Image

സുഖചികിത്സ ( കഥ : അന്നാ പോൾ )

Published on 19 July, 2026
സുഖചികിത്സ  ( കഥ : അന്നാ പോൾ )

പതിനഞ്ചു ദിവസത്തെ സുഖചികിത്സയ്ക്കുശേഷം ലീന മരിയ ഫിലിപ്പ് വീട്ടിലെത്തി വെറുതെ ഇരിക്കുമ്പോഴാണ് മാതുവിന്റെ വരവ്. ഇടയ്ക്കുഒക്കെ തന്നെക്കാണാൻ വരുന്ന സ്ത്രീയാണു മാതു. എന്തെങ്കിലും ആവശ്യമുള്ളതു പറയും. ചെറിയ ചെറിയ സഹായങ്ങൾ നൽകാറുണ്ടു്. കുറേ ദിവസം കാണാതിരുന്നതിനാലാവാം ഞാനെത്തിയതറിഞ്ഞ് മാതു എന്നെക്കാണാൻ വന്നു.
മാതു എവിടെ ജനിച്ചെന്നോ സ്വന്തക്കാരോ ബന്ധുക്കളോ ആരെങ്കിലുമുണ്ടോയെന്നോ ആർക്കും അറിഞ്ഞുകൂടാ...
കുറേക്കാലം തിരുനെൽവേലിക്കാരൻ മുരുകൻ കൂട്ടിനുണ്ടായിരുന്നു.  ആക്രിക്കച്ചവടത്തിലെ പാർട്ടണറായിട്ടു കൂടെക്കൂടിയതാണു.
പകലന്തിയോളം ആക്രിസാധനങ്ങൾ  പെറുക്കിക്കൂട്ടും.... അന്തിയ്ക്കു വീടണയാൻ വീടില്ലാത്തതു കൊണ്ട് രണ്ടാളും റേഷൻ കടയുടെ വരാന്തയിൽ കുറച്ചു നാൾ അന്തിയുറങ്ങി.... ആക്രി സാധനങ്ങൾ പെട്ടി വണ്ടിയിൽക്കയറ്റി ടൗണിലൊരിടത്തുള്ള തമിഴരുടെ കടയിൽ കൊടുത്തു കാശുവാങ്ങിക്കുന്നതു മുരുകനാണു... കണക്കു പറഞ്ഞു ചിലപ്പോൾ രണ്ടാളും വഴക്കടിക്കും.... ഈ കച്ചവടം നഷ്ടമാണെന്നു മാതുവിനറിയാം  എന്നാലും
ഒരാൺ തുണ... പ്രത്യേകിച്ചു ഗുണമൊന്നുമില്ലെങ്കിലും…

മുരുകൻ ഉറങ്ങാറില്ല. ബീഡി പുകച്ച് പുകച്ച് നേരം വെളുപ്പിക്കും. ഇടയ്ക്കു ഉച്ചത്തിൽ രജനി സിനിമകളിലെ പാട്ടുകളും പാടും... യഥാർത്ഥത്തിൽ മുരുകനൊരു ശല്യം മാത്രമാണെങ്കിലും ചിലതോർത്താൽ അയാളാവശ്യവുമാണ്. 
ഒരാൺ തുണയില്ലാതെ പെരുവഴിയിൽക്കിടന്നാൽ.....
വയസ്സ് അറുപതിനോടടുത്തെങ്കിലും ഇനിയും യവ്വനം പടിയിറങ്ങിയിട്ടില്ല.തളരാത്ത മാറിടങ്ങളും നടക്കുമ്പോൾ തുളുമ്പി ത്തെറിക്കുന്ന നിതംബവും... ഒറ്റമുണ്ടിനടിയിലെ വടിവൊത്ത തുടകളും ആ പാവത്തിനു അലങ്കാരമല്ല ആപത്തായിരുന്നു. ...ഒരു രാത്രി ഏതോ സാമദ്രോഹികൾ മാതുവിനെ കുറ്റിക്കാട്ടിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിച്ചു. ആരും കേൾക്കാതെ പോയ നിലവിളി...:ഞങ്ങളുടെ നാട്ടിൽ ആൾപ്പാർപ്പില്ലാതെ കിടക്കുന്ന പഴയതും പുതിയതുമായ വീടുകൾ ആ നിലവിളി കേട്ടു വിറങ്ങലിച്ചു നിസഹായരായി...
. കഞ്ചാവിന്റെ ലഹരിയിൽ കിറുങ്ങിയിരിക്കുന്ന മുരുകനാകട്ടെ തമിഴ്പടത്തിലെപ്പോലെ മാതുവിനെ രക്ഷിക്കാൻ രജനിയണ്ണൻ എത്തുമെന്നോർത്തു നോക്കിയിരുന്നു.

പിറ്റേന്നു രാവിലെ  മാതു മുരുകനെ അടിച്ചിറക്കി.
ആക്രി സാധനങ്ങൾക്കിടയിൽക്കിടന്ന ഇരുമ്പു പൈപ്പ് എടുത്തു മുരുകന്റെ തല തല്ലിപ്പൊളിച്ചു. ചോരയിൽ കുളിച്ചു കിടന്ന മുരുകനെ ഏതോ മനുഷ്യസ്നേഹി സർക്കാരാശുപത്റിയിലെത്തിച്ചു.
പിന്നീട് മുരുകൻ വന്നതേയില്ല..
മാതുവിനെക്കാണുമ്പോഴെല്ലാം വല്ലാത്ത വ്യസനം തോന്നും. എന്റെയീ വ്യസനം കൊണ്ടു മാതുവിനു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നുമറിയാം. എന്നാലും എന്റെ പ്രാണനു താങ്ങാവുന്നതിലധികഠ ഭാരമായി എന്നിലേയ്ക്കു ചൂഴ്ന്നിറങ്ങുന്നു.
മാതുവിനെ സ്വീകരിക്കാനാവാതെ അടഞ്ഞുകിടക്കുന്ന വീടുകൾ നിസഹായതയോടെ വീർപ്പടക്കി നെടുവീർപ്പിട്ടു.
പഞ്ചായത്താഫീസിന്റെ പുറകിലെ മതിലിന്റെ വിടവിലൂടെ നൂഴ്ന്നു കയറിയാൽ നാടോടികൾക്കൊപ്പം അന്തിയുറങ്ങാം ആണും പെണ്ണും കുഞ്ഞുങ്ങളുമെല്ലാം കൂടെ പത്തു പന്ത്രണ്ടു പേരുണ്ട്... ഒപ്പം ഉടയോനില്ലാത്ത ഒരു മുട്ടനാടും രണ്ടു മൂന്നു നായ്ക്കളും ഏതാനും പൂച്ചകളും എല്ലാവരും സൗഹാർദ്ദത്തോടെ ഒരുമിച്ചുറങ്ങുന്ന അല്ലലില്ലാത്ത അന്തിക്കിടപ്പിടം...
മാതുവിനു നന്നേ ബോധിച്ചു...
മുരുകൻ പ്രതികാരദാഹിയായ് എന്നെങ്കിലും തിരിച്ചെത്തിയാൽ ...? കൂടെ ആളുള്ളതു നല്ലതാണെന്നു മാതുവിനു തോന്നി. 
അടുക്കള വരാന്തയിലെ പഴയ പലക ബെഞ്ചിൽ മാതുവിനോട് സംസാരിച്ചു കൊണ്ട് ഞാനിരുന്നു. 
ഞാൻ ഒന്നുരണ്ടു വട്ടം വന്നിരുന്നു.അപ്പോൾ മോളു പറഞ്ഞു കൊച്ചമ്മ ആശുപത്റിയിലാണെന്ന്... എന്തുപറ്റിയെന്നു ചോദിച്ചിട്ടു പറഞ്ഞുമില്ല...... 

അവൾ ആകാംക്ഷയോടെ മുഖത്തേയ്ക്കുനോക്കിയിരിക്കുന്നു....
എനിയ്ക്കു പെട്ടെന്ന മറുപടി പറയാൻ കഴിഞ്ഞില്ല ... കാരണം ഞാൻ രോഗ ചികിത്സയ്ക്കു പോയതായിരുന്നില്ല... ഒരു സുഖ ചികിത്സ... അവളോടു അതു പറയാൻ  തോന്നിയില്ല...ഞാൻ ചോദിച്ചു" .
"മാതുവിനു നടുവേദനയോ മുട്ടുവേദനയോ എന്തെങ്കിലുമുണ്ടോ?
വെറ്റിലക്കറ പുരണ്ട പല്ലുകൾ പുറത്തു കാട്ടി അൽപ്പം ഉച്ചത്തിലവൾ ചിരിച്ചു....പിന്നെ പറഞ്ഞു തുടങ്ങി കഴിഞ്ഞയാഴ്ച ഒരു പനി വന്നു. ഞാൻ പറമ്പിലൊക്കെ നടന്നു കുറച്ചു പയ്യമരുന്നുകൾ പറിച്ചു തെ ളപ്പിച്ചു അഞ്ചാറു നേരം കുടിച്ചു. പിന്നെ ചുക്കും കുരുമുളകും ചേർത്ത കാപ്പീം കുടിച്ചു. പനി പോയി...അവൾ വീണ്ടും ചിരിച്ചു...
പകലന്തിയോളം വെയിലേറ്റു നടന്നു ആക്രി സാധനങ്ങൾ ചെറുക്കു o. വല്ലാതെ വിശന്നാൽ ഏതെങ്കിലും ചായക്കടയിൽ ക്കയറി ചായ കുടിക്കും, കൂടെ ഒരു ബോണ്ടായോ വടയോ കഴിക്കും. രാത്രിയിൽ ചിലപ്പോൾ കഞ്ഞി വെക്കും.... മിക്കവാറും ഒന്നും കഴിക്കാതെ  ആക്രിച്ചാക്കിനു മുകളിൽ ചുരുണ്ടുകിടന്നു സുഖമായി ഉറങ്ങും....

ലീന മരിയയ്ക്കു ഉള്ളിൽ ഒരുഞ്ഞെട്ടലുണ്ടായി .... എത്രശ്രമിച്ചാലാണു തനിയ്ക്കു ഒന്നു ഉറങ്ങാനാവുന്നതു... ഉറക്കം വരാറേയില്ല...... സുഖചികിത്സയ്ക്കു ചിലവായതു വെറുതേ ഒന്നോർത്തു നോക്കി... റും റെന്റ് തിരുമ്മൽ ഉഴിച്ചിൽ പിഴിച്ചിൽ സഹായികൾക്കു കൈമടക്കു എല്ലാം കൂടെ രണ്ടാഴ്ചത്തേയ്ക്കു....." കൊച്ചമ്മാ... മാതുവിന്റെ ശബ്ദം ചിന്തകളിൽ നിന്നുമുണർത്തി.... നീയെന്തിനാണു മാതു എന്നെക്കാണാൻ വന്നതു? എന്തെങ്കിലും വേണോ .. ? അവൾ മടിച്ചു മടിച്ചു ഒട്ടൊരു നാണത്തോടെ പറഞ്ഞു. "
" ഇത്തവണ മലയ്ക്കു പോണമെന്നൊരാശ "...ഇച്ചിരെക്കാശു ചിലവുണ്ടു്. എൻറെ കൈയ്യിലുള്ളതു തെകയുവേല കൊച്ചമ്മേ.........
ഞാൻ മാതുവിനെ സന്തോഷത്തോടെ യാത്രയാക്കി....
പതിനെട്ടു പടി പോയിട്ടു ഒരു പടി പോലും കയറാനാവാത്ത എന്റെ സുഖ ചികിത്സയോർത്തു ഒരു ദീർഘശ്വാസം വിട്ടു കൊണ്ട് ഞാനകത്തേക്കു പോയി റ്റി വി ഓൺ ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക