
ചിക്കാഗോ: സീറോ മലബാര്‍ സഭയുടെ രാജ്‌കോട്ട് രൂപത മുന്‍ ബിഷപ്പും പ്രമുഖ മിഷനറിയുമായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സി.എം.ഐ (93) പിതാവിന്റെ നിര്യാണത്തില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയ്ക്ക് വേണ്ടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവും, എമിരറ്റസ് അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അമേരിക്കയിലെയും കാനഡയിലെയും സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഔദ്യോഗിക രൂപത സ്ഥാപിക്കുന്നതിന് അടിത്തറപാകിയ ദീര്‍ഘദര്‍ശിയായ ഇടയനായിരുന്നു അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ എന്ന് അനുശോചന സന്ദേശത്തില്‍ പിതാക്കന്മാര്‍ അറിയിച്ചു.
1960-കളുടെ അവസാനം മുതല്‍ കേരളത്തില്‍ നിന്നും, പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വലിയൊരു ജനവിഭാഗത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ നേരിട്ടറിയാന്‍ അന്നത്തെ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാനും അപ്പോസ്‌തോലിക് വിസിറ്റേറ്ററുമായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പിതാവ് നടത്തിയ നിരന്തരമായ ശ്രമങ്ങള്‍ സ്മരണീയമാണ്.
1996-ല്‍ വടക്കേ അമേരിക്കയിലെ പ്രമുഖ നഗരങ്ങള്‍ സന്ദര്‍ശിച്ച് വിശ്വാസികളുടെ അവസ്ഥ പഠിച്ച അദ്ദേഹം, 1998-ല്‍ റോമിലെ സിനഡിനും വത്തിക്കാനും സമര്‍പ്പിച്ച സമഗ്രമായ പഠന റിപ്പോര്‍ട്ടാണ് അമേരിക്കയില്‍ സീറോ മലബാര്‍ രൂപത രൂപീകരിക്കുന്നതിന് നിര്‍ണായകമായത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2001 മാര്‍ച്ച് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യക്ക് പുറത്തുള്ള സഭയുടെ ആദ്യത്തെ രൂപതയായി ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്ഥാപിച്ചത്.
അമേരിക്കന്‍ സീറോ മലബാര്‍ രൂപതയുടെ ആവിര്‍ഭാവത്തിന് മുഖ്യ കാരണഭൂതനായ പ്രിയപ്പെട്ട പിതാവിന്റെ വിയോഗം സഭയ്ക്കും പ്രത്യേകിച്ച് അമേരിക്കയിലെ വിശ്വാസ സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മാര്‍ ജോയ് ആലപ്പാട്ട് പിതാവും, മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും അനുസ്മരിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പിതാവിന്റെ ആത്മാവിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും രൂപതാ നേതൃത്വം അറിയിച്ചു.
മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പിതാവിന്റെ ആത്മശാന്തിക്കായി ചിക്കാഗോ രൂപതയ്ക്ക് വേണ്ടി അഭിവന്ദ്യ പിതാക്കന്മാര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.