
സിറ്റിസൺ ജേണലിസത്തിൽ, പ്രത്യേകിച്ചും യുദ്ധം റിപ്പോർട്ട് ചെയ്യുമ്പോൾ പക്ഷപാതപരമായ നിലപാടുകൾ എത്രത്തോളം ഉണ്ടാകും?.ഇസ്രയേല്‍ ഹമാസ് യുദ്ധകാലത്തെ ഈ പഠനം യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഇന്നും എന്നും പ്രസക്തം
സിറ്റിസൺ ജേണലിസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അല്ലെങ്കിൽ
നന്മകളും തിന്മകളും തിരിച്ചറിയാനും ഭാവിയിൽ അതിന്റെ
ഗതിവിഗതികളെ എങ്ങനെ നിയന്ത്രിക്കണമെന്ന ചിന്തിക്കാനും ഉള്ള ഒരു
അവസരമായി ഈ യുദ്ധം. പരമ്പരാഗത അച്ചടി മാധ്യമങ്ങൾക്കും
പിൽക്കാരൽത്തുവന്ന ദൃശ്യവാർത്താ മാധ്യമങ്ങൾക്കും ഒരു യുദ്ധം
റിപ്പോർട്ട് ചെയ്യുന്നതിൽ പല പരിമിതികളുമുണ്ട്, ഇക്കാലത്ത്
പ്രത്യേകിച്ചും. രണ്ട് ലോകയുദ്ധങ്ങളും സ്പാനിഷ് യുദ്ധം, ക്രിമിയൻ
യുദ്ധം, വിയറ്റനാം യുദ്ധം എന്നിവയൊക്കെ പരമ്പരാഗത
മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത് അതിസാഹസികമായാണ്.
പിൽക്കാലത്ത് ജനീവാകൺവെന്ഷൻ യുദ്ധ റിപ്പോർട്ടർമാർക്ക് പരിരക്ഷ
നൽകുന്നതിനുള്ള ഉപാധികൾ മുന്നോട്ടുവെച്ചെങ്കിലും ഇന്നും യുദ്ധ
റിപ്പോർട്ടിംഗ് ആപൽക്കരമായ ഒരു സാഹസികദൗത്യം തന്നെ. ഒരു യുദ്ധ
റിപ്പോർട്ടറുടെ ഉത്തമമാതൃകയാണ് ഏണസ്റ്റ് ഹെമിങ്‌വേ. യുദ്ധ
റിപ്പോര്ട്ടിംഗിനിടയിൽ ഗുരുതരമായി. പരിക്കേൽക്കുമെന്നോ
കൊല്ലപ്പെടുമെന്നോ കരുതിയില്ല ഒരു റിപ്പോർട്ടറും യുദ്ധം റിപ്പോർട്ട്
ചെയ്യാൻ പോകുന്നത്. യുദ്ധറിപ്പോർട്ടിംഗ് ഒക്കെ കഴിഞ്ഞ് വർഷങ്ങൾക്ക്
ശേഷം മെൻ അറ്റ് വാർ എന്ന പുസ്തകത്തിൽ ഹെമിംഗ്‌വേ എഴുതി:
"ഒരു ആൺകുട്ടിയായി നിങ്ങൾ യുദ്ധത്തിന് പോകുമ്പോൾ നിങ്ങൾക്ക്
അമർത്യതയുടെ ഒരു വലിയ മിഥ്യയുണ്ട്. മറ്റുള്ളവർ കൊല്ലപ്പെടുന്നു;
നിങ്ങളല്ല. . . . പിന്നീട് നിങ്ങൾക്ക് ഗുരുതരമായി മുറിവേൽക്കുമ്പോൾ,
ആദ്യം ആ മിഥ്യാബോധം നഷ്‌ടപ്പെടുമ്പോൾ അത് നിങ്ങൾക്കും
സംഭവിക്കുമെന്ന് നിങ്ങൾക്കറിയാം”
ലോകയുദ്ധങ്ങളോ വിയറ്റനാം യുദ്ധമോ പോലുള്ള അത്ര വ്യാപകമോ
ദീർഘമോ അല്ല ഹമാസ്-ഇസ്രായേൽ യുദ്ധം. എന്നാൽ അതിന്റെ
നശീകരണശേഷി അപാരമത്രെ. മുറിവേറ്റവർ ഉൾപ്പെടെ, യുദ്ധത്തിൽ
കൊല്ലപ്പെട്ട, പരിക്കേറ്റ, തടവിലാക്കപ്പെട്ട, അല്ലെങ്കിൽ കാണാതായ
മാധ്യമപ്രവർത്തകരുടെ എല്ലാ റിപ്പോർട്ടുകളും പരിശോധിക്കുന്ന സി പി
ജെ യുടെ (committee to protect journalists) കണക്കനുസരിച്ച് ഒക്‌ടോബർ 7-ന്
യുദ്ധം ആരംഭിച്ചതിന് ശേഷം ഒക്‌ടോബർ 22 വരെ, ഇരുപക്ഷത്തുമായി
മരിച്ച 4,000-ത്തിലധികം പേരിൽ 23 പത്രപ്രവർത്തകരും ഉൾപ്പെടുന്നു. 8
മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. 3
മാധ്യമപ്രവർത്തകരെ കാണാതാവുകയോ തടങ്കലിൽ വയ്ക്കുകയോ
ചെയ്തു. ഇസ്രായേൽ സൈനികരുടെ ഒരു കര ആക്രമണം,
വിനാശകരമായ ഇസ്രായേലി വ്യോമാക്രമണങ്ങൾ, ആശയവിനിമയം
തടസ്സപ്പെടുത്തൽ, വിപുലമായ വൈദ്യുതി മുടക്കം എന്നിവയെ
അഭിമുഖീകരിക്കുമ്പോൾ സംഘർഷം മറയ്ക്കാൻ ശ്രമിക്കുന്ന ഗാസയിലെ
മാധ്യമപ്രവർത്തകർക്ക് പ്രത്യേകിച്ച് അപകടസാധ്യതകൾ
നേരിടേണ്ടിവരുന്നു എന്ന് സി പി ജെ ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗത മാധ്യമങ്ങൾക്കും പുതിയകാലത്തെ വൻകിട
ദൃശ്യമാധ്യമങ്ങൾക്കും ഈ യുദ്ധം റിപ്പോർട്ട് ചെയ്യുക അതീവ
ദുഷ്കരമാണ്. അവിടെയാണ് സിറ്റിസൺ ജേണലിസം പ്രസക്തമാകുന്നത്.
യുദ്ധഭൂമിയുടെ നടുവിൽനിന്ന്, മിന്നിപ്പറക്കുന്ന റോക്കറ്റുകൾക്കും
നിരന്തരം വർഷിക്കപ്പെടുന്ന ബോംബുകൾക്കും ഇടയിൽനിന്ന് ആണ്
അവരുടെ റിപ്പോർട്ടുകൾ വരുന്നത്. പാരമ്പരാഗതമാധ്യമങ്ങൾക്ക് ഈ
റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. എങ്കിലും അവർ നേരിടുന്ന
ഒരു പ്രശ്നമുണ്ട്. സിറ്റിസൺ ജേണലിസം, പ്രൊഫഷണൽ
ജേണലിസ്റ്റുകളല്ലാത്തവരും എന്നാൽ വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ,
സോഷ്യൽ മീഡിയകൾ എന്നിവ ഉപയോഗിച്ച് വിവരങ്ങൾ
പ്രചരിപ്പിക്കുന്നവരും നടത്തുന്ന പത്രപ്രവർത്തനം ആണല്ലോ. "ഓരോ
പൗരനും ഒരു റിപ്പോർട്ടർ ആണ്" എന്ന് OhmyNews എന്ന ദക്ഷിണ
കൊറിയൻ ഓൺലൈൻ പത്രത്തിന്റെ സ്ഥാപകൻ ഓ യോൺ-ഹോ
അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ വാളെടുത്തവനൊക്കെ
വെളിച്ചപ്പാടാകുമോ?
സിറ്റിസൺ ജേണലിസ്റ്റുകൾ സാധാരണ പൗരന്മാരാണ്. അവർ പൊതുവേ
18 നും 35 നും ഇടയിൽ പ്രായമുള്ള വിദ്യാസമ്പന്നരായ യുവാക്കൾ.
വാർത്തകൾ പുറത്തുവന്നയുടൻ അവർ വിവരങ്ങൾ പ്രചരിപ്പിക്കുകയോ
വെളിപ്പെടുത്തുകയോ ചെയ്യുന്നു.അവർ സ്വന്തം ഉറവിടങ്ങളെ ആശ്രയിച്ച്
സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുന്നു.
എന്നാൽ ഇവർ എല്ലാവരും സത്യസന്ധമായാണോ വാർത്തകൾ
നൽകുന്നത്? അവരുടെ പക്ഷപാതങ്ങളും ദുർവ്യാഖ്യാനങ്ങളും അതിൽ
ഉൾപ്പെട്ടിട്ടുണ്ടോ? സിറ്റിസൺ ജേണലിസ്റുകളെ ആശ്രയിക്കുന്ന
പരമ്പരാഗത മാധ്യമങ്ങൾക്ക് ഇതൊരു വലിയ പ്രശ്നമാണ്. പരമ്പരാഗത
മാധ്യമ ങ്ങൾക്ക് പല നിയന്ത്രണങ്ങളും തത്വസംഹിതകളും
പാലിക്കേണ്ടതുണ്ട്. കൂടാതെ ഓരോ സ്ഥാപനത്തിനും അതിന്റേതായ
പ്രത്യേക നയം ഉണ്ടായിരിക്കും. അതിനൊക്കെ അനുസരിച്ചുമാത്രമേ
അവർക്ക് വാർത്തകൾ നൽകാൻ കഴിയു. എന്നാൽ സിറ്റിസൺ
ജേണലിസ്റ് ആകട്ടെ സർവ്വതന്ത്രസ്വതന്ത്രനാണ്! അയാൾക്ക് ഒരു
മുതലാളിയെയും പേടിക്കേണ്ടതില്ല. ഇക്കഴിഞ്ഞ ദിവസമാണല്ലോ
ഗാർഡിയൻ പത്രം നാലുപതിറ്റാണ്ടായി അവർക്ക് കാർട്ടൂൺ
വരച്ചുകൊണ്ടിരുന്ന സ്റ്റീവ് ബെല്ലിനെ പുറത്താക്കിയത്. ഇസ്രായേൽ
പ്രധാനമന്ത്രി നെതന്യാഹുവിനെ ചിത്രീകരിക്കുന്ന ഒരു കാർട്ടൂൺ
ആയിരുന്നു അത്. നെതന്യാഹു തന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചുമാറ്റി
വയറിന്റെ ഭാഗത്ത് ഗാസ ഭൂപ്രദേശത്തിന്റെ ആകൃതിയിലുള്ള
മാംസഭാഗം (pound of flesh )മുറിച്ച് നീക്കാൻ ശ്രമിക്കുന്നതാണ് കാർട്ടൂൺ.
പ്രസ്തുത കാർട്ടൂൺ വില്യം ഷെയ്‌ക്ക്‌സ്പിയറുടെ "വെനീസിലെ
കച്ചവടക്കാര"നിലെ ഷൈലോക്കിനെ ഓർമിപ്പിക്കുന്നുവെന്നും
അതിനാൽത്തന്നെ ജൂതവിരുദ്ധമാണെന്നും ഉള്ള വിചിത്രവാദം
ഉന്നയിച്ചാണ് മാനേജ്‌മെന്റ് കാർട്ടൂൺ നിരസിച്ചതും കാർട്ടൂണിസ്റ്റിനെ
പുറത്താക്കിയതും. പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ആ കാർട്ടൂൺ
ലോകമാകെ പ്രചരിച്ചു.

വ്യത്യസ്ത നിയന്ത്രണങ്ങളും വ്യത്യസ്ത എഡിറ്റോറിയൽ നയങ്ങളുമുള്ള
മാധ്യമ സ്ഥാപനങ്ങൾ പരമ്പരാഗത മാധ്യമ ഉള്ളടക്കം നിർമ്മിക്കുകയും
പ്രചരിപ്പിക്കുകയും ആണല്ലോ ചെയ്യുന്നത്. സിറ്റിസൺ ജേണലിസത്തിൽ,
അത്തരം ഉള്ളടക്കം സ്വതന്ത്രമായും പ്രൊഫഷണൽ മീഡിയ
സ്ഥാപനങ്ങളുമായി കരാർ ചെയ്യാതെയും നിർമ്മിക്കുന്നു. അവരുടെ
വാർത്തകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ പരമ്പരാഗത മാധ്യമങ്ങൾക്ക്
സ്വകാര്യതാ പ്രശ്‌നങ്ങൾ, ദേശീയ സുരക്ഷ, അപകീർത്തി സംബന്ധിച്ച
നിയമങ്ങൾ എന്നിവയും അവരുടെ മാധ്യമ സ്ഥാപനങ്ങളുടെ
എഡിറ്റോറിയൽ നയത്തിന്റെ സങ്കീർണ്ണതകളും പരിഗണിക്കേണ്ടതുണ്ട് .
ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് മാധ്യമ ധാർമ്മികത.
ഡിജിറ്റൽ ഉള്ളടക്കം നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന
അമച്വർമാർ ഡിജിറ്റൽ മീഡിയ നൈതികത കണക്കിലെടുക്കുന്നില്ലെന്ന്
ചിലർ വാദിക്കുന്നു. നിഷ്പക്ഷത, വസ്തുനിഷ്ഠത, സ്വാതന്ത്ര്യം,
സന്തുലിതാവസ്ഥ, സ്ഥിരീകരണം, വിശ്വാസ്യത മുതലായവ പോലുള്ള
പ്രൊഫഷണൽ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട തത്വങ്ങളെയും
മാനദണ്ഡങ്ങളെയും കുറിച്ച് അവർക്ക് മതിയായ അറിവ്
ഉണ്ടായിരിക്കില്ല. അഥവാ പലപ്പോഴും ബോധപൂർവം തന്നെ അവർ
അതൊന്നും കണക്കിലെടുക്കുകയില്ല.
സിറ്റിസൺ ജേണലിസത്തിൽ, പ്രത്യേകിച്ചും യുദ്ധം റിപ്പോർട്ട്
ചെയ്യുമ്പോൾ പക്ഷപാതപരമായ നിലപാടുകൾ എത്രത്തോളം ഉണ്ടാകും.
പൊതുവിൽ യുദ്ധറിപ്പോർട്ടിംഗിലെ പക്ഷപാതിത്വത്തെക്കുറിച്ച് ഹെമിങ്
വേ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സ്പാനിഷ് യുദ്ധ
റിപ്പോർട്ടുകളെക്കുറിച്ച് ചിലർ ഉയർത്തിയിരുന്ന ഒരു പരാതി അദ്ദേഹം
ഒരു റിപ്പബ്ലിക്കൻ പക്ഷപാതിയാണെന്നായിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള
ഹെമിംഗ്‌വേയുടെ കവറേജ് ഫ്രാങ്കോയ്ക്കും ദേശീയവാദികൾക്കും
എതിരാണെന്ന് വിമർശിക്കപ്പെട്ടു. യുദ്ധശേഷം, 1951-ൽ സുഹൃത്ത്
കാർലോസ് ബേക്കറിന് എഴുതിയ കത്തിൽ ഹെമിംഗ്‌വേ ഈ
വിമർശനങ്ങളെ ഇപ്രകാരം വിശദീകരിച്ചു."സ്പാനിഷ്
ആഭ്യന്തരയുദ്ധത്തിൽ റിപ്പബ്ലിക് ഭാഗത്ത് കുറഞ്ഞത് അഞ്ച്
കക്ഷികളെങ്കിലും ഉണ്ടായിരുന്നു. ഞാൻ അഞ്ചെണ്ണത്തെക്കുറിച്ചും
മനസിലാക്കാനും വിലയിരുത്താനും ശ്രമിച്ചു, ഞാൻ ആരുടെ
പക്ഷത്തുമല്ല.. എനിക്ക് ഒരു പാർട്ടിയും ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക്
റിപ്പബ്ലിക്കിന്റെ കാര്യത്തിൽ ആഴത്തിലുള്ള താൽപ്പര്യവും സ്നേഹവും
ഉണ്ടായിരുന്നു. എന്നാൽ മറുപക്ഷത്തെക്കുറിച്ചും ഞാൻ എഴുതാൻ
ശ്രമിച്ചു, ." ഇതിന്റെ അർത്ഥം വ്യക്തിപരമായ നിലപാടുകൾ
യുദ്ധറിപ്പോർട്ടിംഗിന്റെ സത്യസന്ധതയെ ബാധിക്കരുത് എന്നാണ്.
ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ കാര്യത്തിൽ പൊതുവിൽ
ബഹുഭൂരിപക്ഷവും പലസ്‌തീൻ-നോട് അനുഭാവമുള്ളവരാണ്.
അതേസമയം ഹമാസിന്റെ അക്രമങ്ങളെ അവർ എതിർക്കുകയും
ചെയ്യുന്നു. ഹമാസിന്റേത് തീവ്രവാദ നിലപാടെന്ന് വിമർശിക്കുമ്പോഴും
ഇന്ത്യ പാലസ്‌തീനിലേക്ക് സഹായമെത്തിക്കുന്നു. ഇസ്രായേൽ- ഹമാസ്
യുദ്ധത്തിന്റെ കാര്യത്തിൽ മറ്റൊരു പ്രശ്നമുണ്ട്. രണ്ടുകൂട്ടരും
സമൂഹമാധ്യമങ്ങളെ പ്രചാരണത്തിനായി വൻതോതിൽ ആശ്രയിക്കുന്നു.
വ്യാജവാർത്തകൾ അവർ പരസ്പരം വാരിയെറിയുന്നു. ഇരുപക്ഷവും
ആയുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധത്തിലെന്നപോലെ
പൊതുജനാഭിപ്രായരൂപീകരണ യുദ്ധത്തിലും വിജയിക്കാൻ പാടുപെടുന്നു.
അതിനായി സോഷ്യൽ മീഡിയയുടെ വിപുലമായ ഉപയോഗം
ഇരുകൂട്ടരും നടത്തി . ട്വിറ്റർ അക്കൗണ്ടുകൾ, ബ്ലോഗുകൾ, ഫേസ്ബുക്ക്
പ്രൊഫൈലുകൾ, മൾട്ടിമീഡിയ ക്ലിപ്പുകൾ എന്നിവ ശത്രുക്കളുടെ
പ്രചാരണം തടയാനും സ്വന്തം പ്രചാരണം വ്യാപിപ്പിക്കാനും
ഉപയോഗിക്കപ്പെടുന്നു.. ഇസ്രായേലി ഭാഗത്തുള്ള സൈബർ
യുദ്ധക്കളത്തിലേക്ക് സംഭാവന നൽകിയവർ വ്യക്തികളും അഭിഭാഷക
ഗ്രൂപ്പുകളും മുതൽ ബ്ലോഗുകളുള്ള ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് വരെ
ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ ഹമാസ് ആണ്
മുന്നിൽ. അറബ് ലോകം മൊത്തത്തിൽ അവർക്കൊപ്പമുണ്ട്. ലോകത്ത്
സമൂഹമാധ്യമങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കാപ്പെടുന്നത് അറബ്
ലോകത്താണ്. ഇരുപക്ഷവും പരസ്പരം നടത്തുന്ന ആരോപണങ്ങളുടെ
സത്യാവസ്ഥ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് ഫാക്ട്
ചെക്കിംഗ് അല്ലെങ്കിൽ ഫേക്ക് ഫൈഡിംഗ് സംവിധാനങ്ങൾ മുഴുവൻ
ഏർപ്പെട്ടിട്ടുള്ളത്. ഫാക്ട് ചെക്കിംഗ് ഇപ്പോൾ ഒരു പ്രത്യേക മാധ്യമ
നിരീക്ഷണ സംവിധാനമായി ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത
മാധ്യമങ്ങളിൽ പലതിലും ഇത് ഒരു സ്ഥിരം പംക്തിതന്നെയായാകുന്നു.
ചില ഉദാഹരണങ്ങൾ നോക്കാം. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ
സഹതാപം തുളുമ്പുന്ന നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ
പ്രചരിക്കുന്നത്. ഈ പോസ്റ്റുകളിലൊന്നിൽ, ഒരു വൈറൽ ചിത്രം
പങ്കിടുന്നു, ഇത് ഒരു സംഗീതോത്സവത്തിൽ പങ്കെടുത്ത അമിത്,നീർ എന്നീ
പ്രണയികൾ എടുത്തതാണെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കൾ
അകാശപ്പെടുന്നു. ഇസ്രായേൽ ആക്രമിക്കപ്പെടുമ്പോൾ, കൊല്ലപ്പെടുന്നതിന്
നിമിഷങ്ങൾക്ക് മുമ്പ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നാണ് അവർ ഈ ചിത്രം
എടുത്തതെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ ഈ അവകാശവാദം
ശരിയല്ല.. ഇസ്രായേൽ അക്രമണസമയത്ത് അമിതും നീരും കുറ്റിക്കാട്ടിൽ
ഒളിച്ചു എന്നത് ശരിതന്നെ. ഇതിനിടെ യുവാവ്
സെൽഫിയെടുത്തുവെങ്കിലും ഇരുവരും അപകടത്തിൽ അപായമൊന്നും
സംഭവിക്കാതെ രക്ഷപ്പെട്ടു. ജാഗരൺ ന്യൂസ് മീഡിയയുടെ ഫാക്ട്
ചെക്കിംഗ് സംവിധാനമായ വിശ്വാസ് ന്യുസ് ആണ് ഈ വസ്തുത
വെളിപ്പെടുത്തിയത്. മറ്റൊരു വ്യാജവാർത്ത ഇങ്ങനെ: മരിച്ച കുട്ടികളുടെ
വെള്ളയിൽ പൊതിഞ്ഞ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ
പ്രചരിക്കുന്നു. "പാലസ്തീനിൽ ശിശു വംശഹത്യ. 614 ഫലസ്തീൻ
കുട്ടികളെ ഇസ്രായേൽ ഐഒഎഫ് സേന കൊലപ്പെടുത്തി,” ഫോട്ടോയുടെ
അടിക്കുറിപ്പ് പറയുന്നു. അടുത്തിടെ നടന്ന ഇസ്രായേൽ-ഹമാസ്
സംഘർഷവുമായി ഫോട്ടോയ്ക്ക് ബന്ധമില്ലെന്ന് ഇന്ത്യ ടുഡേയുടെ ഫാക്ട്
ഫൈൻഡിംഗ് സംവിധാനം കണ്ടെത്തി. വാസ്തവത്തിൽ, 2013 ൽ
സിറിയയിൽ നടന്ന ഒരു സംഭവത്തിൽ നിന്നുള്ളതാണ്. ഗാസയുടെ
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബർ 13 വരെ
ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 614 കുട്ടികളെങ്കിലും
കൊല്ലപ്പെട്ടു.
ഒന്നും രണ്ടും ലോകയുദ്ധളുടെ കാലത്തെയോ വിയറ്റ്നാം
യുദ്ധകാലത്തെയോ പോലെയല്ല ഇന്നത്തെ യുദ്ധ റിപ്പോർട്ടിംഗ്. യുദ്ധത്തിൽ
സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കാണ്,
ദുരിതങ്ങൾക്കാണ് താൻ പ്രാധാന്യം നൽകിയതെന്ന് ഹെമിങ് വേ
പറഞ്ഞിട്ടുണ്ട്. വിയറ്റ്നാം യുദ്ധത്തിൽ യുദ്ധത്തിന്റെ
ധാർമികതയായിരുന്നു മുഖ്യപ്രശനം. വിയറ്റ്നാമീസ്-അമേരിക്കൻ
ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് അസോസിയേറ്റഡ് പ്രസിനായി എടുത്ത,
നേപ്പാം ആക്രമണത്തിൽ മുതുകിൽ ഗുരുതരമായി പൊള്ളലേറ്റതിന് ശേഷം
നഗ്നയായി റോഡിൽ ഓടുന്ന ഒമ്പത് വയസ്സുകാരിയുടെ ഫോട്ടോ
യുദ്ധത്തിന്റെ ധാർമികതയെക്കുറിച്ചുള്ള നിത്യമായ ചോദ്യമായി ഇന്നും
നിലനിൽക്കുന്നു. ലോകയുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലുമെന്നപോലെ
ഇസ്രായേൽ-ഹമാസ് യുദ്ധത്തിലും നിരപരാധികളായ സ്ത്രീകളും
കുട്ടികളും തന്നെയാണ് മുഖ്യ ഇരകളാകുന്നത്. അവരുടെ എത്രയെത്ര
ചിത്രങ്ങളാണ്, ഫുട്ടേജുകളാണ് ഇന്ന് പരമ്പരാഗത മാധ്യമങ്ങളിലും
നവമാധ്യമങ്ങളിലും നിറഞ്ഞുകവിയുന്നത്! എന്തുകൊണ്ടാണ് നിക്ക്
ഉട്ടിന്റെ ഫോട്ടോ പോലെ അവയ്ക്കൊന്നും മനുഷ്യമനഃസാക്ഷിയെ
ഞെട്ടിക്കാൻ കഴിയാത്തത്? നിക്ക് ഉട്ടിന്റെ ഫോട്ടോയുടെ ആംഗിൾ
വ്യത്യസ്തമാണ് എന്നതുതന്നെ കാരണം. എന്നാണ് നവമാധ്യമങ്ങളും
സിറ്റിസൺ ജേണലിസവും ഒരു പുതിയ അവബോധത്തിലേക്ക് ഉണരുക,
ഉയരുക?