
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി, അവരുടെ സാംസ്‌കാരിക തനിമയുടെ കാവലാളായി നിലകൊള്ളുന്ന ഫൊക്കാന അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെ ജൈത്രയാത്ര നടത്തുകയാണിപ്പോള്‍. 43 വര്‍ഷത്തെ ദീപ്തമായ ചരിത്രമുള്ള ഫൊക്കാന ഇന്ന് നൂറിലധികം അംഗസംഘടനകളുടെ ബലം നേടി പത്തുലക്ഷത്തോളം വരുന്ന മലയാളികളുടെ ഏറ്റവും വലിയ അംബ്രല്ല ഓര്‍ഗനൈസേഷനായി പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും പുതുതലമുറയിലേക്ക് കേരളത്തിന്റെ പൈതൃക പാരമ്പര്യവും സംസ്‌കാരവും പകര്‍ന്നു നല്‍കുന്നതിനൊപ്പം, പ്രവാസി മലയാളികളുടെ അവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്താനും ഫൊക്കാനയ്ക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം നാട്ടിലെ നിര്‍ധനരുടെ ആശാകേന്ദ്രവുമായി ഫൊക്കാന സഹായഹസ്തം നീട്ടുന്നു.

പെന്‍സില്‍വേനിയയിലെ പ്രശസ്തമായ കല്‍ഹാരി റിസോര്‍ട്‌സില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന് ഇനി അധിക ദിവസങ്ങളില്ല. പല കാരമണങ്ങള്‍ കൊണ്ടും ഈ കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ സുവര്‍ണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെടാന്‍ പോകുന്ന ഒന്നാണെന്ന് ഫൊക്കാനയുടെ അഭിമാനമായ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അടിവരയിട്ടു പറയുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇത്രയേറെ ആഴത്തില്‍ വേരൂന്നിയ മറ്റൊരു പ്രസ്ഥാനമില്ല. വരാനിരിക്കുന്ന കണ്‍വന്‍ഷന്‍ കേവലമൊരു ആഘോഷമല്ല, മറിച്ച് പ്രവാസി മലയാളികളുടെ ഐക്യത്തിന്റെയും സാംസ്‌കാരിക തനിമയുടെയും വിളംബരമാണ്. ഒരു സംഘടനയുടെ വിജയവും കെട്ടുറപ്പും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍, ഫൊക്കാനയുടെ ഇന്നത്തെ മുന്നേറ്റങ്ങളുടെയും ഊര്‍ജ്ജസ്വലതയുടെയും നട്ടെല്ല് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആണ്. സംഘടനയുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി അഹോരാത്രം പ്രയത്‌നിക്കുന്ന അദ്ദേഹം, മികച്ച ഒരു സംഘാടകന്‍ എന്നതിലുപരി മലയാളികളുടെ പ്രിയങ്കരനായ നേതാവാണ്.

കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായും, വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായും അദ്ദേഹം നടത്തുന്ന നേതൃത്വപരമായ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. ഓരോ അംഗത്തെയും ഒപ്പം നിര്‍ത്തി, സംഘടനയുടെ സംഘടനാപരമായ സുരക്ഷിതത്വവും പുരോഗതിയും ഉറപ്പാക്കാന്‍ ശ്രീകുമാര്‍ കാട്ടുന്ന അര്‍പ്പണബോധം ഫൊക്കാനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്. ഫൊക്കാനയുടെ പാരമ്പര്യവും ശ്രീകുമാര്‍ ഉണ്ണിത്താന്റെ നേതൃപാടവവും ഒത്തുചേരുമ്പോള്‍ ഈ കണ്‍വന്‍ഷന്‍ പ്രവാസി സമൂഹത്തിന് എന്നെന്നും ഓര്‍മ്മിക്കാവുന്ന ഒരു ദൃശ്യ-സാംസ്‌കാരിക വിരുന്നായി മാറും എന്നതില്‍ സംശയമില്ല. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലാകാന്‍ പോകുന്ന കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ ഇ മലയാളിയുമായി മനസ് പങ്കു വയ്ക്കുകയാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍.
? ഫൊക്കാന ഇന്ന് വളര്‍ച്ചയുടെ സുവര്‍ണ്ണ കാലത്തിലാണല്ലോ. എന്താണ് ഇതിന്റെ രഹസ്യം...
* എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഒന്നാമത്തെ കാര്യം. അതായത് ഫൊക്കാനയുടെ ഇലക്ഷനില്‍ മത്സരിച്ച് പരാജയപ്പെട്ടവരെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതു തന്നെ. ഈ ടീം മുന്നോട്ട് വച്ച ആശയങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ കാര്യങ്ങള്‍ക്കു വേണ്ടിയായതിനാല്‍ സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റി. ഫൊക്കാനയുടെ പദ്ധതികള്‍ എല്ലാം തന്നെ ജനങ്ങള്‍ക്ക് സ്വീകാര്യമായപ്പോള്‍ വളര്‍ച്ചയും വേഗത്തിലായി.

? എന്തൊക്കെ പദ്ധതികളാണ് ഈ രണ്ടു വര്‍ഷക്കാലത്തിനുള്ളില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്...
* ഫൊക്കാന പ്രിവിലേജ് കാര്‍ഡാണ് ഒന്ന്. കൊച്ചി, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഷോപ്പ് ചെയ്യുന്ന ഫൊക്കാന അംഗങ്ങള്‍ക്ക് പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ ഡിസ്‌ക്കൗണ്ട് കിട്ടുന്ന ഒരു ഫ്രീ കാര്‍ഡാണിത്. നല്ല പര്‍ച്ചേസിന് 1000-2000 ഡോളര്‍ വരെ ലാഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുമായി കൈ കോര്‍ത്ത് ഫൊക്കാന നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡും ശ്രദ്ധേയമായി.
? എന്താണ് ഈ കാര്‍ഡിന്റെ ഗുണം...
* അമേരിക്കന്‍-കനേഡിയന്‍ മലയാളികള്‍ക്ക് മാത്രമല്ല, അവരുടെ നാട്ടിലുള്ള ബന്ധുമിത്രാദികള്‍ക്കും മെഡിക്കല്‍ കാര്‍ഡിന്റെ പ്രയോജനം നേരിട്ട് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചികിത്സയ്ക്കും മറ്റും ഡിസ്‌ക്കൗണ്ട് ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡിലൂടെ 50,000 മുതല്‍ 1,00,000 രൂപയുടെ വരെ ഡിസ്‌ക്കൗണ്ട് പലര്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നാട്ടില്‍ നിന്ന് അമേരിക്കയിലെത്തുന്ന നമ്മുടെ മാതാപിതാക്കള്‍ക്ക് ഹെല്‍ത്ത് കവറേജ് കിട്ടുന്ന ഒരു പദ്ധതിയും ഫൊക്കാന അഭിമാനപൂര്‍വ്വം അവതരിപ്പിച്ചു. ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക് ഏറ്റവും പുതുമയുള്ള ഒരു സംരംഭമാണ്. ന്യൂജേഴ്‌സിയില്‍ തുടങ്ങി ഹൂസ്റ്റണിലും ഡാളസിലും ബോസ്റ്റണിലും ഒക്കെയായി ഫൊക്കാന ക്ലിനിക്കുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. പ്രാഥമികമായ നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ ക്ലിനിക്കുകളില്‍ നിന്ന് സൗജന്യ സേവനം ലഭിക്കും. നാട്ടില്‍ 30 ഓളം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പരിപാടിയും ലക്ഷ്യമിട്ടിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ അവശ്യം വേണ്ടതായ 1800 നമ്പറും നമുക്ക് ഉടന്‍ കിട്ടും. ഫൊക്കാനയ്ക്ക് ഇന്ന് നൂറിലധികം സംഘടനകളുടെ കരുത്തുണ്ട്. അംഗസംഘടനകളിലെ വന്‍ ജനപങ്കാളിത്തത്തോടെ എല്ലാ റീജിയനുകളിലും നമ്മള്‍ വര്‍ണാഭമായ കണ്‍വന്‍ഷനുകള്‍ നടത്തി. അതില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള മീറ്റിങ്ങും യൂത്ത് ഫെസ്റ്റിവലും എടുത്തു പറയേണ്ടതാണ്. കേരളാ കണ്‍വന്‍ഷനില്‍ വിവിധ പ്രോജക്ടുകള്‍ നടപ്പാക്കി. സാഹിത്യ പ്രതിഭകളെ ആദരിച്ചു. ഇങ്ങനെ സമസ്ത മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ട് ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായി മാറി.

? തികച്ചും മാതൃകാപരമായ ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എത്രത്തോളം വിജയകരമാകുമെന്നാണ് കരുതുന്നത്...
* ഈ ഭരണസമിതി ആവിഷ്‌കരിച്ച ദീര്‍ഘകാല പദ്ധതികള്‍ തുടരുക തന്നെ ചെയ്യും. പിന്നെ ഓരോ ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാണ്. ഞങ്ങള്‍ ഡിഫ്രന്റ് ആയിരുന്നു. അതെല്ലാം തുടരും. ചിലപ്പോള്‍ ഇനി വരാന്‍ പോകുന്ന ഭരണസമിതി ഇതിനേക്കാള്‍ മികച്ചതാവാം. അങ്ങനെ ആഗ്രഹിക്കാനേ നമുക്ക് കഴിയുകയുള്ളൂ. രണ്ടു വര്‍ഷ കാലാവധിയുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തനം എക്കാലത്തും ഒരുപോലെയാവില്ലല്ലോ. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കും ഉള്ളത്.
? നാട്ടില്‍ നടപ്പാക്കിയ പ്രോജക്ടുകളെക്കുറിച്ച്...
* സ്വിം കേരള സ്വിം എന്ന നീന്തല്‍ പരിശീലന പരിപാടിയാണ് ഒന്ന്. പാലാ, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ സ്വിം കേരള സ്വിം നടത്തി. മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയാണി ഇതിന്റെ ആത്യന്തികമായ ലക്ഷ്യം. സ്വരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ ജീവന്‍കൂടി രക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഈ പ്രോജക്ടുനുള്ളത്. വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഒരു വര്‍ഷം മുമ്പ് കേരളാ കണ്‍വന്‍ഷനില്‍ വിളമ്പരമായിത്തന്നെ ഒരു പ്രോഗ്രം നടത്തുകയുണ്ടായി.
? ഫൊക്കാനയുടെ പേര് കേരളീയര്‍ക്കും സുപരിചിതമാണ്. കേരള സര്‍ക്കാരുമായി ഏതു തരത്തിലുള്ള ബന്ധമാണ് ഫൊക്കാനയ്ക്ക് ഇപ്പോള്‍ നിലവിലുള്ളത്...
* നല്ല ബന്ധമാണുള്ളത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. നമ്മുടെ പ്രസിഡന്റ് സജിമോന്‍ ആന്റണി പുതിയ മുഖ്യമന്ത്രി വി.ഡി സതീശനെയും നേരില്‍ കണ്ട് ഫൊക്കാന കണ്‍വന്‍ഷനിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ശുഭാപ്തി വിശ്വസത്തോടെയാണ് നോക്കിക്കാണുന്നത്. അതേസമയം കേരളത്തില്‍ നിന്ന് ദിനം പ്രതി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരുപാട് ഇ മെയിലുകള്‍ ലഭിക്കുന്നുണ്ട്. നമ്മളെക്കൊണ്ട് ആവുന്നത് ചെയ്യുന്നുമുണ്ട്.

? അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളെ എങ്ങിനെയാണ് ഈ ടീം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്...
* ഇവിടെ നമ്മള്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീന ശക്തിയായി മാറേണ്ടതുണ്ട്. അമേരിക്കന്‍ ഭരണ സംവിധാനങ്ങളുമായി അടുപ്പമുണ്ടെങ്കില്‍ മാത്രമേ നമുക്ക് സ്വാധീനം ചെലുത്താനൊക്കൂ. നമ്മുടെ ആളുകളെ, പ്രത്യേകിച്ച് യുവജനങ്ങളെ രാഷ്ട്രീയത്തിലെത്തിച്ച് ഇന്ത്യക്കാരുടെ ശബ്ദം അധികാരത്തിന്റെ തലങ്ങളില്‍ പരമാവധി കേള്‍പ്പിക്കാന്‍ നാം ശ്രമം നടത്തുന്നുണ്ട്. നിരവധി മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഉന്നത പദവികളിലെത്തി മികവ് കാട്ടുന്ന കാലഘട്ടം കൂടിയാണിത്. പക്ഷേ സര്‍ക്കാര്‍ പോളിസിവരുമ്പോള്‍ ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.
? ഈ ടീമിന്റെ കാലഘട്ടത്തില്‍ ഫൊക്കാനയിലേയ്ക്ക് യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം എത്രത്തേളം വര്‍ധിച്ചിട്ടുണ്ട്...
* 150 പേരുടെ വനിതാ ഫോറം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. പലയിടത്തും വനിതാ ഫോറത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള്‍ അവരെ സഹോദരിമാരെപ്പോലെയാണ് കാണുന്നതും അവരുടെ പ്രവര്‍ത്തനങ്ങളെ സര്‍വാത്മനാ പിന്തുണയ്ക്കുന്നതും. വ്യത്യസ്തമായ ഒരു അഡിമിനിസ്‌ട്രേഷന്‍ പോലെ സ്വതന്ത്രമായാണ് വനിതാ ഫോറം പ്രവര്‍ത്തിക്കുന്നത്. ഇത് ഇതര സംഘടനകള്‍ക്ക് ഒരു മാതൃകയാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ത്തന്നെ കൂടുതല്‍ വനിതകള്‍ സ്വന്തം ഇഷ്ടപ്രകാരം ഫൊക്കാനയിലേയ്ക്ക് എത്തുന്നു. ഇപ്പോള്‍ ഇലക്ഷനില്‍ മല്‍സരിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. ഇങ്ങനെയൊരവസരം ഇതിനുമുമ്പ് ഫൊക്കാനയില്‍ ഉണ്ടായിട്ടില്ല.
? ഫൊക്കാനയ്ക്ക് സ്ഥിരമായ ഒരു ആസ്ഥാന മന്ദിരം എന്ന സ്പനം എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുമോ...
* തീര്‍ച്ചയായും അത് നടക്കും. നമ്മള്‍ അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഫൊക്കാനയുടെ ഫണ്ടുകള്‍ മറ്റു പല കാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇതിനായി ഞങ്ങള്‍ ഒരു ബൈലോ ഭേദഗതി തന്നെ കൊണ്ടു വരുന്നുണ്ട്. ഏതൊരു അഡ്മിനിസ്‌ട്രേഷനും അല്ലെങ്കില്‍ ട്രസ്റ്റീ ബോര്‍ഡും അവര്‍ പണം കൈമാറുമ്പോള്‍ 10,000 ഡോളര്‍ മാറ്റി വച്ചിട്ട് ബാക്കിയുണ്ടെങ്കില്‍ അത് ബില്‍ഡിങ് ഫണ്ടിലേയ്ക്ക് വകയിരുത്തുകയും അത് ഭാവിയില്‍ ഒരു കെട്ടിടം വാങ്ങാന്‍ വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന ബൈലോ ഭേദഗതിയാണിത്. ഇതിന്റെ നോട്ടിഫിക്കേഷന്‍ ഇതിനോടകം പോയിട്ടുണ്ട്.
? നിങ്ങളുടെ കാലഘട്ടത്തില്‍ ഫൊക്കാനയില്‍ വിമത ശബ്ദം ഉയര്‍ന്നിട്ടുണ്ടോ...
* ഒരിക്കലും ഉണ്ടായിട്ടില്ല. കുഴിത്തുരുമ്പുകള്‍ പലകാലത്തും ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അംഗബലത്തിന്റെ കാര്യത്തില്‍ അവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായതുകൊണ്ട് അവരുടെ ശബ്ദം ആരും കേട്ടില്ലെന്ന് മാത്രം. ഞങ്ങളാണ് യഥാര്‍ത്ഥ ഫൊക്കാന എന്ന് പറഞ്ഞ് പണ്ട് കേസുകൊടുത്തവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളൊന്നുമില്ല. പിന്നെ, കാലം മാറുന്നതിനനുസരിച്ച് നമ്മള്‍ ബൈലോയില്‍ ഭേദഗതികള്‍ വരുത്തുകയും ലോഗോയില്‍ മാറ്റം വരുത്തുകയും ചെയ്തുകൊണ്ട് അപ്‌ഡേറ്റായാണ് മുന്നോട്ട് പോകുന്നത്.

? ഫൊക്കാനയുടെ ഭാവി വളര്‍ച്ചയ്ക്ക് അടുത്ത തലമുറയെ ഏത്രമാത്രം സജ്ജരായി നിര്‍ത്തുന്നുണ്ട്...
* ഇപ്പോഴത്തെ ഇലക്ഷന്‍ കണ്ടാല്‍ അത് അറിയാം. ഇപ്പോള്‍ വരുന്നവരെല്ലാം സ്ത്രി പുരുഷ ഭേദമില്ലാതെയുള്ള പിള്ളേര് സെറ്റുകളാണ്. തലമുറ ചെയിഞ്ച് വേണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ഫൊക്കാനയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍.
? കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ പങ്കാളിത്തത്തെ എങ്ങനെ സ്വയം വിലയിരുത്തുന്നു...
* സെക്രട്ടറിയാണ് സംഘടനയെ നയിക്കുന്നത്. എന്നാല്‍ പ്രസിഡന്റും സെക്രട്ടറിയും തോളോടുതോള്‍ ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ആരാണ് പ്രസിഡന്റ്, ആരാണ് സെക്രട്ടറി എന്ന് നോക്കിയല്ല, സംഘടനയ്ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വവും കടമയും. ഞങ്ങള്‍ ഒരേ ശബ്ദത്തോടെ മുന്നോട്ടു പോയതാണ് ഈ അഭിമാന വളര്‍ച്ചയുടെയും ബഹുജനപങ്കാളിത്തത്തിന്റെയും വമ്പിച്ച വിജയത്തിന്റെയും അടിസ്ഥാനം. ഞങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ധയോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും തന്നെയില്ല. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഒരു ടീമായി പ്രവര്‍ത്തിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
? എന്തൊക്കൊയാണ് ഫൊക്കാന കണ്‍വന്‍ഷന്റെ പരിപാടികളും പ്രത്യേകതകളും...
* കേരളത്തിന്റെ വാദ്യകലാ വിസ്മയം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളപ്പെരുക്കത്തോടെയാണ് ആരംഭം. തുടര്‍ന്ന് 100 പേരുടെ ഓപ്പണിങ് ഡാന്‍സ്, പൊതു സമ്മേളനം, മാജിക് ഷോയില്‍ നിന്ന് മിറിനില്‍ക്കുകയായിരുന്ന ഗോപിനാഥ് മുതുകാടിന്റെ ഷോ (ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാര്‍ക്കായി ചെയ്യുന്ന പ്രോജക്ടില്‍ ഫൊക്കാനയും പങ്കിളിത്തം വഹിക്കുന്നുണ്ട്), രണ്ടാം ദിവസം ജനറല്‍ ബോഡി, ഇലക്ഷന്‍, ചില്‍ഡ്രന്‍സ് കോമ്പറ്റീഷന്‍, സാഹിത്യ സെമിനാര്‍, മീഡിയ സെമിനാര്‍, സാഹിത്യ അവാര്‍ഡ് സമ്മേശളനങ്ങള്‍, മിസ്റ്റര്‍ ഫൊക്കാന, ശ്രീമാന്‍, മലയാളി മങ്ക, അമേരിക്ക ഗോ ടാലന്റ് തുടങ്ങിയ നിരവധി പരിപാടികള്‍ അരങ്ങേറും. മൂന്നാം ദിവസമാണ് അമേരിക്കയില്‍ ഇതുവരെ നടന്നിട്ടില്ലാത്ത രണ്ട് ഗിന്നസ് റിക്കാര്‍ഡ് പരിപാടികള്‍ നടക്കുന്നത്. അറുന്നൂറിലധികം ചെണ്ട വിദ്വാന്‍മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും 1100 മോഹിനിയാട്ട കലാകാരികള്‍ അണിനിരക്കുന്ന നൃത്തവും (മോഹിനിയാട്ടം ലെസന്‍സ്) വേറിട്ട ലോകറിക്കോഡ് അനുഭവം ആയിരിക്കും. ഇക് കേരളത്തിലല്ല നടക്കുന്നത് എന്നതാണ് പ്രത്യേകത. അമേരിക്കയില്‍ .2 ശതമാനമുള്ള മലയാളികളുടെ ഇടയില്‍നിന്നാണ് ഈ 1100 പേരെ നമ്മള്‍ അവതരിപ്പിക്കുന്നതെന്നോര്‍ക്കണം. ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരിക്കും ഈ രണ്ട് പരിപാടികളും. മൊത്തം രണ്ടായിരത്തേളം പെര്‍ഫോമേഴ്‌സ് തന്നെ ശനിയാഴ്ച അവിടെയുണ്ടാവും. പിന്നെ പങ്കെടുക്കുന്നവരും. ഗ്രാന്റ് ഫിനാലെയും നവ്യാ നായര്‍, നാദിര്‍ഷ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫിലിം അവാര്‍ഡ് നൈറ്റും രണ്ടാം ദിവസത്തിന്റെ പ്രത്യേകതകളാണ്. മൂന്നു ദിവസവും കള്‍ച്ചറല്‍ പരിപാടികളാല്‍ സമ്പന്നമായിരിക്കും.
? നാട്ടില്‍ നിന്ന് ആരൊക്കെയെത്തും...
* ഇന്ത്യയുടെ വൈസ് പ്രസിഡന്റ് വരാമെന്ന് ഏറ്റിട്ടുണ്ട്. കേരള ഗവര്‍ണറും ചീഫ് മിനിസ്റ്ററും എത്താമെന്ന് പറഞ്ഞിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, സാഹിത്യ പ്രതിഭകള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെയെത്തും. കണ്‍വന്‍ഷനില്‍ ഏതാണ്ട് 4,000-5,000 ആള്‍ക്കാര്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
? എന്താണ് ഫൊക്കാന ജനറല്‍ സെക്രട്ടറിക്ക് പൊതുവെ പറയാനുള്ളത്...
* ഞാന്‍ ഈ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും ആസ്വദിച്ചു. എങ്ങനെയായിരിക്കണം സംഘടനാ പ്രവര്‍ത്തനെ എന്നൊരു വിചാരം നമുക്കുണ്ടല്ലോ. അതിനനുസരിച്ച് ഉയരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് എന്നോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നിന്ന പ്രസിഡന്റ് സജിമോന്‍ ആന്റണി, ട്രഷറര്‍ ജോയി ചാക്കപ്പന്‍, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചതുകൊണ്ട് സംഘടന വേറൊരു ലെവലിലേയ്ക്ക് എത്തി. ഏറ്റവും വലിയ പ്രവാസി സംഘടനയായും ഏറ്റവും വലിയ കണ്‍വന്‍ഷന്‍ നടത്തുന്ന പ്രവാസി മലയാളി ഫെഡറേഷനായും ഫൊക്കാനയ്ക്ക് മാറാന്‍ സാധിച്ചു. അത് സാധ്യമായത് മലയാളികളുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണ്. നമ്മള്‍ 6 മാസം മുമ്പേ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തത് അതിന്റെ തെളിവാണ്.
***
അതേ, ഫൊക്കാന പോലുള്ള ബൃഹത്തായ ഒരു സംഘടനയെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്താനും ജനപ്രിയമാക്കാനും ഒരു നേതാവിന് കേവലം ഭരണപരമായ കഴിവുകള്‍ മാത്രം പോരാ, മറിച്ച് ഹൃദയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള മികവാണ് പ്രധാനം. ഒരു നല്ല നേതാവ് ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാളായിരിക്കണം. തുറന്ന ആശയവിനിമയമാണ് ഏതൊരു ജനകീയ സംഘടനയുടെയും വിജയം. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുകയും, സംഘടനയുടെ തീരുമാനങ്ങള്‍ സുതാര്യമായി പങ്കുവെക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് സംഘടനയിലുള്ള വിശ്വാസ്യത വര്‍ദ്ധിക്കുന്നു. ആ വിശ്വാസ്യതയാര്‍ജിച്ച സംഘാടകന മികവുമായാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനാ കണ്‍വന്‍ഷനിലെ ജനപ്രിയ താരമാകുന്നത്.