
വിവാഹശേഷം ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലിന്റെ ഒരു താത്പര്യത്തോട് മാത്രം ഒത്തുതീര്‍പ്പിന് സോനാക്ഷി സിന്‍ഹ തയാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഡ്യുക്കാറ്റി സൂപ്പര്‍ ബൈക്കായിരുന്നു അത്.
പ്രണയകാലത്തും വിവാഹശേഷവും വര്‍ഷങ്ങളോളം സഹീര്‍ തന്റെ കിടപ്പുമുറിക്കുള്ളിലായിരുന്നു ഈ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നതെന്നും, ഒടുവില്‍ താന്‍ നിര്‍ബന്ധിച്ച് അത് അവിടെനിന്ന് മാറ്റിക്കുകയായിരുന്നുവെന്നും സോനാക്ഷി വെളിപ്പെടുത്തി.
നേഹ ധൂപിയ, അങ്കത് ബേദി എന്നിവര്‍ അവതരിപ്പിക്കുന്ന നോ ഫില്‍ട്ടര്‍ നേഹ എന്ന ചാറ്റ് ഷോയിലാണ് സഹീറിന്റെ പ്രിയപ്പെട്ട ബൈക്കിന്റെ കഥ സോനാക്ഷി പങ്കിട്ടത്. സഹീറിന് അവന്റെ കിടപ്പുമുറിയില്‍ ഒരു മോട്ടോര്‍ ബൈക്ക് വേണമായിരുന്നു. അതും ഒരു വലിയ രാക്ഷസനെപ്പോലെയുള്ള ഡ്യുക്കാറ്റി ബൈക്ക്! അതൊരു ഷോപീസ് അല്ല, ഒറിജിനല്‍ ബൈക്കാണ്.
ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയ കാലം മുതല്‍ അത് അവന്റെ ബെഡ്‌റൂമിലുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു, വിവാഹവും കഴിഞ്ഞു. ഒടുവില്‍ ഞാന്‍ പറഞ്ഞു, കടക്ക് പുറത്ത്! എനിക്ക് നിന്നോടാണ് പ്രണയം, നിന്റെ ബൈക്കിനോടല്ല. ബൈക്ക് ഇനി വാതിലിന് പുറത്ത് കിടക്കും. അങ്ങനെ ആ ഡ്യുക്കാറ്റി ബൈക്കിന് ഒടുവില്‍ പുതിയൊരു പാര്‍ക്കിംഗ് സ്ഥലം കണ്ടെത്തേണ്ടി വന്നു.
ഇപ്പോള്‍ അവന്റെ ബൈക്ക് ഇരിക്കുന്നത് ഞങ്ങളുടെ ഫോയറിലാണ്.
അതായത് മാലിദ്വീപ്, ദുബായ്, ന്യൂയോര്‍ക്ക് തീമുകളിലുള്ള സ്‌പേസുകള്‍ക്ക് നടുവിലെ ഒരിടത്താണ് ഇപ്പോള്‍ ആ ബൈക്ക് ഇരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന് മാലിദ്വീപ് എന്നും, മറ്റൊരു ഭാഗത്തിന് ന്യൂയോര്‍ക്ക് എന്നും, വേറൊരു ഭാഗത്തിന് ദുബായ് എന്നുമാണ് പേരിട്ടിരിക്കുന്നത്.
2017ല്‍ സല്‍മാന്‍ ഖാന്‍ സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ വച്ചാണ് സോനാക്ഷിയും സഹീറും ആദ്യമായി കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. ഏഴുവര്‍ഷത്തോളം തങ്ങളുടെ ബന്ധം ഇവര്‍ രഹസ്യമായി സൂക്ഷിച്ചു. 2022ല്‍ പുറത്തിറങ്ങിയ ഡബിള്‍ എക്‌സ്എല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും ഇവര്‍ പ്രണയം പരസ്യമാക്കിയിരുന്നില്ല. ഒടുവില്‍ 2024 ജൂണ്‍ 23ന് സോനാക്ഷിയുടെ മുംബൈയിലെ വസതിയിലാണ് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്