Image

ഇടറുന്ന മര്‍മ്മരങ്ങള്‍ (സാഹിത്യം: പി എസ് ജോസഫ്‌)

Published on 21 July, 2026
ഇടറുന്ന മര്‍മ്മരങ്ങള്‍ (സാഹിത്യം: പി എസ് ജോസഫ്‌)

ഒരു കവിതയുടെ തുടക്കം  എപ്പോഴാണ് ?വെളുത്ത കടലാസ്സില്‍ ആശയങ്ങള്‍ അക്ഷരങ്ങള്‍ ആകാന്‍ മടിച്ചു നില്‍ക്കുന്ന ആ നിമിഷത്തെ പറ്റി നോബല്‍ ജേതാവായ പോളിഷ് കവി വിസ്വാവ സിമ്പോഴ്സ്ക്ക പറയുന്നുണ്ട് .ജീവന്‍റെ മറ്റു  കണികകളില്‍ നിന്ന് വ്യത്യസ്തമായി നമുക്ക് മാത്രമാണ് ശരീരവും വാക്കുമായി മാറാന്‍ കഴിയുന്നതെന്ന് ,അത്ര കടുത്ത പീഡകളിലൂടെ ആണ് നാം കടന്നു പോകുന്നതെന്ന് അവര്‍ തന്‍റെ സ്വയം പിളരുമ്പോള്‍( ഓട്ടോടോമി )എന്ന കവിതയില്‍ പറയുന്നു .

ആസന്നമായ വിപത്തില്‍ ഒരു കടല്‍ വെള്ളരി  രണ്ടായി പിളരുന്നു 
തന്‍റെ ഒരു പാതി ലോകത്തിനു ഭക്ഷിക്കാന്‍ വിട്ടു കൊടുത്തു 
മറുപാതിയുമായി അത്  രക്ഷപെടുന്നു…
സ്വയം പിളരാന്‍ നമുക്കും അറിയാം 
ദേഹവും ഇടറുന്ന മര്‍മ്മരവുമായി
ദേഹവും കവിതയുമായി …

  
(In danger ,the holothurian splits itself in two
it offers one self to be devoured by the world
And in its second self ,escapes....
We, too know how to split ourselves ,
but only into the flesh and a broken whisper,
Into the flesh and poetry.)

ജൂലൈ രണ്ടിനു  അവരുടെ വിസ്വാവ സിമ്പോഴ്സ്ക്കയുടെ  ജന്മവാര്‍ഷികമായിരുന്നു . വിസ്വാവ സിമ്പോഴ്സ്ക്ക മുന്നൂറ്റി അമ്പതില്‍  താഴെ കവിതകളെ എഴുതിയിട്ടുള്ളൂ .പക്ഷെ അവ ആദിമ കവിത പോലെ ആദ്യത്തെ കവിതകളായി മാറി.പ്രവാചകന്മാരുടെ പുസ്തകം  എഴുതിയ അജ്ഞാത നാമാതാവ് ആദിമ കവിത രചിക്കുകയായിരുന്നു എന്നവര്‍ പറയുന്നുണ്ട് .അതായത് ഓരോ കവിയുടെയും വരികള്‍ ആദ്യ ജീവിത സ്പന്ദനങ്ങള്‍ ആണെന്ന്  അവര്‍ ഉറക്കെ പറയുന്നു  

 ഹിറ്റ്ലറിന്റെ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍  എഴുതി, ഇനി കവിതയില്ല ,(ഈശ്വരനില്ല ,മനുഷ്യരുമില്ല.)മനുഷ്യനെ മനുഷ്യനായി കാണാനാവാത്ത ഒരു യുഗം വരുമ്പോള്‍ പിന്നെയെന്തിനാണ് കവിതയും കലയും ജീവിതവും ?ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ രൂപം കൊണ്ട നവ കാവ്യരീതികള്‍ രണ്ടാം ലോകമഹായുദ്ധത്തോടെ ഇല്ലാതായി.ലോകത്തെയും മനുഷ്യരെയും കാണാന്‍ പുതിയ രചനാരീതികള്‍  അവശ്യമായി .എന്നാല്‍ ഒരു കവിക്ക്‌ എന്തു ഉപകരണമാണ്  സ്വന്തമായുള്ളത് ?ചില ചെറിയ വാക്കുകള്‍ മാത്രം .മുറിയുന്ന വരികള്‍ .അര്‍ദ്ധവിരാമങ്ങള്‍ ,പൂര്‍ണ്ണവിരാമങ്ങള്‍ ,അപൂര്‍ണ്ണ വിരാമങ്ങള്‍ .പിന്നെ നവം നവമായ ഭാഷ .പഴകിയ വാക്കുകള്‍ക്കു പുതിയ ശേല് നല്‍കി,അര്‍ത്ഥ വ്യാപ്തി നല്‍കി മൌനത്തിനും ഇടവേളകള്‍ക്കും ശക്തി നല്‍കി അത് തന്നെ ഭൂമിയുടെ അതിരുകള്‍ നിശ്ചയിക്കുന്നു .ഏകാധിപതികളുടെയും ഭീകരരുടെയും ഭീഷണി മറികടന്നു ,മരണത്തിന്‍റെ അതിര്‍വരമ്പില്‍ നിന്ന് വലിയൊരു യാത്ര നടത്തി ഒന്നോ രണ്ടോ വരികളുടെ മൌനത്തില്‍ മറ്റൊരു പ്രവാചകന്റെ പുസ്തകം സൃഷ്ടിക്കുകയാണ് അവരുടെ  ദൗത്യം.

 ഇസങ്ങള്‍ക്ക് കുഴലൂത്ത് നടത്തിയ  കവികള്‍ മനം നൊന്ത് ആല്മഹത്യയില്‍ അഭയം കണ്ടെത്താന്‍ നിര്‍ബന്ധിതരായപ്പോള്‍ നരകത്തിന്റെ വേദന കണ്ടറിഞ്ഞ ചിലരെങ്കിലും കവിതയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തി .അവര്‍ ജനകീയ കവികള്‍ ആയിരുന്നില്ല അല്ലെങ്കില്‍ കാലം  അവരെ ജനകീയ കവികളാക്കി പ്രതിഷ്ടിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ . .അന്ന ആഖ്മാതോവയെയും സിമ്പോഴ്സ്ക്കയെയും  ഒസ്സിപ്പി  മേന്ടെല്‍  സ്ട്രോമിനെയും സെസ്ലോ മിലോസിനെയും പോലെ കോണ്‍സെന്ട്രെഷന്‍ ക്യാമ്പിന്റെ ഭീതിദമായ നിറങ്ങള്‍ കണ്ടവര്‍ മൗനത്തില്‍ കവിതകള്‍ രൂപപ്പെടുത്തി .ഒന്നോ രണ്ടോ വരികളില്‍ അവര്‍ പ്രപഞ്ചത്തിന്റെ ദുഃഖം കവിതയില്‍ ഒതുക്കി ..അവര്‍ക്കത്‌ ജീവിതത്തിന്‍റെ സാക്ഷ്യം ആയിരുന്നു .

 ഇത്തരം കവിതകള്‍ക്ക് പുതിയ ആവിഷ്കരണരീതിയും പദങ്ങളും ഭൂമികയും വേണ്ടിയിരുന്നു.യുറോപ്പില്‍ നിന്നുള്ള കവികള്‍ക്ക് ഫാസിസത്തെ മറന്നൊരു കവിത ഉണ്ടാകില്ല. ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും .അത് കൊണ്ടു തന്നെയാണ് സിമ്പോഴ്സ്ക്കയുടെ  കവിതകളില്‍ ജീവശാസ്ത്രവും കാലവും പ്രധാന ഘടകമായി  മാറുന്നത് സ്വയം പിളരുന്ന ഒരു കടല്‍ വെള്ളരി  പോലും കാവ്യ ബിംബമായി മാറുന്നത് .ദൈവത്തിന്‍റെ സമയത്തെക്കാള്‍ അവര്‍ ജീവികളുടെ സമയത്തെ ഇഷ്ടപ്പെടുന്നത് .

ജന്മദിനം എന്ന അവരുടെ കവിത നോക്കുക :
സ്വപ്നംപോലെ തിളങ്ങുന്ന ഈ സായാഹ്ന സൂര്യന്‍ 
ഒരു പക്ഷെ ,നാളെ സൂര്യോദയം  കാണാന്‍ 
ഇടയില്ലാത്ത നമ്മുടെ രണ്ടു കണ്ണുകള്‍ക്ക്‌ ഇത്തിരി അധികമല്ലേ?
അഞ്ചു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള നമ്മുടെ ജീവിത വൃത്തം!
ക്ഷണികമായ  ഒരു നിമിഷത്തെ കാഴ്ചക്കായി 
എത്രയോ അധ്വാനമാണ് ഈ പൂവിതളുകളില്‍,അതിന്റെ സുഗന്ധങ്ങളില്‍
വാരിവിതറിയിരിക്കുന്നത്   …

(Isn’t sunset a little too much for two eyes
That, who knows, may not open to see the sun rise?
I am just passing through, it’s a five-minute stop.
What a loss when you think how much effort was spent
perfecting this petal, this pistil, this scent

കവിത ഒരു ഇടറുന്ന മര്‍മ്മരം മാത്രമാണെന്ന് അറിയാം ഈ കവികള്‍ക്ക് .കാലത്തിന്റെ സാക്ഷ്യം പറയാന്‍ നിര്‍ബന്ധിതരായ ഇവര്‍ക്ക് കാലത്തോട് സംവദിക്കുന്നതിനുള്ള വലിയ പരിമിതിയും ഭാഷയാണ് .

എവിടെ എങ്ങനെ എഴുതും?മര്‍ദ്ദകരുടെ ഭാഷയില്‍ ?പീഡിതരുടെ മൌനങ്ങളില്‍ ?.ആര്‍ക്കും പിടികൊടുക്കാത്ത കാലത്തിന്റെ ചുവരുകളില്‍ മാഞ്ഞു മാഞ്ഞു പോകുന്ന എഴുത്തുകളായി  അവസാനിക്കാനാണോ അവയുടെ വിധി.

തിരസ്കരിക്കപ്പെട്ട കവിത വീണ്ടും ജീവന്‍ ആര്ജിക്കുന്നു.പൂക്കളും ചെടികളും മാത്രമല്ല ജിവിതത്തിന്റെ മഹാ മൌനവും കവിതയില്‍ പ്രതിഫലിപ്പിച്ച സിമ്പോഴ്സ്ക്കയെ  കുടുതല്‍ പേര്‍ വായിക്കുന്നു അവരെ പറ്റി ചിന്തിക്കുന്നു കാലത്തിന്റെ സാക്ഷ്യം അവര്‍ നിര്‍വഹിക്കുന്നു .

ഈ നൂറ്റാണ്ടിലെ മികച്ച ചലച്ചിത്ര സൃഷ്ടികളില്‍ ഒന്നായ ക്രിസ്റ്റോഫ് ക്രിസ്ലോവ്സ്ക്കിയുടെ സിനിമത്രയത്തിലെ (ഫ്രഞ്ച് പതാകയുടെ നിറങ്ങള്‍ ,ആണ് ഈ സിനിമകള്‍ക്ക്‌ ആധാരം)സാഹോദര്യത്തെ പറ്റിയുള്ള കളര്‍ റെഡ് അവരുടെ  പ്രഥമ ദര്‍ശനത്തില്‍ പ്രണയം  എന്ന കവിതയില്‍ പ്രചോദനം കൊണ്ടായിരുന്നു  എന്നത് കവിത മരിച്ചിട്ടില്ല എന്നതിന് വലിയ സാക്ഷ്യമാണ്‌..

അദൃശ്യമായ, പെട്ടെന്നുണ്ടായൊരു വികാരാവേശത്താല്‍

ബന്ധിതരാണ് തങ്ങളെന്ന്
അവര്‍ക്ക് മനസ്സിലായി.
അനിശ്ചിതത്വം മനോഹരമാക്കുന്ന ഒന്ന്.

……………………..

തീര്‍ച്ചയായും
ചില സൂചനകള്‍ ഉണ്ടായിരുന്നു
അറിയുമെങ്കില്‍ അറിഞ്ഞെടുക്കട്ടെ എന്ന പോലെ,
എന്നാല്‍ അത് വായിച്ചെടുക്കാനുള്ള അറിവ്
അന്നവര്‍ക്കുണ്ടായിരുന്നില്ല.
ചിലപ്പോള്‍ അത്
തോളോട് തോള്‍ തട്ടി
ചിരിച്ചകന്നൊരു ഇല ആയിരുന്നിരിക്കാം.
മറന്നുവച്ചതെന്തോ തിരിച്ച് എല്പ്പിച്ചതുമാവാം.
ആര്‍ക്കറിയാം
ചിലപ്പോളത്
കുട്ടിക്കാലത്ത്
പൊന്തകള്‍ക്കിടയില്‍ നഷ്ടപ്പെട്ടൊരു കളിപ്പന്തായിരുന്നിരിക്കാം!
തമ്മിലറിയാതെ സ്പര്ശിച്ച്കന്ന വാതില്പ്പിടികള്‍.
അറിയാതെ തൊട്ടു തൊട്ടു വച്ച യാത്രാസഞ്ചികളാവാം.
ഉണരും മുന്‍പേ മാഞ്ഞുപോയ
ഒരുമിച്ചു കണ്ടൊരു സ്വപ്നവുമാവാം.
എല്ലാ തുടക്കങ്ങളും
തുടര്‍ച്ചകള്‍ ആവുന്നു
എങ്കിലും
ഇനിയും വെളിപ്പെടാനുണ്ട്
ഇനിയും അറിയുവാനുണ്ട് എന്ന മട്ടില്‍
കണ്ണ് പൊത്തിക്കളിക്കുന്നുണ്ട് കാലം .

(ഗീതാ ജാനകിയുടെ പരിഭാഷ)

കൗതുകകരമെന്നെ പറയേണ്ടു ഇതേ കവിത ഈ നൂറ്റാണ്ടിലെ ശ്രദ്ധേയമായ ചൈനീസ് സിനിമ ടേണ്‍ ലെഫ്റ്റ്,ടേണ്‍ റൈറ്റ് എന്ന സിനിമയിലും ഉപയോഗിച്ചിരിക്കുന്നു .

ഒരു കവിയുടെ കാല്പാടുകള്‍ എവിടെയെല്ലാം പതിഞ്ഞിരിക്കുന്നു  എന്നറിയാന്‍ മലയാളത്തില്‍ തന്നെ വന്ന അവരുടെ കവിതകള്‍ നോക്കിയാല്‍ മതി എ പ്രതാപനും ജുനൈദും രവിശങ്കറും ആല്‍ബര്‍ട്ടോ കൈറോയുമെല്ലാം ആ രചനകള്‍ക്ക് മലയാളത്തില്‍ മറു ഭാഷ്യം തീര്‍ത്തിരിക്കുന്നു ..

 കവിതയുടെ പുതു യുഗ ചിത്രങ്ങള്‍ ഇന്ന് തീര്‍ക്കുന്നത് സിമ്പോഴ്സ്ക്കയെയും  ആഖ്മാതോവയും പോലുള്ളവരാണ് .ഇസങ്ങള്‍ക്കപ്പുറം മനുഷ്യനെ ഉപാസിക്കുന്നവര്‍ .ഈ ജന്മശതാബ്ദിയില്‍ മറ്റെന്താണ് അവര്‍ക്ക് നല്‍കാനുള്ള ഉപഹാരം  ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക