Image

ആത്മരഹസ്യം ( നോവൽ - 24 : മിനി ആന്റണി )

Published on 20 July, 2026
ആത്മരഹസ്യം  ( നോവൽ - 24 : മിനി ആന്റണി )

മായ തിരിഞ്ഞുനോക്കാതെ മുമ്പോട്ട് നടന്നു.  മറ്റേമ്മ കൂടെ വരാൻ നിർബന്ധം പിടിക്കാത്തതിൽ അവൾക്ക് സന്തോഷം തോന്നി. പണ്ടത്തെ കാലം അതേപടി ഉള്ളിലുയരാൻ തനിച്ചാകുന്നതാണ് നല്ലത്.  

ഒറ്റക്കും കൂട്ടായും വർഷങ്ങളോളം ഓടി നടന്ന ഇടങ്ങളാണ്.  ഇവിടെ എന്ത് പേടിക്കാൻ? ആരെ പേടിക്കാൻ? അതും ഈ പ്രായത്തിൽ.... അമ്മമാരുടെ മനസ്സിൽ കുട്ടികളൊരിക്കലും വളരുന്നില്ലല്ലോ.  അതാണ് മറ്റേമ്മക്കിത്ര പേടി.  

ഇടവിട്ടുള്ള  രണ്ട് വീടുകളും കൂടി കഴിഞ്ഞാൽ  പിന്നീടങ്ങോട്ട് നിറയെ റബർ തോട്ടങ്ങളാണ്.  തോട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന കനാൽ.  അവിടെയാണ് ഈ റോഡവസാനിക്കുന്നത്. ഒരു വീട് ബിന്ദുവിൻ്റേതാണ്.  അവളുടെ വിശേഷം  മറ്റേമ്മ പറഞ്ഞറിഞ്ഞതാണ്. പാവം.  അവളിപ്പോൾ  എവിടെയായിരിക്കും.

വീടുവിട്ട് പോയ മക്കളുടെ വരവും കാത്തിരിക്കുന്ന  വൃദ്ധമാതാപിതാക്കളെപ്പോലെ ബിന്ദുവിൻ്റെ വീട്  വിഷാദഭാവവുമായി  നിൽക്കുന്നു.  വിലകുറഞ്ഞ ചില മിനുക്കുപണികളൊഴിച്ചാൽ ആ വീടിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.  അടുത്ത വീട്ടിൽനിന്ന്  ഒരു യുവതി ഇതിലേ ഇതേതാണൊരു പുതുമുഖം എന്ന് സംശയവും ആശ്ചര്യവും കലർത്തി നോക്കുന്നു.  ആ നോട്ടം സ്വാഭാവികമാണ്.  ഈ വഴിയിലൂടെ അപരിചിതരാരെങ്കിലും  നടന്നുപോകുന്നത് വിരളമായിരിക്കും.

ഇനിയങ്ങോട്ട്  വിജനതയാണ്.  കാലത്തിന് ഇവിടെ ഒരു മാറ്റവും വരുത്താനായിട്ടില്ല. യുവതിയുടെ ആകാംക്ഷയോടെയുള്ള നോട്ടം മറികടന്ന് റബ്ബർമരങ്ങളുടെ മർമ്മരങ്ങളിലൂടെ ഓർമ്മകളിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.  റൈനുവായിരുന്നു.

"ബാഷയെ കണ്ടോ?"  ഫോണെടുത്തതും റൈനു ചോദിച്ചു.  ബാഷയെ കാണാനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങോട്ട് പുറപ്പെട്ടത്. എങ്കിലും എന്തെങ്കിലുമൊക്കെ വിശേഷങ്ങളറിയാമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. അതുപോലും ഉണ്ടായില്ലെന്ന് പറയണോ?  കൂടുതൽ കുത്തിച്ചോദിക്കുന്ന ശീലം അവൾക്കില്ലെന്നറിയാവുന്നതിനാൽ  കണ്ടില്ലെന്ന് മാത്രം പറഞ്ഞു.

"താനെന്ന് വരും ? നാളെ വരില്ലല്ലോ അല്ലേ. ഞാൻ നാളെ അപ്പനെ കാണാൻ പോവാന്ന് വിചാരിക്കാ. താനും  നിഷിയും ഇല്ലല്ലോ.  ടീച്ചർടെ കാര്യങ്ങളൊക്കെ ഒന്നേർപ്പാടാക്കി രാവിലെത്തന്നെ പൊറപ്പെടും. രണ്ട് ദിവസം ഞാനും ലീവെടുത്തു .“

"കാറ് ഞാൻ എടുത്തേക്കല്ലേ. ഇത്ര ദൂരം സ്‌കൂട്ടീല് ശര്യാവോ ? ഞാൻ 
വന്നിട്ടാണെങ്കി കുഴപ്പല്ല്യാരുന്നു…. ഇതിപ്പോ  ടീച്ചറും ഒറ്റയ്ക്കായിപ്പോവില്ലേ? “

"ഇല്ലെടോ. ഞാൻ ഇന്നന്നെ തിരിച്ചെത്തും. തന്നെപ്പോലെ സർക്കാർജോലി ഒന്ന്വൊല്ലല്ലോ ആ ലീവ്,ഈ ലീവ് ന്നൊക്കെ പറയുമ്പൊ കിട്ടാൻ.  പിന്നെ രാവിലെ നമ്മടെ പൈനാപ്പിൾ ഗന്ധക്കാരൻ ഒരു ലിഫ്റ്റ് തരാന്ന് പറഞ്ഞിട്ടുണ്ട്.  പാതിരാത്രില് ഞാൻ കൊടുത്ത ലിഫ്‌റ്റിനുള്ള പ്രത്യുപകാരം.  അയാൾടെ തോട്ടം പോണ വഴീലെവിടങ്ങാണ്ടോ ആണത്രെ.  ഒക്കെ സെറ്റാ. പിന്നേയ് അയാളെ ഒന്നൂടെ ഒന്ന് കൊടയണം. നമ്മടെ ബാഷേടെ കാര്യത്തിലേയ്.  ചെലപ്പോ എനിക്കാവും അതിലൊരു തുമ്പുണ്ടാക്കാനൊള്ള  നിയോഗം.  താൻ സമാധാനത്തില് രണ്ടോ നാലോ ദിവസം കഴിഞ്ഞ് വന്നാമതി. "

പാവം റൈനു. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പെരുമാറുന്നവളാണ്. അവൾ  ചെയ്യുന്നതിൻ്റെ പത്തിലൊരംശം പോലും അവൾക്ക് തിരിച്ച് കൊടുക്കുന്നില്ല.  അവളത് പ്രതീക്ഷിക്കുന്നില്ലെങ്കിലും. അവളെ മനസ്സിലാക്കി പെരുമാറാനുള്ള വലുപ്പമോ, അവളെപ്പോലുള്ള ചിന്താഗതികളോ ഒന്നും തൻ്റെ മനസ്സിനില്ല. ലാലിനെ കാണാൻ പോയ വിശേഷം പണ്ടാണെങ്കിൽ  വിസ്തരിച്ച് പറയാറുണ്ട്.  ഇന്ന് പക്ഷേ … ഒന്നും പറഞ്ഞില്ല. അവളെ ഉൾക്കൊള്ളാൻ താനിനിയും വളരേണ്ടിയിരിക്കുന്നു.

ഒരു കുയിൽ എവിടേയോ ഇരുന്ന് നീട്ടിക്കൂവി.  പകൽ സന്ധ്യയിലേക്ക് പടരാൻ തുടങ്ങുന്ന സമയമാണ്.  ഒരു ദിവസത്തെ അധ്വാനത്തിൻ്റെ പരിസമാപ്തിയിലേക്കായി പറക്കുന്ന പക്ഷികൾ.  കാറ്റ് മാത്രം വിശ്രമമില്ലാതെ  വീശികൊണ്ടേയിരിക്കുന്നുണ്ട്. പതുക്കെ നടന്ന് കനാൽതിണ്ടിലേക്ക് കയറി.

മുപ്പത് വർഷങ്ങൾക്ക് ഇവിടെ ഒരു മാറ്റവും ഉണ്ടാക്കാനായിട്ടില്ല. കനാലിന് കുറുകെ മുകളിലെ ആശ്രമത്തിലേക്കുള്ള കുത്തനെയുള്ള റോഡിലേക്ക് വീതിയിൽ ഒരു പാലം വന്നതൊഴികെ എല്ലാം പഴയത് പോലെ. അല്ല. പഴയതിനേക്കാൾ കാടുപിടിച്ചിരിക്കുന്നു.

പുതിയ പാലത്തിന്റെ ഇടതു സൈഡിൽ പഴയ ഓവുചാൽ നിറം മങ്ങി ഓർമ്മകളുണർത്തി കിടന്നു. ചാലിന്റെ ഇരുസൈഡിലുമുള്ള വീതികുറഞ്ഞ സിമന്റ് തിണ്ടിൽ കൂടി അപ്പുറത്ത് വളർന്ന് നിൽക്കുന്ന കൊങ്ങിണി കാട്ടിലേക്ക് ഞാണിൻമേൽ എന്നപോലെ കടന്ന് പോകാറുള്ളതോർത്തപ്പോൾ കാലുകൾ ഇപ്പോഴും ഒന്ന് വിറച്ചു.

 
ആർക്കും കയറാൻ സാധിക്കാത്ത ശിവലിംഗം പോലെ കുത്തനെ ഉയർന്നു നിൽക്കുന്ന അമ്മച്ചിപ്പാറയിൽ  വള്ളിച്ചെടികൾക്കൊപ്പം പടർന്ന് കിടക്കുന്ന കൊങ്ങിണിണിയിൽ നിന്ന് പൂക്കൾ കാറ്റിനൊപ്പം അടർന്ന് പറന്നു. അവയിൽ ചിലത് വന്ന് മുടിയിൽ പറ്റിപ്പിടിച്ചു. ഇവരും തന്നെ മറന്നിട്ടില്ലെന്നാണോ !.

പാലപ്പൂമണമുള്ള ആ കാറ്റിനൊപ്പം മെല്ലെ  നടന്നു. സൈഡിലുള്ള പൊന്തക്കാടുകൾ കണ്ടപ്പോൾ അതിനുള്ളിൽ ഉണ്ടശർക്കര നിറച്ച ചാക്ക് കിടക്കുന്നുണ്ടോ എന്ന് വെറുതെ ഒന്ന് നോക്കി.  ശർക്കരചാക്കും  പുറത്തേറ്റി വളഞ്ഞുകുത്തിവരുന്ന ജംബുവിൻ്റെ   രൂപത്തിനായി ദൂരേക്ക് കണ്ണയച്ചു . പൊന്തകാട്ടിനുള്ളിൽ ചാക്ക് തട്ടിയശേഷം ചാക്ക് കേട് വരുത്താതെ തുരന്ന് ജംബു കൂട്ടുകാർക്ക്  ആരുമറിയാതെ ഉണ്ടശർക്കര കൈമാറും.  കിട്ടുന്നതിൽ ഭൂരിഭാഗവും ബാഷ തനിക്കായി മാറ്റിവയ്ക്കും.

ബാഷയിൽ നിന്ന് ആദ്യമായി വാങ്ങിക്കഴിച്ച ശർക്കരയുടെ രുചിയോർമ്മിച്ചപ്പോൾ  കണ്ണുനിറഞ്ഞു.

ആദ്യമൊക്കെ ഉണ്ടകണ്ണുള്ള, കറുത്ത ആ ഉയരക്കാരനെ കാണുന്നതേ  ദേഷ്യമായിരുന്നു.  ശർക്കര തിന്നാൽ കൊതിയുണ്ടെങ്കിലും അവന്റെ കയ്യിൽ നിന്ന് വാങ്ങി തിന്നാറേയില്ല.തൻ്റെ സ്ഥാനം തട്ടിയെടുക്കാൻ വന്ന ഒരുത്തൻ എന്നുള്ള തോന്നലിൽ  ഉപദ്രവിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല.

“അവനും നിന്നെപ്പോലെ ഒരു കുട്ട്യല്ലേ. പാവല്ലേ.”  മറ്റേമ്മ ഉപദേശിക്കും.

“അവനെ ദ്രോഹിക്കാനാണെങ്കി നീ അമ്മടെ അടുത്തന്നെ നിന്നാ മതി.” വല്യമ്മ മെരട്ടും.

എല്ലാരും എങ്ങനൊക്കെ ശ്രമിച്ചിട്ടും അവനോടുള്ള ദേഷ്യം കുറഞ്ഞതേയില്ല.

ബാഷയോട് വെറുപ്പ് കാട്ടുന്നത് അമ്മയ്ക്കും  ഇഷ്ടമായിരുന്നില്ല. അന്നതിൻ്റെ കാരണം അറിയുമായിരുന്നില്ലല്ലോ.

“നിന്നേക്കാൾ രണ്ടോ മൂന്നോ വയസ്സിൻ്റെ മൂപ്പുണ്ടാവും അവന്. എന്നിട്ടും പഠിപ്പിൻ്റെടേലും എന്തൊക്കെ കാര്യങ്ങളാ ചെയ്യണെ? നീ അവനോട് ദേഷ്യൊന്നും കാട്ടരുത്. “

അമ്മ പറയുന്നതിൽ കാര്യമുണ്ടെന്ന് അറിയാമെങ്കിലും “ഇതൊക്കെ വേണെങ്കി എനിക്കും ചെയ്യാം. അമ്മ എന്നെ വിടാത്തോണ്ടല്ലേ… ഇത്തിരി പയറും വെണ്ടക്കേം കിട്ടിപ്പോ ശാരദ കാല് മാറി.”  എപ്പോഴും അങ്ങനെയെന്തെങ്കിലും മുട്ടുന്യായം പറഞ്ഞ് അമ്മയുടെ വായടപ്പിക്കാറാണ് പതിവ്.

കനാൽ മണ്ടയിലെ പൊന്തക്കാടിൻ്റെ കുറച്ചുഭാഗം  വെട്ടിത്തെളിച്ച്   അവനൊരു പച്ചക്കറിതോട്ടമുണ്ടാക്കി.  പശുക്കളും ആടുകളും കേറി മേയാതിരിക്കാൻ ചുറ്റും സ്ട്രോങ്ങായി വേലിയും കെട്ടി. പയറും വെണ്ടയും വഴുതനയുമടക്കുള്ള  പച്ചക്കറികൾ തഴച്ച് വളർന്ന് പൂത്ത് കായ്ച്ചു. അവൻ്റെ കൃഷി കാണാനും അഭിനന്ദിക്കാനും പലരും  അവിടേക്ക് വരാറുണ്ട്.  താനതിനും  ഒരു വിലയും കൽപിക്കാറില്ല.

"അസൂയ.  അസൂയക്കും കുശുമ്പിനും മരുന്നില്ല മോളേ…. “ സുമന പറയും.  

"അസൂയപ്പെടാൻ ഇതെന്താ? വല്ല്യ കണ്ടുപിടുത്തം വല്ലോം ആണോ ? എന്തായാലും ഞാനൊരു ഫാർമറാവാൻ തീരുമാനിച്ചിട്ടില്ല. "

കൃഷിയോടുള്ള താൽപര്യമോ  അതോ സ്വന്തമായി എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നതിൻ്റെ  അഭിമാനമോ ?  എന്തായാലും തൻ്റെ  കൃഷിയുമായി സ്‌കൂളില്ലാത്ത പകൽസമയങ്ങളിൽ മിക്കപ്പോഴും കനാൽ മണ്ടയിലാണ് അവൻ്റെ വാസം.

അത്തിക്കാവിൽ പുഴകളില്ല. ചെറുതോടുകളേയുള്ളൂ.  നിറഞ്ഞൊഴുകുന്ന കനാലാണ് അന്നെല്ലാർക്കും പുഴ.

അന്നൊക്കെ കനാലിന്റെ ഓരോ വളവുകളും  ചാരായം വാറ്റിന്റെ കേന്ദ്രങ്ങളാണ് . എക്സൈസുകാർ വരുമ്പോൾ ഓടിയൊളിക്കാൻ വേണ്ടിയാണ് അവർ വളവുകൾ തന്നെ തിരഞ്ഞെടുത്തിരുന്നത്. ഇതിനു വേണ്ടിയാണ് പൊന്തക്കാട്ടിൽ ഉണ്ടശർക്കര സൂക്ഷിക്കുന്നത്.

മിക്കപ്പോഴും വാറ്റിന്റെ ഉച്ചിഷ്ടമായ വാഷ് കനാലിലൂടെ പതഞ്ഞൊഴുകും. വാഷൊഴുകാത്ത സമയങ്ങളിൽ, കലങ്ങിയൊഴുകുന്ന വെള്ളത്തിൽ കൂട്ടുകാരെല്ലാം നീന്തി തുടിക്കും.

“മായേ …. വാ…” എല്ലാവരും വിളിക്കും. പക്ഷേ പേടിയാണ്. നീന്തലറിയില്ല. നീന്തൽ പഠിക്കാൻ അമ്മ അനുവദിക്കുകയുമില്ല.

വാഴപ്പിണ്ടി മുറിച്ചിട്ട് കൊച്ച് കുട്ടികൾ വരെ നീന്താൻ പഠിക്കുന്നത് മുകളിലെ പുൽപരപ്പിലിരുന്ന്, കുറച്ച് വിഷമത്തോടെയും , അതിലേറെ ആഹ്ളാദത്തോടെയും നോക്കിയിരിക്കും.

അമ്മ അറിയാതെയാണ് ഇവിടേക്ക് വരുന്നത്.  കൃഷിയുടെ കാര്യത്തിനായി അമ്മ  പാടത്തേക്ക് പോകുന്ന താപ്പിന്.  വീട്ടിൽ നിന്നിവിടേക്ക് പറമ്പിലൂടെ എളുപ്പവഴിയുണ്ട്.  തിരിച്ച് പോകാൻ അതിലും എളുപ്പമായിരുന്നു. ഇറക്കമല്ലേ.  പക്ഷേ കനാൽ മണ്ടയിലെ സ്നേഹപ്പുല്ലും പൊന്തക്കാട്ടിലെ ഊരാൻകായകളും ചിലപ്പോൾ ചതിക്കും.  

മുകളിലേക്ക് പോകുന്നതും അവിടെയുള്ള കുട്ടികളുമായി കൂട്ടുകൂടുന്നതും ഒന്നും അമ്മക്ക് തീരെ ഇഷ്ടമായിരുന്നില്ല.

"ഞങ്ങളൊക്കെ കറത്തോരായോണ്ടാവും നിൻ്റമ്മക്ക് പിടിക്കാത്തെ. “ ജംബു എപ്പോഴും ഇതാവർത്തിക്കാറുണ്ട്. പക്ഷേ അമ്മേടെ ന്യായം മറ്റൊന്നാണ്.

“വല്ലോടത്തും പോയി നിനക്ക് വല്ലതും പറ്റിയാലേ അച്ഛൻ വരുമ്പോ ഞാനെന്ത് മറുപടി പറയും.”

ഒരിക്കലും വരാത്ത അച്ഛനെ അമ്മ എത്ര കാലമാണ് കാത്തിരുന്നത്. രാത്രികളിൽ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോൾ ഇടക്ക് അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ട് ഞെട്ടിയുണരും.

"ആരെടാ പുറത്ത്. വെട്ടുകത്തിടെ മൂർച്ച അറിയണംന്നൊള്ളോര്  വാടാ.....ധൈര്യം ഉള്ളോര് വാടാ. "

ഒച്ചവെക്കുന്ന കേട്ട് പേടിച്ചിരിക്കുന്ന തന്നെ കെട്ടിപ്പിടിച്ച് അമ്മ കരയും.

ഇടക്കൊക്കെ പോലീസ്‌കാരെ പേടിച്ചോടണവാറ്റുകാരാ വഴി ഓടി വരാറുണ്ട്. 
കുറച്ച് വളർന്നപ്പോഴാണ് മനസിലായത്. കൂടുതലും അമ്മേനെ പേടിപ്പിക്കണ ആൾക്കാര്  കാറ്റത്ത് അനങ്ങുന്ന വാഴകയ്യിന്റെ നിഴലും, പെരുകി നടക്കണ പെരുച്ചാഴീം  കടവാതിലും ഒക്കെയാണെന്ന്. ഈ പേടിക്കലും ഭീഷണിപ്പെടുത്തലും അമ്മേടെ  സ്ഥിരം ഐറ്റം ആണെന്ന് ബോധ്യം വന്നതോടെ  ഒപ്പം പേടിക്കണ പരിപാടിയങ്ങ് നിർത്തി.

കനാലിലേക്കുള്ള വരവും പോക്കും അറിഞ്ഞിട്ടും ബാഷ ഒരിക്കലും ഒറ്റിക്കൊടുത്തില്ല. അതുകൊണ്ട് ആ വഴിക്കുള്ള അടിയും ഒഴിവായി. പിടിക്കപ്പെടുംവരെ പോക്കാവർത്തിക്കാനും പറ്റി.

താഴേക്ക് ഇടിഞ്ഞ് കിടന്ന പണ്ടിരിക്കാറുള്ള ഒരു തിണ്ടിൽ ചെന്നിരുന്നു. പാൻ്റിൽ നിറയെ സ്നേഹപുല്ലിൻ്റെ  ആഹ്ളാദം .  കനാലിപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്.

സ്നേഹപ്പുല്ലുകൾ പെറുക്കികളയാൻ  ശ്രമിച്ചു.. പിന്നെ അത് ഒരു പാഴ്വേലയാണെന്ന് കരുതി നിറുത്തി. ആ സ്നേഹത്തെ പെറുക്കിക്കളയാൻ ശ്രമിച്ചതിലെ വൈരുദ്ധ്യത്തെ കുറിച്ചോർത്ത് സങ്കോചം തോന്നി.  പല മനുഷ്യരും ഇങ്ങനെയൊക്കെയാണ്. ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കും. പറ്റിപ്പിടിക്കുന്ന സ്നേഹം  ഒരുവേള ആരുമറിയാതെ തൂത്തെറിയാനും ശ്രമിക്കും.

പണ്ടിവിടെ കുട്ടികളുടെ ആഹ്ളാദതിമിർപ്പുകളുണ്ടായിരുന്നു. ഇപ്പോൾ തികഞ്ഞ നിശബ്ദതയാണ്.  കനാൽ പുറമ്പോക്കിലാണ് ജംബുവിൻ്റെയും സന്തോഷിൻ്റെയുമൊക്കെ വീട്.  ആ വളവിനപ്പുറത്ത്. ഇവിടെയും പണ്ട്  വീടുകളുണ്ടായിരുന്നു.  വീടുകളെന്ന് പറയാൻ പറ്റില്ല. കൂരകളായിരുന്നു.  ഇപ്പോഴതൊന്നും കാണാനേയില്ല.പണ്ടത്തേപ്പോലെ കളിക്കുന്ന കുട്ടികളും ഇപ്പോഴില്ലല്ലോ! സർവ്വത്ര വിജനം.

കുറച്ചു നേരമിരുന്ന ശേഷം പതുക്കെ തിരിച്ചു നടന്നു.  ഓർമ്മയിൽ മറക്കാത്ത ഒരു ദിവസം ഉണ്ട്.

മുണ്ടകൻ കൃഷി തുടങ്ങുന്ന സമയം. അമ്മ നല്ല തിരക്കിലാണ്. ചായയും ചോറും എടുക്കാനല്ലാതെ വീട്ടിലേക്ക് വരികയേ ഇല്ല.

കനാൽ നിറഞ്ഞൊഴുകുന്ന സമയം. ബ്ലൗസിനടിയിൽ  ഒരു തോർത്തെടുത്ത് ചുറ്റി കെട്ടി.  ആരും കാണാതിരിക്കാനാണ്. അമ്മയുടെ ചെവിയിലെത്തരുത്. കനാലിലിറങ്ങുന്നത് അമ്മ ഒട്ടും ക്ഷമിക്കില്ല.

ചെറിയ കുട്ടിയൊന്നുമല്ല. ഇന്നെന്തായാലും നീന്തൽ പഠിക്കണം. ഏറെക്കാലത്തെ ആഗ്രഹമാണ്.

കനാലിലിറങ്ങിയാൽ വെയിലാറും മുമ്പേ കരക്ക് കയറണം. എന്നാലേ നനഞ്ഞ വസ്ത്രങ്ങളും മുടിയും ഉണങ്ങി കിട്ടൂ. വലുതായതൊന്നും അമ്മ കാര്യമാക്കില്ല. അറിഞ്ഞാൽ നല്ല പെട കിട്ടും. പറമ്പിലാണെങ്കിൽ നിറയെ പാണലും.  പാണല് വടി കൊണ്ടുള്ള അടി കിട്ടിയവരൊന്നും പിന്നീട് അതിന്റെ വേദന മറക്കില്ല. പക്ഷേ അതിനേക്കാളും മുകളിലായിരുന്നു നീന്തൽ പഠിക്കണം എന്ന ആഗ്രഹം.

കൂട്ടുകാർ വാഴപ്പിണ്ടി വെട്ടി വെള്ളത്തിലിട്ടു തന്നു. ഭാഗ്യത്തിന് ബാഷ അപ്പോഴവിടെ ഉണ്ടായിരുന്നില്ല.  ചുറ്റും കൂട്ടുകാരുടെ പ്രോൽസാഹനം.. വാപ്പിണ്ടിയിൽ പിടിച്ച് കൈകാലിട്ടടിച്ച് ചെറിയ കുട്ടികൾ വരെ നീന്തൽ പഠിക്കുന്നത് എത്ര കണ്ടിരിക്കുന്നു. വലിയ പേടിയൊന്നും തോന്നിയില്ല.

പതിവിലും കൂടുതൽ വെള്ളമുണ്ടായിരുന്നു അന്ന്. ഒഴുക്കും കൂടുതലായിരുന്നു. അടിതെറ്റിപ്പോയി. പിണ്ടിയിൽ നിന്ന് പിടിവിട്ട് മുന്നോട്ടൊഴുകി. നിവർന്ന് നിന്നാൽ കഴുത്തറ്റം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വെപ്രാളത്തിൽ വെള്ളം കുടിച്ച് മുങ്ങിപൊങ്ങി.

ബാഷ ഓടി വരുന്നത് ഒരു നോട്ടം കണ്ടു. പിന്നെ അവന്റെ കൈകളിൽ കിടന്നാണ് കണ്ണ് തുറന്നത്. പിടഞ്ഞ് എഴുന്നേറ്റ് താഴേക്കും നോക്കിയിരുന്നു.

" അമ്മയറിഞ്ഞാൽ ! "

അത് മാത്രമായിരുന്നു അപ്പോൾ മനസിൽ . ബാഷ എഴുന്നേറ്റ് പോയി. കൂട്ടുകാരൊക്കെ കുറ്റവാളികളെ പോലെ തലതാഴ്ത്തി നിന്നു. ഉടുത്തതെല്ലാം ഉണങ്ങി കഴിഞ്ഞ് വീട്ടിലെത്തി. ഒന്നും സംഭവിക്കാത്തപോലെ നടന്നെങ്കിലും മൂന്നാല് ദിവസം വേണ്ടി വന്നു ഉൾഭയം മാറികിട്ടാൻ.

ആ സംഭവത്തിന് ശേഷമാണ്  ഒരു ദിവസം ബാഷ കൊണ്ടുവന്ന ഉണ്ടശർക്കര ആദ്യമായി രുചിച്ചു നോക്കുന്നത്. അപ്പോഴതിന് ഭയങ്കര രുചി തോന്നി. പതുക്കെപ്പതുക്കെ ആ രുചി ശീലമായി.  ഒപ്പം ബാഷയോടുള്ള ദേഷ്യവും മാറി. പിന്നീടെത്രയോ വട്ടം ഈ കനാൽ തിണ്ടിൽ  ശർക്കരയും രുചിച്ച്  ഒന്നിച്ചിരുന്നിട്ടുണ്ട്.  

കനാൽ പാലമെത്തിയപ്പോൾ അൽപ നേരം മുകളിലേക്ക് നോക്കി നിന്നു.

പാലത്തിന് വലത്തോട്ട് ഇരുവശവും റബർ മരങ്ങൾ ആയതു കൊണ്ട് വെയിൽ ഉണ്ടാവുകയേ ഇല്ല. കാടുപോലെ തന്നെ.  കുറുക്കനും മയിലും മുയലും ഒക്കെയുള്ള സ്ഥലം.

രാവിലെ ടാപ്പിംഗിന് വരുന്നവരുണ്ടാകും.  ആടിനെ മേയ്ക്കാനോ തേനെടുക്കാനോ അല്ലാതെ ആരും ആ ഭാഗത്തേക്ക് പോകാറേയില്ല.

അവിടെ കനാലും മുറിച്ച് കടന്ന് കുറേ മുകളിലോട്ട് പോയാൽ  ഒരു പാറയുണ്ട്. വിടർന്ന് വിശാലമായ ഒരു പാറ. അതിൻ്റെ മുകളിലിരുന്നാൽ തൃശൂർപൂരം കാണാമെന്നാണ് പലരും പറയുന്നത്.  

ഒരു കഥ പറയാനുണ്ട് എന്നു പറഞ്ഞ് ബാഷയാണ്  അങ്ങോട്ട് കൊണ്ടുപോകുന്നത്. കനാലിൽ വെള്ളം വറ്റിക്കിടക്കുന്ന ഒരു ദിവസം.  

‘“കുറേ കയറ്റം കയറാനുണ്ട്. “ പോകും മുമ്പേ അവനോർമ്മിപ്പിച്ചു.


അവന്റെ കൈ പിടിച്ച് കനാലും കടന്ന്  കുന്നിൻ മുകളിലെ വലിയ വിടർന്ന പാറപ്പുറത്ത് അവനോടൊപ്പം പോയിരുന്നു. പാറപ്പുറത്തിരുന്ന് താഴേക്ക് നോക്കിയാൽ ഒരു പൊട്ടു പോലെ ദൂരെ മംഗലംതണ്ടും ചെകുത്താൻമലയും ഒക്കെ കാണാം. ഭൂമിയുടെ അറ്റം വരെ കാണാൻ പറ്റുന്ന പോലെയാണ് അന്ന്  തോന്നിയത്.

കാറ്റിൻ്റെ ഒച്ചയേക്കാളുമുച്ചത്തിൽ അവൻ പറഞ്ഞു.

“ഞാനിന്നലെ അമ്മയെ കണ്ടിരുന്നു. “    

“അയ്യോ!  അമ്മ നമ്മടെ കാര്യം അറിഞ്ഞോ?”

“ഏയ് …. അമ്മയ്ക്ക് എന്നോടിഷ്ടം ണ്ട്. “

“ ആ… അതെനിക്ക്  പണ്ടേയറിയാം.  പിന്നേയ് ഏത് കഥയാ പറയാംന്ന് പറഞ്ഞത് !…..”

“അത് ഞാൻ നിന്നെ ഇങ്ങോട്ട് കേറ്റി കൊണ്ടരാൻ വേണ്ടി പറഞ്ഞതല്ലേ.”

“അമ്പടാ…”

അത്തിക്കാവമ്പലത്തിലെ പാല പൂത്ത കാലമായിരുന്നു.  പ്രണയ സുഗന്ധവുമായി കാറ്റ് ശക്തിയിൽ വീശയടിച്ചപ്പോൾ കൈകൾ വിരിച്ച് നിന്ന് വട്ടം കറങ്ങി അവന്റെ കയ്യിലേക്ക് കുഴഞ്ഞ് വീണ്  പൊട്ടിച്ചിരിച്ചു.

ബാഷയും ഒപ്പം ചിരിച്ചു. പക്ഷേ ആ ചിരിയിൽ ഒട്ടും സന്തോഷമുണ്ടായിരുന്നില്ല.  പകരം വേദനയായിരുന്നു നിഴലിച്ചിരുന്നത്. നിറഞ്ഞുവരുന്ന കണ്ണുകൾ കണ്ട് അമ്പരപ്പോടെ ചോദിച്ചു.

“എന്താ….?”

അവൻ ദൂരെ ചുവന്നുവരുന്ന ആകാശത്തേക്ക് നോക്കി മിണ്ടാതെ നിന്നു.  പിന്നെ ചേർത്ത് പിടിച്ചു. അതേവരെയില്ലാത്തൊരു ഊഷ്മളതയുണ്ടായിരുന്നു ആ ആലിംഗനത്തിന്. അവൻ്റെ ഹൃദയമിടിപ്പിന് വേഗതയേറുന്നതുപോലെ.  തീകോരിയൊഴിക്കും പോലെ അമ്മയിട്ടുകൊടുത്ത സത്യം അവൻ്റെ ഉള്ളിലിരുന്ന് പൊള്ളുന്നത് അപ്പോഴറിഞ്ഞതേയില്ല . ഒരിക്കലും തുറക്കില്ലെന്ന് വാക്ക് കൊടുത്ത രഹസ്യത്തിൻ്റെ ഭാരവും പേറിയാണ് അപ്പോഴവൻ മുന്നിൽ നിന്നിരുന്നത്. കേൾക്കുന്ന സന്ദർഭത്തിൽ ഏറെ സന്തോഷിക്കേണ്ട കാര്യമായിരുന്നിട്ടും  ഏറെ ദു:ഖിപ്പിച്ച രഹസ്യം. അന്ന് എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. ദൂരെ  ആകാശം ഇരുളാൻ തുടങ്ങിയപ്പോൾ അവൻ  പെട്ടെന്ന് പറഞ്ഞു.

“ പോകാം. “ അളക്കാനാവാത്തത്ര ആഴവും താങ്ങാൻ കഴിയാത്തത്ര മുഴക്കവുമുണ്ടായിരുന്നു ആ വാക്കിന്.   അതിൻ്റെ അർത്ഥമുൾക്കൊള്ളാനുള്ള ബോധം അപ്പോഴുണ്ടായിരുന്നില്ലല്ലോ.

അന്നിറങ്ങി പോയതാണ് ഈ കനാൽത്തിണ്ടിൽ നിന്ന്.  പിറ്റേന്നാണ് അമ്മ തന്നെയും കൊണ്ട് ഇവിടം വിടുന്നത്. ബാഷ - അവനിൽ നിന്നായിരുന്നു അമ്മ ഓടിയൊളിച്ചത്.  ഏറെ കാലം വേണ്ടി വന്നു അത് മനസ്സിലാക്കാൻ.  അവൻ്റെ കണ്ണു നിറഞ്ഞതിൻ്റെ കാരണമാലോചിക്കും തോറും  അമ്മയോടുള്ള ദേഷ്യമിരട്ടിക്കുകയായിരുന്നു..  എന്തിന്? എന്തിനാണമ്മ എല്ലാം ഒളിച്ച് വച്ചത്.  മറ്റേമ്മ പറയും പോലെ അച്ഛനോടുള്ള സ്‌നേഹം കൊണ്ടോ? അതോ,  ഉമ്മയെ കൊലയ്‌ക്ക് കൊടുത്തതിലെ കുറ്റബോധം
കൊണ്ടോ ? അതെ. അതിലും അമ്മയെ സംശയിക്കേണ്ടിയിരിക്കുന്നു.

എല്ലാം…. എല്ലാമൊന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിൽ.  താനവനെ ദ്രോഹിച്ചതിന്. സ്‌നേഹിച്ചതിന്…. പിന്നെ….. പിന്നെ…..ചെയ്ത തെറ്റുകൾ.  എല്ലാത്തിനും കാരണം അമ്മ മാത്രമാണ്.

ആ ദേഷ്യം കാരണമാണ് മരണനേരത്ത് അമ്മ ബാഷയെ തിരക്കിയപ്പോൾ ക്രൂരമായ സംതൃപ്തിയോടെ ആ ആഗ്രഹം തിരസ്‌കരിച്ചത്.

“ബാഷയുടെ ഉമ്മ നമ്മുടെ വീട്ടിലേക്കല്ലേ അന്ന് വന്നത്?”

ആ സ്ഥിരം ചോദ്യം  അപ്പോഴും ചോദിച്ചു.  മരിക്കുന്ന നേരത്തെങ്കിലും ചിലർ സത്യങ്ങൾ വെളിപ്പെടുത്താറുണ്ടല്ലോ.  

എപ്പോഴത്തേയും പോലെ നിശബ്ദയായി കണ്ണുകളടച്ച് അപ്പോഴും അമ്മ തന്നെ തോൽപിച്ചു.    

കുഞ്ഞിലേ അമ്മ വഴക്കിട്ട്  മിണ്ടാതിരിക്കുമ്പോൾ അഛൻ തന്നെയും കൊണ്ട് ഒരു താത്തയുടെ വീട്ടിൽ പോകാറുള്ളതും താത്ത കുളിപ്പിച്ച് കണ്ണെഴുതി പൊട്ടുതൊടീച്ച് ഒരുക്കുന്നതും ഒക്കെയുള്ള നേരിയ ഒരോർമ്മ. ഒട്ടും തെളിച്ചമില്ലാത്ത ഒരോർമ്മ. മറ്റു കാരണങ്ങൾ ഒന്നുമില്ലെങ്കിൽ ഒരിക്കലും ഓർക്കാനിടയില്ലാത്ത ഒരോർമ്മ.

ഓർത്തെടുത്തപ്പോൾ മുതൽ  ഇക്കാര്യത്തെ പറ്റിയും  അമ്മയോട് പലവട്ടം ചോദിച്ചിട്ടുണ്ട്.  ആദ്യം ദേഷ്യം. പിന്നെ കരച്ചിൽ. ഒടുവിൽ മൗനം.  

അച്ഛൻ ഓരോരോ ആവശ്യങ്ങൾക്കായി വീട് വിട്ട് പോകുക പതിവാണ്.  ബാഷയുടെ ഉമ്മ മരിക്കുന്ന സമയത്ത് വീട്ടിൽ അച്ഛനുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ മാസം മുമ്പ് പതിവുള്ള ഊരുചുറ്റലിനായി പോയതാണ്. പിന്നീട് തിരിച്ച് വന്നതുമില്ല.

ചിലതൊക്കെ ആരും പറയാതെ തന്നെ  മനസ്സിലാക്കാൻ കാലം നമ്മെ പ്രാപ്തരാക്കും. റെയിൽപ്പാത പോലെ  അധികമടുക്കാതെയും എന്നാലകലാതെയും സഞ്ചരിക്കേണ്ട രണ്ടു പേരായിരുന്നു തങ്ങളെന്ന് മനസ്സിലാക്കിയെടുത്തപ്പോൾ  കാലപ്പഴക്കം കൊണ്ട് തഴക്കം വന്ന മനസ്സിന്  പ്രത്യേകിച്ചൊന്നും തോന്നിയതേയില്ല.

സന്ധ്യയിലേക്ക് ഇരുട്ട് കയറിതുടങ്ങിയിരിക്കുന്നു. കൂടുകളിലേക്ക് പറക്കുന്ന പക്ഷികളുടെ ചിറകടിയൊച്ചയാണിപ്പോൾ.  ആകാശത്തിലൂടെ വരിതെറ്റാതെ പറക്കുന്ന എരണ്ടകൾ.  പടിഞ്ഞാറ് മാനം കാവിപുതച്ചിരിക്കുന്നു.

പരത്തിപ്പാറയിൽ പോയിരിക്കണമെന്നുണ്ടായിരുന്നെങ്കിലും കനാലിലെ വെള്ളവും മുകളിലെ പടർന്നു കയറിയ കാടും അതിന് തടസ്സമായി. അൽപനേരം കൂടി നിന്ന ശേഷം കനാൽതിണ്ടിൽനിന്ന് പതുക്കെ റോഡിലേക്ക് തിരിച്ചിറങ്ങി.

അപ്പോൾ അകലെനിന്ന് മറ്റേമ്മ ഹരിയേയും കൂട്ടി വെപ്രാളപ്പെട്ട് വരുന്നുണ്ടായിരുന്നു.

( തുടരും......)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക