Image

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്തു

Published on 18 July, 2026
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബിജു തോണിക്കടവിലിനെ ഫ്‌ളോറിഡയിലെ ജനപ്രിയ സംഘടനയായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്‍ഡോഴ്‌സ് ചെയ്തു. സണ്‍ഷൈന്‍ മുന്‍ ആര്‍.വി.പിയും കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന ബിജു തോണിക്കടവില്‍ ഫോമായുടെ വിവിധ നേതൃപദവികളില്‍ പ്രവര്‍ത്തിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണെന്നും അദ്ദേഹം ഫോമായുടെ പ്രസിഡന്റായി വരുന്നത് നമ്മുടെ അസോസിയേഷനും സൗത്ത് ഫ്‌ളോറിഡയിലെ മലയാളികള്‍ക്കും തികച്ചും അഭിമാനകരമാണെന്നും ബിജുവിനെ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഏകകണ്ഠമായി എന്‍ഡോഴ്‌സ് ചെയ്യുന്നുവെന്നും പ്രസിഡന്റ് കുര്യന്‍  വര്‍ഗീസ്   അറിയിച്ചു. യോഗത്തില്‍ ഷാന്റി വര്‍ഗ്ഗീസിനെ സണ്‍ഷൈന്‍ റീജിയണ്‍ വൈസ് പ്രസിഡന്റായും എന്‍ഡോഴ്‌സ് ചെയ്‌യ്തിട്ടുണ്ട്.

ഫോമായ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചതിലൂടെ സംഘടനയില്‍ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങള്‍ ചെറുതല്ലെന്ന് യോഗം വിലയിരുത്തി. ഫിലപ്പ് ചാമത്തില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ഫോമായ്‌ക്കൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച ആര്‍.വി.പി എന്ന നിലയില്‍ ഫോമാ വില്ലേജിന് ബിജു തോണിക്കടവില്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. തുടര്‍ന്ന് അനിയന്‍ ജോര്‍ജ് പ്രസിഡന്റായ സമയത്ത് ജോയിന്റ് ട്രഷററായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കോവിഡ് കാലത്ത് ഫോമാ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ ബിജു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ മികച്ച സേവനമാണ് ഫോമാ അന്ന് നല്‍കിയത്. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഫോമയുടെ ട്രഷററായി ബിജു നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സംഘടനകള്‍ക്ക്  മാതൃകയായി.കേരളാ കണ്‍വന്‍ഷന്‍, കാന്‍ കൂണ്‍ കണ്‍വന്‍ഷന്‍, കൂടാതെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റക്കാനയില്‍ വച്ചുനടന്ന ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. 2024-ല്‍ അധികാരം  കൈമാറുമ്പോള്‍ 88, 856 ഡോളര്‍ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏല്‍പ്പിച്ച ട്രഷറര്‍ എന്ന ഖ്യാതി ബിജു തോണിക്കടവിലിന് സ്വന്തമാണെന്ന് കുര്യന്‍ വര്‍ഗീസ് വ്യക്തമാക്കി.

നഷ്ടങ്ങളുടെ കണക്കില്‍ നിന്ന് നീക്കിയിരിപ്പിന്റെ മികവിലേക്ക് ഫോമയെ ഉയര്‍ത്തിയ ട്രഷറര്‍ എന്ന നിലയില്‍ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിന്റെ ചരിത്രം സൃഷ്ടിക്കുവാനും, ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഫോമയ്ക്ക് ആഗോള തലത്തില്‍ പ്രാവിണ്യം നേടാനുമുള്ള പദ്ധതികള്‍ക്കാണ് ബിജു തോണിക്കടവില്‍ ലക്ഷ്യമിടുന്നത് . സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവില്‍ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവും സര്‍വ്വ സമ്മതനുമാണെന്ന് നവകേരള അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഷാന്റി വര്‍ഗ്ഗീസ് നവകേരളാ അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗവുമാണ്. കൂടാതെ  മൂന്ന് പതിറ്റാണ്ടായി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ വ്യതിമുദ്ര പതിപ്പിച്ച സംഘാടകനുമാണ്. ഫോമായില്‍ വിവിധ സ്ഥാനങ്ങളും  വഹിച്ചിട്ടുണ്ട്. ബിജു തോണിക്കടവിലിനെയും അദ്ദേഹം നേതൃത്വ നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങളെയും, ഒപ്പം ഷാന്റിയെയും എന്‍ഡോര്‍സ് ചെയ്യുന്നതായി സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജന്‍ ജോര്‍ജ്, ബിജോയ് ജോസഫ്, ഗോപന്‍ നായര്‍, എമേഴ്‌സണ്‍ ചാലിശ്ശേരി,കുര്യാക്കോസ് പൊടിമറ്റം, എക്‌സ് ഒഫീഷ്യോ ഏലിയാസ് പനങ്ങയില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിജോയ്  സേവ്യര്‍, സജോ  പെല്ലിശേരി എന്നിവര്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചതാണെന്നും  പ്രസിഡന്റ് കുര്യന്‍  വര്‍ഗീസ്   അറിയിച്ചു .

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വേറിട്ട ഒരു വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി തങ്ങളെ ആശീര്‍വദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഏവരോടും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ എന്‍ഡോഴ്‌സ് ചെയ്തതില്‍ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഭാരവാഹികളോടും അംഗങ്ങളോടും ബിജു തോണിക്കടവില്‍ നന്ദി പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക