Image

സസ്‌പെന്‍സ് അവസാനിച്ചു, നായികയെ അവതരിപ്പിച്ച് പൃഥ്വിയുടെ ഖലീഫ

Published on 20 July, 2026
 സസ്‌പെന്‍സ് അവസാനിച്ചു, നായികയെ അവതരിപ്പിച്ച് പൃഥ്വിയുടെ ഖലീഫ

 

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ നായികയെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മാളവിക ശര്‍മ്മ ആണ് സിനിമയിലെ നായികയായി എത്തുന്നത്. അഭിഭാഷക കൂടിയായ മാളവികയും പൃഥ്വിരാജും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക് വീഡിയോ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. 2018ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം നെല ടിക്കറ്റിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് മാളവിക ശര്‍മ. രവി തേജ ആയിരുന്നു നായകന്‍. കോഫി വിത്ത് കാവല്‍ എന്ന തമിഴ് ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 2024ല്‍ പുറത്തിറങ്ങിയ ഹരോം ഹര എന്ന തെലുങ്ക് പടം ആണ് മാളവിക ശര്‍മയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയില്‍ ഉണ്ടാകും. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് - സിജോ സെബാസ്റ്റ്യന്‍. മാസ്സ് സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ് .'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. 'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടന്‍, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ഒരുക്കുന്നത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക