
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ' ഖലീഫ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന 'അസലായവളെ' എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികള്‍ രചിച്ചത് മുത്തു ആണ്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് - സിജോ സെബാസ്റ്റ്യന്‍, ശ്രീലാല്‍ ശൂലപാണി.
തെലുങ്ക് താരം മാളവിക ശര്‍മ്മ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് - മാളവിക എന്നിവര്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് 'അസലായവളെ' ഗാനത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ലിറിക് വീഡിയോ നല്‍കുന്നത്. ഇതിലൂടെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഒരു പ്രണയഗാനം സമ്മാനിച്ചിരിക്കുകയാണ് ജേക്സ് ബിജോയ് - സിദ് ശ്രീറാം കൂട്ടുകെട്ട്.
'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ ആണ് നായകനായി വേഷമിടുക. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കാന്‍വാസില്‍ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെര്‍റ്റൈനെര്‍ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിന്റെ നേരത്തെ ഗ്ലിംബ്‌സ് വീഡിയോ നല്‍കിയത്.
ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. മാസ്സ് സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍, ആക്ഷന്‍ രംഗങ്ങള്‍ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്‌സ് വീഡിയോ കാണിച്ചു തരുന്നുണ്ട്. 'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടന്‍, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ചിത്രീകരിച്ചത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.