Image

ലോകത്തെ ഒന്നാക്കി കിംഗ് ഓഫ് ദി ഗെയിംസ്; സ്‌പെയിനു കിരീടം (ടാജ് മാത്യു)

Published on 20 July, 2026
ലോകത്തെ ഒന്നാക്കി കിംഗ് ഓഫ് ദി ഗെയിംസ്; സ്‌പെയിനു കിരീടം (ടാജ് മാത്യു)

ന്യു യോർക്ക്:  കിംഗ് ഓഫ് ദി ഗെയിംസ് എന്നു വിളിപ്പേരുള്ള സോക്കറിന്റെ മറ്റൊരു   മേളക്കുകൂടി കൊടിയിറങ്ങി. ലോകത്തിന്റെ നെറുകയിൽ സ്പെയിൻ. ബ്രസീലിനു ശേഷം തുടർച്ചയായി കിരീടം നിലനിർത്തുന്ന രാജ്യമെന്ന പദവി നേടാൻ മെസ്സിക്കും കൂട്ടർക്കുമായില്ല. സ്പോർട്സിൽ പ്രവചനങ്ങൾ മാറിമറിയുന്നത് സെക്കന്റിനുള്ളിലായിരിക്കും എന്ന തത്വം ഇവിടെയും ശരിയായി.
ലോകത്തു ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനമാണ് സോക്കർ. ഇതിലേറെ കാഴ്ചക്കാരുള്ളത് ഒളിംപിക്സിന് മാത്രമാണ്. ഒളിംപിക്സിൽ പക്ഷെ വിവിധ ഇനങ്ങളുണ്ട് എന്നതു കണക്കിലെടുക്കുമ്പോൾ ഫിഫ ലോകകപ്പിനുള്ള പ്രൗഢി വേറിട്ടതു തന്നെ. 


സാധാരണക്കാരുടെ കളി ആയതിനാലാണ് സോക്കറിന് ഇത്രയേറെ ആരാധകരുള്ളത്. ടെന്നിസോ ക്രിക്കറ്റോ പോലെ മുടക്കുമുതൽ കാര്യമായി വേണ്ട കളിയല്ല സോക്കർ. ഒരു ബോൾ മാത്രം മതി അടിസ്ഥാനമായി. താരങ്ങൾ അണിയുന്നെ ബൂട്ടൊക്കെ മേൽത്തട്ടിൽ കളിക്കുന്നവർക്കുള്ളതാണ്. വിശാലമായ കളിയിടങ്ങളും മത്സരങ്ങൾക്ക് മാത്രം മതി. അല്ലാത്തപ്പോൾ ചെറുമൈതാനങ്ങളിൽ ഒത്തുകൂടി സാധാരണക്കാർ സോക്കർ കളിച്ചു ഉല്ലാസം കണ്ടെത്തുന്നു. മാത്രവുമല്ല ഓരോ മനുഷ്യരിലും ഒരു സോക്കർ കളിക്കാരനുണ്ട്. കാലുകൊണ്ട് പന്തു തട്ടാത്ത ആരും ഭൂമുഖത്തുണ്ടാവില്ല. വെറുതെ കിടക്കുന്ന ഒരു പന്ത് നമ്മൾ മാറ്റിയിടുന്നത് കാലുകൊണ്ടാണ്. അതിനായി കൈ ഉപയോഗിക്കാറില്ല. സോക്കർ ജനകീയമാവുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. 
എല്ലാ കായിക ഇനങ്ങൾക്കും ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും സോക്കറിന്റെ കേന്ദ്ര സംഘടനയയായ ഫിഫ നൽകുന്ന സംഭാവന തന്നെ ഒന്നാംസ്ഥാനത്ത്. കാരണം അത്രയേറെ ജനങ്ങൾ സോക്കറുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യാതിർത്തികൾ ഭേദിക്കുന്നതാണ് സോക്കർ സംസ്കാരം. അവിടെ മുതലാളി തൊഴിലാളി വ്യത്യാസമില്ല, പണ്ഡിത പാമര വേർതിരുകളും ഇല്ല. 


ഫിഫ ലോകകപ്പിന്റെ ഇരുപത്തിമൂന്നാം എഡിഷനാണ്   അമേരിക്കയും മെക്സിക്കോയും കാനഡയും ചേർന്ന് ആതിഥേയത്വം വഹിച്ചത്. മുൻ ഫോർമാറ്റുകളിൽ നിന്നും വിഭിന്നമായി 48 ടീമുകളും ഇക്കുറി മാറ്റുരച്ചു. 32 നു പകരം 48 ആയപ്പോൾ കൂടുതൽ രാജ്യങ്ങൾക്കു പ്രാതിനിത്യം ലഭിച്ചു. അടുത്തതവണ 64 ടീമുകളാക്കണം എന്ന ചിന്ത ഫിഫയിൽ ഉയർന്നിട്ടുണ്ട്. ഒപ്പം ഏതിരഭിപ്രായങ്ങളും. പ്രാതിനിധ്യം നൽകുക എന്നതാണ് ലക്ഷ്യമെങ്കിലും ഫിഫ കപ്പിന്റെ നിലവാരത്തെ ബാധിക്കും എന്നതാണ് വിമർശനത്തിന് കാരണം. ശരിയായി വിലയിരുത്തിയാൽ അതു സത്യമാണുതാനും. ഏവർക്കും  വാതിൽ തുറക്കുക എന്ന നയം മികവിൽ മികച്ചതിനെ കണ്ടെത്തുമ്പോൾ പാലിക്കാനാവില്ല. അത് കളിക്കളത്തിനോട് പുലർത്തുന്ന നീതികേടാവും.
ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു ഈ വേൾഡ്കപ്പ്. രണ്ടു ദശാബ്ദങ്ങൾ സോക്കേർ ഫീൽഡിനെ അടക്കിവാണവരുടെ വിടവാങ്ങൽ. ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡൊ, ലൂക്കാ മോഡ്രിച്, ഓച്ച, ഹാമിഷ് റോഡ്രിഗസ് എന്നിവരുടെ അവസാന ലോകകപ്പാവും ഇത്. ചിലപ്പോൾ ഹാരി കെയ്‌ൻ, സാക്ക, എമിലിയാനോ മാർട്ടിനെസ്, വസിഞ്ഞോ എന്നിവരുടേതും. ഇതിനൊപ്പം പുത്തൻ താരോദയങ്ങളും ഉണ്ടായി. ലാമിൻ യമാൽ, ഏർലിങ് ഹർലാൻഡ്, ഹ്യുലിയൻ ആൽവാരസ്.... പട്ടിക നീളുന്നു. 
ഇനി ഇത്തവണത്തെ ലോകകപ്പിലേക്കു വരാം. സാധാരണക്കാരുടെ കളിയെ അവരിൽ നിന്നു മാറ്റി എന്നതാണ് പ്രധാന വിമർശനം. ഉയർന്ന ടിക്കറ്റ് നിരക്കു തന്നെ കാരണം. ആരവങ്ങളോടെ സ്റ്റേഡിയങ്ങൾ നിറച്ചിരുന്നവർ അവഗണിക്കപ്പെട്ട പോലെ. എങ്കിലും ആളാരവത്തിനു കുറവുണ്ടായതുമില്ല. മത്സരം മുറുകിയപ്പോൾ ചിലവിനെ മറന്നു പലരും എത്തിയിരിക്കാം. ഞാൻ ലോൺ എടുത്താണ് വന്നതെന്ന് ഒരു ബ്രസീൽ ആരാധകൻ മെറ്റലൈഫ് സ്റ്റേഡിയത്തിൽ വച്ചു പറയുകയുണ്ടാ യി. സാധാരണക്കാരനെ അകറ്റുന്നതാണോ സാധാരണക്കാരുടെ കളി എന്ന് ഫിഫ ചിന്തിച്ചാൽ നന്ന്. 
കോർപ്പറേറ്റ് സംസ്‍കാരം ഫിഫയെ വിഴുങ്ങി എന്ന ചിന്തയും പ്രബലമായത് ഈ വേൾഡ് കപ്പിലാണ്. പരസ്യങ്ങളുടെ അഴിഞ്ഞാട്ടമായി രുന്നു ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഒപ്പം ഹൈഡ്രേഷൻ ബ്രേക്ക് എന്ന സംവിധാനവും. ഈ മൂന്നുമിനിറ്റിൽ തള്ളിക്കയറിയ പരസ്യങ്ങൾക്ക് കണക്കില്ല. ഫിഫയുടെ പഴയകാലത്തില്ലാത്ത ഈ രീതിയെ കോർപ്പറേറ്റ് ഉല്പന്നമാണെന്നു പലരും കരുതിയാൽ തെറ്റു പറയാനാവില്ല. 
താരങ്ങളുടെ മൂല്യനിർണയം കോർപ്പറേറ്റ് ബാലൻസ് ഷീറ്റിലേക്കു മാറുന്നു എന്ന ചിന്തയും പ്രബലമായിരുന്നു. രാജ്യത്തിനുവേണ്ടി തല മറന്നു കളിച്ചവരുടെ പഴയകാല തലമുറയല്ല ഇന്നത്തേത്. അടിക്കുന്ന ഗോളുകൾക്ക് വിലവിവരപ്പട്ടികയുമായി ഇരിക്കുന്ന കോർപ്പറേറ്റ് മാനേജർമാർ ടീം സ്പിരിറ്റ് എന്ന ആശയത്തെയാണ് കെടുത്തിക്കളയുന്നത്. പാസ് കൊടുക്കാതെ പല താരങ്ങളും മുന്നേറുന്നത് കാണുമ്പോൾ പണമെറിഞ്ഞ കോർപ്പറേറ്റ് ചതിക്കുഴികൾ കാണുന്നു. ഈ പ്രവണതയിൽ അകപ്പെടാതെ ലോക സോക്കറിനെ സംരക്ഷിക്കുക എന്നതാണ് ഫിഫയുടെ ചുമതല. അതു മറക്കാതിരിക്കട്ടെ, ഉണ്ടാവാതിരിക്കട്ടെ... 

Join WhatsApp News
Sunil 2026-07-20 13:19:13
Argentina was lucky that they did not lose by half a dozen goals. Their goal keeper was very busy and did a good job. Referee did at least two splendid saves for Argentina. Messi enjoyed watching the game.
Josecheripuram 2026-07-20 13:53:36
ഈ ചെറിയ രാജ്യങ്ങൾക്ക് വേൾഡ് കപ്പിൽ കളിച്ചു വിജിയ്ക്കാമെങ്കിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യത്തിനു ഒരു ടീം പോലുമില്ലാത്ത നമ്മൾ വല്ലവന്റെയും ജയത്തിൽ ആഘോഷിക്കാൻ നാണമില്ലേ?
ജോണിവാക്കർ അമ്മാവൻ 2026-07-20 14:22:53
ജോണിവാക്കർ അമ്മാവൻ :- അയൽക്കാരൻറ്റെ മുണ്ട് പൊക്കി അതിൻറ്റെ മഹത്വം വർണ്ണിക്കുന്നവൻ അല്ലേ മലയാളി!! ജോസേ. ''അളിയൻറ്റെ പടവലങ്ങ'' പോലെയുള്ള കഥകൾ പ്രതീഷിക്കുന്നു. ജോണിവാക്കർ അമ്മാവനെ കൂട്ടിനു വിളിക്കു, അപ്പോൾ കവിത പാദസരം കെട്ടി കുണുങ്ങി കുണുങ്ങി വരും, [നാരദൻ]
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക