
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായ സർ ഗാർഫീൽഡ് സോബേഴ്‌സ് (89) അന്തരിച്ചു. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിലൊരാളുടെ വിടവാങ്ങലിൽ കായികലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്.
‘’ഒരു മഹത്തായ ഇന്നിംഗ്സിന് ഇവിടെ തിരശ്ശീല വീണിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ, ഇപ്പോഴും എപ്പോഴും സർ ഗാർഫീൽഡ് സോബേഴ്‌സ് മാത്രമായിരിക്കും," വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് എക്സ് ഹാൻഡിലിൽ കുറിച്ചു.

ഇടംകൈയ്യൻ ബാറ്റിംഗിലൂടെ ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന സോബേഴ്‌സ്, ബൗളിംഗിലും അസാധാരണ പ്രതിഭയായിരുന്നു. ഒരേസമയം ഫാസ്റ്റ് മീഡിയം ബോളിംഗും ഓർത്തഡോക്സ് സ്പിന്നും റിസ്റ്റ് സ്പിന്നും ഒരുപോലെ വഴങ്ങിയിരുന്ന അദ്ദേഹം ഫീൽഡിംഗിലും അസാധ്യ മികവ് പുലർത്തിയിരുന്നു. 1954 മുതൽ 1974 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റുകളിലാണ് ബാർബഡോസിൽ ജനിച്ച സോബേഴ്‌സ് പാഡ് കെട്ടിയത്.
തർക്കങ്ങളില്ലാതെ ക്രിക്കറ്റ് ലോകം അംഗീകരിച്ച എക്കാലത്തെയും മികച്ച ഓൾറൗണ്ടറാണ് സോബേഴ്‌സ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 8,000 ത്തിലധികം റൺസും 235 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആകെ 28,000 ത്തിലധികം റൺസും 1043 വിക്കറ്റുകളുമെന്ന അവിശ്വസനീയമായ റെക്കോർഡും അദ്ദേഹത്തിനുണ്ട്.
ഇന്ത്യൻ ക്രിക്കറ്റുമായി എന്നും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സോബേഴ്‌സ്. 2023 ൽ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിനെത്തിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും സോബേഴ്‌സിനെ സന്ദർശിച്ചിരുന്നു