Image

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം : ആർ. ഗോപാലകൃഷ്ണൻ

Published on 19 July, 2026
ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം : ആർ. ഗോപാലകൃഷ്ണൻ

ജനപ്രിയ നോവലിസ്റ്റായിരുന്ന സുധാകർ മംഗളോദയം അന്തരിച്ചിട്ട്  ആറ് വർഷമാകുന്നു. ആഴ്ചപ്പതിപ്പുകളിലെ ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് ആണ് സുധാകർ.

1980-കൾ മുതൽ മലയാളത്തിലെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡശഃയായി അച്ചടിച്ചുവന്നിരുന്ന ശ്രദ്ധേയമായ നോവലുകൾ രചിച്ചു. 'മനോരമ', 'മംഗളം' തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലാണ് അദ്ദേഹത്തിന്‍റെ നോവലുകൾ കൂടുതലും പ്രസിദ്ധീകരിച്ചത്. അനേകം കൃതികൾ പിന്നീട് പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചു.

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മൂവാറ്റുപുഴ നദിയോരത്ത് സ്ഥിതിചെയ്യുന്ന വെള്ളൂരാണ് സ്വദേശം. 1956 ജനുവരി 14-ന് ജനിച്ചു. പരമേശ്വരൻ നായർ - ജാനകിയമ്മ ദമ്പതികളുടെ പുത്രനാണ്. ഔപചാരിക പേര് : സുധകർ പി. നായർ. ഒരു സഹോദരി കൂടിയുണ്ട്: അമൃത.

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഒറ്റപ്പാലത്തെ എൻ‌എസ്‌എസ് കോളേജിൽ കോളേജ് വിദ്യാഭ്യാസം നടത്തി. അവിടെ നിന്ന് ബിരുദം നേടി. ഈ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ അദ്ദേഹം റേഡിയോ നാടകങ്ങൾ എഴുതിത്തുടങ്ങി. (വിദ്യാഭ്യാസത്തിനു ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി എന്നും നാടകരചനയിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നതെന്നും ചില പരാമർശങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ മറ്റു നാടകങ്ങളെപ്പറ്റിയൊന്നും കേട്ടിട്ടില്ല.) ബിരുദാനന്തര കാലത്ത്, 1980-കളിൽ, സുധാകരൻ തൃപ്പൂണിത്തുറയിൽ ഇപ്പോഴത്തെ സിവിൽ സ്റ്റേഷനു എതിർവശത്തുണ്ടായിരുന്ന സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ ചിത്രകല പഠിച്ചിരുന്നു. അന്ന് അവിടെ ഡിപ്ലോമ വിദ്യാത്ഥിയായിരുന്ന അഡ്വ. DrEroor Biju ആണ് ഇതു പറഞ്ഞിട്ടുള്ളത്.

പിന്നീട്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ പി. ചന്ദ്രകുമാറിൻ്റെ സഹായിയായി സുധാകർ സിനിമയിൽ പ്രവർത്തിച്ചു. 1982-ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത (നിർമ്മാണം: മധു) ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും , സംഭാഷണവും സുധാകർ രചിച്ചതാണ്.

'ഞാൻ ഏകനാണ്' എന്ന രചന 'ചിത്രഭൂമി'യിൽ സുധ പി. നായർ എന്ന പേരിലാണ് വന്നത്; വൈക്കം തിരുനാൾ 1982-ൽ അവതരിപ്പിച്ച 'ശിശിരത്തിലെ ഒരു പ്രഭാതത്തിൽ' എന്ന നാടകമാണ് പിന്നീട് പത്മരാജൻ 'കരിയിലക്കാറ്റുപോലെ' എന്ന സിനിമ ആക്കിയത്. 'സുധ' എന്ന തൂലികാനാമത്തിലാണ് അന്ന് സുധാകർ മംഗളോദയം അറിയപ്പെട്ടിരുന്നത്. (വൈക്കം തിരുനാളിൻ്റെ ഉടമയും, നടനും, സംവിധായകനുമായ John T. Vekkan ആണ് നാടകത്തിൽ നായകനായത്. സിനിമയിൽ ആ റോൾ മമ്മൂട്ടി അവതരിപ്പിച്ചു.)

പിന്നീടാണ്, സുധാകർ മംഗളോദയം, എന്ന പേരിൽ അദ്ദേഹം എഴുതാൻ തുടങ്ങിയത്.

ഇതിനുശേഷം, അദ്ദേഹം ജനപ്രിയ വാരികയ്‌ക്കായി നോവലുകൾ എഴുതിത്തുടങ്ങി; അത് അത്തരം ആനുകാലികങ്ങളിൽ 'സീരിയലൈസ്' ചെയ്തു വന്നപ്പോൾ വൻ ജനപ്രീതി നേടി. ഒരേസമയം ഒൻപതു നോവലുകൾ വരെ സുധാകർ എഴുത്തിവന്നിരുന്ന കാലം (1990-കളിൽ) ഞാൻ ഓർക്കുന്നു.

പി. പത്മരാജൻ്റെ, മമ്മൂട്ടി- മോഹൻലാൽ - റഹ്മാൻ നടിച്ച മൾട്ടിസ്റ്റാർ സിനിമയായ ‘കരിയിലക്കാറ്റുപോലെ’ (1986) എന്ന ചലച്ചിത്രത്തിൻ്റെ കഥാരചയിതാവാണ് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ... 1985-ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. 'കളിയൂഞ്ഞാൽ' എന്ന മമ്മുട്ടി ചിത്രവും അദ്ദേഹത്തിന്റേതായുണ്ട്. ‘നന്ദിനി ഓപ്പോൾ’ (1994) അതേ പേരിലുള്ള നോവൽ സിനിമയാക്കിയപ്പോൾ (സംവിധാനം: മോഹൻ കുപ്ലേരി) അതിന്റെ തിരക്കഥയും, സംഭാഷണവും രചിക്കാനുള്ള സമയവും സാവകാശവും പോലും, അദ്ദേഹത്തിൻ്റെ നോവൽ കാത്തുനിന്ന വാരികക്കാർ അദ്ദേഹത്തിന് നൽകിയില്ല! 'അയാൾ കഥ എഴുതുകയാണ്' എന്ന മോഹൻലാൽ- ശ്രീനിവാൻ സിനിമയിലെ പോലൊരു അവസ്ഥ! 

വാരികകളിലെ 'മെസ്സെഞ്ചർ ജീവനക്കാർ' ('കൊറിയർ മാൻ' എന്നുമിവരെ വിളിക്കാം) പിറവം സ്റ്റേഷനു സമീപമുള്ള സുധാകറിൻ്റെ വീടിൻ്റെ വരാന്തയിൽ നോവലെഴുതിയ 'നോവൽ ലക്കം അടങ്ങുന്ന കവർ' വാങ്ങാൻ കാത്തു കിടക്കുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ട് എന്ന് ചിത്രകരനും പത്രപവർത്തകനുമായ സി. കെ. വിശ്വനാഥൻ എഴുതിയിട്ടുണ്ട്. ( ഒരിക്കൽ കവർ മാറിപ്പോയ സംഭവവും ഉണ്ട്. ) ഇതോക്കെ ശ്രീനിവാസൻ എഴുതിയ ചില സിനിമകളിൽ വന്നിട്ടുണ്ടല്ലോ. ('ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ്'; 'അയാള് കഥ എഴുതുകയാണ്' തുടങ്ങിയ സിനിമകളിൽ...)

തികച്ചും കുലീനമായ വ്യക്തിത്വമായിരുന്നു സുധാകർ മംഗളോദയം അദ്ദേഹത്തെ പരിചയമുള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ നോവലുകളും കുടുംബസദസ്സുകളിൽ ഒരുപോലെ സ്വീകരണം നേടിയിട്ടുണ്ട്. ജനപ്രീയ സാഹിത്യ വായനയിൽ ഉള്ള ഏവർക്കും ഒരേപോലെ ഹൃദ്യമായ ശൈലിയിൽ, മടുപ്പിക്കാത്ത മനോഹരമായ ഭാഷയിൽ, അദ്ദേഹം എഴുതിയപ്പൊൾ ലക്ഷക്കണക്കിന് വായനക്കാർ അത് നെഞ്ചിലേറ്റി.

സരളതയാലും ആഖ്യാനമികവിനാലും വിഷയ വൈവിദ്ധ്യാത്താലും മറ്റ് സമകാലിക ജനപ്രിയ നോവലിസ്റ്റുകളേക്കാൾ സുധാകർ മുന്നിൽ നിലകൊണ്ടു... അദ്ദേഹത്തിന്റെ രചനകൾ മിക്കവയും വളരെ ഉയർന്ന പ്രചാരം നേടിയവയും ആയിരുന്നു....

'ചിറ്റ', 'കുടുംബം', 'ചുറ്റുവിളക്ക്', 'നിറമാല', 'വാസ്തുബലി', 'ഗൃഹപ്രവേശം', 'ശ്രീരാമ ചക്രം' 'താലി', 'ഓട്ടുവള', 'ഒറ്റക്കൊലുസ്സ്', 'പാദസരം', 'കുങ്കുമപ്പൊട്ട്', 'നീലക്കടമ്പ്', 'സമയം', 'വെള്ളിത്തിര', 'ഒരു പൂവിൻ്റെ മോഹം', 'നന്ദിനി ഓപ്പോൾ', 'ഇവൾ നന്ദനയുടെ മകൾ', 'ചാരുലത', 'ചുവപ്പുകൂടാരങ്ങൾ', 'കാവടിച്ചിന്ത്', 'പച്ചക്കുതിര', 'ഒരു ശിശിരരാവിൽ', 'താമര', 'പ്രണാമം', 'പദവിന്യാസം', 'സ്വന്തം രാധ', 'പാഞ്ചാലി', 'മുടിയേറ്റ്', 'ആൾത്താര', 'തില്ലാന' ഇവയാണ് പ്രധാന കൃതികൾ. 2020-ൽ പ്രസിദ്ധീകരിച്ച 'ഒറ്റക്കൊലുസ്സ്' ആണ് അവസാനം പുസ്തകരൂപത്തിൽ വന്ന നോവൽ.

2020 ജൂലൈ 17-ന്, 62-ാം വയസ്സിൽ, സുധാകർ മംഗളോദയം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ.

ഇത്ര പ്രമുഖനായിട്ടും, എന്നാൽ, വാരികയുടെ പ്രീയപ്പെട്ട ഈ ഏഴുത്തുകാരൻ അകാലത്തിൽ നിര്യാതനായപ്പോൾ ഈ വാരികകളുടെ കൂടി പ്രസാധകരായ പത്രങ്ങൾ അദ്ദേഹത്തോട് നീതി പുലർത്തിയില്ല: 'മംഗളം' പത്രത്തിലും 'മനോരമ' പത്രത്തിലും സിംഗിൾ കോളം ചരമവാർത്ത മാത്രം! 'മംഗളം' ഒന്നാം പേജിൽ കൊടുത്തു. 'മനോരമ' അകത്തേ ഏതോ പേജിൽ. ഈ എഴുത്തുകാരൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന ഒരു കഥയും ആരും കൊടുത്തില്ല. 'മംഗള'ത്തിൽ മാത്രം ചെറിയൊരു ഐറ്റം കൂടി ഉൾപ്പേജിൽ കൊടുത്തു. 'മനോരമ'യിൽ അതുമിമില്ലായിരുന്നു. ചിത്രകരനും പത്രപവർത്തകനുമായ സി.കെ. വിശ്വനാഥൻ ഈ നന്ദികേട് കണ്ടു എഴുതിപ്പോയി: "അക്ഷര സ്നേഹം വേണ്ട, അല്പം കൃതജ്ഞത എങ്കിലും വേണ്ടേ? അക്ഷരം കൊണ്ടു ജീവിച്ചു പോയി എന്നതുകൊണ്ട് ആ ഓർമ്മകൾക്കു മുന്നിൽ സാഷ്ടാംഗം ഞാൻ പ്രണമിക്കുന്നു. ഞാനും എൻ്റെ വർഗ്ഗവും കാണിക്കുന്ന കൃതഘ്നതയെ പൊറുക്കുക!"

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക