Image

കാനഡയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു, മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ഫണ്ട് സമാഹരണം ആരംഭിച്ചു

Published on 21 July, 2026
കാനഡയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി  മരിച്ചു, മൃതദേഹം ഇന്ത്യയിലെത്തിക്കാൻ  ഫണ്ട് സമാഹരണം ആരംഭിച്ചു

റെജൈന: കാനഡയിലെ സസ്കാച്വാനിലുണ്ടായ വാഹനാപകടത്തിൽ 22-കാരനായ ഇന്ത്യൻ വിദ്യാർഥി ഭീഷ്മ രാജ്യഗുരു മരിച്ചു. ജൂലൈ 18-ന് രാത്രി ഏകദേശം 9 മണിയോടെ റെജൈനയ്ക്കും ലംസ്ഡെനും ഇടയിലുള്ള ഹൈവേ 11-ൽ വെച്ചാണ് ഈ ദാരുണമായ അപകടം നടന്നത്.കനേഡിയൻ ഫുട്ബോൾ ലീഗ് (CFL) താരമായ ജെയ്ഡൻ ഡാൽകെ ഓടിച്ചിരുന്ന വാഹനം റോഡിന്റെ തെറ്റായ ദിശയിലൂടെ വന്ന് ഭീഷ്മ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

2022 ഏപ്രിലിൽ വലിയ സ്വപ്നങ്ങളുമായി ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ ഭീഷ്മ, സൗഹൃദപരമായ സ്വഭാവവും സംഗീതത്തോടുള്ള ഇഷ്ടവുകൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. ഉത്തരവാദിത്തമുള്ള മകനും ആത്മാർഥ സുഹൃത്തും കഴിവുള്ള സംഗീതജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഭീഷ്മയുടെ ഭൗതികദേഹം ഇന്ത്യയിലെത്തിച്ച് കുടുംബത്തിന് കൈമാറുന്നതിനും അന്ത്യകർമങ്ങൾക്കുമായി സുഹൃത്തുക്കൾ gofund me ധനസമാഹരണ ക്യാമ്പെയ്ൻ ആരംഭിച്ചു. ഭീഷ്മയുടെ മാതാപിതാക്കൾ ഇന്ത്യയിലാണെന്നും മകനെ അവസാനമായി കാണാനും സ്വദേശത്ത് അന്ത്യയാത്ര നൽകാനും സഹായം ആവശ്യമാണെന്നും സുഹൃത്തുക്കൾ അറിയിച്ചു.

വിരാജ് മിസ്ട്രിയും ദക്ഷ് റാവലും ചേർന്നാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്. സമാഹരിക്കുന്ന തുക ഭൗതികദേഹം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചെലവുകൾക്കുമായി ഉപയോഗിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവർ ക്യാമ്പെയ്ൻ കൂടുതൽ ആളുകളിലേക്ക് പങ്കുവച്ച് പിന്തുണ നൽകണമെന്നും സുഹൃത്തുക്കൾ അഭ്യർഥിച്ചു. ഭീഷ്മയുടെ മരണത്തിൽ കാനഡയിലെ ഗുജറാത്തി സമാജ് ഓഫ് സസ്കാച്വാനും അനുശോചനം രേഖപ്പെടുത്തി. സംഭാവന നൽകാൻ താൽപര്യമുള്ളവർ ​ഗോഫണ്ടിലൂടെ (https://gofund.me/e56c40faa) ഭീഷ്മയുടെ കുടുംബത്തിന് സഹായം നൽകുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക