Image

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ്; ദേശീയ നേതൃത്വനിരയെ തിരഞ്ഞെടുത്തു

ഫിന്നി രാജു, ഹ്യൂസ്റ്റൺ Published on 17 July, 2026
മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ്; ദേശീയ നേതൃത്വനിരയെ തിരഞ്ഞെടുത്തു

 

ഒക്‌ലഹോമ: ഒക്‌ലഹോമയിൽ നടക്കുന്ന 41-ാമത് പെന്തെക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി.സി.എൻ.എ.കെ.) മഹാസമ്മേളനത്തിനായുള്ള ദേശീയ നേതൃത്വത്തെ തിരഞ്ഞെടുത്തു. 1983-ൽ ഒക്‌ലഹോമയിൽ ആരംഭിച്ച പി.സി.എൻ.എ.കെ. വീണ്ടും അതേ നഗരത്തിലേക്ക് മടങ്ങിയെത്തുമ്പോൾ, ആത്മീയമായും സംഘടനാപരമായും ശ്രദ്ധേയമായ ഒരു മഹാസമ്മേളനം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് ദേശീയ സംഘാടക സമിതി നിലവിൽ വന്നത്. 2028 ജൂൺ 29 മുതൽ ജൂലൈ 2 വരെയാണ് നാഷണൽ കോൺഫ്രൻസ് നടത്തപ്പെടുന്നത്.

പാസ്റ്റർ തേജസ് തോമസ് ദേശീയ കൺവീനറായി സമ്മേളനത്തിന്റെ സമഗ്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയായ അദ്ദേഹം ഷാരോൺ ഫെലോഷിപ്പ് ചർച്ച് ഓഫ് നോർത്ത് അമേരിക്കയുടെ ഓർഡെയിൻഡ് ശുശ്രൂഷകനും ഒക്‌ലഹോമയിലെ ഷാരോൺ ചർച്ചിന്റെ സജീവ അംഗവുമാണ്. ഷാരോൺ ഫെലോഷിപ്പ് ചർച്ച് ഓഫ് നോർത്ത് അമേരിക്കയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായ അദ്ദേഹം, 2012-ലെ ഷാരോൺ നാഷണൽ കോൺഫറൻസിന്റെ ദേശീയ കൺവീനറായും, 2023-ലെ നാഷണൽ കോൺഫറൻസിന്റെ ദേശീയ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2027-ലെ ഷാരോൺ നാഷണൽ കോൺഫറൻസിന്റെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. സഭാ-സംഘടനാ രംഗങ്ങളിലെ ദീർഘകാല സേവനത്തിനൊപ്പം മാധ്യമ ശുശ്രൂഷകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. ഭാര്യ: പ്രീതി തോമസ്. മക്കൾ: ഡോൺ, ഫെയ്ത്ത്, ഐറീൻ.

ബിനോയ് ഫിലിപ്പ് കരുമാങ്കൽ ദേശീയ സെക്രട്ടറിയാണ്. സഭാ-സംഘടനാ രംഗത്ത് ശ്രദ്ധേയനായ അദ്ദേഹം ചർച്ച് ഓഫ് ഗോഡിന്റെ വിവിധ നേതൃത്വ ചുമതലകൾ വഹിച്ചിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡാളസ് സയോൻ അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായ അദ്ദേഹം കോട്ടയം സ്വദേശിയും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ബിലീവേഴ്സ് ബോർഡ് മുൻ വൈസ് പ്രസിഡന്റ് അച്ചൻകുഞ്ഞ് കരുമാങ്കലിന്റെ മകനുമാണ്. നിലവിൽ അമേരിക്കയിലെ പ്രമുഖ സെമികണ്ടക്ടർ സ്ഥാപനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: ബിനു പൊയ്കയിൽ ഫിലിപ്പ്. മക്കൾ: തിമൊത്തി, ജോർദൻ.

നിബു വെള്ളവന്താനം ദേശീയ ട്രഷററാണ്. മാധ്യമരംഗത്തും സഭാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, ഗ്ലോബൽ മീഡിയ യു.എസ്.എ. സെക്രട്ടറി, പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി, ഗോസ്പൽ വോയ്സ് യു.എസ്.എ. ചീഫ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒർലാന്റോ ഐ.പി.സി. സഭയുടെ സജീവ അംഗവും കല്ലിശ്ശേരി സ്വദേശിയും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറി സണ്ണി മഴുക്കീറിന്റെ മകനുമാണ്. ഭാര്യ: ഡോ. സിജി മാത്യു. മകൻ: ബെഞ്ചമിൻ മാത്യു.

പാസ്റ്റർ ഡെവിൻ ഡാനിയേൽ ഇംഗ്ലീഷ് കോർഡിനേറ്ററാണ്. ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് പാസ്റ്ററായ അദ്ദേഹം ഫെഡറൽ ഗവൺമെന്റിൽ അഭിഭാഷകനായും സേവനമനുഷ്ഠിക്കുന്നു. എം.ഡിവിയും പാസ്റ്ററൽ കൗൺസലിംഗിൽ ഡി.മിൻ ബിരുദവും നേടിയ അദ്ദേഹം യുവജനങ്ങളെയും ഇംഗ്ലീഷ് ശുശ്രൂഷകളെയും ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ന്യൂയോർക്കിലെ സേലം അസംബ്ലി ഓഫ് ഗോഡ് സഭയിലെ സൺഡേ സ്കൂൾ അധ്യാപികയും മിഷൻസ് കോർഡിനേറ്ററുമായ ഡോ. ഗ്രേസ് ഗീവർഗീസ് ആണ് നാഷണൽ ലേഡീസ് കോർഡിനേറ്റർ. ഡോക്ടറേറ്റ് ഇൻ നഴ്സിംഗ് പ്രാക്ടീസ് നേടിയ കാർഡിയോളജി നഴ്സ് പ്രാക്ടീഷണറായ അവർ തിയോളജിയിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.

സാം തോമസ് ജനറൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയിലെ ദീർഘകാല അംഗമായ അദ്ദേഹം പി.സി.എൻ.എ.കെ. നാഷണൽ ട്രഷറർ, ഐ.പി.സി. ഫാമിലി കോൺഫറൻസ് സെക്രട്ടറി, പി.വൈ.എഫ്.എ. സെക്രട്ടറി, ഐ.പി.സി. ഈസ്റ്റേൺ റീജിയൻ ട്രഷറർ, ഐ.പി.സി. ജനറൽ കൗൺസിൽ അംഗം തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ടാക്സേഷൻ ആൻഡ് ഫിനാൻസിൽ ഓഡിറ്റ് സൂപ്പർവൈസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാസ്റ്റർ മാത്യു സി. സാമുവേൽ പ്രയർ കോർഡിനേറ്ററാണ്. ടെക്സസിലെ ബെഥേൽ റിവൈവൽ ചർച്ചിന്റെ സീനിയർ പാസ്റ്ററായ അദ്ദേഹം മിഷൻ പ്രവർത്തനങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും ദീർഘകാല അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹം 69 രാജ്യങ്ങളിൽ സുവിശേഷ സന്ദേശം പ്രസംഗിക്കുകയും നിരവധി ആത്മീയ സമ്മേളനങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

ഷെറി കെ. ജോർജ് പബ്ലിക് റിലേഷൻസ് കോർഡിനേറ്ററാണ്. എസ്.എഫ്.സി.എൻ.എ. നാഷണൽ മീഡിയ ഡയറക്ടറായും 2027 എസ്.എഫ്.സി.എൻ.എ. ഫാമിലി കോൺഫറൻസിന്റെ ലോക്കൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സാമൂഹിക സേവനരംഗത്തും പൊതുബന്ധ പ്രവർത്തനങ്ങളിലും ശ്രദ്ധേയനാണ്.

ഫിന്നി രാജു, ഹ്യൂസ്റ്റൺ, നാഷണൽ മീഡിയ കോർഡിനേറ്ററായി സമ്മേളനത്തിന്റെ ഔദ്യോഗിക വാർത്താ-മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മാധ്യമ-സംഘടനാ രംഗത്ത് ദീർഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റും, ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ നോർത്ത് അമേരിക്ക സെക്രട്ടറിയുമാണ്. ഹ്യൂസ്റ്റണിലെ ഐ.പി.സി. ഹെബ്രോൺ സഭയുടെ സജീവ അംഗമായ അദ്ദേഹം, പി.സി.എൻ.എ.കെ., ഐ.പി.സി. ഫാമിലി കോൺഫറൻസ് ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ആത്മീയ സമ്മേളനങ്ങളിൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പ്രസ് റിലീസുകൾ, ഡിജിറ്റൽ മീഡിയ, ലൈവ് സ്ട്രീമിംഗ്, സോഷ്യൽ മീഡിയ പ്രചാരണം എന്നിവയിൽ വിശാലമായ അനുഭവസമ്പത്തുള്ള അദ്ദേഹം സമ്മേളനത്തിന്റെ മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

സമ്മേളനത്തിന്റെ ആത്മീയ, ഭരണ, മീഡിയ, പൊതുബന്ധം, വനിതാ, ഇംഗ്ലീഷ്, പ്രാർത്ഥനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ സംഘമാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെ 2028-ലെ ഒക്‌ലഹോമ പി.സി.എൻ.എ.കെ. മഹാസമ്മേളനം ആത്മീയമായും സംഘടനാപരമായും മാതൃകാപരമായ ഒരു സമ്മേളനമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നതെന്ന് ദേശീയ സംഘാടക സമിതി അറിയിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക