Image

ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്ക് പേരിനൊപ്പം ഡോക്ടർ എന്നെഴുതാൻ അവകാശമില്ല: സുപ്രീംകോടതി

എബി മക്കപ്പുഴ Published on 17 July, 2026
ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്ക് പേരിനൊപ്പം ഡോക്ടർ എന്നെഴുതാൻ അവകാശമില്ല: സുപ്രീംകോടതി

                 You have no business of writing 'doctor' if you do not perform your duty. 

 

ന്യൂഡൽഹി: ഗാസിയാബാദിൽ ബലാത്സംഗത്തിനിരയായ നാലുവയസ്സുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നൽകാതെ ഒഴിവാക്കിയതെന്നും ഇവിടങ്ങളിലെ ഡോക്ടർമാർക്ക് പേരിനൊപ്പം ഡോക്ടർ എന്നെഴുതാൻ യാതൊരു അവകാശവുമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഗാസിയാബാദിലെ രണ്ട് ആശുപത്രികൾക്കെതിരേയും ഇവിടത്തെ ഡോക്ടർമാർക്കെതിരേയും രൂക്ഷമായ വിമർശനമുന്നയിച്ചത്.

കഴിഞ്ഞ മാർച്ച് 16-നാണ് ഗാസിയാബാദിൽ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീട്ടിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയാണ് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തത്. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

ഗുരുതരപരിക്കേറ്റ കുട്ടിയെ കുടുംബം ഗാസിയാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ഇവിടെയൊന്നും ചികിത്സ നൽകാൻ തയ്യാറായില്ല. തുടർന്ന് കുട്ടിയെ ഗാസിയാബാദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം, പരിക്കേറ്റനിലയിൽ കണ്ടെത്തി രണ്ടുമണിക്കൂറോളം മകൾക്ക് ജീവനുണ്ടായിരുന്നതായാണ് നാലുവയസ്സുകാരിയുടെ പിതാവ് പറഞ്ഞിരുന്നത്. ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും പിതാവ് അവകാശപ്പെട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘവും(എസ്ഐടി) പിതാവിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്നും ആശുപത്രികളിൽ ചികിത്സ കിട്ടിയില്ലെന്നും കണ്ടെത്തി. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ് ആശുപത്രികൾക്കെതിരേയും ഡോക്ടർമാർക്കെതിരേയും ചീഫ് ജസ്റ്റിസ് രൂക്ഷ വിമർശനമുന്നയിച്ചത്.

നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ല. നിങ്ങളുടെ ആശുപത്രിയിൽ സൗകര്യമില്ലെങ്കിലും നിങ്ങൾക്ക് അല്പമെങ്കിലും മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനൊപ്പം മറ്റൊരു ആശുപത്രിയിലേക്ക് നിങ്ങളും പോകുമായിരുന്നു. പക്ഷേ, അവൾ പാവപ്പെട്ടവളായത് കൊണ്ടും നിങ്ങളുടെ ഫീസ് നൽകാൻ കഴിവില്ലാത്തത് കൊണ്ടും നിങ്ങൾ അവളെ അവഗണിച്ചു- ചീഫ് ജസ്റ്റിസ് പറഞ്ഞു. സംഭവത്തിൽ പിഴയെന്ന നിലയിൽ നാലുവയസ്സുകാരിയുടെ കുടുംബത്തിന് ആശുപത്രികൾ സ്വമേധയാ സാമ്പത്തികസഹായം നൽകണമെന്നും അതിൽ വീഴ്ചവരുത്തിയാൽ ഉയർന്ന തുക നൽകാൻ ഉത്തരവിടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതേ കേസിൽ പൊലീസിന്റെ വീഴ്ചയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. സംഭവം നടന്നതിന് പിന്നാലെ പൊലീസിൽ വിവരമറിയിച്ചിട്ടും കേസെടുത്തില്ലെന്നും പകരം പരാതിക്കാരെ മർദിച്ചെന്നുമാണ് ആക്ഷേപം. തുടർന്ന് ഏപ്രിൽ 17-നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 18-ന് പ്രതിയെയും പിടികൂടി. പക്ഷേ, എഫ്ഐആറിലും പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. എഫ്ഐആറിൽ പോക്സോ വകുപ്പോ ബലാത്സംഗത്തിനുള്ള വകുപ്പോ പൊലീസ് ചേർത്തില്ലെന്നും പറയുന്നു. സംഭവത്തിൽ പൊലീസിനെതിരേയും രൂക്ഷവിമർശനമുന്നയിച്ച സുപ്രീംകോടതി, കേസിന്റെ രേഖകളുമായി ഹാജരാകാൻ പൊലീസ് കമ്മീഷണറോടും അന്വേഷണം ഉദ്യോഗസ്ഥനോടും ആവശ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക