
അല്ലയോ സഖാക്കളേ, സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പാതയില്‍ പ്രസ്സ് തിരിയുന്നത് വാര്‍ത്ത അച്ചടിക്കാനാണെന്നാണ് നമ്മള്‍ വിചാരിച്ചതെങ്കില്‍ നമുക്ക് തെറ്റി. ചിലപ്പോള്‍ പ്രസ്സ് തിരിയുന്നത് പാര്‍ട്ടിക്ക് കടുത്ത തലവേദന ഉണ്ടാക്കാനാണ്. നമ്മുടെ വിപ്ലവ സൂര്യന്‍ വി.എസ് അച്ചുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ദേശാഭിമാനി പുറത്തിറക്കാന്‍ വെച്ച സപ്ലിമെന്റിന്റെ കഥ കേട്ടാല്‍ കാറല്‍ മാര്‍ക്‌സ് പോലും ഒന്നു തലപുകയ്ക്കും.
'മുഴങ്ങുന്നിപ്പോഴും ആ കടലാരവം' എന്ന ഉഗ്രന്‍ ടൈറ്റിലില്‍, വി.എസിന്റെ ഓര്‍മ്മ പുതുക്കാന്‍ അണിയറയില്‍ ഒരുങ്ങിയത് വമ്പന്‍ പതിപ്പായിരുന്നു. വി.എസിന്റെ ചിത്രം മുന്‍പേജില്‍ ഗംഭീരമായി വെച്ചു. അപ്പോഴാണ് വിപ്ലവ മസ്തിഷ്‌കങ്ങള്‍ പിന്‍പേജിലേക്ക് നോക്കിയത്. അവിടെ ദാ കിടക്കുന്നു ഒരു ബൊമ്മന്‍ തലക്കെട്ട്: 'കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ..!'
പുള്ളംപാറയിലെ പ്രശസ്ത നാടകപ്രവര്‍ത്തകനായ വിജയന്‍ ചേട്ടനെ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് 'കള്ളന്‍ വിജയന്‍'. പക്ഷേ, മുന്‍പേജില്‍ വി.എസിന്റെ ചിത്രവും, നേരെ തിരിച്ച് ബാക്ക് പേജില്‍ മലര്‍ക്കെ 'കള്ളന്‍ വിജയന്‍' എന്ന ബോള്‍ഡ് തലക്കെട്ടും കണ്ടതും എഡിറ്റോറിയല്‍ ഡെസ്‌കിലെ സഖാക്കളുടെ ബി.പി ഒറ്റയടിക്ക് ഷൂട്ട് ചെയ്തു.
അന്തര്‍ധാര സജീവമായപ്പോള്‍ ഉയര്‍ന്ന സംശയങ്ങള്‍ എന്താണെന്ന് പരിശോധിക്കാം. വായനക്കാര്‍ സപ്ലിമെന്റ് മടക്കിപ്പിടിച്ച് വായിക്കുമ്പോള്‍ വി.എസിന്റെ പിന്നില്‍ 'കള്ളന്‍ വിജയന്‍' എന്ന് വരും. ഇത് വി.എസിനെ അപമാനിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ആയുധമാക്കില്ലേ..?
ഇനി അതല്ല, 'വിജയന്‍' എന്ന പേര് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ ചേരുക എന്ന് ചിന്തിച്ച്, പ്രതിപക്ഷം ഇത് വേറെ വല്ല 'വിജയന്‍'മാര്‍ക്കും എതിരെ തിരിച്ചുവിട്ടാലോ..? ഗ്രൂപ്പ് കളിയാണെന്ന് പറഞ്ഞ് ആരെങ്കിലും പാര്‍ട്ടിയില്‍ പാരവെച്ചാലോ..?
അതോടെ പ്രസ്സ് പെട്ടെന്ന് നിശ്ചലമായി. ഞായറാഴ്ച ഇറങ്ങേണ്ട സപ്ലിമെന്റ് അടിയന്തരമായി 'ഹോള്‍ഡ്' ചെയ്തു. പാവം നാടകപ്രവര്‍ത്തകന്‍ വിജയന്‍ ചേട്ടന്‍ വീട്ടില്‍ സഖാക്കള്‍ വന്ന് ഫോട്ടോയൊക്കെ എടുത്ത് കൊണ്ടുപോയ സന്തോഷത്തില്‍ പത്രം നോക്കിയിരുന്നപ്പോള്‍ ദാ വരുന്നു ഔദ്യോഗിക പത്രക്കുറിപ്പ്: 'സാങ്കേതിക തകരാര്‍ മൂലം ഞായറാഴ്ചത്തെ സപ്ലിമെന്റ് തിങ്കളാഴ്ചയേ ഇറങ്ങൂ...' അതെ, പാര്‍ട്ടിയുടെ ആ 'സാങ്കേതിക തകരാറിന്റെ' പേരാണ് രാഷ്ട്രീയ ജാഗ്രത..!
തിങ്കളാഴ്ച പത്രം ഇറങ്ങിയപ്പോള്‍ വിജയന്‍ ചേട്ടന്‍ നാടുനീളെ തിരഞ്ഞിട്ടും തന്റെ വാര്‍ത്ത കണ്ടില്ല. കാരണം, 'കള്ളന്‍ വിജയനെ' ദേശാഭിമാനി അപ്പാടെ അടിച്ചുമാറ്റിയിരുന്നു. റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ് സാക്ഷാല്‍ വിപ്ലവ വായാടിത്തത്തോടെ മാധ്യമങ്ങളോട് പറഞ്ഞു: ''അങ്ങനെയൊരു വാര്‍ത്തയേ ഉണ്ടായിരുന്നില്ല, ഇതൊക്കെ വെറും മാധ്യമസൃഷ്ടിയാണ്...'' എപ്പടി.
പക്ഷേ, പാവം കള്ളന്‍ വിജയന്‍ രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് സത്യം വിളിച്ചുപറഞ്ഞു: ''അയ്യോ, അവര്‍ എന്റെ വീട്ടില്‍ വന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തതാണല്ലോ...'' ഇതോടെ ദേശാഭിമാനിയുടെ 'സാങ്കേതിക തകരാര്‍' എന്ന ക്യാപ്‌സൂള്‍ കാറ്റില്‍പ്പറന്നു.
കേട്ടറിവ് ശരിയാണെങ്കില്‍, അച്ചടിച്ച ലക്ഷക്കണക്കിന് കോപ്പികള്‍ പൂഴ്ത്തിവെച്ച്, ലക്ഷങ്ങള്‍ കളഞ്ഞ് വീണ്ടും പുനരച്ചടിച്ചാണ് പാര്‍ട്ടി ഈ 'വിജയന്‍' ഭീതി ഒഴിവാക്കിയത്. എന്തായാലും വിപ്ലവ മണ്ണില്‍ ഇനി 'കള്ളന്‍', 'വിജയന്‍' എന്നീ വാക്കുകള്‍ ഒരുമിച്ച് പ്രസ്സില്‍ കേറ്റരുതെന്ന കടുത്ത ജാഗ്രതയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു അന്വേഷണ കമ്മീഷനെ വെച്ചിട്ടുണ്ടെന്നാണ് വിവരം.
കമ്മീഷന്‍ അന്വേഷിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയായിരിക്കുമത്രേ: ഈ വാര്‍ത്ത തന്ത്രപൂര്‍വ്വം തിരുകിക്കയറ്റിയതിന് പിന്നില്‍ വല്ല ബൂര്‍ഷ്വാ അജണ്ടയും ഉണ്ടോ..? 'വിജയന്‍' എന്ന പേരിന് മുന്നില്‍ 'കള്ളന്‍' എന്ന് ചേര്‍ത്ത സബ് എഡിറ്ററുടെ രാഷ്ട്രീയ പാരമ്പര്യം എന്താണ്...? സപ്ലിമെന്റ് മടക്കുമ്പോള്‍ ഉണ്ടാകുന്ന ജ്യാമിതീയ മാറ്റങ്ങളെക്കുറിച്ച് എഡിറ്റര്‍മാര്‍ക്ക് ബോധമില്ലാതെ പോയതെന്തുകൊണ്ട്..? ചുരുക്കത്തില്‍, വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നോക്കിയ പാര്‍ട്ടിക്ക്, സ്വന്തം അച്ചടിശാലയില്‍ നിന്ന് തന്നെ ഒരു 'നാടകീയാഞ്ജലി' കിട്ടിയ അവസ്ഥയാണിപ്പോള്‍.
ഗുണപാഠം
ഈ കള്ളന്‍ വിജയന്‍ പുരാണത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന ഏറ്റവും വലിയ ഗുണപാഠം ഇതാണ്: രാഷ്ട്രീയത്തില്‍ നമ്മള്‍ എന്ത് അച്ചടിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം, അത് മടക്കി വെക്കുമ്പോള്‍ ആരുടെയൊക്കെ നെഞ്ചത്താണ് കൊള്ളുന്നത് എന്ന് മുന്‍കൂട്ടി കാണാനുള്ള 'ദിവ്യദൃഷ്ടി' ഉണ്ടായിരിക്കണം എന്നതാണ്. സ്വന്തം നിഴലിനെപ്പോലും പേടിക്കുന്ന കാലത്ത്, പത്രത്തിന്റെ ഫ്രണ്ട് പേജും ബാക്ക് പേജും തമ്മില്‍ ഒരു 'അന്തര്‍ധാര' എപ്പോഴുമുണ്ടാകും. അതുകൊണ്ട് പേജുകള്‍ ലേ-ഔട്ട് ചെയ്യുമ്പോള്‍ അക്ഷരത്തെറ്റുകള്‍ നോക്കുന്നതിനേക്കാള്‍ സുരക്ഷിതം ഇത്തരം രാഷ്ട്രീയ അബദ്ധങ്ങള്‍ നോക്കുന്നതാണ്.
മറ്റൊന്ന്, 'വിജയന്‍' എന്ന പേരും 'വിവാദം' എന്ന വാക്കും തമ്മിലുള്ള കെട്ടുറപ്പാണ്. അത് നാടകക്കാരന്‍ വിജയനായാലും ശരി, ഭരണാധികാരി വിജയനായാലും ശരി, ആ പേരിനൊപ്പം 'കള്ളന്‍' എന്നൊരു വാക്ക് കൂടി ചേര്‍ത്തുവെച്ചാല്‍ പിന്നെ അവിടെ വിപ്ലവത്തിന്റെ സാങ്കേതിക തകരാറുകള്‍ തനിയെ സംഭവിക്കും. ലക്ഷങ്ങള്‍ കളഞ്ഞ് പത്രം മാറ്റിയടിച്ചാലും സത്യം നാടകീയമായി പുറത്തുവരുമെന്നും. ഒടുവില്‍ പാര്‍ട്ടിക്ക് അന്വേഷണ കമ്മീഷനെ വെച്ച് തലപുകയ്‌ക്കേണ്ടി വരുമെന്നും ഈ സംഭവം സഖാക്കളെ ഓര്‍മ്മിപ്പിക്കുന്നു. ചുരുക്കത്തില്‍, അച്ചടിശാലയില്‍ പോലും 'വിജയഭീതി' വിടാതെ പിന്തുടരുന്നു എന്ന് സാരം..!