുന്നു. സ്പോൺസർഷിപ്പ് മുഖേന ആയിരക്കണക്കിന് കുടുംബങ്ങളിലേക്കും സമൂഹാംഗങ്ങളിലേക്കും നേരിട്ട് എത്തിച്ചേരാനുള്ള അപൂർവ അവസരമാണ് ലഭിക്കുക. ഇവന്റിലെ ബ്രാൻഡ് പ്രദർശനം, ഡിജിറ്റൽ മീഡിയ പ്രചാരണം, വേദിയിലെ അംഗീകാരം, പ്രമോഷണൽ അവസരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങൾ സ്പോൺസർമാർക്ക് ലഭ്യമാകും. വിവിധ സ്പോൺസർഷിപ്പ് പാക്കേജുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്.

കായികമേളയ്‌ക്കപ്പുറം – ബിസിനസ് നെറ്റ്‌വർക്കിംഗും വിനോദസഞ്ചാരവും 
IPSF 2026 വെറും കായികമത്സരങ്ങളിൽ ഒതുങ്ങുന്നില്ല. സമൂഹത്തിലെ പ്രൊഫഷണലുകളെയും സംരംഭകരെയും ഒരുമിപ്പിക്കുന്ന Syro Faith & Business Connect എന്ന പ്രത്യേക ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടിയും സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 8-ന് നടക്കുന്ന ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 75 തിരഞ്ഞെടുത്ത സംരംഭകരും പ്രൊഫഷണലുകളും പങ്കെടുക്കും. നേതൃത്വ വികസനം, സംരംഭകത്വം, മെന്ററിംഗ്, സഹകരണ സംരംഭങ്ങൾ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭം സീറോ-മലബാർ സമൂഹത്തിലെ ബിസിനസ് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

അതോടൊപ്പം, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന കുടുംബങ്ങൾക്കായി മികച്ച അനുഭവം ലഭിക്കുവാൻ "RGV Gateway to the Stars " എന്ന  Tours-ഉം ഒരുക്കിയിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച്  സാൻ ഹുവാൻ ബസ്ലിക്കയും അനുബന്ധമായ  സുപ്രധാന വിശുദ്ധ ഇടങ്ങളും , സ്പേസ് X സെന്റർ, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാൻഡ് വാലിയിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ടൂർ പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതിലൂടെ IPSF 2026 ഒരു കായികമേള മാത്രമല്ല, കുടുംബസമേതം ആസ്വദിക്കാവുന്ന സമഗ്രമായ സാമൂഹിക, സാംസ്കാരിക,  വിനോദസഞ്ചാര അനുഭവമായി മാറുന്നു.

സ്പോർട്സ് മത്സരങ്ങൾ, കുടുംബസംഗമം, ബിസിനസ് നെറ്റ്‌വർക്കിംഗ്, സാംസ്കാരിക പരിപാടികൾ, വിനോദസഞ്ചാരം  , സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന IPSF 2026, അമേരിക്കയിലെ സീറോ-മലബാർ സമൂഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇവന്റായി മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാ വ്യക്തികളെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഈ മഹത്തായ സമൂഹ സംരംഭത്തിന്റെ ഭാഗമാകാൻ സംഘാടകർ  ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

IPSF-2026 കമ്മറ്റി ചെയർ ആയ റവ. ഫാദർ റോയി മൂലേച്ചാലിനൊപ്പം ജനറൽ കോർഡിനേറ്റർ ബിജു ജോസഫ്, ട്രസ്റ്റിമാരായ ജോജോ തോമസ്, മനോജ് മൈക്കിൾ  ഉൾപ്പടെയുള്ള ലീഡ് കോർഡിനേറ്റർമാർ പത്രസമ്മേളനത്തിൽ സ്പോർട്സ് ഫെസ്റ്റിനന്റെ ഒരുക്കങ്ങളെക്കുറിച്ച വിശദമായി സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനുമായി സന്ദർശിക്കുക:
www.ipsf-2026.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക