
ന്യു യോർക്ക്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഫോമാ ഇന്ന് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളർന്നതെന്നും, സംഘടനയുടെ വളർച്ച ഏതാനും നേതാക്കളുടെ മാത്രം പരിശ്രമത്തിന്റെ ഫലമല്ല, നൂറുകണക്കിന് പ്രവർത്തകരുടെയും അംഗസംഘടനകളുടെയും കൂട്ടായ സമർപ്പണത്തിന്റെ ഫലമാണെന്നും ഫോമാ എമ്പയർ റീജിയൻ വൈസ് പ്രസിഡന്റ് പി.റ്റി.തോമസ് അഭിപ്രായപ്പെട്ടു.

എമ്പയർ റീജിയന്റെ കൺവൻഷനിൽ സംസാരിച്ച അദ്ദേഹം, വിവിധ കാരണങ്ങളാൽ യോഗം മൂന്ന് തവണ മാറ്റിവയ്‌ക്കേണ്ടി വന്നത് ചൂണ്ടിക്കാട്ടി. ആളുകളുടെ പങ്കാളിത്തമാണ് നമ്മുടെ ഏറ്റവും വലിയ വിജയം. എത്ര പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായാലും അംഗങ്ങളുടെ പിന്തുണയോടെ മുന്നോട്ടുപോകാൻ ഫോമായ്ക്ക് കഴിഞ്ഞിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോമായുടെ ആദ്യകാല പ്രവർത്തകരായ തോമസ് കോശി , ജോൺ സി. വർഗീസ്, എ.വി. വർഗീസ്, മോൻസി വർഗീസ്, റോയി ചെങ്ങന്നൂർ, എം എ മാത്യു, ബിജു ഉമ്മൻ ഗോപിനാഥ കുറുപ്പ് , ജി.കെ നായർ , പ്രദീപ് നായർ, ഷിനു ജോസഫ്, ജോഫ്രിൻ ജോസ്, ഷോബി ഐസക്, ഷോളി കുമ്പുളുവേലി, ജെ മാത്യൂസ് , സണ്ണി കല്ലൂപ്പാറ, എൽസി ജബ് തുടങ്ങി സംഘടനയുടെ വളർച്ചയ്ക്ക് അടിത്തറ പാകിയ നേതാക്കളെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. വിവിധ കാലഘട്ടങ്ങളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ഇലക്ഷൻ കമ്മീഷണർ, യൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചവരുടെ സംഭാവനകളാണ് സംഘടനയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് പി.റ്റി.തോമസ് പറഞ്ഞു. നിലവിലുള്ള നാഷണൽ കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് നായർ, മോളമ്മ വര്ഗീസ്, ഡൊണാൾഡ് ജോഫ്രിൻ, കോട്ടക്കൽ എം ചാക്കോ, എമ്പയർ റീജിയൻ ട്രഷറർ എബ്രഹാം കെ. എബ്രഹാം എന്നിവരുടെ പ്രവർത്തനങ്ങളെയും എടുത്തു പറഞ്ഞു.
കേരളത്തിൽ ഫോമാ നടപ്പാക്കിയ ജീവകാരുണ്യ പ്രവർത്തനങ്ങളും യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. കേരള കൺവെൻഷനോടനുബന്ധിച്ച് ഭവനനിർമാണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സഹായം, മോട്ടോറൈസ്ഡ് വീൽചെയറുകളുടെ വിതരണം ഉൾപ്പെടെയുള്ള നിരവധി സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കിയതായി പി.റ്റി. തോമസ് പറഞ്ഞു. സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പദ്ധതികളെന്നും വിലയിരുത്തി.

നിലവിലെയും മുൻകാല ദേശീയ ഭാരവാഹികളുടെയും പ്രവർത്തനങ്ങളും ചടങ്ങിൽ അഭിനന്ദിക്കപ്പെട്ടു. ഫോമായുടെ immediate Past President ആയ Dr ജേക്കബ് തോമസിനെ പ്രത്യേകം ആദരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ punta cana കൺവെൻഷൻ ചരിത്ര വിജയം ആയിരുന്നെന്നും പി. റ്റി. തോമസ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് , ജോയിന്റ് സെക്രട്ടറി പോൾ ജോസ് ഉൾപ്പെടെയുള്ള ഭാരവാഹികൾ സംഘടനയ്ക്കായി ചെലവഴിക്കുന്ന സമയവും സമർപ്പണവും മാതൃകാപരമാണെന്നും, ബിജു തോണിക്കടവിൽ, പ്രദീപ് നായർ ഉൾപ്പെടെയുള്ള നേതാക്കളുടെ സേവനവും ഫോമായുടെ വളർച്ചയിൽ നിർണായകമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു.
"ഫോമായെ മുന്നോട്ടു നയിക്കുന്നത് നേതാക്കൾ മാത്രമല്ല; പേരുപറയാതെ പ്രവർത്തിക്കുന്ന നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും അംഗസംഘടനകളുമാണ് സംഘടനയുടെ യഥാർഥ ശക്തി. അവരുടെ സമർപ്പണമാണ് ഫോമായെ ഇന്നത്തെ നിലയിലെത്തിച്ചത്," അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ ഹ്യൂസ്റ്റണിൽ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവെൻഷനിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പി.റ്റി.തോമസ് അഭ്യർത്ഥിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഈ കൺവെൻഷൻ വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷന് നേത്ര ത്വം നൽകുന്ന ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറർ സിജിൽ പാലക്കലോടി മുതലായവരുടെ പ്രവർത്തങ്ങളെ അഭിനന്ദിച്ചു
ഫോമായുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും അംഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവർത്തനവും തുടർന്നും സംഘടനയുടെ ഏറ്റവും വലിയ ശക്തിയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വർഷം ഹൈ സ്കൂൾ പാസ് ആയി കോളേജിലേക്ക് പ്രവേശിക്കുന്ന സാറ എബ്രഹാമിനെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. എമ്പയർ റീജിയന്റെ കഴിഞ്ഞ 18 വർഷത്തെ പ്രവർത്തങ്ങളെ കാണിക്കുന്ന ഒരു സോവനീർ ഉടനെ പ്രസിദ്ധീകരിക്കുന്നതാണെന്നും പി റ്റി തോമസ് ചൂണ്ടിക്കാട്ടി.
ശ്രിമതി അന്നമ്മ ഉമ്മൻ എംസി ആയി പ്രവർത്തിച്ചു വിഭവ സമൃദ്ധമായ സദ്യക്ക് ശേക്ഷം മീറ്റിംഗ് പര്യവസാനിച്ചു