Image

ആമിർ ഖാന് വധഭീഷണി! ‘ലവ് ജിഹാദ്’ ആരോപണവുമായി ബിഷ്ണോയ് സംഘം

Published on 18 July, 2026
ആമിർ ഖാന് വധഭീഷണി! ‘ലവ് ജിഹാദ്’ ആരോപണവുമായി ബിഷ്ണോയ് സംഘം

ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ വധഭീഷണി. താരത്തിന്റെ മൂന്നാം വിവാഹ വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയ വഴിയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയും ശബ്ദസന്ദേശത്തിലൂടെയുമാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ആമിർ ഖാൻ ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമ്മത്തിനും രാജ്യത്തിന്റെ സംസ്കാരത്തിനും വിരുദ്ധമാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. താരപദവി ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ തങ്ങളുടേതായ രീതിയിൽ നേരിടുമെന്നും, ആമിർ ഖാൻ ഇതിന്റെ പ്രത്യാഘാതം ഉടൻ അനുഭവിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു പെൺകുട്ടിക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ചും അതിലെ പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർക്കുള്ള താക്കീതും ഈ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

ഭീഷണിയുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുംബൈ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെയും ഓഡിയോ ക്ലിപ്പിന്റെയും ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, സംഭവത്തിൽ ആമിർ ഖാന്റെ ഭാഗത്തുനിന്നോ അദ്ദേഹത്തിന്റെ പ്രതിനിധികളിൽ നിന്നോ ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക