
പീഡനാനുഭവങ്ങളിൽ പതറാതെയും തളരാതെയും അർത്ഥപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സ്ത്രീക്ക് കഴിയുമെന്നതിന്റെ ഉജ്ജ്വലമായ മാതൃകയാണ് നാദിയ മുറാദ്. അവർ ഹൃദയരക്തം കൊണ്ടെഴുതിയ "ലാസ്റ്റ് ഗേൾ" അതിന് സാക്ഷ്യം വഹിക്കുന്നു.
സമാനതകളില്ലാത്ത കൊടിയപീഡനത്തിന്റെ കഥയാണ് നാദിയ മുറാദിന്റെ ജീവിതം. കൃത്യമായി പറഞ്ഞാൽ, ഐഎസ് ഭീകരരുടെ തടവിൽ കഴിയേണ്ടിവന്ന മൂന്നു മാസക്കാലത്തെ ജീവിതം. അതിക്രൂരമായ ലൈംഗികപീഡനമാണ് ഭീകരരിൽ നിന്നും അവർക്ക് നേരിടേണ്ടിവന്നത്. അതിന്റെ നേർവിവരണമാണ് "ലാസ്റ്റ് ഗേൾ" എന്ന അവരുടെ പുസ്തകം. അവർക്ക് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ പുസ്തകം, ലോകത്തിൽ മറ്റൊരു പെൺകുട്ടിക്കും ഇതുപോലൊരു അനുഭവം ഇനി ഉണ്ടാകരുതെന്നും താനാകട്ടെ ഇത്തരം അനുഭവം നേരിടുന്ന ലോകത്തിലെ അവസാനത്തെ പെൺകുട്ടി എന്നുമുള്ള പ്രാർത്ഥനയാണ്. ""I want to be the last girl in the world with a story like mine"" എന്ന് നാദിയ ആഗ്രഹം പ്രകടിപ്പിക്കുന്നുമുണ്ട്.
വടക്കൻ ഇറാഖിലെ ഒരു അതിർത്തി ഗ്രാമമായ കൊച്ചോവിൽ നിവസിക്കുന്ന യസീദികൾ നേരിടുന്ന ഭീകരാക്രമണങ്ങൾ വിവരിച്ചുകൊണ്ടാണ് നാദിയ തന്റെ അനുഭവവിവരണം തുടങ്ങുന്നത്. "തടവിലെ എന്റെ ജീവിതകഥയും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ എന്റെ ജീവിതകഥയും" എന്ന ഉപശീർഷകം പുസ്തകത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നു. 2014-ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോകുമ്പോൾ ഒരു വിദ്യാർത്ഥിനിയായിരുന്ന നാദിയക്ക് പ്രായം 21 വയസ്സ്. ഹൈസ്കൂളിൽ അവസാനവർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു നാദിയ. ഏകദൈവ വിശ്വാസികളായ യസീദി മതക്കാർ ഒരു ന്യൂനപക്ഷ വിഭാഗമാണ്. ലോകത്തിലാകമാനമായി ഒരു ദശലക്ഷത്തിൽ കുറവുമാത്രമായിരുന്നു അവരുടെ അംഗസംഖ്യ. ഐഎസ് ഭീകരരുടെ കൂട്ടക്കൊലയ്ക്ക് നിരന്തരം വിധേയരാകേണ്ടിവന്ന അവരുടെ അംഗസംഖ്യ ഇന്ന് അതിലും എത്രയോ കുറവാണ്.
2014-ൽ ഒരു ദിവസം കൊച്ചോവിലെ രണ്ട് യസീദി കർഷകരെ കാണാതായി. അടുത്ത ദിവസം അവരെ തട്ടിക്കൊണ്ടുപോയ ഭീകരർ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 40,000 ഡോളർ! അല്ലെങ്കിൽ ആ കർഷകരും അവരുടെ കുടുംബങ്ങളും ഇസ്ലാം മതം സ്വീകരിക്കണം എന്നായിരുന്നു അവരുടെ ഉപാധി. കടുത്ത മതവിശ്വാസികളായ യസീദികൾക്ക് മതം മാറ്റം അചിന്ത്യമായിരുന്നു. അവർ മടിച്ചുനിന്നതോടെ അടുത്ത ദിവസം ഗ്രാമത്തിലെ ഒരു തുറസ്സായ സ്ഥലത്ത് രണ്ട് കർഷകരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടു.
അടുത്ത ദിവസങ്ങളിൽ ഇത്തരം ആക്രമണങ്ങളും കൊലകളും പതിവായി. ഒരു ദിവസം ഐഎസ് ഭീകരർ കൊച്ചോ ഗ്രാമം ആക്രമിച്ച് ഒട്ടേറെ ഗ്രാമവാസികളെ തട്ടിക്കൊണ്ടുപോയി. പുരുഷന്മാരെയെല്ലാം അപ്പോൾത്തന്നെ വധിക്കുകയും സ്ത്രീകളെ ഒരു ബസ്സിൽ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു. അവരിൽ ഒരാളായിരുന്നു നാദിയ. നാദിയയുടെ അമ്മയെയും സഹോദരങ്ങളെയും അവർ വധിച്ചു. നാദിയ അടക്കമുള്ള പെൺകുട്ടികളെ അവർ കൊണ്ടുപോയത് അടിമച്ചന്തയിലേക്കാണ്. ഐഎസ് അധീനതയിലുള്ള മേഖലകളിൽ ഇത്തരം അടിമച്ചന്തകൾ ഇന്നും നിലനിൽക്കുന്നു. ഐഎസ് ഭരണസംവിധാനത്തിലെ ഒരു ജഡ്ജിയാണ് നാദിയയെ വിലയ്ക്ക് വാങ്ങിയത്.
ജഡ്ജിയുടെ വസതിയിൽ അതിക്രൂരമായ ലൈംഗികപീഡനത്തിനാണ് നാദിയ വിധേയയായത്. ബലാത്സംഗത്തിനുമുമ്പ് പെൺകുട്ടികളെ അവർ ഒരു വധുവിനെപ്പോലെ അണിയിച്ചൊരുക്കും. പിന്നെ അതിക്രൂരമായ ബലാത്സംഗം. ഇതിനിടയിൽ ഇര കണ്ണടയ്ക്കാൻ പാടില്ല. കണ്ണടച്ചാൽ ക്രൂരമായി മർദ്ദിക്കും. ഈ വിധത്തിൽ അനേകം ദിവസങ്ങൾ നാദിയ തള്ളിനീക്കി. ഒരിക്കൽ ജനലിലൂടെ ചാടി രക്ഷപ്പെടാൻ നാദിയ ശ്രമിച്ചപ്പോൾ പിടികൂടപ്പെട്ടു. ഇതിനുള്ള ശിക്ഷയായി ജഡ്ജി തന്റെ അംഗരക്ഷകരെക്കൊണ്ട് നാദിയയെ കൂട്ട ബലാത്സംഗം ചെയ്യിച്ചു.
ഒടുവിൽ ഭീകരരുടെ തടവിൽനിന്നും നാദിയ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഏത് ത്രില്ലറിനെയും വെല്ലുന്ന കഥയാണ്. ഇറാഖിലെ നഗരങ്ങളിലൊന്നായ മൊസൂളിലാണ് ഐഎസ് ഭീകരർ നാദിയയെയും മറ്റും തടവിൽ വെച്ചിരുന്നത്. ഒരു രാത്രിയിൽ ഐഎസ് തടങ്കലിൽനിന്നും രക്ഷപ്പെട്ട നാദിയ നഗരത്തിലെ ഒരു സുന്നി മുസ്ലീം കുടുംബത്തിൽ അഭയം തേടി. കുടുംബനാഥനായ ജബ്ബാർ ഒരു സുന്നി യുവതിയുടെ പേരിലുള്ള വ്യാജ ഐ ഡി സംഘടിപ്പിച്ചാണ് നാദിയയെ മൊസൂളിൽനിന്നും കുർദിഷ് അധീനതയിലുള്ള കിർകുക്കിലേക്ക് അതിസാഹസികമായി ഒളിപ്പിച്ചു കടത്തിയത്.
നാദിയയുടെ ആ രക്ഷപ്പെടൽ അതിവിശാലമായ ഒരു ജീവിത ദൗത്യത്തിലേക്കായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡർ ആയ അവർ ഇന്ന് യസീദികൾക്കും സംഘർഷമേഖലകളിലെ പീഡിതരായ സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുകയാണ്. ആ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നോബെൽ പുരസ്കാരം. മനുഷ്യാവകാശ പ്രവർത്തകയും ലണ്ടനിൽ അഭിഭാഷകയുമായ അമൽ ക്ലൂണി ഈ പുസ്തകത്തിന് എഴുതിയ അവതാരികയിൽ പറയുന്നു: "" നാദിയ സ്വന്തം ശബ്ദം മാത്രമല്ല തിരിച്ചറിഞ്ഞത്. മനുഷ്യക്കുരുതിക്ക് ഇരയായ ഓരോ യസീദിയുടെയും പീഡനത്തിനിരയാകുന്ന ഓരോ സ്ത്രീയുടെയും നിരാലംബമാക്കപ്പെടുന്ന ഓരോ അഭയാർത്ഥിയുടെയും ശബ്ദമായി മാറുകയും ചെയ്തു അവൾ."" പീഡനാനുഭവങ്ങളിൽ പതറാതെയും തളരാതെയും അർത്ഥപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സ്ത്രീക്ക് കഴിയുമെന്നതിന്റെ ഉജ്ജ്വലമായ മാതൃകയാണ് നാദിയ മുറാദ് എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.