Image

കുര്‍ബാന പുസ്തകം തിരുത്തിയോ ? സിറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദം

Published on 21 July, 2026
 കുര്‍ബാന പുസ്തകം തിരുത്തിയോ ? സിറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദം


പത്തനംതിട്ട: സിറോ മലബാര്‍ സഭയില്‍ ഉപയോഗിക്കുന്ന കുര്‍ബാനയുടെ നവീകരിച്ച പുസ്തക(തക്സ)ത്തെച്ചൊല്ലി വിവാദം. സഭയുടെ വര്‍ഷകാല സിനഡ് അടുത്തമാസം ചേരാനിരിക്കുകയാണ്.  . മാര്‍പാപ്പ അംഗീകരിച്ച കുര്‍ബാന തക്സയില്‍ സിനഡ് മാറ്റങ്ങള്‍ വരുത്തിയെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്‍മായ മുന്നേറ്റത്തിന്റെ ആരോപണം. എന്നാല്‍, ഇതിനെ പൂര്‍ണമായും തള്ളി സഭയുടെ മീഡിയ കമ്മിഷനും രംഗത്തുവന്നു.

,.  വൈദികന്‍ കുര്‍ബാനസമയത്ത് അള്‍ത്താരയിലേക്ക് തിരിഞ്ഞുനില്‍ക്കണമെന്ന് ഈഘട്ടത്തില്‍ എഴുതിച്ചേര്‍ത്തെന്ന് അല്‍മായ മുന്നേറ്റം ആരോപിക്കുന്നു. 2021 നവംബര്‍ 28 മുതലാണ് നവീകരിച്ച കുര്‍ബാന പുസ്തകം സഭയില്‍ ഉപയോഗിക്കുന്നത്.

നവീകരണം പൂര്‍ത്തിയാക്കി സിനഡ് അംഗീകരിച്ചിട്ട് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയത്തിന് അയച്ചുകൊടുക്കുന്നതാണ് രീതി.  മാര്‍പാപ്പയുടെ അനുമതിയോടെ ഇത് നടപ്പാക്കും. 2020 ജൂലായ് പത്തിനാണ് വത്തിക്കാനിലേക്ക് തക്സ അയച്ചതെന്ന് മീഡിയ കമ്മിഷന്‍ വ്യക്തമാക്കുന്നു. അതേവര്‍ഷം കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി എഴുതിയ കത്തില്‍, പുതിയ പുസ്തകത്തില്‍ കര്‍മ്മവിധികള്‍ (റൂബ്രിക്സ്) ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.

2021 ഓഗസ്റ്റില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡ് സമ്മേളനം കുര്‍ബാന അര്‍പ്പണരീതി ഏകീകരിക്കാന്‍ തീരുമാനിച്ചു. ഈ സമ്മേളനത്തില്‍ത്തന്നെയാണ് പൗരസ്ത്യകാര്യാലയം നിര്‍ദേശിച്ചതനുസരിച്ച് പുസ്തകത്തിന്റെ ആരംഭത്തിലുള്ള പൊതുനിര്‍ദേശങ്ങളിലും പുസ്തകത്തിലും കര്‍മ്മവിധികള്‍ എഴുതിച്ചേര്‍ത്തത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്, പുതിയ കുര്‍ബാനക്രമം നടപ്പാക്കിയതായി പ്രഖ്യാപിച്ചു. പൂര്‍ണമായും നിയമവിധേയമായാണ് എല്ലാം നടന്നതെന്ന് മീഡിയ കമ്മിഷന്‍ വ്യക്തമാക്കുന്നു.

എന്നാല്‍, തക്സയ്ക്ക് മാര്‍പാപ്പയുടെ അംഗീകാരം കിട്ടിയശേഷം റൂബ്രിക്സ് എഴുതിച്ചേര്‍ത്തുവെന്ന് സഭ ഔദ്യോഗികമായി സമ്മതിക്കുന്നതാണ് മീഡിയ  
കമ്മിഷന്റെ വിശദീകരണമെന്ന് അല്‍മായ മുന്നേറ്റം ആരോപിക്കുന്നു. തിരുത്തിയെങ്കില്‍ വീണ്ടും വത്തിക്കാന്റെ അംഗീകാരത്തിന് സമര്‍പ്പിക്കണമായിരുന്നു. ഓണ്‍ലൈന്‍ സിനഡ് യോഗത്തിന് ഏകീകൃത കുര്‍ബാനപോലെ നിര്‍ണായക തീരുമാനമെടുക്കാന്‍ അനുവാദമുണ്ടായിരുന്നോ? അതിനിടയില്‍ 12 ബിഷപ്പുമാര്‍ ഒപ്പിട്ട വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. കാനോനിക നിയമമനുസരിച്ച് ഏതെങ്കിലും സിനഡംഗത്തിന്റെ അവകാശം ലംഘിച്ചാല്‍, അദ്ദേഹത്തിന്റെകൂടി അനുവാദമില്ലാതെ തീരുമാനമെടുക്കാനാകില്ല. എന്നിട്ടും സിനഡ് ഇറക്കിയ സര്‍ക്കുലര്‍ പറയുന്നത് തീരുമാനം ഏകകണ്ഠമായിരുന്നുവെന്നാണ്. -അല്‍മായ മുന്നേറ്റം ആരോപിച്ചു. ്‌
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക