Image

ഒരു 'വിപ്ലവകാരി' ജനിക്കുന്നു! (ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല (ഭാഗം-5)

Published on 18 July, 2026
ഒരു 'വിപ്ലവകാരി' ജനിക്കുന്നു! (ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല (ഭാഗം-5)

''ധര്‍മം മാന്യതയുണ്ടാക്കും കൂടെ  സമ്പത്തുമേകീടും

ഇത്രമേല്‍ നന്മ ചെയ്യുന്ന ധര്‍മമെത്ര സഹായകം!''

(തിരുവള്ളൂവര്‍ -തിരുക്കുറള്‍)


പടത്തലവന്മാരുടെ നാടായ കടപ്ലാമറ്റം. പ്രതാപികളായിരുന്ന പൂഞ്ഞാര്‍ രാജാക്കന്മാരുടെ സൈന്യത്തെ നയിച്ചിരുന്നത് ഒരുകാലത്ത് ഈ ഗ്രാമത്തില്‍നിന്നുള്ള അഭ്യാസികളായിരുന്നത്രേ. കേരളത്തെ പൂര്‍ണമായി കീഴടക്കാൻ  ലക്ഷ്യമിട്ട് വമ്പന്‍ പട നയിച്ച ടിപ്പു സുല്‍ത്താനെ ആലുവാപ്പുഴയ്ക്കക്കരെ തളച്ചിട്ട ഗറില്ലായുദ്ധത്തിന്റെ സൂത്രധാരന്മാര്‍!

കമ്പം - കുമളി പാതവഴി കോട്ടയത്തേക്കും വയനാടന്‍ ചുരംവഴി കോഴിക്കോട്ടേക്കും പാലക്കാടന്‍ ചുരംവഴി കൊച്ചി രാജ്യത്തേക്കും ആക്രമിച്ചു കയറി കേരളത്തെ ആകമാനം കീഴടക്കാനായിരുന്നു ടിപ്പുവിന്റെ ശ്രമം. ഇതിനും മൂന്നു നൂറ്റാണ്ടുമുന്‍പ്, വടക്ക് ആലുവ- കോതമംഗലം മേഖലവരെ വിസ്തൃതിയുള്ളതായിരുന്നു പൂഞ്ഞാര്‍ രാജ്യം എന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. കിഴക്കേ അതിര് തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍വരെ എത്തി. പടിഞ്ഞാറ് കടല്‍വരെയുണ്ടായിരുന്നു രാജ്യവിസ്തൃതി.

മലകളില്‍ മലയരയന്മാരെയും വെള്ളത്തില്‍ മുക്കുവ സൈന്യത്തെയും അടക്കം അണിനിരത്തിയാണ് കടപ്ലാമറ്റത്തെ പടത്തലവന്മാര്‍ രാജ്യം കാത്തിരുന്നത്. കൊച്ചിയില്‍ എന്നതുപോലെ പൂഞ്ഞാറിലും സൈനിക സേവനത്തില്‍ മുന്‍പന്തിയിലായിരുന്നു ക്രിസ്ത്യാനികള്‍. കൊച്ചിയുടെ കിഴക്കന്‍മേഖലകളിലും കോട്ടയം മേഖലകളിലും പ്രബലരായ സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ക്രിസ്തുശിഷ്യനായ തോമാ ശ്ലീഹായില്‍നിന്നു വിശ്വാസം സ്വീകരിച്ച മലയാളബ്രാഹ്മണരായ നമ്പൂതിരിമാരുടെ പിന്‍മുറക്കാരാണ് അവര്‍ എന്ന് പൊതുവെ പ്രചാരത്തിലുള്ള ചരിത്രം പറയുന്നു. കത്തോലിക്കരും അല്ലാത്തവരുമായ എല്ലാ സുറിയാനിപാരമ്പര്യക്കാരും - ക്‌നാനായക്കാര്‍ ഒഴികെ- ഇക്കൂട്ടത്തില്‍പ്പെടും. ഇപ്രകാരം തന്റെ പൂര്‍വികരായ കൂവള്ളൂര്‍ കുടുംബക്കാരും നമ്പൂതിരിമാര്‍ ആയിരുന്നുവെന്ന് തോമസ് കൂവള്ളൂര്‍ ചൂണ്ടിക്കാട്ടി. ഇതിന് ഉപോല്‍ബലകമായ പല സൂചനകളും കടപ്ലാമറ്റം മുതല്‍ വടക്ക് കോതമംഗലംവരെയുള്ള പ്രദേശങ്ങളില്‍ കണ്ടെത്താനാകും.

എന്നാല്‍ ചരിത്രത്തിന്റെ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, കേരളത്തിലെ സുറിയാനിക്കാരുടെ പൂര്‍വികര്‍ യഹൂദരാണ് എന്ന് ഏബ്രഹാം ബെന്‍ഹറെപ്പോലുള്ള ഗവേഷകര്‍ പറയുന്നു. ക്രിസ്തുവിനു മുന്‍പ് 597-ാം ആണ്ടില്‍ ബാബിലോണ്‍ രാജാവ് ഇസ്രായേല്‍ കീഴടക്കിയപ്പോള്‍ ലോകമെമ്പാടും ചിതറിപ്പോയി പ്രവാസികളായ യഹൂദരുടെ ഒരു ധാര കേരളത്തിലുമെത്തിയിരുന്നു.

യൂറോപ്പില്‍നിന്ന് അഫ്ഘാനിസ്ഥാന്‍വഴി ഹിമാലയം കടന്ന് ഇന്ത്യയില്‍ പ്രവേശിച്ച യഹൂദര്‍ വടക്കു- കിഴക്കന്‍ മേഖലകളില്‍ താമസമുറപ്പിക്കുകയുണ്ടായി. അവരുടെ ഒരു ശാഖ പുതിയ കച്ചവട മേഖലകള്‍ തേടി തെക്കോട്ടു സഞ്ചരിച്ചു. രണ്ടു വഴികളിലൂടെ അവര്‍ കേരളത്തില്‍ പ്രവേശിച്ചതായി യഹൂദചരിത്രഗവേഷകര്‍ പറയുന്നു. ഒന്ന്, മംഗലാപുരം വഴിയും മറ്റൊന്ന് പാലക്കാട് ചുരം വഴിയും. പ്രധാനമായും സഹ്യപര്‍വതമലനിരകളിലൂടെ തെക്കോട്ട് സഞ്ചരിച്ച് അവര്‍ ഇന്നത്തെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ എത്തി. പാലക്കാടുനിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച സംഘം ഗുരുവായൂരിലെ പാലയൂര്‍, പൊന്നാനിക്കടുത്ത കുമരനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും എത്തിയതായി യഹൂദ ശവക്കല്ലറകളുടെ ശേഷിപ്പുകള്‍ പരിശോധിച്ച് ഏബ്രഹാം ബെന്‍ഹറും മറ്റും കണ്ടെത്തിയിട്ടുണ്ട്.

ഭാരതത്തില്‍ ഇപ്രകാരം പ്രവാസത്തിലായ യഹൂദരെ തേടിയാണ് ക്രിസ്തുശിഷ്യനായ തോമസ് വന്നത് എന്ന് ഗവേഷകര്‍ പറയുന്നു. പാലയൂര്‍, മലയാറ്റൂര്‍ തുടങ്ങിയ പുരാതന യഹൂദ സെറ്റില്‍മെന്റുകളില്‍ ശ്ലീഹാ എത്തിച്ചേര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതാണത്രെ. ഇവരെയാണത്രേ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കിയത്!

''തോമാശ്ലീഹാ കടപ്ലാമറ്റത്തിന്റെ തൊട്ടടുത്ത പ്രദേശമായ ചേര്‍പ്പുങ്കല്‍ വന്നതിന്റെ തെളിവുകളുണ്ട്. തോമാശ്ലീഹാ ചെരിപ്പ് ഊരിവച്ചസ്ഥലമാണത്രെ  പിന്നീട് ചേര്‍പ്പുങ്കല്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.'' കൂവള്ളൂര്‍ പറഞ്ഞു.

''വ്യക്തമായ രേഖകള്‍ ഇല്ലെങ്കില്‍, രണ്ട് തലമുറയ്ക്ക് മുന്‍പുള്ള ചരിത്രം എന്നത് പകുതി ഭാവനയാകാം. തോമാശ്ലീഹാ ജ്ഞാനസ്‌നാനം കൊടുത്തോ, കൊടുത്തെങ്കില്‍ അത് നമ്പൂതിരിമാര്‍ക്കാണോ യഹൂദകുടിയേറ്റക്കാര്‍ക്കാണോ എന്നൊക്കെ പറയണമെങ്കില്‍ ശാസ്ത്രീയമായ ജനിതകപഠനങ്ങള്‍ വേണ്ടിവരും,'' ഈ നാടിന്റെ ചരിത്രകാരനും കടപ്ലാമറ്റം സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ഔസേപ്പുസാര്‍ പറയുന്നു.

~പാരമ്പര്യം ഏതായാലും, ഒരിക്കലും ഒടുങ്ങാത്ത പോരാട്ടവീര്യത്തിന്റെ ആള്‍രൂപങ്ങളായ മധ്യതിരുവിതാംകൂര്‍ സുറിയാനി ക്രിസ്ത്യാനികള്‍ നാട്ടുരാജാക്കന്മാരുടെ സൈന്യാധി പന്മാരായതില്‍ ഒട്ടും അത്ഭുതമില്ല. (തോമസ് ജെ. കൂവള്ളൂരിന്റെ ധീരമായ പോരാട്ടചരിത്രം വഴിയേ വ്യക്തമാകുമ്പോള്‍ ഈ വസ്തുത ഒന്നുകൂടി ബോധ്യപ്പെടും!)

ഹൈദരലിയും ടിപ്പുവും

മൈസൂരിലെ ഹിന്ദു രാജാവിന്റെ പടത്തലവനും ഡിണ്ടിഗല്‍ ഗവര്‍ണറുമായിരുന്ന ഹൈദരലി 1750 കളിലാണ് പൂഞ്ഞാറിനെതിരെ ആക്രമണം ആരംഭിച്ചത്. അയാള്‍ 1758 ല്‍ കമ്പവും തേനിയും പിടിച്ചെടുത്തു. തിരുവിതാംകൂറിന്റെ സഹായത്തോടെ പൂഞ്ഞാര്‍ സൈന്യം ഈ സ്ഥലങ്ങള്‍ തിരിച്ചു പിടിച്ചെങ്കിലും 1771 ല്‍ ഹൈദരലി വീണ്ടും ഇവ കീഴടക്കി. മാത്രമല്ല, സഹ്യപര്‍വതം കടന്ന് കുമളിയിലെത്തുകയും മംഗളാദേവി ക്ഷേത്രം തകര്‍ക്കുകയും ചെയ്തു. പൂഞ്ഞാര്‍ രാജവംശത്തിലെ മംഗളകര്‍മങ്ങളെല്ലാം നടന്നിരുന്നത് ഈ ക്ഷേത്രത്തിലാണ്.

ഹൈദരലി 1782 ല്‍ മരിക്കുകയും മകന്‍ ടിപ്പു മൈസൂര്‍ സുല്‍ത്താനാകുകയും ചെയ്തതോടെ പൈശാചികമായ ആക്രമണ ങ്ങളുടെ പുതിയൊരു പരമ്പര തുടങ്ങി. മൂന്നു വഴികളിലൂടെ കേരളത്തിലെത്തി സകലരാജാക്കന്മാരെയും തോല്‍പ്പിച്ച് ഈ നാട് പിടിച്ചെടുക്കാനാണ് ക്രൂരനായ ടിപ്പു പദ്ധതിയിട്ടത്. വയനാടന്‍ ചുരമിറങ്ങി കോഴിക്കോട്ട് കാലുകുത്തിയ അയാള്‍ക്കു മുന്നില്‍ സാമൂതിരി ആയുധംവെച്ച് കീഴടങ്ങി. വാളയാര്‍ ചുരംവഴി പാലക്കാട് എത്തിയ മൈസൂര്‍ സൈന്യം പടിഞ്ഞാറ് കടല്‍ത്തീരത്ത് പൊന്നാനി വരെയെത്തി. കൊച്ചി രാജാവിനും ടിപ്പുവിനോട് സന്ധി ചെയ്യേണ്ടിവന്നു. കുന്നംകുളത്തെ അര്‍ത്താറ്റ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി 1789ല്‍ തകര്‍ത്ത അയാളുടെ സൈന്യം ഗുരൂവായൂര്‍, തൃശൂര്‍ ക്ഷേത്രങ്ങള്‍ക്കു നേരെയും ഭീഷണി ഉയര്‍ത്തി.

''വിഗ്രഹഭഞ്ജനവും ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവ തകര്‍ക്കലുമായിരുന്നു ടിപ്പുവിന്റെ മലബാര്‍ പടയോട്ടത്തിന്റെ അവിഭാജ്യഘടകങ്ങള്‍,'' 'ദ് സാഗ ഓഫ് ടിപ്പു സുല്‍ത്താന്‍' എന്ന ലോകപ്രസിദ്ധമായ ഗ്രന്ഥത്തില്‍ ഗവേഷകനായ വിക്രം സമ്പത്ത് ചൂണ്ടിക്കാട്ടുന്നു. തന്റെ കുടുംബക്ഷേത്രത്തെ വെറുതെ വിടാന്‍ നാലു ലക്ഷം രൂപയും ക്ഷേത്രത്തില്‍ പതിച്ചിരുന്ന സ്വര്‍ണത്തകിടുകളും തരാം എന്ന് പറഞ്ഞ ചിറയ്ക്കല്‍ രാജാവിന് ടിപ്പു കൊടുത്ത മറുപടി ഇതായിരുന്നുവത്രേ: ''ഭൂമിയിലും സമുദ്രങ്ങളിലുമുള്ള സകലസമ്പത്തും തന്നാലും ക്ഷേത്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയില്ല.''

തെക്കോട്ട് നീങ്ങിയ സൈന്യം പെരിയാറിന്റെ വടക്കേക്കര വരെ എത്തി. അതോടെ പൂഞ്ഞാറിലെ രാമവര്‍മ രാജാവും തിരുവിതാംകൂറിലെ ധര്‍മരാജായും  സംയുക്തമായി പ്രതിരോധം തീര്‍ക്കാന്‍ ശ്രമമാരംഭിച്ചു. പെരിയാറിനു വടക്ക് കെട്ടിയ നെടുങ്കോട്ടയായിരുന്നു അവയിലൊന്ന്. അതേസമയം, സഹ്യ പര്‍വതമേഖലയില്‍ പൂഞ്ഞാറിന്റെ മലയരയ സൈന്യവും കടല്‍, കായല്‍ മേഖലകളില്‍ മുക്കുവപ്പടയും റോന്തുചുറ്റി. പ്രധാനമായും കടപ്ലാമറ്റത്തെ കേള്‍വികേട്ട അഭ്യാസികളായ പടത്തലവന്മാരായിരുന്നു ഇവരെ നയിച്ചിരുന്നത്.

പക്ഷേ, തങ്ങളുടെ ഇത്തരം സന്നാഹങ്ങള്‍കൊണ്ടൊന്നും വലിയ കാര്യമില്ലെന്ന് വൈകാതെ പൂഞ്ഞാര്‍ രാജാവ് മനസ്സിലാക്കി. ഓരോയുദ്ധമുഖത്തെയും പോരാട്ടം ടിപ്പു എന്ന നായകന്റെ ക്രൗര്യവും വീര്യവും ഒരേപോലെ വെളിപ്പെടുത്തുന്നവയായിരുന്നു. അതോടെ ഒളിയുദ്ധത്തെക്കുറിച്ചായി ചിന്ത. തിരുവിതാംകൂറിലെ പടത്തലവന്മാരുമായി കൂടിയാലോചിച്ച് കടപ്ലാമറ്റം പോരാളികള്‍ പലതന്ത്രങ്ങളും മെനഞ്ഞെടുത്തു. അവയിലൊന്നാണ്, പില്‍ക്കാ ലത്ത് ഭൂതഗണങ്ങള്‍ കെട്ടിയുണ്ടാക്കി എന്ന് ഐതിഹ്യം പ്രചരിച്ച പെരിയാറിലെ ''ഭൂതത്താന്‍കെട്ട്.'' ഇന്നത്തെ കോതമംഗലത്തിന് കുറെ വടക്കുഭാഗത്തായി പെരിയാറില്‍ വെള്ളം കുറഞ്ഞ സമയത്ത് പൂഞ്ഞാര്‍ സൈന്യം പൂയംകുട്ടി വനങ്ങളിലെ ആദിവാസികളുമായി ചേര്‍ന്ന് നിര്‍മിച്ച അണയാണ് അത്. പടുകൂറ്റന്‍ പാറക്കല്ലുകളും ചെറുപാറകളും ചെളിയും മരത്തടികളും മണലും ഒക്കെ ചേര്‍ത്തായിരുന്നു നിര്‍മാണം.

അതേസമയം ആലുവ ഭാഗത്ത് പെരിയാറിന്റെ വടക്കേക്കരയില്‍, വെള്ളം കുറച്ചുകൂടി താഴ്ന്നിട്ട് തെക്കോട്ട് കടക്കാന്‍ തക്കംപാര്‍ത്ത് തമ്പടിച്ചിരിക്കുകയായിരുന്നു ടിപ്പുവും വന്‍സൈന്യവ്യൂഹവും. ഇന്ന് പെരിയാറില്‍ കാണുന്ന അണകളൊന്നും ഇല്ലാതിരുന്ന കാലം. ഭൂതത്താന്‍കെട്ടില്‍ അതിവേഗം വമ്പിച്ച അളവില്‍ വെള്ളം നിറഞ്ഞു. അതേസമയം, ആലുവയില്‍ നീരൊഴുക്കില്ലാതെ പുഴ വറ്റി. തക്കംപാര്‍ത്തിരുന്ന ടിപ്പുവിന്റെ ആനപ്പടയും കുതിരപ്പടയും കാലാള്‍ സൈന്യവും തെക്കോട്ട് കടക്കാന്‍ ആരംഭിച്ചു. ഈ നീക്കം നിരീക്ഷിച്ചു കൊണ്ടിരുന്ന ആദിവാസി ചാരന്മാര്‍ കോഡുഭാഷയായ സവിശേഷതരം കൂവലുകള്‍വഴി അതിവേഗം ഭൂതത്താന്‍കെട്ടിലെ സൈനികരെ അറിയിച്ചു. അവര്‍ അണ പൊളിച്ചു!

'കൊച്ചിയിലും തിരുവിതാംകൂറിലും ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ഉന്‍മാദത്തോടെ കുതിച്ചുനീങ്ങിയ മൈസൂര്‍ സൈന്യം പൊടുന്നനെ പ്രത്യക്ഷപ്പെട്ട പടുകൂറ്റന്‍ ജലഭിത്തി കണ്ട് ഞെട്ടി. എല്ലാവര്‍ക്കും ഓടിമാറാന്‍ സമയം കിട്ടിയില്ല. കല്ലും മണ്ണും ചെളിയും മരത്തടികളും സഹിതം വമ്പിച്ച മലവെള്ളപ്പാച്ചില്‍ സൈന്യത്തിന്റെ ഭൂരിഭാഗത്തെയും വിഴുങ്ങി.   ജീവരക്ഷയ്ക്കായുള്ള ആര്‍ത്തനാദങ്ങള്‍ മാത്രം. ആയിരക്കണക്കിന് സൈനികരുടെ ശവശരീരങ്ങളും വഹിച്ചുകൊണ്ട് ആലുവാപ്പുഴ അറബിക്കടലിലേക്ക് പിന്നെയുമൊഴുകി!

തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട ടിപ്പു എന്ന ക്രൂരനായ രാജാവ് വിഷണ്ണനായി മൈസൂര്‍ക്ക് മടങ്ങി. ഈ സംഭവം നടന്നില്ലായിരുന്നെങ്കില്‍ മലബാറിന്റെ അതേസ്ഥിതി ആയിരുന്നേനേ ഇന്ന് കൊച്ചിയിലും തിരുവിതാംകൂറിലും. ചരിത്രപ്രധാനമായ ഈ സംഭവത്തിന് ചരടുവലിച്ച കടപ്ലാമറ്റം പടത്തലവന്മാരുടെ പോരാട്ടവീര്യം നിറഞ്ഞ ചോരയോടുന്ന ധീരയോദ്ധാവാണ് ഇന്ന്, അമേരിക്കപോലുള്ള ഒരു വന്‍ശക്തി രാജ്യത്ത് അവിടത്തെ, തദേശീയരായ പൗരന്മാര്‍ക്ക് സാധിക്കാത്തവിധം നിയമത്തിനും നീതിക്കുമായി പോരാട്ടം നടത്തി വിജയം കൊയ്ത തോമസ് കൂവള്ളൂര്‍!

അതെ, കടപ്ലാമറ്റം വീരയോദ്ധാക്കളുടെ കെടാത്ത ചൈതന്യം ഗുരു കൂവള്ളൂരിലൂടെ ഇന്ന് ന്യൂ യോര്‍ക്ക് നഗരത്തില്‍ പ്രശോഭിക്കുന്നു; അത്, നീതിക്കുവേണ്ടി പോരാടുന്ന എല്ലാവര്‍ക്കും പ്രകാശമായി ജനതകള്‍ക്ക് വഴികാട്ടുന്നു!

രാജാധികാരത്തിന്റെ അസ്തമയവേളയില്‍ പൂഞ്ഞാറ്റില്‍ തമ്പുരാനുമായി അടുപ്പമുണ്ടായിരുന്ന, അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്ന ഏന്തയാറിലെ മൂപ്പന്‍മല വാങ്ങിയ കെ.റ്റി. ജോസഫ് കൂവള്ളൂരിന്റെ മകനും കൂടിയാണ് തോമസ് ജെ. കൂവള്ളൂര്‍ എന്ന വസ്തുത അറിയുമ്പോള്‍ ചരിത്രത്തിന്റെ നിഗൂഢവും അത്ഭുതകരവുമായ വസ്തുതകള്‍ നമുക്കുമുമ്പില്‍ തെളിഞ്ഞുവരും.

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാര്‍ എന്ന മനോഹരമായ ഗ്രാമത്തിലാണ് അധികമാരും അറിയപ്പെടാത്തതും അതിമനോഹരവുമായ മൂപ്പന്‍മല എന്ന വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. മൂപ്പന്‍മല പോലെ അതിമനോഹരമായ ഒരു പ്രദേശം കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. പശ്ചിമഘട്ട മലനിരകളുടെയും, പച്ചപ്പുനിറഞ്ഞ താഴ്‌വരകളുടെയും, തേയിലത്തോട്ടങ്ങളുടെയും 360 - ഡ്രിഗ്രി ദൃശ്യമാണ് മൂപ്പന്‍മല സമ്മാനിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ളപ്പോള്‍ താഴെയുള്ള താഴ്‌വരകളുടെ കാഴ്ച അതിമനോഹരമാണ്. മഞ്ഞും, തണുത്ത കാറ്റുമുള്ള ഈ പ്രദേശത്ത് രാവിലത്തെയും വൈകുന്നേരത്തെയും സമയങ്ങളില്‍ ഈ മലനിരകള്‍ മഞ്ഞില്‍പുതഞ്ഞു കിടക്കാറുണ്ട്. ഇതോടൊപ്പമുള്ള തണുത്തകാറ്റ് യാത്രാക്ഷീണം വരെ മാറ്റും.

കേരളത്തില്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ട് അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ ഭൂപരിധിനിയമം വന്നതോടെ 300 ഓളം ഏക്കര്‍ സ്ഥമുണ്ടായിരുന്ന മൂപ്പന്‍മലയിലെ കാപ്പി - തേയിലതോട്ടം കേരള സര്‍ക്കാരിനു വിട്ടുകൊടുക്കേണ്ടിവന്ന ഒരു ദയനീയാവസ്ഥകൂടി ഇതിന്റെ പിന്നിലുണ്ട്. കേരളത്തിലെ ഏറ്റവും വളക്കൂറുള്ള സ്ഥലമായിരുന്നു മൂപ്പന്‍മല. ഇട്ടിയപ്പാറ കുഞ്ഞേപ്പുചേട്ടന്‍, കെ.റ്റി. ജോസഫ് കൂവള്ളൂര്‍ എന്നിവര്‍ ജോയിന്റ് ആയി വാങ്ങിയ പ്രസ്തുത തോട്ടം കാടുപിടിച്ച് ആര്‍ക്കുവേണ്ടാതെ കിടന്നപ്പോഴാണ് കോട്ടയത്തുള്ള ഒരു കമ്പനിയില്‍ നിന്നും പണം കൊടുത്തു വാങ്ങിയത്. ഇട്ടിയപ്പാറ കുഞ്ഞേപ്പു ചേട്ടന്റെ മക്കളും തോമസ് കൂവള്ളൂരിന്റെ തൊട്ടുതാഴെയുള്ള അനുജന്‍ ജോസും ഒരുവര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് കാപ്പിത്തോട്ടം വച്ചുപിടിപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഭൂപരിധിനിയമം കേരളാ ഗവണ്‍മെന്റ് നടപ്പാക്കിയത്. അതോടെ പ്രസ്തുത സ്ഥലത്തെ തോട്ടം തൊഴിലാളികള്‍ ശബ്ദമുയര്‍ത്തി ഭൂമി ഒടുവില്‍ സര്‍ക്കാരിന് വെറുതെ വിട്ടുകൊടുത്ത് പ്രശ്‌നത്തില്‍ നിന്നും തലയൂരുകയാണ് സ്ഥലഉടമകളായിരുന്ന ഇട്ടിയപ്പാറ കുഞ്ഞേപ്പുചേട്ടനും കെ.റ്റി ജോസഫ് കൂവള്ളൂരും ചെയ്തു.

പ്രസ്തുത നടപടികള്‍ക്കുശേഷം കൃഷിക്കാരനായിരുന്ന കെ.റ്റി ജോസഫ് കൂവള്ളൂരും, ഇട്ടിയപ്പാറ കുഞ്ഞേപ്പു ചേട്ടനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആ ജീവനാന്തശത്രുക്കളായി മാറി. അതേസമയം തോമസ് കൂവള്ളൂര്‍ ഇടതുപക്ഷത്തേയ്ക്ക്് ചാഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചു. ഒരുപക്ഷേ പിതാവിനുണ്ടായ ക്ഷതത്തിന്റെ പരിണതഫലമായിരുന്നോ അത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറുന്നതുവരെ തോമസ് കൂവള്ളൂരിന്റെ പ്രവര്‍ത്തനം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു എന്നും, അമേരിക്കയില്‍ വന്നശേഷം സാവകാശം മുതലാളിത്ത വ്യവസ്ഥതിയുമായി പൊരുത്തപ്പെട്ടതായും കാണാന്‍ കഴിയും. ഇതെപ്പറ്റി ചോദിച്ചപ്പോള്‍ മുതലാളിത്തവ്യവസ്ഥിതിയില്‍ മനുഷ്യന് വാനോളം ഉയരാന്‍ സാധിക്കുമെന്നും, പ്രസിഡന്റ് ട്രമ്പ്, ഇലോണ്‍ മസ്‌ക് എന്നിവര്‍ അതിന് ഉദാഹരണങ്ങളാണെന്നും, അതേസമയം കമ്യൂണിസത്തില്‍ നേതൃസ്ഥാനത്തുള്ളവര്‍ക്കു മാത്രമേ വളര്‍ച്ചയുള്ളു, താഴേക്കിടയിലുള്ളവര്‍ക്ക് വളര്‍ച്ചമുരടിച്ചു വളരാനുള്ള അവസരങ്ങള്‍ തന്നെ കിട്ടാതെ വരുമെന്നും, അക്കാരണത്താലാണ് കേരളത്തിലെ അഭ്യസ്തവിദ്യര്‍ ജോലി തേടി വിദേശത്തു പോകാന്‍ കാരണമെന്നും പറയുകയുണ്ടായി. ചുരുക്കത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച കൂവള്ളൂര്‍ കുടുംബത്തിന്റെ നാശത്തില്‍ കലാശിച്ചു. 

Read More: https://www.emalayalee.com/writer/114

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക