Image

സഫലമാകാത്ത വായന ( കവിത : താഹാ ജമാൽ )

Published on 21 July, 2026
സഫലമാകാത്ത വായന ( കവിത : താഹാ ജമാൽ )

ഓരോ ചിന്തകളിലും
അതിരുകളില്ലാത്ത ഇടനാഴികൾ
ഓരോ ഇടനാഴിയിലും
ജീവിതഞരക്കങ്ങൾ.

ജീവിതത്തിൻ്റെ 
പിന്നാമ്പുറകഥയെഴുതുന്ന
കഥാകാരൻ
വഴി മാറിച്ചവിട്ടി
ജീവിതത്തെ തിരക്കഥയാക്കി
സിനിമാക്കാർക്ക് വില്ക്കുന്നു

വഴിവക്കിലെ പൊതു ടാപ്പിൽ നിന്നും
വയറുനിറച്ച് വെള്ളം കുടിയ്ക്കുന്ന
തെരുവ് ബാലൻ്റെ ചാക്കിൽ
ജീവിതത്തിൻ്റെ പെറുക്കിക്കുട്ടലുകൾ
അമ്മത്തൊട്ടിലിലെ കുഞ്ഞിനെ
ആരെടുക്കുമെന്ന് മറഞ്ഞു നോക്കുന്ന
അമ്മ
ബുദ്ധപ്രതിമ പോലെ
ആൽമരത്തിൻ്റെ പിന്നിൽ
ബുദ്ധൻ

ചിതറിത്തെറിയ്ക്കുന്ന 
പിഞ്ഞാണങ്ങൾ പോലെ
തെരുവിൽ ജീവിതം
നിമിഷങ്ങൾക്കു മേൽ മിനുറ്റുകളുടെ
ആധിപത്യം
ദരിദ്രമാക്കപ്പെടുന്ന വയലുകൾ നിറയെ
കളപറിയ്ക്കാനാവാത്ത കൈയ്യേറ്റങ്ങൾ
പിന്നാമ്പുറത്തെ ചേമ്പിലത്താളിൽ
നൃത്തം വെക്കുന്ന മഴത്തുള്ളിയ്ക്ക്
മാത്രമറിയാം
കാറ്റിൻ്റെ കടന്നുവരവുകൾ
നൃത്തം വെച്ചങ്ങനെ
മഴത്തുള്ളിയ്ക്കും അടിപതറുന്നു
കാഴ്ചകൾ ചിന്തേരിട്ടു വെച്ചിരിക്കുന്ന
ഷെൽഫുകളിലിരുന്ന്
'ഷെല്ലിയെ 'വായിക്കുന്ന പല്ലി മാത്രം
ദീർഘദർശനം ചെയ്യുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക