
കോട്ടയം: അവിശ്വാസ പ്രമേയം പാസായതിനു പിന്നാലെ പ്രതികരണവുമായി പാലാ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തത്. ജനാധിപത്യപരമായ വിധിയെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നുവെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നേതൃത്വമാണ് തനിക്ക് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കിയത്. കഴിഞ്ഞ ആറുമാസത്തെ ഭരണത്തിനിടയില്‍ ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ല. അതിനാല്‍ പൂര്‍ണ അഭിമാനത്തോടെയാണ് കസേരയില്‍ നിന്ന് ഇറങ്ങുന്നത്. ഇനി കൗണ്‍സിലറായി തുടരുമെന്നും നിര്‍ത്തിവെച്ച പഠനവുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
തനിക്കെതിരെ ഉയര്‍ന്ന ഒരു ആരോപണം പോലും തെളിയിക്കാന്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ക്കോ അതിനെ പിന്തുണച്ചവര്‍ക്കോ സാധിച്ചിട്ടില്ലെന്നും ദിയ ചൂണ്ടിക്കാട്ടി. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതുതാല്‍പ്പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു.
ജനപ്രിയ തീരുമാനങ്ങളെക്കാള്‍ ശരിയായ തീരുമാനങ്ങളെടുക്കാനാണ് ശ്രമിച്ചത്. പദവികള്‍ വരികയും പോവുകയും ചെയ്യാം, എന്നാല്‍ സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതമെന്നും ദിയ കൂട്ടിച്ചേര്‍ത്തു. അതേസമയം പാലായിലെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ കാണുന്നുവെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.
യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ മുന്നണി നേതൃത്വം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ദിയ പാലിച്ചത്. യുഡിഎഫ് നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നേതൃത്വം ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ 'കൈ'വിട്ടു
കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.
പിന്നാലെ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണെന്നും ദിയ പറഞ്ഞു.
'ജനാധിപത്യവിധിയെ ഞാന്‍ പൂര്‍ണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങള്‍ വിനയപൂര്‍വ്വം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ക്കും അതിനെ പിന്തുണച്ചവര്‍ക്കും സാധിച്ചിട്ടില്ല. അതില്‍ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്', ദിയ പ്രസ്താവനയില്‍ പറഞ്ഞു.
പദവികള്‍ വരും, പോകും. എന്നാല്‍ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് താന്‍ ഇനിയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയെന്നും പാലായിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ദിയ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഭരണം പാലായിലുണ്ടാകുമെന്നും ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ പ്രതികരിച്ചു. 'അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപോലും ഞങ്ങളുടെ വാര്‍ഡുകളില്‍ ചെയ്യരുതെന്ന് പറഞ്ഞ ഒരു ചെയര്‍പേഴ്‌സണോട് ഞങ്ങളെന്ത് പറയണം? പാലായില്‍ എവിടെയാണ് വികസനമുണ്ടായത് കല്ലില്‍ കൊത്തിയ ഒരു വികസനം എവിടെയെങ്കിലുമുണ്ടോ? ദിയ ബിനു പുളിക്കകണ്ടത്തിന്റെ പേരെഴുതിയ പ്രൊജക്ട് എവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്.
പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടേമില്‍ ചേയര്‍പേഴ്‌സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു.