
'അച്യുതമേനോൻ 'അച്യുത'നായിരുന്നു' എന്ന സ്മൃതിചിത്രത്തിൽ സുകുമാർ അഴീക്കോട് ഇങ്ങനെ എഴുതി: ''അദ്ദേഹം വിശ്വാസത്തിൽ മാർക്‌സിസ്റ്റും ജീവിതത്തിൽ ഗാന്ധിസ്റ്റുമായിരുന്നു. മാർക്‌സും ഗാന്ധിയും തമ്മിൽ ആളുകൾ പറഞ്ഞുണ്ടാക്കിയ അത്രയും അകലമില്ലെന്ന് അദ്ദേഹം തന്റെ സ്വന്തം ജീവിതകർമ്മങ്ങൾ കൊണ്ട് തെളിയിച്ചു... അദ്ദേഹത്തിന് സ്ഥാനവും പദവിയും വസ്ത്രങ്ങൾ മാത്രമായിരുന്നു. മുഷിഞ്ഞാൽ മാറും .മാറിയില്ലെങ്കിൽ നാറും എന്ന് അറിഞ്ഞ ആളായിരുന്നു അദ്ദേഹം. അങ്ങനെ നാറുന്നത് അറിയാതെ ജീർണമായ മന്ത്രിസ്ഥാനവും പേറി നടക്കുന്നവരുടെ ഘോഷയാത്ര കണ്ട് മടുത്ത നമ്മുടെ നയനങ്ങൾക്ക് ആ വെറും മേനോന്റെ മധുരമായ മുഖവും വാക്കും അമൃതമായിരുന്നു.'' (സി.അച്യുതമേനോൻ സ്മൃതിചിത്രങ്ങൾ, വിശ്വമംഗലം സുന്ദരേശൻ, സി.അച്യുതമേനോൻ ഫൗണ്ടേഷൻ, തിരുവനന്തപുരം, 2012)
അച്യുതമേനോൻ എന്ന വ്യക്തി ഒരു പ്രിസത്തിലെന്നപോലെ, പല വ്യക്തികളിൽ തട്ടി, മഴവിൽനിറങ്ങളിലൂടെ പ്രതിഫലിക്കുന്ന പുസ്തകമാണ് സി.അച്യുതമേനോൻ സ്മൃതിചിത്രങ്ങൾ. രാഷ്ട്രീയം, സംസ്‌കാരം, സാഹിത്യം തുടങ്ങിയ മേഖലയിലുള്ള അറുപതിലേറെ വിശിഷ്ടവ്യക്തികൾ അച്യുതമേനോനെ അടുത്തുനിന്നു കാണുകയാണ്. അവരിൽ ചിലർ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ പിന്തുടരുന്നവരല്ല, പക്ഷേ ആ വ്യക്തിത്വത്തിന്റെ സവിശേഷതകളിൽ ആകൃഷ്ടരായവരാണ്.

എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും ആന്റണിയെ അനുമോദിക്കുന്നു. ഫോട്ടോ: പുനലൂർ രാജൻ
അച്യുതമേനോനെ ബുദ്ധിജീവി, അഥവാ, ധൈഷണികൻ (ഇന്റലക്ച്വൽ) എന്ന വിശേഷണത്തോടെ വിശകലനം ചെയ്യുന്ന ലേഖനമാണ് പി.ഗോവിന്ദപ്പിള്ള എഴുതിയ 'അച്യുതമേനോന്റെ ധൈഷണികാർജ്ജവം.' അതിൽ പനമ്പിള്ളി ഗോവിന്ദമേനോൻ, ഇ.എം.എസ്.നമ്പൂതിരിപ്പാട്, സി.അച്യുതമേനോൻ എന്നിവരുടെ ശൈലികളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഭാഗം കൗതുകകരമാണ്. ''ശൈലീവല്ലഭനായിരുന്ന പനമ്പിള്ളിയുടെ ആവിഷ്‌കാരം അലങ്കാരബഹുലവും പരിഹാസനിർഭരവുമായിരുന്നു. എതിരാളികളുടെ വാദമുഖങ്ങളെ തകർത്തെറിയുന്ന പനമ്പിള്ളി, ദുര്യോധനവധത്തിലെ ഭീമസേനനെ ഓർമ്മിപ്പിക്കുമ്പോൾ, കൃശഗാത്രനും സുമുഖനും ഒട്ടേറെ ലജ്ജാശീലനുമായ അച്യുതമേനോന്റെ വേഷത്തിലും വർത്തമാനത്തിലും പെരുമാറ്റത്തിലും ഉള്ള ഈ ലാളിത്യം അഥവാ പ്രകടനപരതാരാഹിത്യം അദ്ദേഹത്തിന്റെ ഭാഷാശൈലിയിലും ആവിഷ്‌കാരരീതിയിലുമെല്ലാം നറുനിലാവുപോലെ നിറഞ്ഞിരുന്നു.''
അച്യുതമേനോനെ ഇ.എം.എസിന്റെ പ്രതികരണ ശൈലിയുമായി തട്ടിച്ചുനോക്കി, പി.ഗോവിന്ദപ്പിള്ള മുന്നോട്ടുവയ്ക്കുന്ന ചില നിരീക്ഷണങ്ങൾ ചിന്തനീയമാണ്. ''ഇ.എം.എസ്സിന്റെ നിശിതമായ യുക്തി കൂരമ്പിനെക്കാൾ മൂർച്ചയുള്ളതാണ്... മഹാത്മാഗാന്ധിയെ ആദ്യകാല ഗുരുനാഥനും പിൽക്കാല ജീവിതമാതൃകയുമായി വാഴ്ത്തുമ്പോഴും ഗാന്ധിജിയുടെ രാഷ്ട്രീയ-സാമ്പത്തിക സിദ്ധാന്തങ്ങൾ ബൂർഷ്വായാണെന്നു പറഞ്ഞ്, നാലുപാടുനിന്നും ശകാരം ഏറ്റുവാങ്ങാൻ ഇ.എം.എസിന് ഒരു വക കൗമാരാഭിനിവേശം തന്നെ ഉണ്ടായിരുന്നില്ലേ എന്നു സംശയം. എന്നാൽ, അച്യുതമേനോനിൽ ആ വക സന്ദർഭങ്ങളിൽ ഉദാരനയവും സുജനമര്യാദയുമാണ് മുന്തിനിൽക്കുക. ഇതദ്ദേഹത്തിന്റെ മൗലികമായ ലിബറൽ മനോഭാവത്തിന്റെ തെളിവാണെന്നും ഈ ലിബറൽ ചിന്താഗതിയാണ് അദ്ദേഹത്തെ പിൽക്കാലത്ത് കോൺഗ്രസ്സുമായി ചേർന്നുപോകാനും പരമ്പരാഗത കമ്മ്യൂണിസ്റ്റ് സങ്കല്പങ്ങളിൽ ചിലതിനെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കാനും പ്രേരകം എന്ന് നിരൂപകർ പറയുന്നു. ശരിയോ തെറ്റോ? കൂടുതൽ ആരായേണ്ട വിഷയം തന്നെ.''

അച്യുതമേനോനെ സ്വീകരിക്കുന്നു. ഫോട്ടോ: പുനലൂർ രാജൻ
അടിയന്തരാവസ്ഥക്കാലത്ത് ''പ്രത്യക്ഷത്തിൽ മുഖ്യമന്ത്രിയായിരുന്ന'' കെ.കരുണാകാരന് 'കരിങ്കാലി ബിരുദം'' നൽകിയത് അച്യുതമേനോനാണെന്ന് പി.ജി. എഴുതുന്നു.'' അച്യുതമേനോനെക്കാൾ വാചാലനും നർമ്മപ്രയോഗചതുരനുമായ കെ.കെ.വാര്യർ പോലുമല്ല ആദ്യം ഈ പ്രയോഗം നടത്തിയത്.''
എ.കെ.ആന്റണി, കെ.ആർ.നാരായണൻ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, വെളിയം ഭാർഗവൻ, എൻ.ഇ.ബാലറാം, കെ.കരുണാകരൻ, അരുണാ അസഫ് അലി, തകഴി ശിവശങ്കരപ്പിള്ള, സുഗതകുമാരി തുടങ്ങി വിവിധ രംഗങ്ങളിലുള്ളവർ അച്യുതമേനോനെ അനുസ്മരിക്കുന്ന ഈ പുസ്തകം നിരതിശയമായ ആ വ്യക്തിത്വത്തെ സ്മരണകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പിടിച്ചെടുക്കുന്നു.
അച്യുതമേനോന്റെ രാഷ്ട്രീയവ്യക്തിത്വത്തെ, ആദ്യകാലത്തെ രാഷ്ട്രീയ എതിരാളിയും പിൽക്കാലത്തെ സഹകാരിയുമായിരുന്ന എ.കെ.ആന്റണി ഇങ്ങനെ വിലയിരുത്തുന്നു: ''മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനും മുൻ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനും എന്നെ വളരെ സ്വാധീനിച്ച വ്യക്തിത്വങ്ങളാണ്. 1969 മുതൽ അച്യുതമേനോനോടുള്ള എന്റെ സ്‌നേഹബഹുമാനാദരവുകൾ നാൾക്കുനാൾ വർദ്ധിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാനകാല ജീവിതത്തിലെ ഏതാനും വർഷങ്ങളിൽ അച്യുതമേനോൻ എല്ലാ കേരളീയനേതാക്കളെക്കാളും അത്യുന്നതിയിലേക്ക് കയറുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളെ നേർവഴിക്കു നയിക്കുന്ന ഒരു മാർഗ്ഗദീപമായി രൂപാന്തരപ്പെട്ട അവസാനനാളുകളിലെ അച്യുതമേനോൻ എന്നിൽ നെഹ്‌റു സ്മരണകൾ കൂടുതൽ ജനിപ്പിക്കുവാൻ പോലും സഹായിച്ചു. അഖിലേന്ത്യാതലത്തിൽ ജവാഹർലാൽ നെഹ്‌റുവിനു കൈവരിക്കാൻ കഴിഞ്ഞ ഔന്നത്യം, കേരളത്തിൽ സി.അച്യുതമേനോന് നേടാൻ കഴിഞ്ഞു എന്നു കരുതുന്ന ഒരാളാണ് ഞാൻ.''
അടിയന്തരാവസ്ഥയെത്തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടി, കെ.കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും രാജൻ കേസിലെ ഹൈക്കോടതി വിധിയെത്തുടർന്ന്, കരുണാകരന് രാജിവയ്‌ക്കേണ്ടിവന്നു. അന്ന് മുപ്പത്തിയാറുകാരനായ എ.കെ.ആന്റണിയാണ് മുഖ്യമന്ത്രിയായത്. എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനും ആന്റണിയെ അനുമോദിക്കുന്ന ചിത്രം സത്യപ്രതിജ്ഞാച്ചടങ്ങ് ചിത്രീകരിച്ച പുനലൂർ രാജൻ പകർത്തി; ഒരസുലഭമുഹൂർത്തം നമുക്ക് ലഭിച്ചു.
Read More: https://www.emalayalee.com/writer/325