
അഭിനയത്തിന്റെ അർത്ഥതലങ്ങളെ നിരന്തരം പുതുക്കിപ്പണിയുന്ന ഒരു മഹാപ്രതിഭയുടെ പക്കൽ വിസ്മയങ്ങൾ ഒടുങ്ങുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്ന നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം. എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ, അതൊരു അവാർഡ് നേട്ടം മാത്രമല്ല, ഒരു നടൻ തന്റെ കലയെ എത്രത്തോളം തീവ്രമായി സ്നേഹിക്കുന്നു എന്നതിന്റെ കൂടി അടയാളപ്പെടുത്തലാണ്.
മലയാള സിനിമയുടെ നിത്യഹരിത നായകനായ പ്രേം നസീറിൽ നിന്നും തുടങ്ങിയതാണ് നമ്മുടെ 'എവർഗ്രീൻ' സങ്കല്പം. എന്നാൽ, കാലം മുന്നോട്ട് പോകുമ്പോൾ ആ പാരമ്പര്യം പുതിയ തലമുറയിലേക്ക് പകർന്നു നൽകി, അതിനെ കാലാനുസൃതമായി നവീകരിച്ച് മമ്മൂട്ടി എന്ന 'മെഗാസ്റ്റാർ' അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. പ്രേം നസീർ എന്ന ഇതിഹാസം മലയാള സിനിമയിൽ ഒരിടത്ത് അടയാളപ്പെടുത്തിയ സൗമ്യതയുടെയും ജനപ്രിയതയുടെയും നിത്യഹരിത മൂല്യങ്ങളെ, മമ്മൂട്ടി തന്റെ അഭിനയജീവിതത്തിന്റെ അഞ്ചാം പതിറ്റാണ്ടിലും വിട്ടുവീഴ്ചയില്ലാതെ നിലനിർത്തുന്നു. സാമാന്യമായ സീമകൾക്കും കണക്കുകൂട്ടലുകൾക്കും അതീതമായി വളർന്നുനിൽക്കുന്ന ഒരു പ്രതിഭാസ്വഭാവം ഇതിലൂടെ വ്യക്തമാകുന്നു; അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഒരു ‘മെറ്റാ മെഗാ എവർഗ്രീൻ’ (Meta Mega Evergreen) താരമായി മാറുന്നത്.
‘ഭ്രമയുഗം’ എന്ന ചിത്രത്തിൽ രാഹുൽ സദാശിവൻ ഒരുക്കിയ പൂതംകുഴി മനയിലെ ആ തറവാട്ടിലേക്ക് പ്രേക്ഷകരെ വലിച്ചിഴച്ചത്, ആ ചിത്രത്തിന്റെ സാങ്കേതികമികവിനേക്കാൾ ഉപരിയായി മമ്മൂട്ടി എന്ന നടന്റെ മന്ത്രശക്തിയുള്ള അഭിനയമാണ്. അദൃശ്യമായ ഭയവും അധികാരത്തിന്റെ ധാർഷ്ട്യവും നിഗൂഢതയും മുഖത്ത് മാത്രം ഒതുക്കി, ശബ്ദത്തിലൂടെയും ശരീരഭാഷയിലൂടെയും അദ്ദേഹം അവതരിപ്പിച്ച ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് വേഷങ്ങളിലൊന്നായി മാറിയിരിക്കുന്നു. ആ ചിരിയിലും നോട്ടത്തിലും ഒളിഞ്ഞിരുന്ന ഭീകരത മലയാള സിനിമാ ചരിത്രത്തിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്.
കറുപ്പും വെളുപ്പും നിറഞ്ഞ കാലഘട്ടങ്ങളിൽ തുടങ്ങി, ഡിജിറ്റൽ യുയത്തിന്റെ വിപ്ലവങ്ങൾ വരെ എത്തിനിൽക്കുന്ന മലയാള സിനിമയുടെ വളർച്ചയുടെ ഓരോ ഏടും തൊട്ടറിഞ്ഞാണ് മമ്മൂട്ടി എന്ന അഭിനയകലയിലെ വിസ്മയം സഞ്ചരിച്ചത്. പരീക്ഷണ ചിത്രങ്ങളെയും യുവസംവിധായകരെയും നെഞ്ചിലേറ്റിക്കൊണ്ട് അദ്ദേഹം നടത്തുന്ന ഈ കുതിപ്പ് പുതിയ തലമുറയിലെ കലാകാരന്മാർക്ക് പോലും വലിയൊരു പാഠപുസ്തകമാണ്. കമേഴ്സ്യൽ സിനിമകളുടെ അതിരുകൾക്കപ്പുറം നിന്ന് അഭിനയത്തിന്റെ പുതിയ വഴികൾ വെട്ടിത്തുറക്കാൻ അദ്ദേഹം കാണിക്കുന്ന ആവേശം അദ്ഭുതപ്പെടുത്തുന്നതാണ്.
1989-ൽ ‘ഒരു വടക്കൻ വീരഗാഥ’, ‘മതിലുകൾ’ എന്നിവയിലൂടെയും, പിന്നീട് ‘വിധേയൻ’, ‘പൊന്തൻമാട’ (1993), ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ (1998) എന്നീ ചിത്രങ്ങളിലൂടെയും ദേശീയ പുരസ്കാരങ്ങൾ നേടിയ മമ്മൂട്ടി, കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഈ ഉന്നത ബഹുമതി സ്വന്തമാക്കുന്നത്. ഈ ദീർഘകാലം അദ്ദേഹത്തിന്റെ അഭിനയജീവിതം തളരാതെ, പകരം കൂടുതൽ പക്വതയാർന്നതായി മാറി. സിനിമ എന്ന മാധ്യമം സാങ്കേതികമായി എത്ര വളർന്നാലും, അതിനു മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കരുത്താണ് സിനിമയെ ജീവസ്സുറ്റതാക്കുന്നത് എന്ന് അദ്ദേഹം വീണ്ടും തെളിയിക്കുന്നു.
പ്രേം നസീറിന്റെ നിത്യഹരിത സ്മരണകൾക്ക് മുകളിൽ, തന്റെ അഭിനയത്തികവുകൊണ്ട് ഒരു മെറ്റാ മെഗാ എവർഗ്രീൻ പ്രഭാവലയം തീർക്കുകയാണ് മമ്മൂട്ടി. കാലത്തെ അതിജീവിച്ച്, പുതിയ തലമുറയ്ക്കും പ്രചോദനമായി, ഇന്നും മലയാള സിനിമയുടെ നെറുകയിൽ താൻ തന്നെയുണ്ടെന്ന് ഈ പുരസ്‌കാരം ഉറക്കെ പ്രഖ്യാപിക്കുന്നു. ‘ഭ്രമയുഗം’ എന്ന മാന്ത്രിക ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും, ഈ വലിയ ചരിത്രനേട്ടം കൈവരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മെറ്റാ മെഗാ എവർഗ്രീൻ താരം മമ്മൂട്ടിക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.