
ന്യൂയോർക്ക്: മലയാള നോവൽ സാഹിത്യത്തിൽ വിപ്ലവാത്മകമായ ഭാവുകത്വ മാറ്റങ്ങൾ സൃഷ്ടിച്ച പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ ടി. ഡി. രാമകൃഷ്ണൻ വരും മാസങ്ങളിൽ അമേരിക്ക സന്ദർശിക്കുന്നു. പെൻസിൽവാനിയയിലെ പോക്കനോസിൽ നടക്കുന്ന 'ഫോക്കാന' കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും.
പ്രിയ എഴുത്തുകാരനെ വരവേൽക്കാൻ അമേരിക്കൻ മലയാളി സമൂഹം ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. കൺവെൻഷനു പുറമെ, ഡാളസിലെ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും അദ്ദേഹം വിശിഷ്ടാതിഥിയായിരിക്കും. ന്യൂയോർക്ക്, ന്യൂജേഴ്സി, മിഷിഗൺ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സാംസ്കാരിക-സാഹിത്യ പരിപാടികളിലും അദ്ദേഹം ഭാഗമാകും. 'ലാനാ' സംഘടിപ്പിക്കുന്ന പ്രത്യേക സാഹിത്യ സംവാദത്തിൽ അദ്ദേഹം വായനക്കാരുമായി നേരിട്ട് സംവദിക്കും.
തൃശൂർ ജില്ലയിലെ ഇയ്യാൽ ഗ്രാമത്തിൽ 1961-ൽ ജനിച്ച ടി. ഡി. രാമകൃഷ്ണൻ, മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ റെയിൽവേയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേയിൽ ചീഫ് കൺട്രോളർ പദവിയിലിരിക്കെയാണ്, മുഴുവൻ സമയ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. ചരിത്രത്തെയും മിത്തുകളെയും സയൻസ് ഫിക്ഷനെയും ഒരേ നൂലിൽ കോർത്തെടുക്കുന്ന വേറിട്ട രചനാശൈലിയാണ് അദ്ദേഹത്തെ ആധുനിക മലയാള നോവലിസ്റ്റുകളിൽ മുൻപന്തിയിലാക്കിയത്. ശ്രദ്ധേയമായ കൃതികൾ 'ഫ്രാൻസിസ് ഇട്ടിക്കോര' വായനാലോകത്ത് ഒരു കൾട്ട് ക്ലാസിക്കായി മാറി. ഗണിതശാസ്ത്രവും ആഗോള രഹസ്യസംഘടനകളും കേരളീയ പശ്ചാത്തലവുമായി ബന്ധിപ്പിച്ച് എഴുതിയ ഈ കൃതി മലയാള നോവൽ ചരിത്രത്തിലെ നാഴികക്കല്ലാണ്.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി: ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രവും തമിഴ് മിത്തുകളും ഇണക്കിച്ചേർത്ത രചന. ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും പ്രശസ്തമായ വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര', 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി', 'ആൽഫ', 'മാമ ആഫ്രിക്ക' എന്നീ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ് സാഹിത്യത്തിലെ മികച്ച കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ചലച്ചിത്ര രംഗത്തും അദ്ദേഹം തന്റെ ശക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തരംഗം സൃഷ്ടിച്ച "ഭ്രമയുഗം" എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയത് അദ്ദേഹമാണ്. പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ "ഓള്" എന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം രചിച്ചു. ഷെയ്ൻ നിഗം നായകനായി എത്തിയ "ബെർമുഡ" (Bermuda) എന്ന ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയതും ടി. ഡി. രാമകൃഷ്ണനാണ്.
ടി. ഡി. രാമകൃഷ്ണനെപ്പോലൊരു മുൻനിര സാഹിത്യകാരൻ അതിഥിയായി എത്തുന്നത് അമേരിക്കൻ മലയാളി സമൂഹത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും വലിയ ആവേശമാണ് പകരുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
സണ്ണി മാളിയേക്കൽ+1 214 940 3853
അബ്ദുൾ പുന്നിയൂർകുളം+1 859 282 5825ടി.
ടി. ഡി. രാമകൃഷ്ണൻ+91 94475 34168