Image

വേറിട്ടൊരു യാത്രയയപ്പ് (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന് - 142)

Published on 20 July, 2026
വേറിട്ടൊരു യാത്രയയപ്പ് (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന് - 142)

അമേരിക്കയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി വളരെയേറെ ശവസംസ്ക്കാര ചടങ്ങുകളിൽ സംബന്ധിച്ചിട്ടുണ്ട്. മരിച്ചയാളിന്റെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി ചടങ്ങുകളിൽ വ്യത്യസ്തത ഉണ്ടാകാറുണ്ട് എന്ന് മാത്രം. മലയാളിയായ  ഒരാളിന്റെ ശവസംസ്കാരമാണെങ്കിൽ സാധാരണ കാണുന്നത് ഒരു ദിവസം അഞ്ചോ ആറോ മണിക്കൂറുകൾ 'വെയ്ക്ക്' എന്ന് വിളിക്കുന്ന പൊതുദർശനം ഉണ്ടാകും.

സുഹൃത്തുക്കളായവർ കൂടുതലും അപ്പോഴാണ് പോയി യാത്രാമൊഴി ചെല്ലുന്നത്. അടുത്ത ദിവസം അന്ത്യകർമ്മങ്ങൾ നടത്തി ക്രിസ്ത്യാനികൾ  മൃതദേഹം സെമിത്തേരിയിൽ സംസ്‌കരിക്കുകയോ ഹിന്ദുക്കളാണെങ്കിൽ ക്രിമറ്റോറിയത്തിൽ ദഹിപ്പിക്കുകയോ ആണ്  ചെയ്യുന്നത്.

ഇതിൽ എടുത്തു പറയേണ്ടത് ക്രിസ്ത്യാനികളുടെ ശവസ്‌കാരമാണ്. പൊതുദർശനം നടക്കുമ്പോൾ പൊതുവെ അവരുടെ പള്ളിയിലെ അച്ചന്മാരോ പാസ്റ്റർമാരോ ആണ്  ചടങ്ങുകൾ നിയന്ത്രിക്കുന്നത്.  അലോസരപ്പെടുത്തുന്നത്  നീണ്ട പ്രസംഗങ്ങളാണ്. വേദപുസ്തകത്തെ ഉദ്ധരിച്ച് വന്നിരിക്കുന്നവരെ എല്ലാം മാനസാന്തരപ്പെടുത്തി രക്ഷിച്ചേ അടങ്ങൂ എന്നു പ്രതിജ്ഞയെടുത്തിട്ടുണ്ട് എന്ന് തോന്നും അവരുടെ പ്രസംഗം കേട്ടാൽ. ഒരാൾ പ്രസംഗിക്കുമ്പോൾ സന്ദർശകരെ മൃതദേഹം കാണുവാൻ അനുവദിക്കുകയില്ല. അവരുടെ അറുബോറൻ പ്രസംഗം കേട്ടുകൊണ്ടു നിന്നുകൊള്ളണം.

ഒരു മാസം മുൻപ് ന്യൂജേഴ്‌സിയിൽ ഒരു ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ ഈ ലേഖകൻ ഒന്നര മണിക്കൂർ കാത്തു നിന്നിട്ടും ഒന്നിനു പുറകേ ഒന്നായി വന്ന പാസ്റ്റർമാരുടെ പ്രസംഗം തീരുന്നില്ല. ഒടുവിൽ മൃതദേഹം ഒന്നു കണ്ടിട്ട് പോകുവാൻ അവസരം തരണം എന്ന് പ്രത്യേകം അഭ്യർത്ഥിച്ചപ്പോൾ 'പ്രസംഗം തീരുന്നതുവരെ കാത്തു നിന്നേ മതിയാവൂ' എന്ന മറുപടിയാണ് കിട്ടിയത്. ഒടുവിൽ സുഹൃത്തിന്റെ മൃതദേഹം അടുത്തു കാണാതെ ഫ്യൂണറൽഹോമിന്റെ വാതിലിൽ നിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു മടങ്ങേണ്ടി വന്നു.

എന്നാൽ കഴിഞ്ഞ ദിവസം കണ്ട ഒരു പൊതുദർശനം വേറിട്ടൊരു അനുഭവമായി. അമേരിക്കൻ മലയാള സാഹിത്യ സമൂഹത്തിൽ അറിയപ്പെടുന്ന ഒരെഴുത്തുകാരനായ സുഹൃത്ത് ആകസ്മികമായി അന്തരിച്ചു. അദ്ദേഹം മതങ്ങളുടെ കച്ചവടസംസ്‌കാരത്തിൽ വിശ്വസിച്ചിരുന്നില്ല. മതങ്ങൾ മനുഷ്യർ സൃഷ്ടിച്ചതാണെന്നും അത് മാനവിക സംസ്‌കാരത്തെ മലിനപ്പെടുത്തിയിട്ടു മാത്രമേയുള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ക്രിസ്‌തീയ മതത്തിൽ കാലാകാലങ്ങളായുള്ള അധികാര ഭ്രമത്തതയിൽ ഉരുത്തിരിഞ്ഞു ജന്മം കൊണ്ടിട്ടുള്ള  വിഭിന്ന സഭകളും ഒരേ വിശ്വാസത്തിലാണെങ്കിലും വേറിട്ടു നിൽക്കാൻ മാത്രം ആലങ്കാരികമായ വ്യത്യസ്തതകൾ സൃഷ്ടിച്ചു സമൂഹത്തിൽ ഭിന്നതകൾ ഉണ്ടാക്കാൻ മാത്രം സഹായിക്കുന്ന വളരുകയും പിളരുകയും ചെയ്യുന്ന സഭാ ശാഖകളേയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.

'മരണാനന്തര ജീവിതം' എന്ന സങ്കല്പം തന്നെ മതത്തിന്റെ നിലനിൽപ്പിനും ആളുകളെ ഭയപ്പെടുത്തി സഭയോട് ചേർത്ത് നിർത്താനുമുള്ള സങ്കൽപ്പ സൃഷ്ടിയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 
അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കുടുംബാംഗങ്ങൾക്കു മാത്രമാണെന്നു പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതസപര്യയായ സാഹിത്യലോകത്തു ചേർന്നു പ്രവർത്തിച്ച ഏതാനും പേർക്ക് കാണുവാനുള്ള അനുവാദം നൽകി. അവിടെ അച്ചന്മാരുടെയോ പാസ്റ്റർമാരുടെയോ ആരുടേയും പ്രസംഗങ്ങൾ ഇല്ലായിരുന്നു. സാധാരണ കാണുന്നതുപോലെ സങ്കട കീർത്തനങ്ങളോ ഗാനാലാപങ്ങളോ ഇല്ലായിരുന്നു. മൂകമായ അന്തരീക്ഷത്തിൽ സുഹൃത്തുക്കൾ യാത്രാമൊഴി മൗനമായി ചൊല്ലിപ്പിരിഞ്ഞു. ഏതാനും മണിക്കൂറുകളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. പത്രപ്രവർത്തകനും നാടകകൃത്തുമൊക്കെ ആയിരുന്ന ആ വേറിട്ട വ്യക്തിത്വം ഓർമ്മയായി മാറി.

കാലയവനികയ്ക്ക് അപ്പുറത്തേക്കു പോകുന്നവർ ആരും തിരിച്ചു വന്നതായി കേട്ടിട്ടില്ല. അരങ്ങിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നവരേക്കാൾ കൂടുതൽ തിരശീലക്കപ്പുറത്തേക്കു പോയവരാണ്. ചില മതങ്ങൾ മരണാനന്തരം പുനർജ്ജന്മം നൽകുന്നു. മറ്റു ചില മതങ്ങൾ നല്ലവർക്കു സ്വർഗം എന്ന സ്വപ്‌നലോകം വാഗ്ദാനം നൽകുമ്പോൾ മതത്തിൽ വിശ്വസിക്കാത്തവർക്കു തെമ്മാടിക്കുഴിയും നിത്യ നരകവും ഉറപ്പാക്കി വച്ചിരിക്കുന്നു. ഏതാണ് സത്യം? ആധികാരികമായി പറയുന്ന മതനേതാക്കൾക്ക് എന്തു തെളിവാണുള്ളത്?

അപ്പോൾ ഇത് വെറും കച്ചവട തന്ത്രമല്ലേ? മനുഷ്യനെ ഭയപ്പെടുത്തി വരുതിക്ക് നിർത്താനുള്ള കുറുക്കുവഴി! ഈ സത്യം അറിയാമെങ്കിലും സമൂഹത്തിൽ ഒരു കൂട്ടായ്‌മയുടെ ആവശ്യം മനസ്സിലാക്കി ഭൂരിഭാഗവും ആ കച്ചവടത്തിനു കൂട്ടുനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടെ. അനുഭവങ്ങളുടെ വെളിച്ചത്തിൽ കടഞ്ഞെടുത്ത സ്വതന്ത്ര ചിന്തയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചു വിടവാങ്ങിയ പ്രിയ സുഹൃത്തിനു പ്രണാമം!

Join WhatsApp News
കാവിൽ 2026-07-21 17:46:19
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറൽ മാക്സും . മനുഷ്യൻ സൃഷ്ടിച്ചതാണ് മതമെന്നും വയലാറും പറഞ്ഞിട്ടുള്ള താണ് അത് ഏവർക്കു മറിയാം . ശ്രീരാമക്ഷേത്ര വും ശബരിമലയും കൊള്ള ചെയ്തത് പുരോഹിത അല്ലെങ്കിൽ സന്യാസ വർഗ്ഗം തന്നെ . ഇതെല്ലാ മറിഞ്ഞിട്ടും നാം ഈ മൂടുപട ത്തിൽ നിലക്കെള്ളുന്ന ത് ജീവിക്കാനാണ് അല്ലെങ്കിൽ ഈ സമൂഹം നമ്മെ ഒറ്റപ്പെടു ത്തി കൊല്ലാ ക്കൊല ചെയ്യും . ഭയം മനുഷ്യൻ്റെ വീക്ക്നെസ് ആണ് . പക്ഷെ എന്തു ചെയ്യാംഇല്ലാത്തതും വിശ്വസിക്കേ ണ്ടിവരുന്നു അല്ലെങ്കിൽ അടിച്ചു വിശ്വപ്പിക്കുന്നു .
The Faithful 2026-07-21 19:24:25
Allegory { parable} of the cave [adopted & custom tailored for today's thoughts] from Book VII of Plato's Republic- a book dedicated to the education of the Philosopher King. In this parable we can see human beings chained in a dark cave all through their life. Their legs & neck are chained tight. They cannot turn in any direction. They can only look straight ahead of them. In front of these chained prisoners there is a wall. There is a large bright fire behind them. Men carry wood cut images of trees and animals in a parade in front of the fire. They imitate the sound of the animals too. Shadows of the wood cut images are reflected on the wall in front of the prisoners. For these prisoners, these shadows are the closest of any idea of the outside world. These prisoners were in the dark. So their eyesight is very dim. They never saw the Sun; or real trees or animals. If they are brought out to the outside to see the real light of the sun or real animals or real trees, they won't be able to look at them or even realize them. We have seen in the course of history, we had a lot of gurus who tried to bring these prisoners outside to the real world. But what happened. These prisoners cannot tolerate the bright light. They fight hard to go back, back to the dark cave, to be chained. Chained in a way they cannot even turn. Let us stop and ponder! Do these prisoners seem to be familiar ?. They may not be familiar, but it is you. Yes! You are chained to the dark walls. The dark walls of heredity, race, religion, politics............... You have been brought out several times to the bright light of the Sun of knowledge. The sun of knowledge was generous and impartial to enlighten all. But the ignorant, stubborn and the religious fanatics refused to accept the pregnant sun. Sun full of knowledge and wisdom. You have to be open minded/ virgin to accept the son of knowledge. That is the allegory of Mary/Jesus. . So throw out the rubbish and garbage of prejudiced attitudes cultivated in you from the very childhood. The attitude of religion, politics, race and so on. Cleanse your mind, heart and intellect. Create an emptiness in you. Then only you will be able to conceive new intelligence and knowledge. Then you can be like the bright sun. Fully pregnant. Then like the sun you can spread wisdom to all with no prejudices. And that is what we need for the present human society to survive. The choice is yours. If you love humanity, open your heart, mind and ears. Live, think, and act for the well being of all humans. Do we have any other choice- you may believe yes we have. But we have none. The only choice is, live as a cosmopolitan human. Not only love your family and neighbor- it is only a limited thought of primitive society. We cannot live by just loving our neighbor. We have to go beyond and love the whole of humanity as your own brother and sister. Choice is yours or the destiny is self destruction. andrews
Alex Esthappan 2026-07-21 19:30:56
മാറിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മൾ വിശ്വസിക്കാത്ത കൂട്ടായ്മകളിൽ നിൽക്കേണ്ട കാര്യമില്ല. ഒന്ന് നശിക്കുമ്പോൾ വേറൊന്ന് രൂപപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക