Image

കളിപ്പാട്ടം (കഥ) ജോൺ മാത്യു (പുസ്തക പരിചയം - 14:തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 20 July, 2026
കളിപ്പാട്ടം (കഥ) ജോൺ മാത്യു  (പുസ്തക പരിചയം - 14:തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

പ്രസിദ്ധീകരണ രംഗത്ത് 'കളിപ്പാട്ടം' എന്ന പുസ്തകം ഒരു പരീക്ഷണമായിരുന്നു.  ഈ പുസ്തകത്തിൽ ആകെയുള്ളത് കളിപ്പാട്ടം എന്ന ഒരു കഥ മാത്രമാണ്. സാധാരണ വലുപ്പമുള്ള ഒരു കഥ, ഒരു പുസ്തകമായി മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത് ഇത് ആദ്യമാണ്.  പുതിയകാലം ആവശ്യപ്പെടുന്ന ജീവിത വ്യാഖ്യാനം കൊണ്ട് ഒറ്റയ്‌ക്ക് നിൽക്കാൻ കരുത്തുള്ള കഥയാണ് കളിപ്പാട്ടം.
അമേരിക്കൻ വൻകരയിൽ കുടിയേറിയ മലയാളി മനസ്സിൻ്റെ സർഗ്ഗചാരുത വെളിപ്പെടുത്തുന്ന കഥകളാണ് ജോൺ മാത്യു എഴുതുന്നത്. സ്വന്തം ബാല്യ കൗമാരങ്ങൾ അരങ്ങേറിയ ജന്മനാടിനേക്കുറിച്ചുള്ള ഗൃഹാതുര ചിന്തകൾക്കും വ്യർത്ഥ കാമനകൾക്കും അപ്പുറം താൻ ജീവിക്കുന്ന പുതിയ കാലദേശത്തിൻ്റെ അവസ്ഥാന്തരങ്ങൾ കലാപൂർണ്ണിമയോടെ തൻ്റെ കഥകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു. 
ഏഷ്യക്കാരൻ്റെയും ആഫ്രിക്കക്കാരൻ്റെയും ഹിസ്പാനിക്കിൻ്റെയും അമേരിക്കക്കാരൻ്റെയും എല്ലാം ജീവൻ തുടിക്കുന്ന നഖചിത്രങ്ങൾ തൻ്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പൗരസ്ത്യ പാശ്ചാത്യ ചക്രവാളങ്ങൾക്കുള്ളിലെ വിശാലതയിൽ സംഭവിച്ച് യാത്ര ചെയ്യുന്ന സകല മനുഷ്യരുടേയും ജീവിതവും ജീവിതദർശനവും തൻ്റെ കഥകളിലുണ്ട്.

ഒരു അച്ഛൻ തൻ്റെ മകൻ്റെ ഇരുപതാം വയസ്സിൽ, അവൻ്റെ കുട്ടിക്കാലത്ത് തങ്ങൾ താമസിച്ചിരുന്ന വീട് അവനേയും കൂട്ടി അന്വേഷിച്ച് പോകുന്നിടത്താണ് കഥ തുടങ്ങുന്നത്. എനിക്കൊരു വീടുണ്ടോ.. ? ഒരു നാടുണ്ടോ... ? എന്ന ചോദ്യവും, നിങ്ങളോക്കെ ചേർന്ന് എൻ്റെ ചെറുപ്പകാലം മുഴുവൻ നശിപ്പിച്ചു, എന്ന മകൻ്റെ പരാതിയും ചെവിയോർത്താൽ പല കുടുംബങ്ങളിൽ നിന്നും ഉയർന്നു കേൾക്കാം. 
ജീവിതം വെട്ടിപ്പിടിക്കാനായുള്ള ഓട്ടത്തിനിടയിൽ മിക്കവർക്കും വീട് എന്ന സ്ഥിരസങ്കല്പം പോലും ഉണ്ടാകില്ല. മകൻ മുതിർന്നപ്പോൾ അവൻ്റെ ചോദ്യങ്ങൾക്ക് മുൻപിൽ കഥാനായകന് ഉത്തരം മുട്ടി. മുതിർന്ന തലമുറ തങ്ങളുടെയും കുടുംബത്തിൻ്റെയും സുരക്ഷിതത്വത്തിനായി സമ്പത്ത് മുറുകെപ്പിടിക്കുമ്പോൾ അടുത്ത തലമുറകൾ തേടുന്നത് പാവക്കുട്ടികളെയാവും. 
പതിനാറാം വയസ്സിൽ നാടു വിട്ടിറങ്ങിയ താൻ ഒരു സ്ഥലത്തോടും ആത്മബന്ധം പുലർത്തിയില്ല എന്ന് തിരിച്ചറിയുമ്പോഴും, ജോലിയും അതിനനുസരിച്ച് താമസവും മാറുന്നത് തൻ്റെ മനസ്സിനെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് കഥാനായകൻ സമ്മതിക്കുന്നു, വിറ്റു പോയ വീടുകളൊക്കെ തനിക്കൊരു ഇടത്താവളം മാത്രമായിരുന്നെന്ന് അയാൾ ഉദാസീനമായി പറയുന്നു. 

കഥയിലെ ഇരുപതുകാരൻ മകൻ ഏറ്റവുമധികം സന്തോഷം അനുഭവിച്ചത് തൻ്റെ ഓർമ്മയിലെ ആദ്യത്തെ, തൻ്റെ അഞ്ചാം വയസ്സിലെ സ്വന്തം വീട്ടിൽ നിന്നാണ്. അവൻ്റെ ഗൃഹാതുരത്വം ഊഷ്മളമായ ബാല്യവും ആ വീടുമായി  ബന്ധപ്പെട്ടു കിടക്കുന്നു. വീട് പാർക്കുവാനുള്ള ഇടം മാത്രമല്ല, ആഗ്രഹങ്ങളുടെയും അനുഭവങ്ങളുടെയും ഇരിപ്പിടം കൂടിയാണ്. ഓർമ്മകളുടെ സുഗന്ധം പേറുന്ന അറയാണ്. ബാല്യകാലം ചിലവിട്ട വീട് ഒരു വ്യക്തിയുടെയും മനസ്സിൽ നിന്ന് വേഗം മാഞ്ഞുപോവുകയില്ല.  
പ്രവാസത്തിൻ്റെയും തൊഴിലിൻ്റെയും ഭാഗമായി നിരന്തരം വാസസ്ഥലം മാറേണ്ടി വരുന്നവർ, അവർക്ക് നഷ്ടമാകുന്നത് ഇടം മാത്രമല്ല, സ്വത്വം കൂടിയാണ്. സ്വന്തമായി ഇടമില്ലാത്ത, സ്വന്തമെന്ന് പറയാൻ ഒരു സ്ഥലമില്ലാത്തയാളാണ് കഥാകാരൻ. അതേ പോലെ തന്നെ തൻ്റേതായ ഇടം നഷ്ടപ്പെട്ടയാളാണ് കഥയിലെ മകനും. ഒരു അച്ഛനെയും മകൻ്റെയും സ്വത്വനഷ്ടത്തിൻ്റെ കഥയാണ് കളിപ്പാട്ടം.
കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ ആ വീടിന് പല അവകാശികൾ വന്നു പോയിരിക്കാം, അവിടെ പലർ താമസിച്ചിരുന്നിരിക്കും എന്നിട്ടും വീടിനുള്ളിലെ ബേസ്മെൻ്റിൽ താൻ ഒളിച്ചു വെച്ചത് കണ്ടെത്താനായി. സ്റ്റാർ മൂവിയിലെ ലൂക്ക് സ്‌കൈവാക്കറുടെ മൂന്നോ നാലോ ഇഞ്ച് ഉയരമുള്ള കളിപ്പാട്ടം അവൻ ഒളിപ്പിച്ചു വെച്ച ഇടത്തുതന്നെ ഉണ്ടായിരുന്നു. അഞ്ചുവയസ്സിൽ അവൻ ഒളിപ്പിച്ചു വെച്ച ലൂക്ക് സ്‌കൈവാക്കറെ കണ്ടെത്തുമ്പോൾ അവനുണ്ടാകുന്ന അത്മസന്തോഷം കഥ വായിക്കുന്ന ഓരോരുത്തർക്കും അനുഭവിക്കാനാവും. ഒരു കളിപ്പാട്ടം മാത്രമല്ല, അവൻ്റെ ഓർമ്മകളെയാണവൻ തിരിച്ചെടുക്കുന്നത്, തൻ്റെ സ്വത്വബോധത്തെയാണവൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത്.

ഒരു ജനതയുടെ വളർച്ചയിൽ അതിൻ്റെ തുടക്കം മുതൽ പങ്കുചേർന്ന വ്യക്തിയാണ് ജോൺ മാത്യു എന്ന എഴുത്തുകാരൻ. കഴിഞ്ഞ അഞ്ചര ദശാബ്ദക്കാലത്തിനുള്ളിൽ എഴുതിയ 49 കഥകളടങ്ങിയ 'ജോൺ മാത്യവിൻ്റെ കഥകൾ' എന്ന പുസ്തകവും വായനക്കാർക്ക് ലഭ്യമാണ്. പരിധി പബ്ളിക്കേഷൻസാണ് 344 പേജുള്ള 'ജോൺ മാത്യുവിൻ്റെ കഥകൾ' എന്ന വലിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവാസ ജീവിതത്തിൻ്റെ സംഘർഷങ്ങളിൽ പിറവിയെടുത്ത കഥകളാണിത്. ഓരോ കഥകളും സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള മദ്ധ്യവർത്തിയുടെ ജീവിതകാമനകൾ വെളിപ്പെടുത്തുന്നു. ലാളിത്യമാർന്ന ശൈലി, ഗഹനമാർന്ന അടിയൊഴുക്ക്. ജോൺ മാത്യുവിൻ്റെ ഓരോ കഥകളും വായനക്കാരുടെ മനസ്സിലേക്കാണ് ചേക്കേറുന്നത്. ഈ കഥകൾ നമുക്ക് നവ്യമായ വായാനാസുഖം നൽകും.

മലയാളത്തിൽ വന്നിട്ടു പോയ പ്രസ്ഥാനങ്ങളൊന്നും ഇവിടെ കാര്യമായി ചർച്ച ചെയ്യപ്പെട്ടതേയില്ല. പക്ഷേ ഒരു കുടിയേറ്റ സമൂഹം ഉരുത്തിരിഞ്ഞു വരുന്നത് ഇവിടെ ചർച്ച ചെയ്തു. അത് തുടർന്നും ചർച്ച ചെയ്തു കൊണ്ടേയിരിക്കും. ആദ്യകാല കുടിയേറ്റക്കാരും അവരുടെ കുട്ടികളും, അയൽക്കാരായ ആഗോള സമൂഹവും, തങ്ങൾ പിന്നിട്ടു പോന്ന പഴയ ഭൂമിയുടെ ഓർമ്മയും ഇതാണ് യഥാർത്ഥത്തിൽ അമേരിക്കയിലെ ഒരു മലയാളി എഴുത്തുകാരൻ്റെ കാൻവാസ്. ഒരു സമൂഹത്തിൻ്റെ വളർച്ചയോടൊപ്പമുള്ള യാത്രയാണ് ഇവിടെ സാഹിത്യം. വടക്കേ അമേരിക്കൻ ജീവിതത്തെ ഇത്ര ആഴത്തിൽ അടയാളപ്പെടുത്തിയ രചനകൾക്ക് ജോൺ മാത്യുവിനേപ്പോലെ മറ്റൊരു ഉടയവൻ ഉണ്ടോ എന്ന് സംശയമാണ്. 

ഡോ. ഷൈനി തോമസിൻ്റെയും ഡോ. നിബുലാൽ വെട്ടൂരിൻ്റെയും വിശദമായ കഥാപഠനവും കളിപ്പാട്ടം എന്ന ഈ പുസ്തകത്തിൽ ആമുഖമായി ചേർത്തിട്ടുണ്ട്. ചിത്രകാരൻ കെ. വി. ജ്യോതിലാലിൻ്റെ വരയും കഥയ്‌ക്ക് കൂടുതൽ മിഴിവ് നൽകി. തിരുവനന്തപുരത്തു നിന്നുള്ള എസ്തെറ്റിക്സ് പബ്ളിക്കേഷൻസാണ് 25 പേജുള്ള ഈ ഒറ്റക്കഥയുടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 100 രൂപ.

ജോൺ മാത്യു  

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ കുന്നത്ത് വീട്ടിൽ ജനിച്ചു. മല്ലപ്പള്ളിയിലും തിരുവല്ലയിലും ഡൽഹിയിലും വിദ്യാഭ്യാസം. ന്യൂഡൽഹിയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം എഴുപതുകളുടെ തുടക്കത്തിൽ അമേരിക്കയിലേക്ക് കുടിയേറി. ഇപ്പോൾ സാഹിത്യ സാമൂഹിക രംഗങ്ങളിലെ തലമുതിർന്ന കാരണവരായി ഹൂസ്റ്റണിൽ താമസിക്കുന്നു. 
കേരള റൈറ്റേഴ്സ് ഫോറം (ഹൂസ്റ്റൺ), ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) എന്നീ സംഘടനകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇവയുടെ പ്രസിഡൻ്റായും നേതൃത്വം നൽകി. ഹൂസ്റ്റൺ കേരള ഡയറക്ടറിയുടെ എഡിറ്റർ, ഇന്ത്യ ന്യൂസ് ആൻ്റ് റിവ്യൂ മാസികയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നിറം പിടിപ്പിച്ച ലോകം , ഉടുപ്പുകളുടെ ഘോഷയാത്ര, കുടിയേറ്റം മുതൽ മടക്കയാത്ര വരെ, ആനയും അന്തകവിത്തും, ജോൺ മാത്യുവിൻ്റെ കഥകൾ, വൈരുദ്ധ്യാത്മക വിപ്ളവം, കളിപ്പാട്ടം, ന്യായവിധി തുടങ്ങിയ കഥാസമാഹരങ്ങളും; ഭൂമിക്കുമേലൊരു മുദ്ര, യുഗങ്ങൾ അവസാനിക്കുന്നില്ല - ഡൽഹി - മണിമലയാർ - കരടിത്തോട് (മൂന്ന് ഭാഗങ്ങൾ) എന്നീ നോവലുകളും; അനുഭവങ്ങൾക്ക് ചിറകുകൾ, കുടിയേറ്റഭൂമിയിലെ സാഹിത്യ സംവാദങ്ങൾ, നിറമണിയും നിമിഷങ്ങൾ എന്നീ ലേഖന സമാഹാരങ്ങളും; എന്നും ജീവിക്കുന്നവരുടെ ലോകം എന്ന ഓർമ്മക്കുറുപ്പികളും; OurBeloved Bhoomi, Ages Never End എന്ന ഇംഗ്ളീഷ് പതിപ്പും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
പിതാവ് :- കെ. എം. മത്തായി, മാതാവ് :- ഏലിയാമ്മ മത്തായി, ഭാര്യ :- ബേബിക്കുട്ടി, മകൾ :- ലിസ് മൈക്കിൾ, email :  johnmathew102@yahoo.com
 

കളിപ്പാട്ടം (കഥ) ജോൺ മാത്യു  (പുസ്തക പരിചയം - 14:തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക