
മഹാമാരികൾ ആഗോളതലത്തിൽ പടർന്നുപിടിക്കുകയും അപൂർവ്വരോഗങ്ങൾ അപ്രതീക്ഷിത ആഘാതമായി വന്നുചേരുകയും എന്നന്നേക്കുമായി നിർമാർജനം ചെയ്യപ്പെട്ടവയെന്നുകരുതിയിരുന്ന സാംക്രമിക രോഗങ്ങൾ തിരിച്ചുവരുകയും ചെയ്യുമ്പോൾ രോഗത്തിന്റെ നിയന്ത്രണവും ചികിത്സയും പോലെത്തന്നെ പ്രധാനമാണ് ബോധവൽക്കരണവും. ഇവിടെയാണ് ഹെൽത്ത് ജേണലിസത്തിന്റെ പുതിയ പ്രസക്തി
ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ എയ്ഡ്‌സ്- എച്ച്ഐവി ലോകമെങ്ങും വ്യാപിച്ചത് വലിയ അമ്പരപ്പോടെയാണ് നാം വീക്ഷിച്ചത്. ഫലപ്രദമായ ചികിത്സയില്ലാത്ത ആ രോഗത്തിന്റെ വ്യാപനം തടയാൻ ഏറ്റവും ആവശ്യം ജനങ്ങളെ ബോധവൽക്കരിക്കലായിരുന്നു.മറ്റൊരു രോഗത്തെക്കുറിച്ചും മാധ്യമങ്ങൾക്ക് അതുവരെ അത്രവലിയ കവറേജ് നല്കേണ്ടിവന്നിട്ടുണ്ടാകില്ല. ഏതാണ്ട് ഒരു യുദ്ധ റിപ്പോർട്ടിംഗ് പോലെയായിരുന്നു ആ രോഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ദൈനംദിന റിപ്പോർട്ടിംഗുകൾ. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് കോവിഡ്-19 ആഞ്ഞടിച്ചപ്പോൾ ലോകം ശരിക്കും സ്തംഭിച്ചുപോകുകയായിരുന്നു. ആ രോഗത്തെക്കുറിച്ച് ഒന്നുമറിയാതെ സാമാന്യജനം പകച്ചുനിന്നു. കിംവദന്തികളും വ്യാജ റിപ്പോർട്ടുകളും അവരെ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. സാമൂഹ്യ ജീവിതത്തിലെ പെരുമാറ്റരീതികളിൽ പൊടുന്നനവെ മാറ്റം വരുത്താൻ നാം നിര്ബന്ധിതരായി.രോഗത്തെക്കുറിച്ചുള്ള അറിവിനും പ്രതിരോധമാര്ഗങ്ങളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾക്കും വേണ്ടി ജനം പ്രധാനമായി ആശ്രയിച്ചത് മാധ്യമങ്ങളെയാണ്. അതോടെ ഹെൽത്ത് ജേണലിസം മാധ്യമപ്രവർത്തനത്തിന്റെ മുഖ്യദൗത്യങ്ങളിൽ ഒന്നായി.

പൊതുജനാരോഗ്യ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആശയവിനിമയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആവശ്യകത , വ്യക്തിഗത ശുചിത്വത്തിൻ്റെ പ്രാധാന്യം, അല്ലെങ്കിൽ സാംക്രമികരോഗങ്ങൾ തടയുന്നതിന് വ്യക്തിപരമായ നടപടികൾ കൈക്കൊള്ളൽ എന്നിവയൊക്കെ എല്ലായ്‌പ്പോഴും നിർണായകമാണ്. കോവിഡ് -19 മഹാമാരി പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയത്തിന് ഇതിലും വലിയ പ്രാധാന്യമുണ്ട്. ആരോഗ്യ ആശയവിനിമയത്തിനുള്ള ഒരു പ്രാഥമിക ഉപാധി ടെലിവിഷൻ, റേഡിയോ, പത്രമാസികകൾ എന്നിവപോലുള്ള മാധ്യമങ്ങളാണ്. അതിനുപുറമെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണവും പ്രാമുഖ്യമര്ഹിക്കുന്നു.

COVID-19, പത്രപ്രവർത്തനരീതിയെയും ആ ബിസിനസിനെയും മാറ്റിമറിക്കുന്നതായിരുന്നു. ഒരു വശത്ത്, പകർച്ചവ്യാധിയും തുടർന്നുള്ള ക്വാറൻ്റൈൻ നിയന്ത്രണങ്ങളും വാർത്താ ശേഖരണവും അവതരണവും തുടരുന്നതിന് ഡിജിറ്റൽ മീഡിയയെ പ്രയോജനപ്പെടുത്താൻ വാർത്താ സ്ഥാപനങ്ങളെയും പത്രപ്രവർത്തകരെയും പ്രേരിപ്പിച്ചു. മറുവശത്ത്, ആ മഹാമാരി മാധ്യമപ്രവർത്തകരെയും പൊതുജനത്തെയും തെറ്റായവിവരങ്ങളെയും വ്യാജവാർത്തകളെയും കരുതിയിരിക്കാൻ ജാഗ്രതപ്പെടുത്തുകയും ചെയ്തു. പൊതുജനാരോഗ്യം സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കുമ്പോൾ ഹെൽത്ത് ജേണലിസ്റുകൾ നയവിധാതാക്കളും ഹെൽത്ത്കെയർ പ്രൊഫഷനലുകളുമായി ഏകോപിച്ച് പ്രവർത്തിക്കേണ്ടതും ഒരനിവാര്യതയായി മാറി. അതായത് ജേണലിസം കൂടുതൽ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്തവും പാലിക്കേണ്ട ഒരു ദൗത്യമായി മാറി എന്നർത്ഥം. കോവിഡ്-19 മാത്രമല്ല, എച്ച് 1 എൻ 1, നിപ, മസ്തിഷ്ക ജ്വരം, പന്നിപ്പനി തുടങ്ങിയവയും കേരളത്തിന്റെ പൊതുജനാരോഗ്യരംഗത്തെ മാറ്റിമറിച്ചത് സമീപകാലത്ത് നാം കണ്ടതാണല്ലോ. പല രോഗങ്ങളുടെയും ഉറവിടം, വ്യാപനം,പ്രതിരോധം എന്നിവയെക്കുറിച്ച് ജനത്തിന് അറിവില്ലാത്ത അവസ്ഥയാണ്. പ്രസ്തുതരോഗങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും പുതിയ അറിവുകൾ കൊണ്ടുവരുമ്പോൾ അവയെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകരോടൊപ്പം മാധ്യമപ്രവർത്തകരും ഇതിൽ പങ്കാളികളാകേണ്ടതുമുണ്ട്.

ആരാണ് ഒരു ഹെൽത്ത് ജേണലിസ്റ്റ്? എന്താണ് അയാളുടെ ദൗത്യം? ആരോഗ്യ-ചികിത്സ വിവരങ്ങൾ സംബന്ധിച്ച പൊതുസമൂഹത്തിൻ്റെ പ്രധാന ഉറവിടമാണ് വാർത്താ മാധ്യമങ്ങൾ. ആരോഗ്യ വിഷയങ്ങൾ കവർ ചെയ്യുന്ന മാധ്യമപ്രവർത്തകർ അവരുടെ വായനക്കാർക്ക്/പ്രേക്ഷകർക്ക് വേണ്ടി വൈദ്യശാസ്ത്രത്തിൻ്റെ സങ്കീർണ്ണതകൾ "വിവർത്തനം ചെയ്യുക" മാത്രമല്ല, ജനങ്ങളുടെ ആരോഗ്യ സാക്ഷരതാ നിലവാരം ഉയർത്തുകയും വ്യക്തിഗത ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പൗരന്മാർക്ക് നൽകുകയും കൂടി ചെയ്യുന്നു. ഹെൽത്ത് ജേണലിസ്റ്റുകൾ പത്രപ്രവർത്തന തൊഴിലിൽ അന്തർലീനമായ നിരവധി പൊതു മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും പങ്കിടുന്നു. സത്യം, കൃത്യത, ന്യായം, സന്തുലിതാവസ്ഥ, സ്വാതന്ത്ര്യം എന്നിവയോടുള്ള പ്രതിബദ്ധത, എന്നിവയൊക്കെ അതിൽ പെടുന്നു. കൂടാതെ, ഭരണകൂടത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടുകയും അതിനെതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ജേണലിസ്റ്റുകളുടെ പൊതു ദൗത്യമാണ്. എന്നാൽ ഇന്ന് ന്യൂസ് റൂമുകളിൽ സ്പെഷ്യലൈസ്ഡ് ഹെൽത്ത് ജേണലിസ്റ്റുകൾ വളരെ കുറവാണ്. ഒരു ഹെൽത്ത് ജേണലിസ്റ്റിന് ആവശ്യമായ സമയവും വിഭവങ്ങളും അവിടെ പരിമിതമാണ്.പിന്നെ ഓൺലൈൻ മാധ്യമങ്ങളുടെ സാന്നിധ്യം. ഇന്ന് സമൂഹമാധ്യമങ്ങളും ബ്ലോഗർമാരും ആരോഗ്യ വിവരങ്ങൾക്കുള്ള ജനപ്രിയ ഉറവിടങ്ങളായി മാറിയിരിക്കുന്നു. എന്നാൽ മിക്കപ്പോഴും അവിടെനിന്നും ലഭിക്കുക അപൂര്ണമോ തെറ്റായതോ ആയ വിവരങ്ങളാണ്. അതുകൊണ്ട് വിവരങ്ങളുടെ യാഥാർത്ഥവും വിശ്വസനീയവുമായ ഉറവിടങ്ങളെയാണ് ഒരു ഹെൽത്ത് ജേണലിസ്റ്റ് ആശ്രയിക്കേണ്ടത്.

മാധ്യമങ്ങളിൽ ആരോഗ്യത്തെക്കുറിച്ചുള്ള കവറേജും അതിൻ്റെ ഗുണനിലവാരവും വളരെ നിർണായകമാണ്. പൊതുജനങ്ങൾക്ക് ആരോഗ്യ സംബന്ധിയായ വിവരങ്ങളുടെ പ്രധാന ഉറവിടമാണ് മാധ്യമങ്ങൾ. പല സർവേകളും സൂചിപ്പിക്കുന്നത് ആരോഗ്യപരിപാലനം സംബന്ധിച്ചുള്ള വാർത്തകളും വിവരങ്ങളും അറിയുന്നതിൽ സാധാരണജനങ്ങൾ ഇന്ന് വളരെയേറെ താല്പര്യം പ്രകടിപ്പിക്കുന്നു എന്നാണ്. വായനക്കാരായാലും പ്രേക്ഷകരായാലും ആരോഗ്യപരിരക്ഷ സംബന്ധിച്ച പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് മാധ്യമങ്ങൾ പകർന്നുനൽകുന്ന വാർത്തകളും വിവരങ്ങളും അനുസരിച്ചാണെന്നത് ഓർക്കേണ്ടതുണ്ട്.എന്നാൽ, ഇന്ത്യപോലെ വിവിധ ഭാഷകൾ സംസാരിക്കുന്ന ഒരു രാജ്യത്ത് ഈ ദൗത്യനിർവ്വഹണം വളരെ വിഷമകരവുമാണ്. ഹെൽത്ത് ജേണലിസത്തെ സംബന്ധിച്ചിടത്തോളം വിവര ശേഖരണം, വാർത്താവതരണം എന്നിവ വലിയ കടമ്പകൾ തന്നെയാണ്. മെഡിക്കൽ വിവങ്ങൾ ശേഖരിക്കുമ്പോൾ ശാസ്ത്രകാരന്മാർ, ഗവേഷകർ, മരുന്ന് നിര്മാണക്കമ്പനികൾ, ഡോക്ടർമാർ എന്നിവരില്നിന്നെല്ലാം ലഭിക്കുന്ന വിവരങ്ങളും നിർദ്ദേശങ്ങളും സമാഹരിക്കേണ്ടതുണ്ട്. വിവരങ്ങളുടെ അമിതഭാരം വിവരയുഗത്തിൻ്റെ ഒരു പ്രധാന സവിശേഷതയാണെങ്കിലും, കോവിഡ്ട്-19 മഹാമാരി "ഇൻഫോഡെമിക്" എന്ന ഒരു പുതിയ പ്രതിഭാസത്തിന് കാരണമായി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മഹാമാരിക്കൊപ്പം വരുന്ന "രണ്ടാമത്തെ രോഗം" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഡബ്ല്യുഎച്ച്ഒ 'ഇൻഫോഡെമിക്' നിർവചിച്ചിരിക്കുന്നത് 'വിവരങ്ങളുടെ അമിതമായ സമൃദ്ധി - ഇതിൽ ചിലത് കൃത്യവും ചിലത് തെറ്റായതുമാണ് - ആളുകളിൽ തീർച്ചയായും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഹെൽത്ത് ജേണലിസ്റ്റ് സാദാ ജാഗ്രതപുലർത്തേണ്ട കാര്യമാണിത്. ടെലിവിഷനിലും മറ്റുമാണെങ്കിൽ വിഷ്വൽ കണ്ടന്റുകളുടെ കൃത്യതയും വ്യക്തതയും പ്രധാനമാണ്. അച്ചടിമാധ്യമങ്ങളിലാണെങ്കിൽ സാങ്കേതികജടിലമാകാത്ത, സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽവേണം ലേഖലങ്ങൾ/വാർത്തകൾ തയാറാക്കാൻ.
ആരോഗ്യസംബന്ധമായ വാർത്തകളുടെ കൃത്യത ഇല്ലായ്മയും അതിശയീകരണവും അത്യന്തം ആപൽക്കരമാണ്. വൻകിട മാധ്യമങ്ങൾ പോലും ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നു എന്നതാണ് അനുഭവം. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രിഷൻ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആറ് പ്രമുഖ പത്രങ്ങളിൽ വന്ന വാർത്തകർ പഠനവിധേയമാക്കിയപ്പോൾ ഇതുസംബന്ധിച്ച മിക്ക കവറേജുകളും സെൻസേഷണൽ ആയിരുന്നു എന്ന കണ്ടെത്തുകയുണ്ടായി. ചിലലേഖനങ്ങളിൽ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. പലതിലും ലഭിച്ച വിവരങ്ങളുടെ ഉറവിടം വ്യക്തമാക്കപ്പെട്ടിട്ടില്ല. ഒരു പത്രം എച്ച് 1 എൻ 1 ഒരു മാരക രോഗമായും അതിൻ്റെ മരണനിരക്കിനെ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന തരത്തിലും അവതരിപ്പിച്ചതായി കണ്ടെത്തി. കോവിഡ്-19 കാലത്ത് സമൂഹമാധ്യമങ്ങളിൽ വാസ്തവവിരുദ്ധവും ഭയജനകവുമായ പല വാർത്തകളും പ്രത്യക്ഷപ്പെട്ടത് ഓർക്കുന്നുണ്ടാകുമല്ലോ. അതിനാൽ നിറം പിടിപ്പിക്കാത്തതും പെരുപ്പിച്ച് കാണിക്കാത്തതും ആയ വാർത്തയാണ് ഹെൽത്ത് ജേണലിസ്റ്റുകൾ ജനങ്ങൾക്ക് നൽകേണ്ടത്. അതിനായി അവർക്ക് പ്രത്യേക പരിശീലനം നൽകേണ്ടതും അവർ അത് സ്വയം ലഭ്യമാക്കേണ്ടതുമാണ്. മാത്രമല്ല, തങ്ങളുടെ ആരോഗ്യപരിരക്ഷ സംബന്ധമായ അറിവുകൾ നിരന്തരം നവീകരികരിച്ചുകൊണ്ടിരിക്കുകയും വേണം.
കുറിപ്പ്: കൺസ്യൂമർ ഹെൽത് ഇൻഫോമാറ്റിക്സിൽ പഠന ഗവേഷണങ്ങൾ നടത്തിയിട്ടുള്ള പ്രമുഖ ജർമൻ-കനേഡിയൻ വംശജ ഗവേഷകനായ ഗുന്തർ എസൻബാക്ക് ഇൻഫർമേഷൻ എപ്പിഡെമിയോളജി എന്നാണ് ഇന്ഫോഡെമിയോളജിയെ (Infodemiology)വിശദീകരിച്ചിട്ടുള്ളത്. ആരോഗ്യ സംബന്ധിയായ ഉള്ളടക്കങ്ങൾക്കായി ഇൻറർനെറ്റ് സ്കാൻ ചെയ്യുകയും പൊതുജനാരോഗ്യ നയവും പ്രയോഗവും അറിയിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ഇൻഫോഡെമിയോളജി. പൊതുജനാരോഗ്യം നിരീക്ഷിക്കാനും ലഘൂകരിക്കാനും ഇത് സഹായിക്കും.