Image

ഓർമ്മകളിൽ ആ 'ഉരുക്കുകോട്ട' ;ക്യാപ്റ്റൻ വി.പി. സത്യന്റെ ഇരുപതാം ചരമവാർഷികം : അനിത സത്യൻ

Published on 18 July, 2026
ഓർമ്മകളിൽ ആ 'ഉരുക്കുകോട്ട' ;ക്യാപ്റ്റൻ വി.പി. സത്യന്റെ ഇരുപതാം ചരമവാർഷികം : അനിത സത്യൻ

2026 ജൂലൈ 18. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കരുത്തനായ പ്രതിരോധ ഭടൻ, ക്യാപ്റ്റൻ വി.പി. സത്യൻ ഓർമ്മയായിട്ട് ഇന്നേക്ക് നീണ്ട 20 വർഷങ്ങൾ തികയുന്നു.

മൈതാന മധ്യത്തിൽ നിന്നും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യം കൊണ്ട് ഇന്ത്യൻ കോട്ട കാത്ത ആ നായകന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം !

ആരായിരുന്നു വി.പി.സത്യൻ … ?

2006 ജൂലൈ 18-ന് ചെന്നൈയിലെ റെയിൽവേ ട്രാക്കിൽ ആ ജീവിതം അവസാനിച്ചപ്പോൾ, നഷ്ടപ്പെട്ടത് ഇന്ത്യൻ ഫുട്ബോളിന്റെ കണിശതയാർന്ന കളിശൈലിയും അച്ചടക്കവുമായിരുന്നു.

19വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം 1992-ൽ കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടിത്തന്നത് സത്യന്റെ ക്യാപ്റ്റൻസിയിലായിരുന്നു. തൊട്ടടുത്ത വർഷവും ആ കിരീടം കേരളം നിലനിർത്തി.

1993-ൽ വൻശക്തികൾ മാറ്റുരച്ച നെഹ്‌റു കപ്പിലും, ഇന്ത്യ സ്വർണം നേടിയ സാഫ് (SAF) ഗെയിംസിലും ഇന്ത്യൻ ടീമിനെ നയിച്ചത് ഈ മലയാളിയായിരുന്നു.

നാല് തവണ ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അപൂർവ്വ നേട്ടമുള്ള ഏക മലയാളിഫുട്ബോളറും സത്യൻ തന്നെ. ഫെഡറേഷൻ കപ്പിൽ കേരളാ പോലീസ് ടീമിന് വേണ്ടിയും (1990, 1991), കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാന് വേണ്ടിയും (1993) ഫെഡറേഷൻ കപ്പ് കിരീടങ്ങൾ നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1983-ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ചുകൊണ്ട് കരിയർ ആരംഭിച്ച സത്യൻ, മികച്ച പ്രകടനങ്ങളിലൂടെ 1985-ൽ ധാക്കയിൽ നടന്ന സൌത്ത് ഏഷ്യൻ ഫെഡറേഷൻ (SAF) ഗെയിംസിലാണ് ഇന്ത്യക്കായി ആദ്യമായി അന്താരാഷ്ട്ര ജേഴ്സി അണിയുന്നത്. ഈ ടൂർണമെന്റിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടിയിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് 1992-ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അദ്ദേഹത്തെ 'പ്ലെയർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തിരുന്നു.

1986, 1994 വർഷങ്ങളിലെ 'പ്രീ-വേൾഡ് കപ്പ്' (FIFA World Cup Qualifiers) ടൂർണമെന്റുകളിൽ ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂണായി അദ്ദേഹം ബൂട്ട് കെട്ടി. ഇതിൽ 1994-ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശക്തരായ ലബനനെതിരെ ഇന്ത്യക്കായി ഒരു സുപ്രധാന ഗോളും ഈ ഡിഫൻഡർ നേടി.കേവലം ഒരു കളിക്കാരൻ മാത്രമായിരുന്നില്ല അദ്ദേഹം, കളിക്കളത്തെയും സഹതാരങ്ങളെയും ഒരേപോലെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്ന മാതൃകാപരമായ നേതൃത്വമായിരുന്നു സത്യന്റേത്.

ഫുട്ബോളിൽ എപ്പോഴും ഗോളടിക്കുന്ന സ്ട്രൈക്കർമാർക്കാണ് ഗ്ലാമറും കയ്യടിയും ലഭിക്കാറുള്ളത്. എന്നാൽ ഗോളടിക്കുന്നതിനേക്കാൾ വലിയ കലയാണ് എതിരാളികളുടെ ഗോൾശ്രമങ്ങളെ തടഞ്ഞുനിർത്തുക .അസാധ്യമായ ടാക്ലിംഗുകളും, ഹെഡ്ഡറുകളും, അതിനൊപ്പം മൈതാന മധ്യത്തിൽ നിന്നും തൊടുക്കുന്ന ബുള്ളറ്റ് ലോങ് റേഞ്ചറുകളും (1986 ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയക്കെതിരെ അദ്ദേഹം തൊടുത്ത ആ ലോങ് റേഞ്ച് ഷോട്ട് ഇന്നും ആരാധകരുടെ മനസ്സിലുണ്ട്) സത്യനെ വ്യത്യസ്തനാക്കി.

ചരിത്രം ചെയ്ത അനീതികൾ

കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷവും ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും നാഷണൽ സെലക്ടറായും അദ്ദേഹം ഫുട്ബോളിനായി ജീവിച്ചു. എന്നാൽ, ഇന്ത്യൻ ഫുട്ബോളിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ നായകന് ജീവിച്ചിരുന്നപ്പോഴോ മരണശേഷമോ അർഹമായ 'അർജുന അവാർഡോ' 'പത്മശ്രീയോ' നൽകാൻ അധികാരികൾ തയ്യാറായില്ല എന്നത് കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിവേചനമായി അവശേഷിക്കുന്നു. പ്രശസ്തിയുടെയും മാധ്യമശ്രദ്ധയുടെയും പുറകെ പോകാതെ, തികച്ചും ശാന്തനായി സ്വന്തം തട്ടകത്തിൽ ഒതുങ്ങിക്കൂടിയതുകൊണ്ടാകാം ഒരുപക്ഷേ അദ്ദേഹം തഴയപ്പെട്ടത്. ഇന്ത്യൻ ഫുട്ബോൾ ടീമിനെ 1991 മുതൽ 1995 വരെ നയിക്കുകയും, 1992-ൽ AIFF പ്ലെയർ ഓഫ് ദി ഇയർ ആകുകയും ചെയ്തിട്ടും അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത കായിക ബഹുമതികളിലൊന്നായ അർജുന അവാർഡ് ലഭിച്ചില്ല. 2011-ലും 2012-ലും കേന്ദ്ര സർക്കാരിന് അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ, മരണാനന്തര ബഹുമതിയായി അർജുന അവാർഡ് നൽകാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് അധികൃതർ ആ അപേക്ഷകൾ നിരസിച്ചത്. (എന്നാൽ മുൻപ് ഗുസ്തി താരം കെ. ഡി. ജാദവിന് മരണാനന്തരമായി അർജുന അവാർഡ് നൽകിയിട്ടുള്ള ചരിത്രമുണ്ട്). ഓരോ തവണയും അദ്ദേഹത്തിന്റെ പേര് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.

ഔദ്യോഗിക പുരസ്‌കാരങ്ങളുടെ പട്ടികയിൽ വി.പി. സത്യൻ എന്ന പേര് ഇല്ലായിരിക്കാം. പക്ഷേ, ഓരോ മലയാളി ഫുട്ബോൾ പ്രേമിയുടെയും ഇന്ത്യയിലെ ഓരോ കായികപ്രേമിയുടെയും മനസ്സിൽ 'ക്യാപ്റ്റൻ' എന്ന വാക്കിന് ഒരൊറ്റ മുഖമേയുള്ളൂ... അത് വി.പി. സത്യന്റേതാണ് .

ഇരുപത് വർഷങ്ങൾക്കിപ്പുറവും ആ ഓർമ്മകൾക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസത്തിന്, പ്രിയപ്പെട്ട നായകന് ആദരാഞ്ജലികൾ! 

എന്നിട്ടും എന്തേ........…

1.ഇന്നത്തെ ഫിഫ റാങ്കിംഗ് 133 അന്നത്തേത് 99

2.ഏറ്റവും കൂടുതൽ തവണ(1991-1995) ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായി.

3.ഔദ്യോഗികമായി 23വർഷത്തോളം കളിക്കാരനായും കോച്ചായും സെലക്ടറായും ഇന്ത്യൻ ഫുട്ബോളിൽ നിറഞ്ഞു നിന്നു.

4.സാഫ് ഗെയിംസ് 2 തവണ(1993, 1995), സാർക്ക് ഗോൾഡ്കപ്പ്(1991),ഖത്തർ ഇൻഡിപ്പെൻഡൻഡ്കപ്പ് എന്നിവ ഇന്ത്യയ്ക്ക് സമ്മാനിച്ച ടീംക്യാപ്റ്റൻ.

5.പല സന്ദർഭങ്ങളിലും ഗോളടിച്ച് ഇന്ത്യയുടെ മാനം കാത്ത ഡിഫൻഡർ.

6.4 തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഏക മലയാളി.

7.1991പ്രീവേൾഡ് കപ്പിലും നെഹ്റുകപ്പിലും ഇന്ത്യയെ നയിച്ച ടീം ക്യാപ്റ്റൻ.

8.ഇന്ത്യകണ്ട മികച്ച പ്രതിരോധഭടൻ.

9. 11 തവണ സന്തോഷ് ട്രോഫി കളിച്ച ഫുട്ബോളർ.

10. 1992, 1993 സന്തോഷ്ട്രോഫി വിജയത്തിൽ പങ്ക് വഹിച്ച ഫുട്ബോളർ.

11. 1993വർഷത്തിലെ AIFF ഇന്ത്യൻ മികച്ച ഫുട്ബോൾഅവാർഡ്.

12. 2002ൽ ഇന്ത്യൻ ടീം അസി. കോച്ചായി സ്റ്റീഫൻ കോൺസ്റ്റഡൈനൊപ്പം ഇന്ത്യയെ നയിച്ച കോച്ച്

13. 3 തവണ ഫെഡറേഷൻ കപ്പ്(കേരളപോലീസ്(2),മോഹൻബഗാൻ(1)ജയത്തിലെ പ്രധാന കളിക്കാരൻ.

14. ഇന്ത്യൻബാങ്ക് ടീമിനെ നാഷണൽ ലീഗിൽ എത്തിച്ച പരിശീലകൻ.

15. 90മിനുട്ടും കളിക്കളത്തിൽ നിറഞ്ഞ് കളിക്കുന്ന ഫുട്ബോളർ........

16. 1992മുതൽ ഇടത് കാലിൽ ഷിൻ ബോണിൽ സ്റ്റീൽ റോഡിട്ട് കളിച്ചിരുന്ന ഫുട്ബോളർ.

17. ഇന്ത്യയിലെപ്രധാനപ്പെട്ട ഫുട്ബോൾ ക്ലബുകളിൽ കളിച്ചിരുന്ന ഫുട്ബോളർ.

18. 1986 സൗത്ത് കൊറിയക്കെതിരെ 35 വാരഅകലെ നിന്ന് ഗോളടിച്ച് ഇന്ത്യയെ സമനിലയിലെത്തിച്ച ഇന്ത്യൻഫുട്ബോളർ.

എന്നിട്ടും ..............രാജ്യാന്തര തലത്തിൽ സത്യേട്ടൻ അംഗീകരിക്കപ്പെട്ടില്ല.

2000 മുതൽ 2006 വരെ വിഷാദ രോഗത്തിനിടയിലും ഫുട്ബോൾ കളിയെ കൈവിടാതെയും ജീവിതത്തോട് മല്ലടിച്ചും മുന്നോട്ട് പോയ സത്യേട്ടൻ ട്രെയിൻ തട്ടി മരിച്ചപ്പോൾ അത് ആത്മഹത്യയായി ചിത്രീകരിക്കപ്പെടുകയുണ്ടായി. ആത്മഹത്യ പ്രവണതയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അത് കഴിയുമായിരുന്നില്ല. രോഗത്തിനെതിരെ അദ്ദേഹത്തിന് പൊരുതേണ്ടി വന്നു. ഇതെല്ലാം തന്നെ 41 വയസ്സിനുള്ളിലാണ് നടന്നിട്ടുള്ളത്. വിഷാദരോഗത്തിൻ്റെ മൂർദ്ധന്യതയിൽ അദ്ദേഹം കുറിപ്പുകൾ എഴുതാറുണ്ടായിരുന്നു. പലയിടത്തും ആത്മഹത്യചെയ്തതായി എഴുതി കണ്ടു. ഒരു ഫുട്ബോളറിന് നേടാവുന്നതിലധികം അദ്ദേഹം ഈ ചെറിയ വയസ്സിൽ ആർജിച്ചിട്ടുണ്ട്. വളർന്ന് വരുന്ന ഫുട്ബോൾ കളിക്കാർക്ക് ഈ ആത്മഹത്യാ വാർത്ത തെറ്റായ സന്ദേശമാണ് നൽകുന്നത്. വിഷാദരോഗത്തിനെതിരെ ചികിത്സയും നടത്തിയിട്ടുണ്ട്. തൈറോയിഡ് ഗ്രന്ഥികളുടെ പ്രവർത്തനം ശരിയായിരുന്നില്ല. അദ്ദേഹത്തിൻ്റെ മരണം ആത്മഹത്യയല്ലെന്നുള്ളത് അടിവരയിട്ട് പറയുന്നു. ഒരു മനുഷ്യൻ്റെ ജീവിതത്തിലുണ്ടായേക്കാവുന്ന നേട്ടങ്ങളും കോട്ടങ്ങളും അദ്ദേഹത്തിനും സംഭവിച്ചിട്ടുണ്ട്.

ANITHA SATHYAN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക