Image

ജോർജ് പുണ്യാളൻ വന്ന ദിവസം ( ബാല്യകാല ഓർമ്മകൾ : ലീലാമ്മ തോമസ്, ബോട്സ്വാന )

Published on 18 July, 2026
ജോർജ് പുണ്യാളൻ വന്ന ദിവസം ( ബാല്യകാല ഓർമ്മകൾ : ലീലാമ്മ തോമസ്, ബോട്സ്വാന )

ബാല്യകാലം എന്നത് ഒരു പ്രത്യേക രാജ്യമാണ്. അവിടെ യുക്തിക്ക് അധികം സ്ഥാനമില്ല. വിശ്വാസത്തിനും കുസൃതിക്കും ഭയത്തിനും മാത്രമാണ് രാജ്യം. ഇന്ന് ആ ദിവസങ്ങൾ ഓർക്കുമ്പോൾ ചിരി മാത്രമേ വരൂ.

ഞങ്ങളുടെ വീട്ടിൽ എല്ലാ വർഷവും വിശുദ്ധ ഗീവർഗീസ് പുണ്യാളന്റെ നാമത്തിൽ പ്രാർത്ഥന ഉണ്ടാകുമായിരുന്നു. അമ്മ അതിനായി നെയ്യപ്പം ഉണ്ടാക്കി വലിയ ഭക്തിയോടെ മൂടിവെക്കും. അത് ആരും തൊടാൻ പാടില്ല. ആദ്യം കണ്ണാടി പോലെ തിളങ്ങുന്ന വെള്ളപ്പിഞ്ഞാണിയിൽ പുണ്യാളനുവേണ്ടി നെയ്യപ്പം വയ്ക്കും. പ്രാർത്ഥന കഴിഞ്ഞ് അനുഗ്രഹിച്ച ശേഷമാണ് എല്ലാവർക്കും വിതരണം ചെയ്യുക.

പക്ഷേ, അന്ന് എനിക്ക് പുണ്യാളനെക്കാൾ വലിയ പ്രാധാന്യം നെയ്യപ്പത്തിനായിരുന്നു!

"ഇനിയും എത്ര നേരം കാത്തിരിക്കണം?" എന്ന ചിന്തയോടെ ഞാൻ കണ്ണടച്ച് ഉറങ്ങുന്നതുപോലെ കിടന്നു. അമ്മ പ്രാർത്ഥനക്കാർക്ക് ഇരിക്കാൻ പായ വിരിക്കുന്ന തിരക്കിലായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റു. രണ്ട് നെയ്യപ്പം എടുത്ത് വീടിന്റെ പിന്നിലേക്ക് ഓടി. മഴ വരാൻ പോകുന്ന ആകാശം. അതിനിടയിൽ ആദ്യ കടി...

അതേ സമയത്ത് ഒരു പല്ലി എന്റെ തലയ്ക്ക് മുകളിലിരുന്നു ചിലച്ചു. "ഇത് എന്തോ മുന്നറിയിപ്പാണ്!" എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല. അടുത്ത നിമിഷം ആ പല്ലി നേരെ എന്റെ തലയിൽ വീണു!

കൈയിലുണ്ടായിരുന്ന നെയ്യപ്പം ഞാൻ ദൂരേക്ക് എറിഞ്ഞു. പിന്നെ ഒരു പൊട്ടിക്കരച്ചിൽ. എന്റെ കുഞ്ഞുമനസ്സിൽ, കുന്തം പിടിച്ച് വിശുദ്ധ ഗീവർഗീസ് പുണ്യാളൻ എന്റെ മുന്നിൽ നിൽക്കുന്നതുപോലെ തോന്നി. "പുണ്യാളന്റെ നെയ്യപ്പം മോഷ്ടിച്ചല്ലോ!" എന്ന കുറ്റബോധം.

കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി. പാമ്പ് കടിച്ചോ, തേനീച്ച കുത്തിയോ എന്ന് നോക്കി. ഒന്നും കണ്ടില്ല. ഒടുവിൽ ഞാൻ സത്യം ഏറ്റുപറഞ്ഞു.

മൂത്ത അപ്പച്ചൻ ചിരി ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു:

"കണ്ടോ... ഗീവർഗീസ് പുണ്യാളനെ കളിപ്പിച്ചപ്പോൾ സംഭവിച്ചത്!"

അത് പറഞ്ഞുതീരും മുമ്പേ ആകാശം പൊട്ടി ഒരു പെരുമഴ! അപ്പോൾ എന്റെ വിശ്വാസം ഉറപ്പിച്ചു,പുണ്യാളൻ എല്ലാം കണ്ടു!

എന്റെ ബാല്യത്തിലെ മറ്റൊരു കഥാപാത്രമായിരുന്നു പൊടിയമ്മ.

സ്കൂളിലെ ഉപ്പുമാവ് വിളമ്പുന്ന ചുമതല അവർക്കായിരുന്നു. എനിക്ക് ഉപ്പുമാവ് വലിയ ഇഷ്ടം. പക്ഷേ, പൊടിയമ്മയ്ക്ക് എന്നോട് എന്തോ ഒരു പ്രത്യേക സ്നേഹം... അല്ല, പ്രത്യേക ദേഷ്യം!

എന്നെ കണ്ടാൽ,

"ഓ... വലിയ വീട്ടിലെ വെള്ളപ്പാറ്റ വന്നല്ലോ!" എന്ന് ഉറക്കെ പറയും.

ഉപ്പുമാവ് വിളമ്പുമ്പോൾ എന്റെ ഇലയിലേക്ക് അല്ല, ഇലയുടെ ചുറ്റുമാണ് കൂടുതലും വീഴുക. കൂട്ടുകാർ ചിരിക്കും. എനിക്ക് സങ്കടമാകും. വീട്ടിൽ ഒരിക്കലും പറഞ്ഞിട്ടില്ല.

വെള്ളം കുടിക്കാൻ അവരുടെ വീട്ടിൽ പോകുമ്പോഴും എന്റെ ഊഴം വന്നാൽ വെള്ളം ഗ്ലാസിലല്ല, എന്റെ ദേഹത്തേക്കാണ് കൂടുതൽ എത്തുക!

അങ്ങനെ ഒരു ദിവസം പ്രതികാരം ചെയ്യണമെന്ന് എന്റെ കുഞ്ഞുമനസ്സ് തീരുമാനിച്ചു.

കൊയ്ത്തുകാലത്ത് പൊടിയമ്മ ഞങ്ങളുടെ വീട്ടിൽ നിന്ന് പശുവിന് കൊടുക്കാൻ കച്ചി കൊണ്ടുപോകുമായിരുന്നു. അന്ന് അപ്പച്ചൻ പിറ്റേദിവസത്തേക്ക് മാറ്റിവെച്ചിരുന്ന ഒരു ചെറിയ പടക്കം ഞാൻ എടുത്ത് ആ കച്ചിക്കിടയിൽ ഒളിപ്പിച്ചു.

പൊടിയമ്മ അത് വീട്ടിലെത്തിച്ച് ഉണക്കാൻ ഇട്ടു.

പക്ഷേ, എന്റെ കുസൃതി മറ്റൊരു വഴിക്കാണ് പോയത്.

അവരുടെ ഇളയ കൊച്ചിന് ആ പടക്കം കിട്ടി. കൗതുകത്തോടെ തീപ്പെട്ടി ഉരച്ചു. പടക്കം പൊട്ടി. സമീപത്തുണ്ടായിരുന്ന എണ്ണവിളക്ക് മറിഞ്ഞുവീണു. ഒരു നിമിഷംകൊണ്ട് കച്ചിക്ക് തീപിടിച്ചു!

അത് കേട്ടപ്പോൾ ഞാൻ പേടിച്ചോ?

പേടിച്ചു...

എന്നാൽ സത്യം പറയട്ടെ, എന്റെ കുഞ്ഞുമനസ്സിന്റെ ഏതോ ഒരു കോണിൽ, "പൊടിയമ്മയ്ക്ക് ഒരു പാഠമായി!" എന്നൊരു രഹസ്യ സന്തോഷവും ഉണ്ടായിരുന്നു. ഇന്ന് അതോർക്കുമ്പോൾ ആ കുസൃതിക്കാരിയായ കുട്ടിയെ ഓർത്ത് എനിക്ക് തന്നെയാണ് ചിരി വരുന്നത്.

ബാല്യം ശരിക്കും അത്ഭുതങ്ങളുടെ ലോകമാണ്.

അവിടെ ഒരു പല്ലി വീണാൽ പുണ്യാളൻ കോപിച്ചുവെന്ന് വിശ്വസിക്കും. ഒരു ചെറിയ കുസൃതി ലോകത്തിലെ ഏറ്റവും വലിയ രഹസ്യമാണെന്ന് കരുതും. ഇന്ന് ആ ഓർമ്മകളെല്ലാം ചിരിയോടെ പറയാൻ കഴിയുന്നത്, അവയെ സ്നേഹത്തോടെ സൂക്ഷിച്ചിരിക്കുന്ന ജീവിതത്തിന്റെ അനുഗ്രഹമാണ്.

ഇന്ന് പിന്നോട്ട് നോക്കുമ്പോൾ മനസ്സിലാകുന്നു..ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ബാല്യമാണ്. എത്ര പ്രായമായാലും, ആ ഓർമ്മകൾ ഉള്ളിൽ ഒരു കുട്ടിയെ ജീവനോടെ നിലനിർത്തും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക