
ഏത് നക്ഷത്രത്തെക്കണ്ട്
വരുമ്പോഴാകാം ആടിമേഘങ്ങൾ
വെളിച്ചത്തെ മൂടിവച്ചതും
പാട്ടിലാദിമദ്ധ്യാന്തശ്രുതി
സമുദ്രം വായിച്ചതും
കാഴ്ചകൾ മായുമ്പോഴും
കൺപീലീമിന്നൽത്തുടി-
പാട്ടിൻ്റ് ലയം കേട്ട്
മന്ത്രിച്ച സംഗീതത്തിൽ
അന്തരഗാന്ധാരമുണ്ടാദി-
ഷഡ്ജവും പിന്നെ ഗന്ധർവ്വ-
തരംഗവും, സപ്തസാഗരങ്ങളും
പാടുക പാട്ടിൻ കൂട്ടുകാരി നീ
പാടുമ്പോഴീ പാതയോരത്തെ-
മഴപ്പൂമരച്ചോട്ടിൽ വന്ന്
ധ്യാനലീനരായെന്നൂമിരുന്നു
ദിക് പാലന്മാർ
വിണ്ണിലെ മാലാഖമാർ
ദേവദൂതന്മാരെന്നും
വന്ന് പോകാറുണ്ടത്
പാട്ട് കേൾക്കുവാനാണ്
മുകിലിൻ തുടിയിട്ട്
പർവ്വതങ്ങളിൽ നിന്ന്
വരുന്ന കാറ്റിൽ ചിത്രവീണ-
നീ വായിക്കുമ്പോൾ
മൃണ്മയദീപങ്ങളിൽ
ഭൂമിയുണ്ടരികത്ത്
മണ്ണിലുണ്ടെന്നും നിൻ്റെ
പാട്ടിൻ്റെ പ്രതിശ്രുതി..